News
കണിയാമ്പറ്റയിൽ ജനവാസ മേഖലയിൽ കടുവ; ഗതാഗതം നിരോധിച്ചു,കർശന ജാഗ്രത
നേരത്തെ കണ്ടെത്തിയ സ്ഥലത്തുതന്നെയാണ് ഇപ്പോഴും കടുവ ഉള്ളതെന്ന് വനംവകുപ്പ് അറിയിച്ചു.
കൽപ്പറ്റ: വയനാട് കണിയാമ്പറ്റയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയ്ക്ക് സമീപത്തുള്ള തോട്ടത്തിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. തെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. നേരത്തെ കണ്ടെത്തിയ സ്ഥലത്തുതന്നെയാണ് ഇപ്പോഴും കടുവ ഉള്ളതെന്ന് വനംവകുപ്പ് അറിയിച്ചു.
കടുവയെ സുരക്ഷിതമായി പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. അതേസമയം, മേഖലയിൽ കർശന ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്.
സാഹചര്യം കണക്കിലെടുത്ത് പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്ത് വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ആർ.ആർ.ടി സംഘം, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
News
മഹാത്മഗാന്ധിയുടെ പേര് വെട്ടി; പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
ബില്ല് ഭരണഘടന വിരുദ്ധമാണ്. എല്ലാ പദ്ധതികളുടെയും പേരുമാറ്റുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബില്‍ അവതരിപ്പിച്ചത്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുമായി പ്രതിപക്ഷം സഭാ കവാടത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പു നല്‍കുന്ന നിര്‍ണായക പദ്ധതിയാണ് ഇല്ലാതാക്കുന്നത്. തൊഴില്‍ അവകാശം ആയിരുന്നത് പുതിയ ബില്ലിലൂടെ അല്ലാതാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന് വിരുദ്ധമാണ് പുതിയ നിയമം. ബില്ല് ഭരണഘടന വിരുദ്ധമാണ്. എല്ലാ പദ്ധതികളുടെയും പേരുമാറ്റുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ശിവ രാജ് സിങ് ചൗഹാന്‍ പറഞ്ഞു. സ്വയം പര്യാപ്തമായ ഗ്രാമം എന്ന ഗാന്ധിജിയുടെ ആശയമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവരുടെ ക്ഷേമമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പദ്ധതിക്കായി യുപിഎ കാലത്തേക്കാള്‍ ഫണ്ട് വകയിരുത്തിയെന്ന് മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ദീന്‍ ധരയാല്‍ ഉപാധ്യായയുടെയും ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ബില്ലില്‍ 125 ദിവസത്തെ തൊഴിലുറപ്പ് നല്‍കുന്നുവെന്ന് കേന്ദ്രമന്ത്രി ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
സ്വാതന്ത്ര്യസമരം നയിച്ച രാഷ്ട്രപിതാവിന്റെ പേര് മാറ്റിയ മന്ത്രി എന്ന നിലയില്‍ ആകും നിങ്ങളുടെ പേര് അറിയപ്പെടുകയെന്ന് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. ബില്ല് സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിടണമെന്ന് എന്‍സിപി അംഗം സുപ്രിയ സുലെ ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ രാമരാജ്യം രാഷ്ട്രീയ പദ്ധതിയല്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ഗ്രാമസ്വരാജായിരുന്നു മഹാത്മാഗാന്ധിയുടെ രാമരാജ്യ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. 40 ശതമാനം സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങള്‍ക്ക് മേല്‍ കെട്ടിവക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് അദേഹം പറഞ്ഞു.
News
കിടപ്പുമുറിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് സംഭവം നടന്നത്
കാസര്‍കോട്: പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രജ്വല്‍ (14) ആണ് മരിച്ചത്. ബെള്ളൂര്‍ നെറ്റണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര-അനിത ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് സംഭവം നടന്നത്. മാതാവ് അനിത മുള്ളേരിയ സ്‌കൂളില്‍ പഠിക്കുന്ന മകളെ കൂട്ടാന്‍ പോയ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
തിരിച്ചെത്തിയപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പ്രജ്വല്‍ അമ്മയുടെ വീട്ടില്‍ പോയിരുന്നു. തിങ്കളാഴ്ച അവിടെ നിന്നാണ് പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി 11 മണിയോടെയാണ് സ്‌കൂളിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. സമയം കഴിഞ്ഞിട്ടും പരീക്ഷ എഴുതാന്‍ അധ്യാപകര്‍ അനുവദിച്ചതായും പൊലീസ് പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് സംഭവം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. പ്രജ്വലിന് പ്രത്യേകമായ മാനസിക പ്രശ്‌നങ്ങളോ സമ്മര്‍ദ്ദങ്ങളോ ഉണ്ടായിരുന്നുവെന്ന് രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കും അറിവില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നവര്‍ വിദഗ്ധരുടെ സഹായം തേടുക. ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍: 1056, 04712552056.
kerala
സ്ത്രീ വിരുദ്ധ അശ്ലീല പ്രസംഗം; സി.പി.എം നേതാവ് സയ്യിദ് അലി മജീദിനെതിരെ കേസെടുത്തു
സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മലപ്പുറം: മലപ്പുറം തെന്നലയില്‍ സ്ത്രീ വിരുദ്ധ അശ്ലീല പ്രസംഗം നടത്തിയ സി.പി.എം തെന്നല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സയ്യിദ് അലി മജീദിനെതിരെ പൊലീസ് കേസ് എടുത്തു. വനിതാ ലീഗ് പ്രവര്‍ത്തക ബി.കെ ജമീലയുടെ പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രസംഗം വിവാദമായതോടെ സയ്യിദ് അലി മജീദ് ഇന്നലെ ഖേദ പ്രകടനം നടത്തിയിരുന്നു.
മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ച വനിത ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു പ്രസംഗം. സയ്യിദ് അലി മജീദിനെ തോല്‍പിക്കാന്‍ വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ കാഴ്ചവെച്ചു എന്നാണ് സ്വീകരണയോഗത്തില്‍ സയ്യിദ് അലി മജീദ് പ്രസംഗിച്ചത്.
‘കല്യാണം കഴിക്കുമ്പോ തറവാട് നോക്കുന്നത് എന്തിനാണെന്നറിമോ? ഇത്തരം കാര്യങ്ങള്‍ക്കാണ് തറവാട് നോക്കുന്നത്. വനിതാ ലീഗിനെ പറയാന്‍ പാടില്ല, ജമീലത്താത്ത മാസ്‌ക് വെച്ച് ഇറങ്ങിക്കഴിഞ്ഞാല്‍ ജമീലത്താത്താനെ മാത്രമല്ല, പാണക്കാട്ടെ തങ്ങന്‍മാരെ വരെ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അത് കേള്‍ക്കാന്‍ ആണത്തവും ഉളുപ്പും ഉള്ളവന്‍ മാത്രം ഈ പരിപാടിക്കിറങ്ങിയാല്‍ മതി. അല്ലെങ്കില്‍ വീട്ടുമ്മയായി കഴിഞ്ഞാല്‍ മതി.
അന്യ ആണുങ്ങളുടെ മുന്നില്‍ പോയി നിസ്സാരമായ ഒരു വോട്ടിനുവേണ്ടി, സെയ്തലവി മജീദിനെ തോല്‍പിക്കാന്‍ വേണ്ടി, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ കാഴ്ചവെക്കാനല്ല എന്ന് ഇവര്‍ മനസ്സിലാക്കണം. ഞങ്ങളൊക്കെ മക്കളെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊക്കെ പ്രായപൂര്‍ത്തിയായ മക്കള്‍ വീട്ടിലുണ്ട്. അതൊക്കെ ഞങ്ങളുടെ മക്കളുടെ കൂടെ അന്തിയുറങ്ങാനും ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനുമാണ്’ -എന്നിങ്ങനെയാണ് പ്രസംഗം.
പാര്‍ട്ടി ചുമതല താല്‍ക്കാലികമായി മറ്റൊരാള്‍ക്ക് കൈമാറിയാണ് സയ്യിദ് അലി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. ഈ വാര്‍ഡില്‍ 20 ഓളം വനിതാലീഗ് പ്രവര്‍ത്തകരുടെ കൂട്ടായ്മ വോട്ട് തേടി രംഗത്തിറങ്ങിയിരുന്നു. ഇതാണ് സി.പി.എം നേതാവിനെ പ്രകോപിപ്പിച്ചത്. അന്യപുരുഷന്‍മാര്‍ക്ക് മുന്നില്‍ സ്ത്രീകളെ ഇറക്കി വോട്ടുതേടിയതിനെയാണ് താന്‍ വിമര്‍ശിച്ചത് എന്നാണ് സയ്യിദ് അലിയുടെ ന്യായീകരണം. മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം അറിയിച്ചിരുന്നു.
പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നും പിന്നീട് സയ്യിദ് അലി മജീദ് ഖേദപ്രകടനത്തില്‍ പറഞ്ഞു. കോപവും വികാരവും ചേര്‍ന്നപ്പോള്‍ വാക്കുകള്‍ക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് പരിധി കടന്നതെന്നും സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണക്കുന്ന ഒരാളാണ് താനെന്നുമാണ് സയ്യിദ് അലി മജീദ് പറഞ്ഞത്.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala23 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india16 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india18 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala20 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala21 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india17 hours agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
