മുംബൈ: ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജിങ്ങ് ഡായറക്ടര്‍ ഉമാങ് ബേദിയെ നീക്കം ചെയ്തു. പകരം സന്ദീപ് ഭൂഷണെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. സോഷ്യല്‍ മീഡിയ വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്. ‘ഈ വര്‍ഷം ബേദി ഫേസ്ബുക്കിന്റെ തലപ്പത്തു നിന്നു പിന്‍മാറും. കഴിഞ്ഞ കാലം മികച്ച ബിസിനസും സേവനവും നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു’. വക്താക്കള്‍ അറിയിച്ചു.
2016ല്‍ ആണ് ബേദിയെ ഫേസ്ബുക്കിന്റെ തലപ്പത്തെത്തുന്നത്. കിര്‍തിഗ റെഡിയില്‍ നിന്നാണ് ഉമാങ് സ്ഥാനമേറ്റെടുത്തത്.അഡോബിന്റെ സൗത്ത് ഏഷ്യ മാനേജിങ്ങ് ഡയറക്ടര്‍ പദവിയില്‍ നിന്നാണ് ഉമാങ് ബേദി ഫേസ്ബുക്കിലെത്തിയത്. സ്ഥാന ചലനത്തെപ്പറ്റി ബേദി ഇതുവരെയും പ്രതികരിച്ചില്ല. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും അധികം ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.