മുംബൈ: സിനിമയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ബന്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, അല്ലു അർജുന്റെ വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘AA22 X A6’ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. തിയറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടി സ്ട്രീമിംഗിന് പ്രേക്ഷക സ്വീകാര്യത വർധിച്ചതോടെയാണ് വമ്പൻ സിനിമകളുടെ ഡിജിറ്റൽ അവകാശങ്ങൾക്കായി പ്ലാറ്റ്‌ഫോമുകൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്നത്.
ഈ സാഹചര്യത്തിൽ, ‘AA22 X A6’യുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ് മുന്നോട്ടുവന്നതായാണ് റിപ്പോർട്ടുകൾ. ഏകദേശം 600 കോടി രൂപയ്ക്കാണ് കരാർ ചർച്ചകൾ നടക്കുന്നതെന്ന സൂചനയുണ്ട്. ചർച്ചകൾ അവസാനഘട്ടത്തിലാണെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കരാർ യാഥാർഥ്യമാകുകയാണെങ്കിൽ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഒ.ടി.ടി ഡീലുകളിൽ ഒന്നായിരിക്കും ഇത്.
ഏപ്രിലിലാണ് അല്ലു അർജുൻ–അറ്റ്‌ലി കൂട്ടുകെട്ടിലെ ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഏകദേശം 1000 കോടി രൂപ ബജറ്റിലാണ് നിർമ്മിക്കുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായി ചിത്രം മാറുമെന്നാണ് വിലയിരുത്തൽ. ‘പുഷ്പ: ദ റൈസ്’, ‘പുഷ്പ: ദ റൂൾ’ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് അല്ലു അർജുൻ ഈ മെഗാ പ്രോജക്ടിലേക്ക് കടക്കുന്നത്.
ദീപിക പദുകോൺ, ജാൻവി കപൂർ, രശ്മിക മന്ദാന, മൃണാൾ താക്കൂർ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിന് പുറമെ ഹോളിവുഡിലെ പ്രമുഖ വി.എഫ്.എക്‌സ് വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകളുണ്ട്. 2026-ന്റെ പകുതിയോടെ ചിത്രീകരണം പൂർത്തിയാകുമെന്നും 2027ൽ ചിത്രം തിയറ്ററുകളിലെത്തുമെന്നുമാണ് സൂചന.