Connect with us

Video Stories

ഇകഴ്ത്തപ്പെട്ടത് രാഷ്ട്രമാണ്

Published

on

ഭരണഘടന നടപ്പാക്കിത്തുടങ്ങിയതിന്റെ എഴുപതാം റിപ്പബ്ലിക്ദിന വാര്‍ഷിക തലേന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ച രാജ്യത്തെ ഏറ്റവും വലിയ ഔദ്യോഗിക ബഹുമതികളായ ഭാരതത്‌നം, പത്മ പുരസ്‌കാരങ്ങളില്‍ മിക്കതും പലവിധ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ജേതാക്കള്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുമ്പോള്‍തന്നെ പുരസ്‌കാര നിര്‍ണയത്തിലെ മാനദണ്ഡങ്ങള്‍ ചില സന്ദേഹങ്ങള്‍ക്ക് കാരണമായിരിക്കുന്നുവെന്നത് ചൂണ്ടിക്കാട്ടാതെ വയ്യ. നരേന്ദ്രമോദി എന്ന പഴയ ആര്‍.എസ്.എസ്സുകാരന്‍ പ്രധാനമന്ത്രിയായിരിക്കവെ പ്രഖ്യാപിക്കപ്പെട്ട 2019ലെ ഭാരതരത്‌നം, പത്മ ബഹുമതികള്‍ ആര്‍.എസ്.എസ് പക്ഷംപിടിച്ചുള്ളതാണെന്ന ആക്ഷേപമാണ് രാഷ്ട്രസമൂഹത്തില്‍ ഉയര്‍ത്തിവിട്ടിരിക്കുന്നത്. അതുകൊണ്ടായിരിക്കണം ഇത്തവണത്തെ ഉന്നത പുരസ്‌കാരങ്ങളെക്കുറിച്ച് ‘ഭഗവത് പുരസ്‌കാരങ്ങള്‍’ എന്ന സരസമായ വിശേഷണം ഉയര്‍ന്നിരിക്കുന്നത്.
ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെ പൂര്‍വരൂപമായ ജനസംഘത്തിന്റെയും നേതാവായിരുന്ന നാനാജി ദേശ്മുഖ്, 2004ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ആസാം സ്വദേശിയും ഗായകനുമായ ഭൂപന്‍ഹസാരിക, മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി എന്നിവരാണ് രാഷ്ട്രത്തിന്റെ അത്യുന്നത സിവിലിയന്‍ ബഹുമതിക്ക് ഇത്തവണ പാത്രമായിട്ടുള്ളത്. ആദ്യ രണ്ടുപേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കപ്പെട്ടത്. വ്യക്തി വിവരണങ്ങളില്‍ നിന്നുതന്നെ ഇവര്‍ ഭാരത്‌രത്‌ന ആയതിലെ ഉള്ളുകള്ളി സുവ്യക്തമാണ്. പ്രണബ്കുമാര്‍ മുഖര്‍ജിയെ സംബന്ധിച്ച് അദ്ദേഹം മോദിയെയും ആര്‍.എസ്.എസ്സിനെയും അതിശക്തമായി വിമര്‍ശിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. പക്ഷേ പുരസ്‌കാരത്തിന് ഈ പശ്ചിമബംഗാള്‍ സ്വദേശിയെ അര്‍ഹനാക്കിയത് അടുത്തകാലത്തായി ആര്‍.എസ്.എസ്സിനോടും നരേന്ദ്രമോദിയോടും തോന്നിയ അടുപ്പമാണെന്നകാര്യം രാഷ്ട്രീയമറിയാവുന്ന ആര്‍ക്കും മനസ്സിലാകാതിരിക്കില്ല. ഈ സങ്കുചിതരാഷ്ട്രീയം അത്യുന്നത രാഷ്ട്രപുരസ്‌കാരങ്ങളില്‍ ഉള്‍പെടുത്തിയതിലൂടെ ഇകഴ്ത്തപ്പെട്ടത് ജേതാക്കളേക്കാളുപരി രാഷ്ട്രം തന്നെയാണ്.
1954ല്‍ നടപ്പാക്കിത്തുടങ്ങിയ ഭാരതരത്‌നാപുരസ്‌കാരം രാജ്യത്തിനുവേണ്ടി മികച്ച സേവനമര്‍പ്പിച്ചവര്‍ക്കുള്ളതാണെന്നാണ് അതിന്റെ നിയമാവലിയില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. അതിനെ ഏതെങ്കിലും സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ദുര്‍വിനിയോഗിക്കുന്നത് രാഷ്ട്രത്തോടും രാജ്യത്തിന്റെ ഉന്നതമായ പാരമ്പര്യത്തോടും ചെയ്യുന്ന അനീതിയാണെന്ന കാര്യത്തില്‍ സംശയമില്ല. വര്‍ഷത്തില്‍ ഒരുതവണ ഒരാള്‍ക്ക് എന്നതാണ് ഭാരതരത്‌നയുടെ കീഴ്‌വഴക്കം.അര്‍ഹരില്ലാത്തതിനാല്‍ പ്രഖ്യാപിക്കാത്ത വര്‍ഷവുമുണ്ട്. കോടതികയറിയ സംഭവവും. 1988ല്‍ എം.ജി രാമചന്ദ്രന്റേതുപോലെ അപൂര്‍വം ഘട്ടങ്ങളില്‍ പ്രസ്തുത പുരസ്‌കാരം തര്‍ക്കത്തിന് വഴിവെച്ചിട്ടുണ്ടെങ്കിലും പൊതുവില്‍ എല്ലാത്തിനും സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണ പക്ഷേ അവ നല്‍കപ്പെട്ട മൂന്നു പേരെക്കുറിച്ചും നല്‍കിയതിലെ കാരണങ്ങളെക്കുറിച്ചും ഉയര്‍ന്നിരിക്കുന്ന ചോദ്യങ്ങള്‍ തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാരില്‍നിന്ന് വ്യക്തമായ മറുപടികള്‍ അര്‍ഹിക്കുന്നതാണ്. ജവഹര്‍ലാല്‍ നെഹ്‌റു, നെല്‍സണ്‍ മണ്ഡേല, മദര്‍തെരേസ, രാജഗോപാലാചാരി, ഡോ. രാജേന്ദ്രപ്രസാദ്, എസ്. രാധാകൃഷ്ണന്‍, അബുല്‍കലാംആസാദ്, ശാസ്ത്രജ്ഞന്‍ സി.വി രാമന്‍, പ്രധാനമന്ത്രിമാരായായിരുന്ന ലാല്‍ബഹദൂര്‍ശാസ്ത്രി, മൊറാര്‍ജി ദേശായ്, രാജീവ്ഗാന്ധി, രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍കലാം, ക്രിക്കറ്റ്താരം സച്ചിന്‍തെണ്ടുല്‍ക്കര്‍ തുടങ്ങി സര്‍വരാലും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തുവന്നിരുന്ന ഉന്നത വ്യക്തിത്വങ്ങള്‍ക്കാണ് മുമ്പുകാലത്ത് ‘ഭാരത്‌രത്‌നം’ നല്‍കപ്പെട്ടത്. കോണ്‍ഗ്രസിന്റെയും ഇതരക്ഷികളുടെയും ഭരണകാലങ്ങളിലൊന്നും ഇതിന്മേല്‍ കാര്യമായ തര്‍ക്കങ്ങള്‍ ഉടലെടുക്കാതിരുന്നത്് പുരസ്‌കാരം സ്വീകരിക്കുന്നവരും നല്‍കുന്നവരും കറകളഞ്ഞ വ്യക്തിത്വങ്ങളായിരുന്നുവെന്നത് കൊണ്ടായിരുന്നു.
രാഷ്ട്രപിതാവിനെ വധിക്കാന്‍ കൂട്ടുനിന്നുവെന്ന് ആരോപിക്കപ്പെടുന്നൊരു പ്രസ്ഥാനത്തിന്റെ ആസ്ഥാനത്തേക്ക് ക്ഷണിക്കപ്പെടുകയും അത് അഭിമാനപൂര്‍വം സ്വീകരിക്കുകയും ചെയ്തയാളാണ് വിരമിച്ച രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി എന്നതുതന്നെയല്ലേ ‘രാജ്യംകണ്ട മികച്ച ഭരണാധികാരി’ എന്ന് മോദിയാല്‍ വിശേഷിപ്പിക്കപ്പെടാനും ഭാരതരത്‌നമാകാനും മുഖര്‍ജിയെ കാരണമാക്കിയത്? പ്രധാനമന്ത്രിപദം ലഭിക്കാതെവന്നതിലുള്ള നൈരാശ്യമാണ് അദ്ദേഹത്തെ നാഗ്പൂരിലെത്തിച്ചത്. ഭാരതരതനം കഴിഞ്ഞാല്‍ മികച്ച ബഹുമതിയായ പത്മപുരസ്‌കാരങ്ങളിലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുചിഹ്നമായ പത്മത്തിന്റെ കാവിരാഷ്ട്രീയം കലര്‍ന്നിട്ടുണ്ടെന്നതിന് തെളിവാണ് പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോഴുള്ള പ്രഖ്യാപനങ്ങളും വ്യക്തിത്വങ്ങളും. ഒറീസ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുന്‍ സഹയാത്രികനുമായ നവീന്‍പട്‌നായിക്കിന്റെ സഹോദരി എഴുത്തുകാരി ഗീതമേത്ത പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ചതിനുപറഞ്ഞ കാരണം ഈ വോട്ടു രാഷ്ട്രീയമാണ്. മറ്റൊരു പത്മജേതാവ് ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനെ ഇല്ലാത്ത ചാരക്കേസില്‍ കുരുക്കി അപഹസിച്ചവരാണ് അദ്ദേഹത്തിനിപ്പോള്‍ പുരസ്‌കാരം നല്‍കിയതും അദ്ദേഹത്തിനുവേണ്ടി ഘോരഘേരം വാദിക്കുന്നതെന്നതും മറ്റൊരു കൗതുകമായിരിക്കുന്നു.
നാലേമുക്കാല്‍വര്‍ഷം കൊണ്ട് രാജ്യത്തെ ഉന്നത ഭരണഘടനാസ്ഥാപനങ്ങളെയും പദവികളെയും തങ്ങളുടെ സ്ഥാപിതനേട്ടങ്ങള്‍ക്കായി വിനിയോഗിച്ചവര്‍ അത്യുന്നതവും പരിപാവനവുമായ സിവിലിയന്‍ ബഹുമതികളെപോലും ഇവ്വിധം വഴിയില്‍കെട്ടിയ ചെണ്ടയാക്കിയവര്‍ക്ക് കാലം മാപ്പുനല്‍കാന്‍ പോകുന്നില്ലെന്നത് തീര്‍ച്ചയാണ്. ഭരണാധികാരികള്‍ വോട്ടുകളുടെ എണ്ണത്തിനനുസരിച്ച് വരും, പോകുമെങ്കിലും രാഷ്ട്രം എന്ന സങ്കല്‍പവും അതിലെ ജനത എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കണമെങ്കില്‍ അതിന്റെ പാരമ്പര്യവും ഭരണഘടനയും പുലരുകതന്നെ വേണം. രാഷ്ട്രശില്‍പി പണ്ഡിറ്റ് നെഹ്‌റുവിനെപോലുള്ള സ്വാതന്ത്ര്യപ്രസ്ഥാനനായകരെയും ഭരണഘടനാശില്‍പികളെയും മതന്യൂനപക്ഷങ്ങളെയും വധിച്ചവരും അവഹേളിച്ചവരും വാഴുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്ന ഇന്നിന്റെ ആസുരകാലത്ത് ഇതും ഇതിലപ്പുറവും നടന്നെന്നുവരും. മോദിയുടെയും മോഹന്‍ഭഗവത്തിന്റെയും ആര്‍.എസ്.എസ്സിനെ നിരോധിച്ച കോണ്‍ഗ്രസ് നേതാവ്് സര്‍ദാര്‍പട്ടേലിനെ പ്രതിമകെട്ടി പൂജിക്കാനൊരുമ്പെടുന്നവര്‍ക്ക് ഗാന്ധിജിയും കാവിക്കളസത്തിന്റെ മേലെ അണിയാനുള്ള കാപട്യത്തിന്റെ പുറംചട്ടമാത്രം. മദര്‍തെരേസക്കല്ല ഹിന്ദുസന്യാസിമാര്‍ക്കാണ് ഭാരതരത്‌നം നല്‍കേണ്ടിയിരുന്നതെന്ന് വാദിക്കുന്ന രാംദേവിനെയും ആദിത്യനാഥിനെയും പോലുള്ളവര്‍ പണവും അധികാരവുംകൊണ്ട് വിലസുമ്പോള്‍ ഇക്കൂട്ടരെ ഇനി ദിവസങ്ങള്‍മാത്രം സഹിച്ചാല്‍ മതിയല്ലോ എന്നതാണ് പിന്നെയുള്ള കേവലാശ്വാസം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending