മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷിച്ചവരില്‍ നിന്നും അന്തിമ പട്ടികയില്‍ മൂന്ന് പേര്‍ ഇടംപിടിച്ചു. രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങളും ഒരു ഓസ്‌ട്രേലിയന്‍ താരവുമാണ് അന്തിമ പട്ടികയില്‍ ഇടം നേടിയത്. ഇവരില്‍ നിന്ന് ഒരാളായിരിക്കും കോച്ചെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. വീരേന്ദ്ര സെവാഗ്, രവി ശാസ്ത്രി, ടോം മൂഡി എന്നിവരാണ് കുംബ്ലെയുടെ പിന്‍ഗാമിയാകാന്‍ അന്തിമപട്ടികയിലുളളത്. ഈ മാസം പത്തിനകം പുതിയ പരിശീകനെ ക്രിക്കറ്റ് ഉപദേശക സമിതി പ്രഖ്യാപിക്കും. നിലവില്‍ പരിശീലകരില്ലാതെയാണ് ഇന്ത്യന്‍ ടീം വിന്‍ഡീല്‍ പരമ്പര കളിക്കുന്നത്. 58കാരനായ രവി ശാസ്ത്രി ഇന്ത്യയ്ക്കായി ടെസ്റ്റിലും ഏകദിനത്തിലും കളിച്ചിട്ടുണ്ട്. 1981 മുതല്‍ 92 വരെയാണ് അന്താരാഷ്ട്ര കരിയര്‍. ഓപ്പണിങ് ബാറ്റ്‌സ്മാനായും മധ്യനിരയിലുമൊക്കെ തിളങ്ങിയ ശാസ്ത്രി 80 ടെസ്റ്റുകളിലും 150 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റില്‍ 3830 റണ്‍സും 151 വിക്കറ്റും. ഏകദിനത്തിലാകട്ടെ 3108 റണ്‍സും 129 വിക്കറ്റും നേടിയിട്ടുണ്ട്. നേരത്തെ ടീം ഇന്ത്യയുടെ ഡയറക്ടറും ആയിരുന്നു ശാസ്ത്രി. സെവാഗാകട്ടെ ഇന്ത്യയുടെ എക്കാലത്തേയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആയിട്ടാണ് അറിയപ്പെടുന്നത്. 104 ടെസ്റ്റുകളില്‍നിന്ന് 8586 റണ്‍സും 40 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 251 ഏകദിനങ്ങളില്‍നിന്ന് 8273 റണ്‍സും 96 വിക്കറ്റും സ്വന്തം പേരില്‍ കുറിച്ചു. ഏകദിനത്തിലെ ഇരട്ടസെഞ്ചുറിക്കുടമയാണ് (219). ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയും (319). വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം 2008, 2009 വര്‍ഷങ്ങളില്‍ നേടി. ഇതു നിലനിര്‍ത്തുന്ന ഏകതാരമാണ് വീരു. 51കാരനായ ടോം മൂഡി മുന്‍ ഓസ്‌ട്രേലിയന്‍ താരംമാണ്. എട്ടു ടെസ്റ്റുകളും 76 ഏകദിനങ്ങളും ഓസ്‌ട്രേലിയക്കായി കളിച്ചു. മൂന്ന് ഏകദിന ലോകകപ്പുകളില്‍ കളിച്ചു. രണ്ടെണ്ണത്തില്‍ ടീം ഫൈനലിലെത്തി. മുമ്പ് ശ്രീലങ്കന്‍ ടീമിന്റെ പരിശീലകനായിരുന്നു. 2007 ലോകകപ്പിന്റെ ഫൈനലില്‍ ലങ്കന്‍ ടീമിനെ എത്തിച്ചശേഷം വിരമിച്ചു. ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ പരിശീലകനാണ്.