കോവളം കൊട്ടാരം കാബിനറ്റ് തീരുമാനം റദ്ദാക്കണം: യൂത്ത് ലീഗ്

തിരുവനന്തപുരം : ചരിത്ര സ്മാരകമായ കോവളം കൊട്ടാരം സ്വകാര്യ കമ്പനിയായ ആര്‍.പി ഗ്രൂപ്പിന് കൈമാറാനുള്ള കാബിനറ്റ് തീരുമാനം റദ്ദ് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ചേര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് യൂത്ത് ലീഗ് ആവശ്യം ഉന്നയിച്ചത്.

റവന്യൂ മന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭയെടുത്ത തീരുമാനം ദുരൂഹമാണ്. കോടികളുടെ അഴിമതി ഈ ഇടപാടിന് പിന്നില്‍ ഉണ്ടോയെന്ന് ന്യായമായും സംശയിക്കുന്നു. ഇക്കാര്യത്തില്‍ നിശ്പക്ഷമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. നേരത്തെ നടത്തിയിട്ടുള്ള പോക്ക്വരവ് റദ്ദ് ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പ്രതികരിക്കണമെന്ന് പി.കെ ഫിറോസ് പറഞ്ഞു.

കേരളം ഭരിക്കുന്ന സി.പി.എമ്മിന്റെയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെയും നേതാക്കള്‍ നടത്തിയ അഴിമതിയില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന അക്രമണ പരമ്പരകള്‍. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും നേതാക്കള്‍ പരസ്പരം ആലോചിച്ച് തയ്യാറാക്കിയ തിരക്കഥക്ക് അനുസരിച്ചാണ് ഇപ്പോള്‍ അക്രമ സംഭവങ്ങള്‍ നടക്കുന്നത്.

പത്ര സമ്മേളനത്തില്‍ ഫൈസല്‍ ബാഫഖി തങ്ങള്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്), പി.എ അഹമ്മദ് കബീര്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്), കെ.എസ്. സിയാദ് (സംസ്ഥാന സെക്രട്ടറി), ആഷിക്ക് ചെലവൂര്‍ (സംസ്ഥാന സെക്രട്ടറി), എ.കെ.എം അഷ്റഫ് (സംസ്ഥാന സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.