വനിതാ മതില്‍; കള്ളക്കളി പിടിക്കപ്പെട്ടതോടെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുന്നു: രമേശ് ചെന്നിത്തല

കോഴിക്കോട്: വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവഴിക്കുന്ന വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കളി പിടിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെയാണ് വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ല എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്തെത്തിയതെന്ന് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.
വനിതാ മതിലിന് 50 കോടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുംമെന്ന് കാട്ടി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് വിവാദമായതോടെ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും രാവിലെ ചെന്നിത്തല പറഞ്ഞിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്തെത്തിയത്. സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെങ്കില്‍ അഡ്വ. ജനറല്‍ ആരുടെ നിര്‍ദേശ പ്രകാരമാണ് സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയതെന്ന് ചെന്നിത്തല ചോദിച്ചു.
സംഭവം വ്യക്തമാണെന്നും അതിക്രമിക്കപ്പെടുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ചെലവഴിക്കേണ്ട തുക പാര്‍ട്ടി പരിപാടിക്ക് ഉപയോഗിച്ചത് ഗുരുതര കുറ്റമാണെന്നും ചെന്നിത്തല പറഞ്ഞു. ഫണ്ട് വകമാറ്റി ചെലവഴിക്കാനുള്ള നീക്കമാണ് പിടിക്കപ്പെട്ടത്. മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നതോടെ ഇതിനെ തെറ്റായി വ്യാഖ്യാനിച്ചെന്നും വനിതാ മതിലിന് സര്‍ക്കാര്‍ പണം മുടക്കുന്നുവെന്നത് തെറ്റായ വസ്തുതയാന്നെന്നുമായിരുന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയത്.
പ്രളയ പുനരധിവാസ പ്രവര്‍ത്തനം പോലും പണമില്ലെന്ന കാരണത്താല്‍ എവിടെയും എത്തിയിരുന്നില്ല. പതിനായിരം രൂപ പോലും കിട്ടാത്ത കുടുംബങ്ങളുണ്ട്. ഇതിനിടെയാണ് 50 കോടി ചെലവിട്ട് മതില്‍ പണിയുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം. മാത്രമല്ല അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള പുനരധിവാസ കേന്ദ്രങ്ങളുടെ നിര്‍മാണവും മിക്ക ജില്ലകളിലും നടന്നിരുന്നില്ല. ഇതിനായുള്ള പണം ചെലവിട്ട് വനിതാ മതില്‍ സംഘടിപ്പിക്കുന്നത് ക്രൂരതയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.