Connect with us

Video Stories

നിയമത്തെ കാവല്‍നിര്‍ത്തി യു.പിയില്‍ മനുഷ്യവേട്ട

Published

on

സലീം ദേളി

യു.പിയിലെ മുസ്‌ലിംകള്‍ക്കെതിരായ പുതിയ ആയുധമാണ് എന്‍.എസ്.എ (ദേശീയ ക്രമസമാധാന നിയമം). ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടത്താന്‍ ശ്രമിച്ചതിനുശേഷം, ആദിത്യനാഥ് സര്‍ക്കാര്‍ മുസ്‌ലിംകളെ ലക്ഷ്യംവെക്കുന്നതിന് കഠിന നിയമമായ എന്‍.എസ്.എയാണ് ഉപയോഗിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബോധപൂര്‍വമായി വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണ്. വര്‍ഗീയ കലാപങ്ങളില്‍ സംസ്ഥാനത്ത് 2017ല്‍ 44 പേര്‍ കൊല്ലപ്പെട്ടു, 540 പേര്‍ക്ക് പരിക്കേറ്റു. 2016ല്‍ 29 പേര്‍ മരിച്ചു, 490 പേര്‍ക്ക് പരിക്കേറ്റു. 2015ല്‍ 22 മരണവും 410 പേര്‍ക്ക് പരിക്കുമേറ്റു. ബുലന്ദശഹര്‍, സഹാരന്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായ സംഭവങ്ങളില്‍ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദു യുവ വാഹിനിയും പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകരും ഉള്‍പ്പെട്ടിരുന്നു. അക്രമികള്‍ കുറ്റാരോപിതരായിരുന്നെങ്കിലും അവര്‍ക്ക് നേരെ കര്‍ശന നിയമ നടപടികള്‍ കൈക്കൊണ്ടില്ല.
2018 ജനുവരി 16ന് ആദിത്യനാഥ് ഗവണ്‍മെന്റ് പ്രസ്താവന പുറപ്പെടുവിച്ചതിനു പിന്നാലെ യു.പി പൊലീസ് 160 ആളുകള്‍ക്കു നേരെയാണ് ദേശീയ ക്രമസമാധാന നിയമം (എന്‍.എസ്.എ) പ്രയോഗിച്ചത്. പത്ത് മാസത്തിനുള്ളില്‍ നടന്ന 1200 പൊലീസ് ഏറ്റുമുട്ടലുകള്‍ അവരുടെ ലക്ഷ്യ പൂര്‍ത്തീകരണമായിരുന്നു. ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖര്‍ ആസാദിനെ 2017 മെയ് മുതല്‍ ജയിലിലാക്കിയിട്ടുണ്ട്. ‘നോ വക്കീല്‍, നോ അപ്പീല്‍, നോ ദലീല്‍’ (അഭിഭാഷകനില്ല, അപ്പീല്‍ ഇല്ല, യാതൊരു വാദവും ഇല്ല) എന്നാണ് എന്‍.എസ്.എ നിയമം അറിയപ്പെടുന്നത്. 1980 സെപ്തംബര്‍ 23 നാണ് നിയമം പ്രാബല്യത്തില്‍ വന്നത്. നിയമപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു വ്യക്തിയെ തടഞ്ഞുവെക്കാന്‍ കഴിയും. ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയായി നില്‍ക്കുന്നവരെയും വിദേശ രാജ്യങ്ങളുമായി ഇന്ത്യയുടെ വിവരങ്ങള്‍ കൈമാറുന്നവരെയും പൊതു നിയമങ്ങള്‍ ഭേദിക്കുന്നവരെയും തടവിലിടാനുള്ള പരമാവധി കാലാവധി 12 മാസമാണ്. ആക്ടിനു കീഴില്‍, ഒരു വ്യക്തിയെ കാരണമില്ലാതെ 10 ദിവസം വരെ തടങ്കലില്‍ പാര്‍പ്പിക്കാം. എന്‍.എസ്.എയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ സൗത്ത് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്ററിലെ രവി നായര്‍ പറയുന്നു: ‘പ്രിവന്റീവ് തടവ് നിയമം നിയമവിരുദ്ധമാണ്. ഇത്തരം നിയമങ്ങള്‍ ഉപയോഗിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇത് മിക്കപ്പോഴും സ്വേച്ഛാധിപത്യമാണ് ഉപയോഗിക്കുന്നത്.’ പൊതുജന താല്‍പര്യത്തില്‍ തടങ്കലുകളിലുള്ളവരുടെ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ഈ കാലയളവില്‍ അഭിഭാഷകനെയും അനുവദിക്കില്ല. ഹൈക്കോടതി ജഡ്ജിമാരോ അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജി യോഗ്യതയുള്ള വ്യക്തികളോ മൂന്നു പേര്‍ ചേര്‍ന്നുള്ള ഉപദേശക ബോര്‍ഡ് മൂന്ന് മാസത്തിലധികം നീണ്ട ഉത്തരവുകളിലൂടെയാണ് നിയമസാധുത നിശ്ചയിക്കുന്നത്. അംഗീകരിക്കപ്പെട്ടാല്‍, ഒരു വ്യക്തിയെ 12 മാസത്തേക്ക് അധിക തടവില്‍ വെക്കാം. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചലില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എന്‍.എസ്.എക്കു കീഴില്‍ നിരവധി പേരെ തടവിലാക്കിയിട്ടുണ്ട്. വര്‍ഗീയ സംഘട്ടനങ്ങളെ തുടര്‍ന്നാണ് എല്ലാ അറസ്റ്റുകളും നടന്നത്. ഹിന്ദു യുവവാഹിനി, ഹിന്ദു സമാജ് പാര്‍ട്ടി, അഖില ഭാരതീയ ഹിന്ദു മഹാസഭ എന്നിവ പോലുള്ള തീവ്ര ഹിന്ദു സംഘങ്ങളുടെ വ്യക്തമായ ഇടപെടലുകളുണ്ടായിരുന്നപ്പോഴും നിരപരാധികളായ മുസ്‌ലിംകളെയാണ് അക്രമികളെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരെ സെഷന്‍സ് കോടതിയില്‍ ജാമ്യത്തിലിറങ്ങിയ ഉടനെതന്നെ എന്‍.എസ്.എയുടെ കീഴിലുള്ള പൊലീസുകാര്‍ വീണ്ടും അറസ്റ്റ് ചെയ്തു. 2019 ലെ പൊതുതെരഞ്ഞെടുപ്പിനു വേണ്ടി സംഘ്പരിവാറിന്റെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഈ സംഘട്ടന നിര്‍മ്മാണവും എന്‍.എസ്.എ നിയമോപയോഗവും. അലീഗഡ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുസ്തകീമും നൗഷാദും ക്വാസി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും ബൈക്കും മൊബൈലും മോഷ്ടിച്ച് രക്ഷപെട്ടെന്നും പിന്നീട് നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള ഉപയോഗശൂന്യമായ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ രക്ഷപെട്ടവര്‍ പൊലീസിന് നേരെ വെടിവച്ചുവെന്നും പൊലീസ് പ്രത്യാക്രമണം നടത്തി ഇരുവരെയും വധിച്ചുവെന്നുമാണ് അലിഗഡ് പൊലീസ് മേധാവി അതുല്‍കുമാര്‍ ശ്രീ വാസ്തവ നല്‍കുന്ന വിശദീകരണം. ഒന്നര മണിക്കൂറോളം വെടിവെപ്പ് നടന്നെന്നും ശേഷം സ്ഥലത്തെ ജില്ലാ ആസ്പത്രിയിലെത്തിച്ചുവെന്നുമാണ് പൊലീസ് തയ്യാറാക്കിയ കഥ. മുസ്തകീമിന് 22 ഉം നൗഷാദിന് 17 ഉം വയസാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പക്ഷേ മുസ്തകീമിന് 25ഉം നൗഷാദിന് 22 ഉം വയസാണെന്നാണ് പൊലീസ് തെറ്റായി മാധ്യമങ്ങളോട് പറഞ്ഞത്.
വ്യാഴാഴ്ച രാവിലെ 6:45ന് പൊലീസ് സ്ഥലത്തെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് ‘യഥാര്‍ത്ഥ ഏറ്റുമുട്ടല്‍ കാണണോ’ എന്ന് ചോദിച്ചിരുന്നെന്ന് മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ‘ഏറ്റുമുട്ടല്‍ യഥാര്‍ത്ഥമായി കാണാമെന്നും വീഡിയോ എടുക്കാമെന്നുമാണ്’ പൊലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഓഫര്‍. സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ബുള്ളറ്റ് പ്രൂഫ് ധരിച്ച പൊലീസുകാര്‍ ഏറ്റുമുട്ടുന്നത് കണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തങ്ങളോട് നൂറ് മീറ്റര്‍ മാറി നില്‍ക്കാന്‍ പൊലീസ് പറഞ്ഞതായും മാധ്യമ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരാരും ബുള്ളറ്റ് പ്രൂഫോ ഹെല്‍മെറ്റോ ധരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഞായറാഴ്ച രാത്രി 2.30ന് വീട്ടില്‍ അതിക്രമിച്ച്കയറിയ പൊലീസ് മുസ്തകീമിനെയും നൗഷാദിനെയും പിടിച്ചുകൊണ്ട്‌പോയെന്നും ഒപ്പം മുസ്തകീമിന്റെ സഹോദരന്‍ സല്‍മാനെയും ബുദ്ധി സ്ഥിരതയില്ലാത്ത മകന്‍ നസീമിനെയും പിടിച്ചുകൊണ്ട് പോയെന്നുമാണ് മുസ്തകീമിന്റെ വല്യുമ്മ റഫിഖാന്‍ ‘ഇന്ത്യന്‍ എക്‌സ്പ്രസി’നോട് പറഞ്ഞത്. ‘വീട്ടില്‍ നിന്നും മകനെ പൊലീസ് പിടിച്ച്‌കൊണ്ട് പോയി പച്ചയായി കൊന്ന് കളഞ്ഞതാണ്’ നൗഷാദിന്റെ ഉമ്മ ഷഹീന നിറകണ്ണുകളോടെയാണ് ഇത് പറഞ്ഞത്.
കാണ്‍പൂരില്‍ രണ്ട് ഏറ്റുമുട്ടലുകള്‍ നടന്നു. പക്ഷേ എന്‍.എസ്.എ മുസ്‌ലിംകള്‍ക്ക് മാത്രമായാണ് പ്രയോഗിച്ചത്. ‘റോഡിലെ നമസ്‌കാരം നിര്‍ത്താന്‍ എനിക്ക് കഴിയില്ലെങ്കില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ ജന്മാഷ്ടമി തടയാന്‍ എനിക്ക് അവകാശമില്ല.’ ഉത്തര്‍പ്രദേശ് പൊലീസ്‌സ്റ്റേഷനുകളിലെ മതപരമായ ആഘോഷങ്ങളെക്കുറിച്ച് വിമര്‍ശിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2017 ആഗസ്റ്റ് 19 ന് ആദിത്യനാഥിന്റെ പ്രതികരണമിതായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മുസ്‌ലിംകളുടെ മുഹറവും ദുര്‍ഗ പൂജയും ഒരുമിച്ചായിരുന്നു വന്നത്. രാജ്യത്താകമാനമുള്ള ഇന്റലിജന്റ്‌സ് യൂണിറ്റുകള്‍ വര്‍ഗീയ പ്രക്ഷോഭമുണ്ടാവുമെന്ന് റിപ്പോര്‍ട്ട് നല്‍കി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒക്ടോബര്‍ ഒന്നിന് ദുര്‍ഗാഘോഷങ്ങള്‍ നിരോധിച്ചു. എന്നാല്‍ ഒക്ടോബര്‍ രണ്ടിനും നാലിനും ഇടയില്‍ ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കി. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ബി.ജെ.പിയില്‍ നിന്നും വന്‍ പ്രതിസന്ധി നേരിട്ടിരുന്നു. എന്നിരുന്നാലും, സംസ്ഥാനത്ത് അക്രമം നടന്നില്ല. എന്നാല്‍ യു.പി മുഖ്യമന്ത്രിയുടെ പ്രചോദനമുള്‍ക്കൊണ്ട് തെരുവിലിറങ്ങിയതുമൂലം കാണ്‍പൂര്‍, ബലിയ, പിലിഭിത്ത്, ഗോണ്ട, അംബേദ്കര്‍ നഗര്‍, സാംബല്‍, അലഹബാദ്, കൗശാമ്പി, ഖുശിനഗര്‍ എന്നീ ഒന്‍പത് ജില്ലകള്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാക്ഷ്യം വഹിച്ചു. അതേദിവസം തന്നെ, ഹിന്ദു സമാജ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജൂഹി പരംപുര്‍വിലെ മുഹറാഘോഷം നിര്‍ത്തലാക്കുകയുണ്ടായി. വെടിവെപ്പും കല്ലേറുമുണ്ടായി. ജൂഹി പരം പുരുവ എന്നത് ഒരു ചെറിയ പ്രദേശമാണ്, പ്രധാനമായും മുസ്‌ലിംകളും ദലിതരും ജീവിക്കുന്നു. പ്രദേശത്ത് മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ള ഒരേ ഒരു കടയാണ് മന്‍സൂര്‍ ടെന്റ് ഹൗസ്. സലീമിന്റെ ഉടമസ്ഥതയിലുള്ള കട പപ്പുവാണ് നടത്തുന്നത്. അയാളുടെ വീട് കടയുടെ തൊട്ടടുത്താണ്. ‘നിരവധി വര്‍ഷമായി ഞങ്ങള്‍ അവിടെ ജീവിച്ചു വരുന്നു. കഴിഞ്ഞകാലമത്രയും ഞങ്ങളുടെ മതത്തിന്റെ പേരില്‍ ഒരു ഭീഷണിയും ഉണ്ടായിട്ടില്ല’ സലീമിന്റെ ഭാര്യ റുക്കി പറയുന്നു. ‘മുമ്പ് കണ്ടിട്ടില്ലാത്തവിധം ദുര്‍ഗ വിഗ്രഹാരാധനയില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. അക്രമികള്‍ ആദ്യം കടയും വീട്ടുപകരണങ്ങളും തകര്‍ത്തു’ -അവര്‍ തുടര്‍ന്നു. ബന്ധുക്കള്‍ രക്ഷിക്കുന്നതിനുമുമ്പ് മൂന്നു മണിക്കൂറോളം നീണ്ട പരിശോധനക്കിടെ അവരുടെ രണ്ട് കൊച്ചു കുട്ടികള്‍ അബോധാവസ്ഥയിലായി. 12 വയസ്സുള്ള മകന്‍ ബാബു പറയുന്നു: ‘അയല്‍ക്കാരായ രണ്ടോ മൂന്നോ പേര്‍ അക്രമികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പൊലീസുകാരോട് ഞാന്‍ പറയാം. ആരാണ് അക്രമം നടത്തിയതെന്ന്. എല്ലാവരെയും ഞാന്‍ തിരിച്ചറിയും.’ എന്നാല്‍ നിരപരാധിയായ മുഹമ്മദ് സലീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം കുടുംബാംഗങ്ങള്‍ ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്.
വര്‍ഗീയാക്രമ രാഷ്ട്രീയം കാണ്‍പൂരില്‍ പുതിയതല്ല. എല്ലാ വര്‍ഷവും നഗരത്തിലുടനീളം സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും സൃഷ്ടിക്കാറുണ്ട്. ഈ കാലഘട്ടത്തില്‍ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലെ വിഭജനത്തെ മാത്രമല്ല, തെരഞ്ഞെടുപ്പ് നേരിടുന്നതിന് ദലിത്-മുസ്‌ലിം വിഭാഗത്തെ തദ്ദേശീയമായി ഭിന്നിപ്പിക്കാനും സംഘ്പരിവാരവും പൊലീസും ശ്രമിക്കുന്നു. ദലിത് മുസ്‌ലിം വിഭജനംമൂലം രണ്ടു മാസത്തിനുശേഷം 2017 ഡിസംബറില്‍ ജൂഹി വാര്‍ഡില്‍നിന്നും ദലിത് വിഭാഗത്തിന്റെ പിന്തുണയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാകേഷ് കുമാര്‍ പാസ്വാന്‍ വിജയിച്ചു എന്നത് അത്ഭുതകരമല്ല. പരക്കംപുര്‍വയിലെ നിയോജക മണ്ഡലത്തിലെ ജൂഹി വാര്‍ഡില്‍ നിന്നാണ് ഹക്കീം മത്സരിക്കാനൊരുങ്ങിയത്. ‘അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചോട്ടെ, ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലുള്ള ഹക്കീമിന്റെ പ്രശസ്തി കാരണം തീര്‍ച്ചയായും വിജയിക്കുമായിരുന്നു’ റാംപ്രകാശ് പറയുന്നു. എന്നാല്‍ സര്‍വര്‍ക്കും സമ്മതനായ ഹക്കീമിനെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്ത് ഒരു മാസത്തോളം തടവിലാക്കി. അന്യ മത സമുദായങ്ങളോട് മൈത്രി പുലര്‍ത്തുന്ന പ്രകാശിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി മുസ്‌ലിംകള്‍ക്ക് വേണ്ടി സിന്ദാബാദ് വിളിക്കുന്നവനെന്ന് പറഞ്ഞ് ആക്രോശിച്ചു.
ഉത്തര്‍പ്രദേശിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാര്‍ ജയിലിലടച്ച ഡോക്ടര്‍ കഫീല്‍ ഖാന്‍ വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 70 കുഞ്ഞുങ്ങള്‍ ‘ദുരൂഹ പനി’ ബാധിച്ച് മരിച്ച ബഹ്റായിച്ച് ആസ്പത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ചതിനാണ് ഉത്തര്‍പ്രദേശ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദലിത് മുസ്‌ലിം ഐക്യമേഖലകളില്‍ വര്‍ഗീയ വ്യാപാരം നടത്തിയും ആക്ടിവിസ്റ്റുകളെ തടങ്കലിലാക്കിയും ഭരണകൂടം മനുഷ്യവേട്ട തുടരുകയാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending