Connect with us

Video Stories

കലാപ ഭൂമിയായി ഇറാഖ് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

Published

on

കെ. മൊയ്തീന്‍കോയ

സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ അമേരിക്കയും സഖ്യകക്ഷികളും തകര്‍ത്തെറിഞ്ഞ് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും അരക്ഷിതാവസ്ഥയില്‍ നിന്ന് ഇറാഖിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സ്ഥിരതയുള്ള ഭരണകൂടം ലഭിച്ചില്ല. പ്രാദേശിക സംഘര്‍ഷം രാജ്യത്തിന്റെ അഖണ്ഡതക്ക്തന്നെ വന്‍ ഭീഷണിയായി. എണ്ണ സമ്പന്നമായ ബസ്‌റ പ്രവിശ്യ കത്തിയെരിയുന്നു. പ്രവിശ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്വയംഭരണ പ്രവിശ്യയായ ഖുര്‍ദ്ദിസ്ഥാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണ്. നാല് മാസം കഴിഞ്ഞെങ്കിലും ഇറാഖില്‍ ഫെഡറല്‍ ഗവണ്‍മെന്റ് രൂപീകരണവും അനിശ്ചിതത്തില്‍ തന്നെ. അധിനിവേശകരായിരുന്ന അമേരിക്കയും ആശങ്കയിലാണ്.
ഇറാഖി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മെയ് 12ന് ആയിരുന്നു. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി കടുത്ത അമേരിക്കന്‍ വിരുദ്ധനായ മുഖ്തദ അല്‍ സദര്‍ നേതൃത്വം നല്‍കുന്ന മുന്നണി 54 സീറ്റുകള്‍ നേടി മുന്നിലെത്തുകയാണുണ്ടായത്. ഇറാന്‍ അനുകൂല മുന്നണിയുടെ നേതാവ് ഹാദി അല്‍ അമീരിയുടെ ഫത്താഹ് മുന്നണി 48 സീറ്റുകള്‍ നേടി. അല്‍ബാദിക്ക് 42 സീറ്റുകള്‍ മാത്രം. 369 അംഗ പാര്‍ലമെന്റില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ രാഷ്ട്രീയ അനിശ്ചിതത്വം. മുന്‍ പ്രധാനമന്ത്രി നൂരി അല്‍ മാലികി (25) ഖുര്‍ദ്ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടി (25) തുടങ്ങിയവരും പ്രബലരാണ്. ഗവണ്‍മെന്റ് രൂപീകരണത്തിന് നിരവധി ശ്രമങ്ങള്‍ നടന്നു. മറിച്ചും തിരിച്ചും സഖ്യസാധ്യത പരിശോധിച്ചുവെങ്കിലും വിജയകരമായില്ല. ഫെഡറല്‍ ഗവണ്‍മെന്റ് രൂപീകരണം അനിശ്ചിതത്തിലായി ഭരണ സ്തംഭനമുണ്ടായതിനെതുടര്‍ന്ന് പ്രാദേശിക സംഘര്‍ഷം മൂര്‍ച്ഛിച്ചു. ഇതില്‍ രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന ബസ്‌റയിലെ കലാപമാണ് ഏറ്റവുമധികം ആശങ്ക ജനിപ്പിക്കുന്നത്. ബസ്‌റയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചിടാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. അമേരിക്ക, ഇറാന്‍ കോണ്‍സുലേറ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണം കണക്കിലെടുത്താണ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ തീരുമാനിച്ചതെങ്കിലും ഇതിന് പിന്നില്‍ അമേരിക്ക കുറ്റപ്പെടുത്തുന്നത് ഇറാനെയാണ്. അതേസമയം, ഇറാന്‍-ഇറാഖ് ബന്ധം തകര്‍ക്കാന്‍ അമേരിക്കയും ഇസ്രാഈലും ചേര്‍ന്നുള്ള ഗൂഢനീക്കമാണ് ബസ്‌റയിലെ കലാപത്തിന് പിന്നിലെന്നാണ് ഇറാഖ് ഗവണ്‍മെന്റ് വൃത്തങ്ങളുടെ വിലയിരുത്തല്‍. എണ്ണ സമ്പന്ന തെക്കന്‍ ഇറാഖിലെ ഈ പ്രമുഖ നഗരത്തില്‍ ജൂലൈ മുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത് വൈദ്യുതിയും വെള്ളവും ആവശ്യപ്പെട്ടാണ്. ഇറാഖിന്റെ എണ്ണ സമ്പത്തില്‍ 70 ശതമാനം ഇവിടെ നിന്നായിരുന്നിട്ടും പതിനായിരക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരാണ്. യുവാക്കളാണ് പ്രക്ഷോഭത്തിന് മുന്നില്‍. സഊദി കഴിഞ്ഞാല്‍ ഏറ്റവുമധികം എണ്ണ ഉത്പാദിപ്പിക്കുന്നത് ഇറാഖാണ്. പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി അബാദി ബസ്‌റയിലെത്തി വൈദ്യുതി, കുടിവെള്ളം പദ്ധതികള്‍ക്ക് 300 കോടി ഡോളര്‍ അനുവദിച്ചുവെങ്കിലും ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം അബാദിക്ക് മുന്നില്‍ തടസ്സം സൃഷ്ടിച്ചു. പദ്ധതി നടപ്പാക്കാന്‍ കഴിയാതെ വന്നതിനെതുടര്‍ന്ന് സഹികെട്ട് ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങി. ബസ്‌റ പ്രക്ഷോഭം കൂടുതല്‍ രൂക്ഷവും വ്യാപകവുമാകാനുള്ള സാധ്യതയാണ്.
ഇറാഖിലെ അരക്ഷിതാവസ്ഥ ചൂഷണം ചെയ്ത് അധിനിവേശ ശക്തികള്‍ സൃഷ്ടിച്ച ഖുര്‍ദ്ദിസ്ഥാന്‍ സ്വയംഭരണ പ്രവിശ്യയും സംഘര്‍ഷത്തിലേക്കാണ്. ഞായറാഴ്ച പ്രവിശ്യ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാട്രിയോട്രിക് യൂണിയന്‍ ഓഫ് ഖുര്‍ദ്ദിസ്ഥാന്‍ (പി.യു.കെ) പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അപകട സൂചനയാണ്. 111 അംഗ പാര്‍ലമെന്റ് സീറ്റുകള്‍ എതിരാളികളായ ഖുര്‍ദ്ദിസ്ഥാന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും (കെ.ഡി.പി) സഖ്യകക്ഷികളും തൂത്തുവാരും. സായുധ പോരാളികള്‍ ഇരു പാര്‍ട്ടികള്‍ക്കും ഉണ്ട്. 1998 സെപ്തംബര്‍ 17-ന് വാഷിംഗ്ടണില്‍ അമേരിക്കന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇരു പാര്‍ട്ടികളും ധാരണയിലെത്തിയതാണ്. അധികാര പങ്കാളിത്തത്തിനുള്ളതാണ് ധാരണ. ഇറാഖ് ഭരണഘടന പ്രകാരം ഇറാഖ് പ്രസിഡണ്ട് സ്ഥാനം ഖുര്‍ദ്ദ് വംശജന് നീക്കിവെച്ചതാണ്. പി.യു.കെയിലെ ജലാല്‍ തലബാനിക്ക് സ്ഥാനം നല്‍കി. പ്രവിശ്യ പ്രസിഡണ്ട് സ്ഥാനം കെ.ഡി.പിയിലെ മസൂദ് ബര്‍സാനിക്കും ലഭിച്ചു. എന്നാല്‍ പോലും ഇരുപാര്‍ട്ടികളുടെയും സ്വാധീന മേഖലകളില്‍ പ്രത്യേകം പ്രത്യേകം മേഖലാ ഭരണകൂടവും നിലനില്‍ക്കുന്നു. ബര്‍സാനിയുടെ (കെ.ഡി.പി) തലസ്ഥാനം എര്‍ബില്‍. പി.യു.കെയുടെ ഭരണകേന്ദ്രം ‘സുലൈമാനിയ’. 2005-ല്‍ ഐക്യഭരണത്തിന് ധാരണയിലെത്തിയതാണെങ്കിലും പരാജയപ്പെട്ടു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇരുപാര്‍ട്ടികളുടെയും സായുധ വിഭാഗം കരുത്തരാണിപ്പോള്‍. ഇതിന് കാരണം അമേരിക്കയുടെ നിലപാടാണ്. 1990-ല്‍ എ.കെ 47 തോക്കുകള്‍ മാത്രമുണ്ടായിരുന്ന സായുധ ഗ്രൂപ്പുകള്‍ക്ക് ഐ.എസിനെ തകര്‍ക്കാന്‍ ടാങ്ക്, ജര്‍മ്മന്‍ നിര്‍മ്മിത ടാങ്ക് വിരുദ്ധ മിസൈല്‍ തുടങ്ങിയ വന്‍ ആയുധങ്ങള്‍ നല്‍കി. ഐ.എസിനെ തകര്‍ത്തുവെങ്കിലും ഇരുപക്ഷത്തേയും സായുധ ഗ്രൂപ്പുകള്‍ ശക്തരായി. പി.യു. കെ നേതാവും ഇറാഖി പ്രസിഡണ്ടുമായ തലബാനി കഴിഞ്ഞ വര്‍ഷവും അദ്ദേഹത്തെ ശക്തനായ വലംകൈ നവാശിര്‍ മുസ്തഫ അഞ്ച് മാസം മുമ്പും വിടപറഞ്ഞതോടെ പി.യു.കെ ക്ഷീണിച്ചു. തലബാനിയുടെ മകന്‍ ബഫല്‍ തലബാനി നേതൃത്വത്തിലുണ്ടെങ്കിലും വലിയ ജനസമ്മതിയില്ല. പി.യു.കെ കേന്ദ്രങ്ങള്‍ കയ്യിലെടുക്കാന്‍ കെ.ഡി.പി ശ്രമം തുടങ്ങി. പ്രവിശ്യ തെരഞ്ഞെടുപ്പില്‍ കെ.ഡി.പി ഇവിടെ മുന്നേറ്റം നടത്തും. ഇറാഖ് പ്രസിഡണ്ട് സ്ഥാനവും കെ.ഡി.പി തന്നെ കയ്യടക്കുന്നു. ഇറാഖ് പാര്‍ലമെന്റില്‍ കെ.ഡി.പിക്ക് 25 സീറ്റ് ലഭിച്ചിട്ടുണ്ട്. പി.യു.കെ വിട്ടുപോയവര്‍ ഇപ്പോള്‍ കെ.ഡി.പി മുന്നണിയിലാണ്. പ്രവിശ്യ പാര്‍ലമെന്റ് ഫലം പുറത്തുവരുന്നതോടെ, ഖുര്‍ദ്ദിസ്ഥാന്‍ കലാപഭൂമിയാകുമെന്നാണ് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളുടെ ഭയം. ഐ.എസിന് തിരിച്ചുവരവിന് സാഹചര്യം ഒരുക്കുകയായിരിക്കും തമ്മിലടിയുടെ ഫലം. ഖുര്‍ദ്ദിഷ് പാര്‍ട്ടികളുടെ തമ്മിലടിയില്‍ അമേരിക്ക അസ്വസ്ഥത പ്രകടിപ്പിച്ചുകഴിഞ്ഞു.
സദ്ദാം ഭരണത്തിന് ശേഷം മികച്ച ഭരണം വാഗ്ദാനം ചെയ്ത അധിനിവേശകരും ഒപ്പം ഒശാന പാടിയവരുമൊക്കെ അസ്വസ്ഥരും ആശങ്കാകുലരുമാണിപ്പോള്‍. ഇറാഖിന്റെ ഭാവിയെന്ത്? ഫെഡറല്‍ ഭരണത്തിന് ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം ഇറാഖിന്റെ അഖണ്ഡതക്ക് ക്ഷതമേല്‍പ്പിക്കും. അത് മേഖലയുടെ ആകെ ഭിന്നതക്ക് കാരണമാവുമെന്നാണ് ലോക സമൂഹത്തിന്റെ ആശങ്ക.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending