ഷില്ലോങ്: മന്ത്രവാദിയെന്ന സംശയത്തില്‍ 80 കാരനെ ജീവനോടെ കുഴിച്ചുമൂടി അനന്തരവന്മാര്‍. മേഘാലയയിലെ വെസ്റ്റ് ഖാസി ഗ്രാമത്തിലാണ് മൂന്ന് മരുമക്കള്‍ ചേര്‍ന്ന് 80കാരനെ ദാരുണമായി കൊലപ്പെടുത്തിയത്.

മന്ത്രവാദിയാണെന്ന സംശയമാണ് കൊലപാതകത്തിന് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് പ്രതികള്‍ പറഞ്ഞതായി പൊലീസ് അറയിച്ചു. കൊലപാതകത്തിന് പിന്നിലെ മൂന്ന് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു.

വെസ്റ്റ് ഖാസി ഗ്രാമത്തില്‍ മകളുടെ വീട്ടില്‍ താമസിച്ചിരുന്ന 80 കാരനായ മോറിസ് മംഗാറിനെ കാണാനില്ലെന്ന് കാട്ടി ഒക്ടോബര്‍ 10 നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒക്ടോബര്‍ 7 ന് രാത്രി 7 മണിയോടെ മൂന്ന് അനന്തരവന്മാര്‍ ചേര്‍ന്ന് വയോധികനെ നിര്‍ബന്ധിച്ച് പിടിച്ചു കൊണ്ടുപോയതായി തിരിച്ചറിഞ്ഞത്.

തൊട്ടടുത്തുളള നോങ്ഡിസോംഗ് ഗ്രാമത്തിലേക്ക് കൊണ്ടുപോയ മോറിസ് മംഗാറിനെ മൂന്ന് പേര്‍ ചേര്‍ന്ന് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബത്തിന് നാശം സംഭവിക്കാന്‍ വയോധികന്‍ ദുര്‍മന്ത്രവാദം നടത്തുന്നു എന്ന് സംശയിച്ചാണ് ഇവര്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ മരുമക്കളായ ഡെന്‍സില്‍ മംഗാര്‍ (40), ഡിബര്‍വെല്‍ മംഗാര്‍ (30), ജെയ്ല്‍സ് മംഗാര്‍ (27) എന്നിവരാണ് പ്രതികള്‍.

80 കാരന്റെ മൃതദേഹം പൊലീസ് പൊസ്റ്റ്‌മോട്ടത്തിനായി പുറത്തെടുത്തു. കുറ്റകൃത്യത്തില്‍ മരുമക്കളെ കൂടാതെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന വിവരത്തില്‍ 18 പേര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.