വാഷിങ്ടണ്‍: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ് ജോണ്‍ കിര്‍ബി. എന്നാല്‍ ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികള്‍ പാകിസ്താനെ സുരക്ഷിത താവളമാക്കുന്ന നടപടികളെ എതിര്‍ക്കുമെന്നും ജോണ്‍ കിര്‍ബി വ്യക്തമാക്കി. കശ്മീര്‍ പ്രശ്‌നവും അടുത്തിടെയുണ്ടായ സംഘര്‍ഷവും ലഘൂകരിക്കാന്‍ ഇന്ത്യയും പാകിസ്താനും ചര്‍ച്ചകള്‍ നടത്തണമെന്നും കിര്‍ബി ആവശ്യപ്പെട്ടു. ആണവായുധങ്ങള്‍ ഒരിക്കലും തീവ്രവാദികളിലേക്കെത്താതിരിക്കാനുള്ള നടപടികള്‍ പാകിസ്താന്‍ സ്വീകരിക്കുമെന്നും യുഎസ് പ്രത്യാശ പ്രകടിപ്പിച്ചു.

പാകിസ്താനെ ഭീകരാഷ്ട്രമായി പ്രഖ്യാപക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തേയും വൈറ്റ്ഹൗസിന്റെ ഓണ്‍ലൈന്‍ പെറ്റീഷനേയും സര്‍ക്കാര്‍ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു ബില്ലില്‍ പ്രത്യേകമായി ഒന്നും കാണുന്നില്ലെന്നും ഒരിക്കലും പിന്തുണയ്ക്കില്ലെന്നുമായിരുന്നു കിര്‍ബിയുടെ മറുപടി.
കശ്മീര്‍ പ്രശ്‌നത്തില്‍ മുന്‍ നിലപാടില്‍ നിന്ന് അമേരിക്ക പിന്നോട്ട് പോയിട്ടില്ലെന്നും ഇന്ത്യയും പാകിസ്താനും സംയുക്തമായി പ്രശ്‌നം പരിഹരിക്കണമെന്നതാണ് അമേരിക്കന്‍ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചത്.

പ്രതിനിധി സഭയില്‍ ഇരുപാര്‍ട്ടികളുടെയും ഓരോ അംഗങ്ങളായിരുന്നു പ്രമേയമവതരിപ്പിച്ചത്.
പാകിസ്താനെ ഭീകരരാഷ്ട്രമാക്കി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന ഓണ്‍ലൈന്‍ നിവേദനത്തിലേക്ക് ഒപ്പുകള്‍ ശേഖരിക്കുന്നത് കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് അവസാനിപ്പിച്ചിരുന്നു. പരിഗണിക്കപ്പെടാനുള്ള യോഗ്യതകള്‍ നിവേദനത്തിലില്ലെന്ന വിശദീകരണത്തോടെയാണ് വൈറ്റ് ഹൗസ് ഒപ്പുശേഖരണം അവസാനിപ്പിച്ചത്. വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ ഈ നിവേദനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഒബാമ സര്‍ക്കാര്‍ പ്രതികരിക്കാന്‍ വേണ്ടതിലും പത്തിരട്ടി പിന്തുണയായിരുന്നു ഈ നിവേദനത്തിന് ലഭിച്ചത്. 30 ദിവസം കൊണ്ട് ഒരു ലക്ഷം ഒപ്പുകള്‍ നേടുന്ന നിവേദനം വൈറ്റ് ഹൗസ് പരിഗണിക്കും എന്നതാണ് കീഴ്‌വഴക്കം.