Connect with us

kerala

തെക്കന്‍ ജില്ലകളിലെ മുസ്‌ലിം ലീഗ് ജനപ്രതിനിധി സംഗമം നാളെ

Published

on

കോഴിക്കോട്: എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകലെ മുസ്‌ലിം ലീഗ്  ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം നാളെ കൊല്ലം ആശ്രാമത്തിലെ ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാവും. സംസ്ഥാന നേതാക്കള്‍, ജില്ലാ പ്രസിഡന്റ് – സെക്രട്ടറിമാര്‍, യു.ഡി.എഫ് നേതാക്കള്‍ സംബന്ധിക്കും.

ഇരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ഇത്തവണ തെക്കന്‍ ജില്ലകളില്‍ മുസ്‌ലിം ലീഗ് കരുത്ത് തെളിയിച്ചത്. മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളും കൊച്ചി, കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ മുസ്ലീം ലീഗിന് അംഗങ്ങളുണ്ട്. തിരുവനന്തപുരം മുനിസിപ്പാലിറ്റി, തൃക്കാക്കര, കളമശ്ശേരി, മുവ്വാറ്റു പുഴ മുനിസിപ്പാലിറ്റികളിലെ വിജയം ശ്രദ്ധേയമായിരുന്നു. കൊച്ചി, കൊല്ലം കോര്‍പറേഷനുകളില്‍ പാര്‍ട്ടിക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴസണ്‍മാരുണ്ട്. കൊച്ചി, തൊടുപുഴ, ഈരാറ്റുപേട്ട, കായംകുളം, തിരുവല്ല, തൃക്കാക്കര, കളമശ്ശേരി, മുവാറ്റുപുഴ, പെരുമ്പാവൂര്‍, പത്തനംതിട്ട മുനിസിപ്പാലിറ്റികളിലും വാഴക്കുളം, മുഖത്തല ബ്ലോക്ക് പഞ്ചായത്തുകളിലും പല്ലാരിമംഗലം, പായിപ്ര, കുന്നത്ത് നാട്, വെങ്ങോല, എളമാട്, ഇടവെട്ടി, കുമാരമംഗലം, തൃക്കുന്നപ്പുഴ, നെല്ലിക്കുഴി, കോട്ടപ്പടി, കോതമംഗലം, എടത്തല, മയ്യനാട്, ശൂരനാട്, ഉടുമ്പന്നൂര്‍, എരുമേലി, ചെമ്പ്, പെരിങ്ങമ്മല, അടിമാലി, വെള്ളത്തൂവല്‍, ചേരാനല്ലൂര്‍, ആയവന, ആവോലി, വണ്ണപ്പുറം, കുമളി, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലും പ്രധാന സ്ഥാനങ്ങളില്‍ മുസ്‌ലിം ലീഗ് അംഗങ്ങളുണ്ട്.

എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ഏഴ് ജില്ലകളില്‍ നിന്നുള്ള മുഴുവന്‍ ജനപ്രതിനിധികളും കൃത്യ സമയത്ത് സംഗമത്തിന് എത്തിച്ചേരണമെന്നും പ്രതി നിധികളെ സംഗമത്തില്‍ എത്തിക്കുന്നതിന് ജില്ല, മണ്ഡലം നേതാക്കള്‍ പ്രത്യേകം ശ്രദ്ധചെലുണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം അറിയിച്ചു.

kerala

സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനില്‍ നിന്ന് അംഗത്വം സ്വീകരിക്കും.

Published

on

സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്. ഇന്ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുക്കും.  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനില്‍ നിന്ന് അംഗത്വം സ്വീകരിക്കും. 11 മണിക്ക് മാരാര്‍ജി ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തും. 2006 ,2011,2016 എന്നീ കാലയലളവില്‍ സിപിഎം എംഎല്‍എ ആയിരുന്നു. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്. മൂന്നു വര്‍ഷമായി എസ് രാജേന്ദ്രന്‍ ബിജെപി യില്‍ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ ഒന്നും ഉന്നയിച്ചില്ലെന്നും ബിജെപിയില്‍ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ലെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് രാജേന്ദ്രന്‍ പ്രതികരിച്ചത്.

 

Continue Reading

kerala

ശബ്ദം ഇടറി; പക്ഷെ നിലച്ചില്ല തക്കീയുദ്ധീനും കോട്ടൂരിനും കൈയടിക്കാം

എ.കെ.എം.എച്ച്.എസ്.എസിന്റെ പ്രധാന പാട്ടുകാരനായ തക്കിയുദ്ധീന്‍, ശ്വാസം മുട്ടലും ഛര്‍ദിയും അനുഭവിച്ചിട്ടും മത്സരം പൂര്‍ത്തിയാക്കി ടീമിന് എ ഗ്രേഡ് നേടിക്കൊടുത്തു.

Published

on

തൃശൂര്‍: ശാരീരിക പ്രയാസങ്ങള്‍ മറികടന്ന് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ മുന്നേറിയ തക്കിയുദ്ധീന്‍ കോല്‍ക്കളി മത്സരത്തില്‍ ശ്രദ്ധേയനായി. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരത്തില്‍ എ.കെ.എം.എച്ച്.എസ്.എസിന്റെ പ്രധാന പാട്ടുകാരനായ തക്കിയുദ്ധീന്‍, ശ്വാസം മുട്ടലും ഛര്‍ദിയും അനുഭവിച്ചിട്ടും മത്സരം പൂര്‍ത്തിയാക്കി ടീമിന് എ ഗ്രേഡ് നേടിക്കൊടുത്തു.

ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം കോല്‍ക്കളി നിര്‍ത്തണമെന്ന് പലരും ഉപദേശിച്ചിരുന്നുവെങ്കിലും, താന്‍ മാറിയാല്‍ ടീമിന്റെ നിലനില്‍പ് തന്നെ ബാധിക്കുമെന്ന് അറിഞ്ഞ തക്കിയുദ്ധീന്‍ പിന്മാറാന്‍ തയ്യാറായില്ല. സബ്ജില്ല മത്സരങ്ങളിലടക്കം പരിശീലന സമയങ്ങളില്‍ പലപ്പോഴായി തളര്‍ന്നു വീണെങ്കിലും, മത്സര വേദിയില്‍ തന്റെ പ്രയാസങ്ങള്‍ എല്ലാം മറന്ന് അദ്ദേഹം മുന്നേറി.

”ഇടയ്ക്കിടെ കൈവിട്ടുപോകുന്ന അവസ്ഥ ഉണ്ടായി. എങ്ങനെയും മത്സരം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പിച്ചിരുന്നു. എന്റെ കാരണം കൊണ്ട് ടീം തോല്‍ക്കരുതെന്ന് തീരുമാനിച്ചിരുന്നു,” മത്സരത്തിന് ശേഷം തക്കിയുദ്ധീന്‍ പറഞ്ഞു.

ദര്‍സ് വിദ്യാര്‍ത്ഥിയായിരുന്ന തക്കിയുദ്ധീന്‍ ഈ അധ്യായന വര്‍ഷമാണ് സ്‌കൂളിലെത്തിയത്. മികച്ച പാട്ടുകാരനായതിനാലാണ് അദ്ദേഹത്തെ കോല്‍ക്കളി ടീമില്‍ ഉള്‍പ്പെടുത്തിയത്. ആ തീരുമാനം പൂര്‍ണമായി ശരിയാണെന്ന് മത്സരം തെളിയിച്ചു.

2009 മുതല്‍ സംസ്ഥാന തല മത്സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്ന കോട്ടൂര്‍ ടീമാണ് എ.കെ.എം.എച്ച്.എസ്.എസ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ടീം സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടുന്നത്. മഹ്റൂഫ് കോട്ടക്കലാണ് ടീമിന്റെ പരിശീലകന്‍.

Continue Reading

kerala

കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന; യു.പി.ഐ വഴി 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി

‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, ലൈന്‍മാന്‍മാര്‍ എന്നിവര്‍ കരാറുകാരില്‍ നിന്ന് യു.പി.ഐ വഴിയായി മാത്രം 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി

Published

on

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, ലൈന്‍മാന്‍മാര്‍ എന്നിവര്‍ കരാറുകാരില്‍ നിന്ന് യു.പി.ഐ വഴിയായി മാത്രം 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി. ചില സ്ഥലങ്ങളില്‍ സമീപത്തെ തട്ടുകടക്കാരെ വരെ ഏജന്റുമാരാക്കി കൈക്കൂലി സ്വീകരിച്ചതായും വിജിലന്‍സ് കണ്ടെത്തി.

41 ഉദ്യോഗസ്ഥരാണ് കരാറുകാരില്‍ നിന്ന് കൈക്കൂലി സ്വീകരിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കെ.എസ്.ഇ.ബിയിലെ ഭൂരിഭാഗം സെക്ഷന്‍ ഓഫിസുകളിലും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കരാറുകള്‍ നല്‍കിയതെന്നും ഒരേ കരാറുകാരന് തന്നെ വര്‍ഷങ്ങളായി വിവിധ ജോലികളുടെ കരാര്‍ നല്‍കുന്ന രീതിയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത വാഹനങ്ങളുടെ ഉപയോഗത്തിലും ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. ഫയലുകള്‍, സ്‌ക്രാപ് രജിസ്റ്റര്‍, ലോഗ് ബുക്ക്, വര്‍ക്ക് രജിസ്റ്റര്‍ തുടങ്ങിയവ പല ഓഫിസുകളിലും അപൂര്‍ണമാണെന്നും മിക്കയിടങ്ങളിലും സ്‌ക്രാപ് മെറ്റീരിയലുകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. ആറുമാസം ഇടവേളകളില്‍ സോണ്‍ മാറ്റി നിയമിക്കേണ്ട മീറ്റര്‍ റീഡര്‍മാരെ മൂന്ന് വര്‍ഷത്തിലധികമായി ഒരേ സ്ഥലത്ത് തുടരാന്‍ അനുവദിച്ചതായും കണ്ടെത്തി.

വര്‍ക്കല സെക്ഷന്‍ ഓഫിസിലെ സബ് എന്‍ജിനീയര്‍ 55,200 രൂപയും മറ്റൊരു സബ് എന്‍ജിനീയര്‍ 4,000 രൂപയും ഗൂഗിള്‍ പേ വഴി സ്വീകരിച്ചു. പാറശ്ശാലയിലെ സബ് എന്‍ജിനീയര്‍ 38,000 രൂപ കൈപ്പറ്റി. കരുനാഗപ്പള്ളി അസി. എന്‍ജിനീയര്‍ 31,000 രൂപയും അഞ്ചലിലെ രണ്ട് സബ് എന്‍ജിനീയര്‍മാര്‍ 5,000 രൂപയും സ്വീകരിച്ചതായി കണ്ടെത്തി. ഓച്ചിറയിലെ ലൈന്‍മാന്‍ ഉപയോക്താക്കളില്‍ നിന്ന് 1,900 രൂപ വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

അടൂരില്‍ സബ് എന്‍ജിനീയര്‍ 15,000 രൂപയും ലൈന്‍മാന്‍ 10,000 രൂപയും ഗൂഗിള്‍ പേ മുഖേന സ്വീകരിച്ചു. തിരുവല്ലയിലെ ഓവര്‍സീയറുടെ അക്കൗണ്ടിലേക്ക് സമീപത്തെ കടയുടമയുടെ അക്കൗണ്ടില്‍ നിന്ന് 1.67 ലക്ഷം രൂപ കൈമാറിയതായി കണ്ടെത്തി. ഈ കടയുടമ ഉദ്യോഗസ്ഥന്റെ ഏജന്റാണെന്ന സംശയവും വിജിലന്‍സ് ഉന്നയിച്ചു. ചങ്ങനാശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസില്‍ സബ് എന്‍ജിനീയര്‍ 1.83 ലക്ഷം രൂപയും ഓവര്‍സീയര്‍ 18,550 രൂപയും കരാറുകാരില്‍ നിന്ന് സ്വീകരിച്ചു.

കട്ടപ്പന സെക്ഷന്‍ ഓഫിസില്‍ അസി. എന്‍ജിനീയര്‍ 2,35,700 രൂപയും സബ് എന്‍ജിനീയര്‍മാര്‍ 72,700 രൂപയും മറ്റ് ഉദ്യോഗസ്ഥര്‍ 4,000 രൂപയും കരാറുകാരില്‍ നിന്ന് കൈപ്പറ്റിയതായി കണ്ടെത്തി. ഇതിന് പുറമേ ഈ ഓഫിസിലെ നാല് ഉദ്യോഗസ്ഥര്‍ 1.86 ലക്ഷം രൂപ കരാറുകാര്‍ക്ക് തിരികെ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബിനാമി കരാറുകാര്‍ വഴിയായി ഉദ്യോഗസ്ഥര്‍ തന്നെ ജോലികള്‍ ഏറ്റെടുത്ത് ചെയ്തിട്ടുണ്ടോയെന്നതും വിജിലന്‍സ് അന്വേഷിക്കും.

വൈദ്യുതി മന്ത്രിയുടെ മണ്ഡലമായ ചിറ്റൂരിലെ സെക്ഷന്‍ ഓഫിസില്‍ അസി. എന്‍ജിനീയര്‍ 1.27 ലക്ഷം രൂപയും സബ് എന്‍ജിനീയര്‍ 20,000 രൂപയും രണ്ട് ഓവര്‍സിയര്‍മാര്‍ ചേര്‍ന്ന് 28,800 രൂപയും ഗൂഗിള്‍ പേ മുഖേന കൈപ്പറ്റിയതായി കണ്ടെത്തി. മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി സെക്ഷന്‍ ഓഫിസുകളില്‍ നിന്നായി കണക്കില്‍പ്പെടാത്ത 34,000 രൂപയും പിടിച്ചെടുത്തു.

തുടര്‍ പരിശോധനകളും ഫീല്‍ഡ് വെരിഫിക്കേഷനുകളും വരും ദിവസങ്ങളിലും തുടരുമെന്നും സംശയമുള്ള ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബാംഗങ്ങള്‍, കരാറുകാര്‍, ഇടനിലക്കാര്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം അറിയിച്ചു.

Continue Reading

Trending