സന്തോഷ്‌ട്രോഫി ദക്ഷിണമേഖലാ മത്സരങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിച്ച സന്നാഹമത്സരത്തില്‍ കേരളത്തിന് വിജയം. ഏകപക്ഷീയമായ എട്ട്‌ഗോളിന് കണ്ണൂര്‍ ആര്‍മി ഇലവനെയാണ് കീഴടക്കിയത്. മത്സരത്തിലുടനീളം ഒത്തിണക്കത്തോടെ കളിച്ച കേരള ടീം ഉച്ചവെയില്‍ ചൂടിലും ആദ്യവസാനം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം മിനുട്ടില്‍ മുഹമ്മദ് സഹലാണ് ആദ്യലക്ഷ്യം കണ്ടത്. ഏഴാം മിനുട്ടില്‍ ജോബി രണ്ടാംഗോള്‍ നേടി. 14ാം മിനുട്ടില്‍ ക്യപ്റ്റന്‍ പി. ഉസ്മാന്റെ ബൂട്ടില്‍ നിന്നായിരുന്നു മൂന്നാംഗോള്‍.

രണ്ടാംപകുതിയില്‍ എതിരാളിയുടെ പിഴവില്‍ നിന്നുലഭിച്ച ഗോളിലൂടെയാണ് കേരളം തുടങ്ങിയത്. എല്‍ദോയുടെ ഷോട്ട് ആര്‍മിയുടെ താരത്തിനെ ടച്ച് ചെയ്ത് ഗോള്‍പോസ്റ്റിലെത്തി. 53ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെ രാഹുല്‍ പന്ത് വലയിലാക്കിയതിന് പിന്നാലെ ലഭിച്ച പെനാല്‍ട്ടിയും ഗോളാക്കി. 69ാം മിനിറ്റില്‍ മുഹമ്മദ് പറക്കോട്ടില്‍ ഏഴാം ഗോള്‍ നേടി. കളിതീരാന്‍ മിനിറ്റ് ബാക്കി നില്‍ക്കെ മുഹമ്മദ് വീണ്ടും ലക്ഷ്യംകണ്ട് പട്ടിക പൂര്‍ത്തിയാക്കി.

വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ഉദ്ഘാടന മത്സരത്തില്‍ കേരളത്തെ നേരിടുന്ന പുതുച്ചേരിടീം ഇന്ന് കോഴിക്കോട്ടെത്തും. വൈകീട്ട് 4.30ന് കോഴിക്കോട്ട് റെയില്‍വെസ്റ്റേഷനിലെത്തുന്ന സംഘത്തെ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗങ്ങള്‍ സ്വീകരിക്കും. കര്‍ണാടക ടീം രാവിലെയോടെ റോഡ് മാര്‍ഗം കോഴിക്കോട്ടെത്തും.