News
മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി; പരമ്പര ന്യൂസിലാൻഡിന്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടി
ഇൻഡോറിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയെ 41 റൺസിന് തോൽപ്പിച്ച് ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് കിവികളുടെ കൈവശമായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടി. സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും മികച്ച ബാറ്റിങ് പ്രകടനമാണ് കിവികൾക്ക് വൻ സ്കോർ നേടാൻ സഹായകമായത്.
338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 296 റൺസിന് എല്ലാവരും പുറത്തായി. സെഞ്ച്വറിയുമായി വിരാട് കോഹ്ലി ഇന്ത്യക്ക് വേണ്ടി ശക്തമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. മറ്റ് ബാറ്റർമാർക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതിരുന്നതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായത്.
ഇതോടെ പരമ്പര വിജയത്തോടെ ആത്മവിശ്വാസം നേടിയ ന്യൂസിലാൻഡ് ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് വിജയകരമായ സമാപനം കുറിച്ചു.
News
മൂന്നാം ഏകദിനം: ഇന്ത്യക്ക് 338 റണ്‍സ് വിജയലക്ഷ്യം; ന്യൂസിലാന്‍ഡിന് സെഞ്ച്വറികള്‍
സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാന്‍ഡ് വലിയ സ്‌കോര്‍ ഉയര്‍ത്തിയത്.
ന്യൂസിലാന്‍ഡിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്ക് 338 റണ്‍സ് വിജയലക്ഷ്യം. സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാന്‍ഡ് വലിയ സ്‌കോര്‍ ഉയര്‍ത്തിയത്.
ഡാരില്‍ മിച്ചല്‍ 131 പന്തുകളില്‍ നിന്ന് 137 റണ്‍സും ഗ്ലെന്‍ ഫിലിപ്‌സ് 88 പന്തില്‍ 106 റണ്‍സും നേടി. അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെല്‍ 28 റണ്‍സ് സംഭാവന നല്‍കി. വില്‍ യങ് 30 റണ്‍സും നേടി.
ഇന്ത്യന്‍ ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ് 63 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിത് റാണ 84 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച് 43 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. കുല്‍ദീപ് യാദവും ഒരു വിക്കറ്റ് സ്വന്തമാക്കി. രവീന്ദ്ര ജഡേജക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും വിക്കറ്റെടുക്കാന്‍ സാധിച്ചില്ല.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ ജയങ്ങള്‍ വീതം സ്വന്തമാക്കിയതിനാല്‍, ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാകും.
News
ഗസ്സ സമാധാന ബോർഡ്: ട്രംപ് നിർദേശിച്ച പട്ടികയിൽ അതൃപ്തി അറിയിച്ച് ഇസ്രാഈല്‍
ഗസ്സ എക്സിക്യൂട്ടീവ് സമിതി രൂപീകരണം ഇസ്രാഈല്‍ലുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും, നിലവിലെ സമിതി ഇസ്രാഈലിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇസ്രാഈല്‍ വാദിക്കുന്നു.
തെല്‍ അവീവ്: ഗസ്സ സമാധാന ബോര്‍ഡിലേക്ക് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച വ്യക്തികളുടെ പട്ടികയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇസ്രാഈല്‍. ഗസ്സ എക്സിക്യൂട്ടീവ് സമിതി രൂപീകരണം ഇസ്രാഈല്‍ലുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും, നിലവിലെ സമിതി ഇസ്രാഈലിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇസ്രാഈല്‍ വാദിക്കുന്നു.
ഈ വിഷയത്തില്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോവുമായി ഉടന്‍ ബന്ധപ്പെടണമെന്ന് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കി. കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാതെയാണ് ഇസ്രായേല്‍ ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചത്.
ഗസ്സ സമാധാന ബോര്‍ഡിലേക്ക് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യു.കെ. മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരഡ് കുഷ്നര്‍, പ്രത്യേക പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരെയാണ് ട്രംപ് നിര്‍ദേശിച്ചത്. ട്രംപ് തന്നെയാണ് സമിതിയുടെ ചെയര്‍മാന്‍.
അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് സി.ഇ.ഒ. മാര്‍ക്ക് റോവന്‍, ലോക ബാങ്ക് പ്രസിഡന്റ് കൂടിയായ ഇന്ത്യന്‍ വംശജനായ അജയ് ബംഗ, ട്രംപിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവരും സമിതിയിലെ അംഗങ്ങളാണ്.
ഗസ്സയിലെ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ച ഖത്തറിലെ ഒരു നയതന്ത്രജ്ഞനും ഈജിപ്തിലെ ഒരു ഇന്റലിജന്‍സ് മേധാവിയും സമിതിയില്‍ ഉള്‍പ്പെടും. കൂടാതെ യു.എ.ഇയില്‍ നിന്നുള്ള ഒരു കാബിനറ്റ് മന്ത്രിയും തുര്‍ക്കി വിദേശകാര്യ മന്ത്രിയും അംഗങ്ങളായിരിക്കും.
സമിതിയില്‍ ഒരു ഇസ്രാഈല്‍ പ്രതിനിധിയെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. നെതന്യാഹുവിന്റെ അതൃപ്തിക്ക് പിന്നാലെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറും പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി.
kerala
കലോത്സവം കുട്ടികൾക്ക് കൂട്ടായ്മയുടെ സാമൂഹ്യപാഠം നൽകുന്നു: മോഹൻലാൽ
യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവമെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവം കുട്ടികൾക്ക് അവസരങ്ങൾ മാത്രമല്ല, കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും സാമൂഹ്യപാഠമാണ് സമ്മാനിക്കുന്നതെന്ന് നടൻ മോഹൻലാൽ പറഞ്ഞു. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവമെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ടെന്നും, ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും മോഹൻലാൽ വ്യക്തമാക്കി. “ഇന്ന് ഇവിടെ എത്തിയില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. എല്ലാ ഭാഗ്യങ്ങളും ഒത്തുചേർന്നതുകൊണ്ടാണ് പങ്കെടുക്കാൻ കഴിഞ്ഞത്,” അദ്ദേഹം പറഞ്ഞു.
ഇന്നും നിരവധി സംവിധായകർ പുതിയ പ്രതിഭകളെ തേടി കലോത്സവ വേദികളിലെത്തുന്നുണ്ടെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. പാഠപുസ്തകങ്ങൾക്ക് പുറത്തായി ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന മറ്റൊരു വേദി ഇല്ലെന്നും, കലാകാരന്മാരെയും കലാകാരികളെയും ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പങ്കുവെക്കലിന്റെ സന്തോഷം കുട്ടികളെ ശീലിപ്പിക്കാനും, തോൽവിയാണ് വിജയത്തിന്റെ ചവിട്ടുപടിയെന്ന തിരിച്ചറിവ് നൽകാനും കലോത്സവങ്ങൾക്ക് കഴിയുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കലയോടുള്ള ആത്മാർപ്പണം ആത്മാർത്ഥമാണെങ്കിൽ അവസരങ്ങൾ സ്വയം തേടിയെത്തുമെന്നും, ഇത് തന്റെ അനുഭവത്തിൽ നിന്നുള്ള തിരിച്ചറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, കലോത്സവത്തിലെ കലാകിരീടം കണ്ണൂർ സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. 1028 പോയിന്റുകളോടെയാണ് കണ്ണൂർ സ്വർണക്കപ്പ് നേടിയത്. തൃശൂർ 1023 പോയിന്റുകളോടെയും കോഴിക്കോട് 1017 പോയിന്റുകളോടെയും യഥാക്രമം രണ്ടാം, മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.
-
News1 day agoമാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് തകർപ്പൻ ജയം; സിറ്റിയെ വീഴ്ത്തി രണ്ട് ഗോൾ വിജയം
-
kerala1 day agoമഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം
-
kerala1 day ago‘ The Rebellion’ ഒരു സമ്പൂര്‍ണ സ്കൂള്‍ സ്കിറ്റ്
-
india1 day agoവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ
-
News1 day agoഫലസ്തീന് തടവുകാരെ മോചിപ്പിക്കണം: ലണ്ടനില്‍ ‘റെഡ് റിബണ്‍സ്’ ആഗോള കാമ്പെയ്ന് ആരംഭിച്ചു
-
kerala1 day agoതനി നാടന്‍
-
kerala1 day agoവീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി : വി.ഡി. സതീശന് ഈഴവ വിരോധി
-
kerala24 hours agoകെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന; യു.പി.ഐ വഴി 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി
