നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് 500 രൂപ വരെയെത്തി. വരും ദിവസങ്ങളിലും വില കൂടാന്‍ സാധ്യതയുണ്ട്. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതാണ് സിമന്റ് വില കൂടാന്‍ കാരണം. ഈ സാഹചര്യത്തില്‍ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. ലോക്ഡൗണ്‍ തുടങ്ങിയതോടെയാണ് സംസ്ഥാനത്ത് സിമന്റ് വിലയിലും കാര്യമായ വര്‍ധനവുണ്ടായത്. ചാക്കിന് 400 രൂപയുണ്ടായിരുന്ന സിമന്റിന് ഇപ്പോള്‍ 490 കടന്ന് 500 രൂപയിലെത്തി നില്‍ക്കുകയാണ്. വില കുത്തനെ ഉയരുന്നത് വ്യാപാരികളെയും നിര്‍മാണ മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വില വര്‍ധനവ് പിന്‍വലിക്കാന്‍ നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വിലകുറക്കണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിന്റെ സിമന്റിന് വിലകുറവുണ്ടെങ്കിലും ലഭ്യതകുറവാണ് മറ്റൊരു പ്രശ്‌നം. സിമന്റിന് പുറമെ കമ്പി വിലയും ഉയരുകയാണ്. 60 രൂപയുണ്ടായിരുന്ന കമ്പിക്ക് ഇപ്പോള്‍ 76 രൂപയാണ് വില. എംസാന്റ് മുതല്‍ ചെങ്കല്ല് വരെയുള്ളവയ്ക്കും വില ഉയരുകയാണ്. സിമന്റ് ഉള്‍പ്പെടെ നിര്‍മാണ സാമഗ്രികളുടെ വില നാള്‍ക്കുനാള്‍ ഉയരുമ്പോള്‍ സാധാരണക്കാരെയാണ് ഏറെ പ്രയാസത്തിലാക്കുന്നത്. പ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.