‘പണം ആത്മവിശ്വാസം നല്‍കുന്നു’ എന്നാണ് പറയാറ്. 2016 നവംബര്‍ ഒന്‍പത് അര്‍ധ രാത്രിയുടെ മണിമുഴങ്ങുമ്പോള്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ ആത്മവിശ്വാസമാണ് തകര്‍ത്തെറിയപ്പെട്ടത്. ഒറ്റ രാത്രി കൊണ്ടാണ് രാജ്യത്തെ 85 ശതമാനത്തിലധികം വരുന്ന 500 ന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ മൂല്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുവായി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ തങ്ങളുടെ പണം സംരക്ഷിക്കുമെന്ന രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ വിശ്വാസമാണ് ദീര്‍ഘ ദൃഷ്ടിയില്ലാത്ത ഒരു തീരുമാനം കൊണ്ട് തകര്‍ന്നുതരിപ്പണമായത്. ശക്തവും ഉചിതവുമായ നടപടി കൊണ്ട് രാജ്യത്തിന്റെ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള വികസനമാണ് വരാനിരിക്കുന്നത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള പ്രഖ്യാപനം. ഇതിനായി അദ്ദേഹം മുന്നോട്ടുവെച്ചത് രണ്ട് കാരണങ്ങളായിരുന്നു. കള്ളനോട്ട് ഉപയോഗിക്കുന്ന അതിര്‍ത്തി കടന്നുവരുന്ന ശത്രുക്കളെ തടയുക എന്നതായിരുന്നു അതിലൊന്ന്. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുക എന്നതായിരുന്നു രണ്ടാമത്തേത്. ഇവ രണ്ടും പ്രശംസിക്കപ്പെടേണ്ടതും സര്‍വാത്മനാ പിന്തുണക്കപ്പെടേണ്ടതുമാണ്. ഇന്ത്യക്ക് വലിയ ഭീഷണിയുയര്‍ത്തുന്ന ഭീകരവാദത്തിനും സാമൂഹിക വിഭജനത്തിനും വഴിവെക്കുന്നതാണ് വ്യാജ നോട്ടും കള്ളപ്പണവും. നമ്മുടെ മുഴുവന്‍ ശക്തിയുമുപയോഗിച്ച് അവയെ നേരിടേണ്ടതുണ്ട്. അതേസമയം ‘നന്മയിലേക്കുള്ള വഴി ദുര്‍ഘടം നിറഞ്ഞതായിരിക്കു’മെന്ന് ഈയവസരത്തില്‍ ഓര്‍ക്കുകയും മുന്നറിയിപ്പായിരിക്കുകയും വേണം. എല്ലാ പണവും കള്ളപ്പണമാണെന്നും എല്ലാ കള്ളപ്പണവും നോട്ടാണെന്നുമുള്ള തെറ്റായ ധാരണയാണ് ഒറ്റ രാത്രികൊണ്ട് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിക്കുക വഴി പ്രധാനമന്ത്രിക്കുണ്ടായിട്ടുള്ളത്. ഇത് യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ അകലെയാണ്. എന്തുകൊണ്ടാണെന്ന് പറയാം.

രാജ്യത്തെ 90 ശതമാനം തൊഴിലാളികളും വേതനം കൈപ്പറ്റുന്നത്് കറന്‍സിയിലാണ്. കോടിക്കണക്കിന് കര്‍ഷകത്തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍ തുടങ്ങിയവര്‍. 2001 മുതല്‍ രാജ്യത്തെ മൊത്തം ബാങ്ക് ശാഖകളുടെ എണ്ണം ഇതുവരെയായിട്ടും ഇരട്ടിയായി മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്. ഒറ്റ ബാങ്ക് പോലുമില്ലാത്ത ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി 60 കോടിയിലധികം ജനങ്ങളാണ് ജീവിക്കുന്നത്. കറന്‍സിയാണ് ഇവരുടെ അടിസ്ഥാനം. ഇവരുടെ നിത്യദാനച്ചെലവുകള്‍ നിര്‍വഹിക്കപ്പെടുന്നത് നോട്ടുകളിലൂടെയാണ്. ഇവര്‍ സമ്പാദിച്ചുവെക്കുന്നതും 500 ന്റെയും ആയിരത്തിന്റെയും നോട്ടുകളായാണ്. ഇതിനെയെല്ലാം കള്ളപ്പണമെന്ന് മുദ്രകുത്തുകയും കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവിതമിട്ട് പന്താടുകയും ചെയ്യുന്നത് മഹാ ദുരന്തമാണ്. ബഹുഭൂരിപക്ഷം ജനങ്ങളുടെയും വേതനവും ഇടപാടുകളും സമ്പാദ്യവുമൊക്കെ കാഷിലൂടെയാണ്. അവ എല്ലാം നിയമപരമായും. ഏതൊരു പരമാധികാര ജനാധിപത്യ രാജ്യത്തിലെ സര്‍ക്കാരിന്റെയും അടിസ്ഥാനപരമായ ചുമതലയാണ് പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കുകയെന്നത്. ഈ മൗലികമായ ചുമതലയെ പരിഹസിക്കുകയാണ് പ്രധാനമന്ത്രി തന്റെ നടപടിയിലൂടെ ചെയ്തിരിക്കുന്നത്.

കള്ളപ്പണം ഇന്ത്യയുടെ യഥാര്‍ഥ ഉല്‍കണ്ഠയാണ്. രേഖപ്പെടുത്തപ്പെടുത്താത്ത പണം കുന്നുകൂട്ടിവെച്ചിരിക്കുന്നത് വര്‍ഷങ്ങള്‍ കൊണ്ടാണ്. ഭൂമി, സ്വര്‍ണം, വിദേശ വിനിമയം എന്നിവയിലാണ് കള്ളപ്പണക്കാര്‍ തങ്ങളുടെ ധനം ശേഖരിച്ചുവെച്ചിരിക്കുന്നത്. ദരിദ്രര്‍ പക്ഷേ അങ്ങനെയല്ല. ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നടപടികളും സ്വമേധയാ വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരവും കഴിഞ്ഞ കാല സര്‍ക്കാരുകള്‍ ഇതിനെതിരെ വിവിധ നടപടികള്‍ സ്വീകരിച്ചു വന്നിട്ടുണ്ട്. ഈ നടപടികളെല്ലാം കള്ളപ്പണക്കാരെ മാത്രം ലക്ഷ്യമിട്ടായിരുന്നു. എല്ലാ പൗരന്മാരെയും ബുദ്ധിമുട്ടിച്ചുകൊണ്ടായിരുന്നില്ല. കഴിഞ്ഞ കാല അനുഭവങ്ങള്‍ വെച്ച് ഈ കള്ളപ്പണമെല്ലാം ആളുകള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നത് നോട്ടുകളായല്ല എന്നാണ് വ്യക്തമായിട്ടുള്ളത്. എല്ലാ കള്ളപ്പണവും നോട്ടുകളല്ല, ചെറിയൊരു വിഭാഗം മാത്രമാണത്. ഇതുകൊണ്ടൊക്കെ സംഭവിച്ചിരിക്കുന്നത് സത്യസന്ധരായ മനുഷ്യര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കള്ളപ്പണമാണെന്ന തെറ്റായ പ്രചാരണമാണ്. ശരിയായ കള്ളപ്പണക്കാരനാകട്ടെ ലളിതമായ പ്രഹരം മാത്രവും. 2000 ത്തിന്റെ നോട്ട് ഇറക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയും ചെയ്തു. കള്ളപ്പണക്കാര്‍ക്ക് ഈ നോട്ട് ഒളിച്ചുവെക്കാന്‍ എളുപ്പമായി. നാണമില്ലാത്ത ഈ പ്രവൃത്തി കൊണ്ടുണ്ടായത് കള്ളപ്പണത്തിന്റെ സൂക്ഷിപ്പ് പൂര്‍ണമായും കണ്ടെത്താനായില്ലെന്നു മാത്രമല്ല അതിനെ തടയാന്‍ കഴിഞ്ഞതുമില്ല.

കോടിക്കണക്കിന് വരുന്ന പഴയ നോട്ട് മാറ്റി പുതിയവ ഇറക്കുക എന്നത് പ്രയാസകരമായ ഒന്നാണ്. ഭൂരിപക്ഷം രാജ്യങ്ങള്‍ക്കും വലിയൊരു വെല്ലുവിളിയാണത്. ഇന്ത്യ പോലെ വിശാലമായതും വൈവിധ്യവുമായ രാഷ്ട്രത്തിനാകട്ടെ ഈ ജോലി ഇരട്ടിയും. അതുകൊണ്ടാണ് മിക്ക രാജ്യങ്ങളും നോട്ട് അസാധുവാക്കല്‍ നടപടി വളരെ സമയമെടുത്തുകൊണ്ട് നടത്തിയിട്ടുള്ളത്. പെട്ടെന്നൊരു അര്‍ധ രാത്രി എടുത്തതല്ല അത്. അടിസ്ഥാന ചെലവുകള്‍ക്കുവേണ്ടി ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ വരി നില്‍ക്കുന്നത് കാണുന്നതും കേള്‍ക്കുന്നതും ഹൃദയഭേദകമാണ്. യുദ്ധകാലത്താണ് ഇത്തരം വലിയ നിരകള്‍ റേഷന്‍ കടകള്‍ക്കുമുമ്പില്‍ കണ്ടിട്ടുള്ളത്. റേഷന്‍ പണത്തിന് വേണ്ടി എന്റെ സ്വന്തം രാജ്യക്കാരായ പുരുഷന്മാരും സ്ത്രീകളും അന്തമില്ലാതെ വരി നില്‍ക്കേണ്ടി വരുമെന്ന് ഞാന്‍ നിനച്ചിട്ടേയില്ല. ഇതെല്ലാം വലിയൊരു തിരക്കിട്ട തീരുമാനം കാരണമാണ്. അതാകട്ടെ കൂടുതല്‍ നിരാശാജനകവും.

സര്‍ക്കാരിന്റെ ഈ തീരുമാനം കൊണ്ട് സ്ഥൂലസാമ്പത്തിക രംഗത്തെ ഫലം അപകടകരമാകാനാണ് സാധ്യത. ഇന്ത്യയുടെ വ്യാപാരത്തോത് വളരെ വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണിപ്പോള്‍. വ്യാവസായിക ഉത്പാദനം കുറയുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ നയം അതുകൊണ്ടുതന്നെ സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതമാണുണ്ടാക്കാന്‍ പോകുന്നത്. മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയുടെ ആഭ്യന്തര മൊത്തഉത്പാദന അനുപാതം മെച്ചപ്പെട്ടതാണെന്നത് ശരി തന്നെ. ഇതു പക്ഷേ വെളിപ്പെടുത്തുന്നത് ഇന്ത്യ കറന്‍സിയിലാണ് ആശ്രയിച്ചു നില്‍ക്കുന്നത് എന്നാണ്. ഒരു രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഉപഭോക്താവിന്റെ ആത്മവിശ്വാസം വലിയ ഘടകമാണ്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെ ഒറ്റ രാത്രികൊണ്ട് ഈ നടപടി പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇത് സാമ്പത്തികരംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ജനങ്ങള്‍ സത്യസന്ധമായി നേടിയ പണം തിരിച്ചുകിട്ടാനില്ലാത്ത അവസ്ഥയിലുണ്ടാകുന്ന കറ തുടക്കാന്‍ പെട്ടെന്ന് കഴിയില്ല. ഇത് ജി.ഡി.പിയിലും തൊഴില്‍ സൃഷ്ടിപ്പിലും പ്രതികൂലമായി പ്രതിഫലിക്കും. നമ്മള്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ പ്രയാസമേറിയ കാലത്തെയാണ് കാത്തിരിക്കുന്നതെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഇതാകട്ടെ ആവശ്യമില്ലാത്തതുമായിരുന്നു.

കള്ളപ്പണം സമൂഹത്തിന് ഭീഷണിയും തുടച്ചുനീക്കപ്പെടേണ്ടതുമാണ്. ഇത് നടപ്പാക്കുമ്പോള്‍ ലക്ഷക്കണക്കിന് വരുന്ന മറ്റ് പൗരന്മാരുടെ മേല്‍ വരാവുന്ന ആഘാതം നാം കണക്കിലെടുക്കണം. ഒരാളുടെ പക്കല്‍ എല്ലാത്തിനും പരിഹാരമുണ്ടെന്നും മറ്റുള്ളവരെല്ലാം കള്ളപ്പണം ഇല്ലാതാക്കുന്നതില്‍ അലസത കാട്ടിയെന്നും ആളുകള്‍ക്ക് തോന്നാം. എന്നാലതങ്ങനെയല്ല. നേതാക്കളും സര്‍ക്കാരുകളും ദുര്‍ബലരെ സഹായിക്കുകയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യരുത്. പ്രതീക്ഷിക്കാത്ത തിക്തഫലങ്ങളാണ് ചില നയതീരുമാനങ്ങള്‍ കൊണ്ടുണ്ടാകുക. പക്ഷേ ഇത്തരം തീരുമാനങ്ങള്‍ അതു മൂലം കിട്ടാവുന്ന ഗുണങ്ങള്‍ കൊണ്ട് നികത്തുക എന്നതാണ് പ്രധാനം. കള്ളപ്പണത്തിനെതിരായ ചാട്ടവാറടി കേള്‍ക്കാന്‍ സുഖമുള്ളതാവും. പക്ഷേ അതുമൂലം സത്യസന്ധനായ ഒരൊറ്റ ഇന്ത്യക്കാരന്റെയും ജീവന്‍ നഷ്ടപ്പെടരുതായിരുന്നു.
(കടപ്പാട്: ദ ഹിന്ദു)