അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ കര്‍ഷക പ്രതിഷേധം വ്യാപകമാവുന്നു. കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ക്ഷീര കര്‍ഷകര്‍ അഹമ്മദാബാദ്-ഗാന്ധി നഗര്‍ ഹൈവേയില്‍ പാല്‍ റോഡിലൊഴുക്കി പ്രതിഷേധിച്ചു. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ കര്‍ഷകര്‍ തങ്ങളുടെ ആവശ്യം പരിഗണിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു. മഹാരാഷ്ട്ര, യു.പി, കര്‍ണാടക സര്‍ക്കാറുകള്‍ ചെയ്തതുപോലെ കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളാന്‍ ഗുജറാത്ത് സര്‍ക്കാറും തയാറാകണമെന്നും കാര്‍ഷിക വിളകളുടെ തറവില ഉയര്‍ത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കൃഷിക്ക് നര്‍മദയില്‍ നിന്നും വെള്ളം എത്തിക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് പ്രാബല്യത്തില്‍ വരുത്താന്‍ വിസമ്മതിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.