ന്യൂഡല്‍ഹി: പ്രതിവര്‍ഷം രാജ്യത്ത് 1.5 ലക്ഷം പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നതായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവെയ്‌സ് മന്ത്രി നിതിന്‍ ഗഡ്കരി. നാല് ലക്ഷം റോഡ് അപകടങ്ങള്‍ ഓരോ വര്‍ഷവും ഉണ്ടാകുന്നതായും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. അപകടങ്ങളുടെ തോത് കഴിഞ്ഞ മൂന്നു വര്‍ഷമായി ഉയര്‍ന്നിട്ടുണ്ട്. നാല് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡുകളില്‍ വാഹനങ്ങളുടെ സാന്ദ്രതയും വര്‍ദ്ധിച്ചു. 22 ശതമാനമാണ് വര്‍ദ്ധനവ്. രാജ്യത്ത് വ്യാജ ലൈസന്‍സുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. അപകട മരണങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണപ്പെടുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞു.
രാജ്യത്ത് പാലങ്ങളുടെ എണ്ണത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു കണക്കെടുപ്പ് നടത്തുന്നത്. ചെറുപാലങ്ങളടക്കം 1.62 ലക്ഷം പാലങ്ങള്‍ ര്്ാജ്യത്തുണ്ട്. ഇവയില്‍ 147 എണ്ണം അപകടാവസ്ഥയിലാണ്. 33 പാലങ്ങള്‍ പൂര്‍ണമായും നിര്‍ജ്ജീവാവസ്ഥയിലാണ്. അന്‍പതിലേറെ പാലങ്ങള്‍ നൂറു വര്‍ഷം പിന്നിട്ടെന്നും 1628 പാലങ്ങള്‍ അന്‍പത് വര്‍ഷം പഴക്കമുള്ളതാണ്. അപകടാവസ്ഥയിലായ പാലങ്ങളുടെ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബന്ധപ്പെട്ട ഏജന്‍സികളെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.