Connect with us

Video Stories

സര്‍ക്കാര്‍ ഭക്ഷണം കഴിപ്പിക്കുന്ന മുഖ്യമന്ത്രി

Published

on

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

തെരഞ്ഞെടുപ്പിന്റെ പാലം കടക്കുന്നതുവരെ പറയുന്നതും എടുക്കുന്നതുമായ നിലപാടുകള്‍ കടന്നുകഴിയുമ്പോള്‍ എല്ലാവരും മറക്കും. പാലാ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിലും നിലവിലുള്ള 4703 വോട്ടിന്റെ വ്യത്യാസം തങ്ങള്‍ക്കനുകൂലമാക്കാന്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് അത്രയേ കഴമ്പുള്ളൂ.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെചെന്നു പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു: ‘മര്യാദക്കാണെങ്കില്‍ സര്‍ക്കാറിന്റെ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ചു ജീവിക്കാം. അഴിമതി നടത്തുന്നത് എത്ര ഉന്നതനായാലും രക്ഷപെടില്ല. ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോകുകയാണ്’.

മുഖ്യമന്ത്രിക്ക് അണികളില്‍നിന്ന് നീണ്ട കയ്യടി കിട്ടിക്കാണും, തീര്‍ച്ച. ഇതിന്റെ പേരില്‍ എത്ര വോട്ട് കിട്ടുമെന്നത് പറയാനാകില്ല. പാലാരിവട്ടം മേല്‍പാലം നിര്‍മ്മിതിയിലെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച ഉന്നതന്‍ ആരെന്ന് പറയാതെ പറയുകയായിരുന്നു മുഖ്യമന്ത്രി. ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് വിഭാഗത്തിന്റെ ഈ കഥക്ക് മുഖ്യമന്ത്രിതന്നെ ടിപ്പണി ചേര്‍ക്കുമ്പോള്‍ അന്വേഷണ ഏജന്‍സിയുടെയും കേസന്വേഷണത്തിന്റെയും വിശ്വാസ്യതയിലും നിഷ്പക്ഷതയിലും കരി പുരളുകയാണ്.

അതിരിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് പറയേണ്ട മുഖ്യമന്ത്രി തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടറായി പ്രത്യക്ഷപ്പെടുന്നതിന്റെ പരിഹാസ്യതയുമിരിക്കട്ടെ. തെരഞ്ഞെടുപ്പുവേളകളില്‍ തന്നെയും പാര്‍ട്ടിയേയും തകര്‍ക്കാന്‍ കൊണ്ടുവരുന്നതാണ് ലാവ്‌ലിന്‍ കേസ് എന്ന് നീണ്ടകാലം ജനങ്ങളുടെ മുമ്പില്‍ വിലപിച്ചുപോന്ന ഒരാളാണ് സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍. തന്റെ പാര്‍ട്ടിക്ക് സമാഹരിക്കാന്‍ കഴിയാവുന്നത്ര രാഷ്ട്രീയ – സാമ്പത്തിക പിന്‍ബലവും നിയമസഹായവും ഭരണ സ്വാധീനവുമൊക്കെ ഉപയോഗിച്ച് അഴിമതിക്കുറ്റത്തിന്റെ പ്രതിപ്പട്ടികയില്‍നിന്ന് വിചാരണകൂടാതെ ഒഴിവാക്കപ്പെട്ട ആളും.തന്നെ വിട്ടയച്ചത് റദ്ദാക്കണമെന്ന സി.ബി.ഐ അപ്പീല്‍ സുപ്രിംകോടതിയില്‍ വാദം നടത്താതെ നീട്ടിക്കൊണ്ടുപോകുകയാണെന്നകാര്യം മലയാളികളാരും മറന്നിട്ടില്ലെന്നും അദ്ദേഹത്തിന് നന്നായറിയാം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ചില മാധ്യമങ്ങള്‍ക്കെത്തിച്ചുകൊടുത്ത ഫയലില്‍ പ്രസ്തുത മന്ത്രിയുടെ കയ്യൊപ്പുള്ളതുകൊണ്ട് ആ ‘മുന്‍മന്ത്രി അനുഭവിക്കാന്‍ പോകുകയാണെന്ന്’ മുഖ്യമന്ത്രി പിണറായി തെരുവുയോഗങ്ങളില്‍ നടന്നു പ്രസംഗിക്കുകയോ? സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന അഴിമതികേസില്‍ അദ്ദേഹത്തെ ഒഴിവാക്കി എടുത്തുകൊള്ളാമെന്ന് ആരെങ്കിലും ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണോ അറസ്റ്റു ചെയ്യുകയോ പ്രതിയാക്കുകയോ ചെയ്തിട്ടില്ലാത്ത മുന്‍മന്ത്രി ‘അനുഭവിക്കുമെന്ന്’ മുന്നറിയിപ്പ് നല്‍കുന്നത്? അങ്ങനെ സംശയിച്ചുപോയാല്‍ തെറ്റാവില്ല.

അഴിമതി നടത്തുന്നത് എത്ര ഉന്നതനായാലും രക്ഷപെടില്ലെന്നും അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പാലായില്‍ പറഞ്ഞതായും വായിച്ചു. അഴിമതികേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിന് സുപ്രിംകോടതി ശിക്ഷിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടത്തിയ ഒരു നേതാവിന്റെ കാര്യം കേരളം ഇപ്പോള്‍ കാണുന്നുണ്ട്. പിണറായിയുടെ പാര്‍ട്ടിക്കാരായ രണ്ടു പ്രതിപക്ഷ നേതാക്കള്‍-പിന്നീട് മുഖ്യമന്ത്രിമാരായവര്‍ കേസു നടത്തിയാണ് ഇടമലയാര്‍ കേസില്‍ ആ നേതാവ് വര്‍ഷങ്ങള്‍ക്കുശേഷം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നത്. ഇടതുപക്ഷ സര്‍ക്കാറിന്റെ ഭക്ഷണം തന്നെയാണ് അദ്ദേഹത്തിന് കഴിക്കേണ്ടിവന്നത്. ആ ഉന്നതന് ക്യാബിനറ്റ് പദവിയും പരിവാരങ്ങളും നല്‍കി മുഖ്യമന്ത്രിതന്നെ നാടാകെ എഴുന്നള്ളിക്കുന്ന കാഴ്ചയാണ് അത്. തന്റെ വാക്കിലും പ്രവൃത്തിയിലും ധ്രുവങ്ങളുടെ അന്തരമുണ്ടെന്ന് മുഖ്യമന്ത്രിയെപ്പോലൊരാള്‍ ഈ തെരഞ്ഞെടുപ്പുചൂടില്‍ മറന്നതുപോലെ.

ഏതു മുന്നണിയുടെ ഭരണത്തിലായാലും അഴിമതി നടന്നെന്ന് വസ്തുതാപരമായി ആരോപണമുണ്ടായാല്‍ സത്യസന്ധമായും നിഷ്പക്ഷമായും അന്വേഷണം നടത്തി എത്ര ഉന്നതരായാലും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. വിചാരണചെയ്ത് തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ തെറ്റു ചെയ്തവരെ ശിക്ഷിക്കേണ്ടതുമുണ്ട്. അത്രയും വരെ അവരെ നിരപരാധികളായി കാണണമെന്നത് നീതിനിര്‍വഹണത്തിന്റെ ധാര്‍മ്മികമായ അടിസ്ഥാന ശിലയാണ്. ഇത് പിണറായി വിജയനും സി.ബി.ഐയുടെയും പൊലീസിന്റെയും കേസുകളില്‍ പ്രതികളായി തുടരുകയും വിചാരണ നേരിടുകയും ചെയ്യുന്ന മറ്റു സി.പി.എം നേതാക്കള്‍ക്കും ബാധകമല്ലെന്നും മറ്റു രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ക്കുമാത്രം ബാധകമാണെന്നുമുള്ള ഇരട്ടത്താപ്പ് ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ല. തന്നെയുമല്ല തെരഞ്ഞെടുപ്പ് ആവശ്യത്തിന് അഴിമതി കേസുകള്‍ കുത്തിപ്പൊക്കുന്ന വ്യാപകമായ പ്രവണത കേരളത്തിലും ആവര്‍ത്തിക്കുന്നത് പിന്തുണയ്ക്കാനാവില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ട നിലപാട് ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഒരുപോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

എന്നാല്‍ കേരളത്തിന്റെ അനുഭവം വെച്ചുനോക്കിയാല്‍ ഭൂരിഭാഗം അഴിമതികേസുകളും ഭരണപക്ഷത്തോ പ്രതിപക്ഷത്തോ നില്‍ക്കുന്ന പാര്‍ട്ടികളോ കക്ഷികളോ മുന്നണികളോ ഉന്നയിക്കുന്നത് എതിരാളികളുടെ രാഷ്ട്രീയതകര്‍ച്ച ഉറപ്പുവരുത്താനാണെന്ന് കാണുന്നു. അതുകൊണ്ട് അഴിമതി ആരോപണങ്ങളെ സംബന്ധിച്ച് അത് സത്യസന്ധവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും ആണെങ്കില്‍പോലും ജനങ്ങള്‍ക്കതില്‍ വിശ്വാസം ഇടിഞ്ഞിടിഞ്ഞുവരുന്ന സ്ഥിതിയുണ്ട്.

ഇതുസംബന്ധിച്ച കേരളത്തിന്റെ ആദ്യകാല അവസ്ഥ വേറിട്ടതായിരുന്നു. 1957ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റു മന്ത്രിസഭയ്‌ക്കെതിരെ രാഷ്ട്രീയായുധമെന്ന നിലയ്ക്ക് മുണ്ഡ്ര അഴിമതിയാരോപണം ഉന്നയിക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് ഗവണ്മെന്റിലെ അഴിമതിക്കെതിരെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയടക്കമുള്ള പ്രതിപക്ഷം തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന അഴിമതിയാരോപണങ്ങളെ നേരിടാനുള്ള രാഷ്ട്രീയ ഇടപെടലായിരുന്നു അത്.
1967ല്‍ ഇ.എം.എസ് നേതൃത്വം നല്‍കിയ സപ്ത കക്ഷി മുന്നണി ഗവണ്മെന്റിലെ മന്ത്രി വെല്ലിംഗ്ടനെതിരെ മുന്നണിക്കകത്തുനിന്നുതന്നെ ആരോപണമുയര്‍ന്നു. 1969 ആയപ്പോഴേക്കും സപ്തകക്ഷി മുന്നണിക്കകത്തു രൂപംകൊണ്ട കുറുമുന്നണിയുടെ ഭാഗമായി സി.പി.ഐയും ആര്‍.എസ്.പിയും ചേര്‍ന്ന് കോണ്‍ഗ്രസ് പ്രയോഗിച്ച രാഷ്ട്രീയായുധം സി.പി.എമ്മിനെതിരെ അഴിമതിയുടെ പേരില്‍ പ്രയോഗിക്കുകയായിരുന്നു. പകരം സി.പി. എം സി.പി.ഐ മന്ത്രിമാര്‍ക്കെതിരെയും ആരോപണമുയര്‍ത്തി.

വെല്ലിംഗ്ടണിന്റെയും സി.പി.എം മന്ത്രിമാരുടെയും പേരിലുള്ള അഴിമതിയാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കണമെന്ന് സി.പി.ഐയും ആര്‍.എസ്.പിയും കോണ്‍ഗ്രസ് നിയമസഭാകക്ഷിയുടെ പിന്തുണയോടെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ മന്ത്രിമാര്‍ അഴിമതി നടത്തിയെന്ന് വിശ്വസിച്ചല്ല, സപ്തകക്ഷി മുന്നണിയും മന്ത്രിസഭയും പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി ഇ.എം.എസിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനായിരുന്നു ആരോപണം. എന്നാല്‍ അന്വേഷണത്തിനു കമ്മീഷനെ വെക്കണമെന്ന പ്രമേയത്തിനു നിയമസഭയില്‍ മറുപടി പറഞ്ഞ ഇ.എം.എസ് സി.പി.ഐ മന്ത്രിമാരടക്കം ആരോപണത്തിനു വിധേയരായ എല്ലാ മന്ത്രിമാരുടെയും പേരില്‍ അന്വേഷണം നടത്താന്‍ താന്‍ ഉത്തരവിടുന്നു എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്.

പ്രമേയം സഭ പാസാക്കിയതോടെ ഗവര്‍ണറെ കണ്ട് മുന്നണി മന്ത്രിസഭയുടെ രാജി ഇ.എം.എസ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ഇതേതുടര്‍ന്നാണ് 69 ലെ ഇ.എം.എസ് മന്ത്രിസഭ തകര്‍ന്നതും സപ്തമുന്നണിയില്‍ കുറുമുന്നണിയായി പ്രവര്‍ത്തിച്ച സി.പി. ഐയും ആര്‍.എസ്.പിയും മറ്റും കോണ്‍ഗ്രസുമായി ചേര്‍ന്ന് അച്യുതമേനോന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭയും രാഷ്ട്രീയ മുന്നണിയും രൂപീകരിച്ചതും. അതിനുശേഷം അച്യുതമേനോന്‍ ഗവണ്മെന്റില്‍ അദ്ദേഹത്തിനെതിരെയും മറ്റു മന്ത്രിമാര്‍ക്കെതിരെയും സി.പി.എം തുടര്‍ന്നും അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചു. പക്ഷെ ഈ അഴിമതി ആരോപണങ്ങള്‍ സത്യസന്ധമായിരുന്നില്ലെന്നും താന്താങ്കളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുവേണ്ടി ഉന്നയിച്ചതായിരുന്നെന്നും വര്‍ഷങ്ങള്‍ക്കുശേഷം ബന്ധപ്പെട്ടവര്‍തന്നെ വെളിപ്പെടുത്തി.
ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഇ.എം.എസ് തന്നെ ഇങ്ങനെ രേഖപ്പെടുത്തി: ‘ആദ്യം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസും പിന്നീട് സി.പി.ഐ.എമ്മിനെതിരെ സി.പി.ഐയും ഉപയോഗിച്ച രാഷ്ട്രീയായുധം (അഴിമതിയാരോപണം) തന്നെയാണ് സി.പി.ഐയ്‌ക്കെതിരെ ഞങ്ങള്‍ ഉപയോഗിച്ചത്. പിന്നീട് അതിന്റെ ഭാഗമായാണ് നിയമം, സ്ഥലമെടുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ അച്യുതമേനോനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരായി ഞങ്ങള്‍ ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് മന്ത്രിമാരുടെമേല്‍ ഉണ്ടെന്ന് മഹാത്മാഗാന്ധിക്കും ജവഹര്‍ലാലിനും ബോധ്യപ്പെട്ട അഴിമതിക്കുറ്റം അച്യുതമേനോനും സഖാക്കള്‍ക്കുമുണ്ടെന്ന് ഞങ്ങള്‍ കരുതിയിട്ടേയില്ല….’

സി.പി.ഐ മന്ത്രിമാരായ എം.എന്‍ ഗോവിന്ദന്‍നായര്‍ക്കും ടി.വി തോമസിനുമെതിരെ സി.പി.എമ്മും, സി.പി.എം മന്ത്രിമാര്‍ക്കെതിരെ സി.പി.ഐയും ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ കേവലം രാഷ്ട്രീയ ആയുധങ്ങളായിരുന്നു എന്നാണ് അച്യുതമേനോനും ഇ.എം.എസും പല ഘട്ടങ്ങളിലായി വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് അധികാരം ഇടതു പാര്‍ട്ടികള്‍ക്കടക്കം വന്നും പോയുമിരുന്ന ഒരു തുടര്‍പ്രക്രിയയെന്ന നില കേരളത്തിലും ബംഗാളിലും വന്നതോടെ ഇടതുമുന്നണി മന്ത്രിമാരില്‍ ചിലരും അഴിമതിയും പൊതുപ്രവര്‍ത്തനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന നിലയിലെത്തി. ആഗോളവത്കരണവും ഉദാരീകരണ നയങ്ങളും ഇടതു സര്‍ക്കാറുകളെയും അഴിമതികളോട് കൂടുതല്‍ അടുപ്പിച്ചു. ലാവ്‌ലിന്‍ കേസില്‍ സംഭവിച്ചതുപോലെ സി.ബി.ഐയെ ഏല്‍പിച്ചാലും കോടികളുടെ അഴിമതി നടത്തിയ മന്ത്രിമാരെയും സ്ഥാപനങ്ങളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനോ വിചാരണചെയ്യാനോ സാധ്യമല്ലാത്ത അവസ്ഥയും വന്നു.

കോര്‍പറേറ്റുകള്‍ക്കുവേണ്ടിയും കോര്‍പറേറ്റുകളാലും നയിക്കപ്പെടുന്ന ഭരണകൂടങ്ങള്‍ ആഗോളതലത്തില്‍ യാഥാര്‍ത്ഥ്യമായതിന്റെ മാറ്റവും ദേശീയതലത്തിലും സംസ്ഥാന സര്‍ക്കാറുകളിലും അഴിമതി സാധ്യത കയ്യെത്താത്ത, കണ്ണെത്താത്ത നിലയിലാക്കി. കേരളത്തില്‍ കിഫ്ബി പോലുള്ള ബജറ്റിനോടും നിയമസഭയോടും സി.എ.ജി ഓഡിറ്റിനോടും ബാധ്യതയില്ലാത്ത സമാന്തര- സാമ്പത്തിക സംവിധാനങ്ങള്‍ അഴിമതിയും സമാന്തര-സാമ്പത്തിക ഭരണവും കേരളത്തില്‍ സൃഷ്ടിക്കുന്നു. ലോക പാര്‍ലമെന്റുപോലുള്ള പുതിയ സംരംഭങ്ങള്‍ ഇടതു ഗവണ്മെന്റിന്റെ ‘ഹൗഡിമോഡി’പോലുള്ള പരീക്ഷണങ്ങളാകുന്നു.

ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രഖ്യാപനം തല്‍ക്കാലത്തേക്കുള്ള ഒരു രാഷ്ട്രീയായുധ പ്രയോഗം മാത്രമാണ്. ഭരണാധികാരം കൈയില്‍വെച്ചുള്ള രാഷ്ട്രീയ ഭീഷണിയും. പ്രത്യേകിച്ചും അഴിമതിയുടെ പേരില്‍ മോദി ഗവണ്‍മെന്റ് വഴങ്ങാത്ത പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടക്കാനും അഴിമതി വിരുദ്ധ നടപടിയുടെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനും നടത്തുന്ന നീക്കങ്ങള്‍ വ്യാപകമാകുകയാണ്. അതിന്റെ പൂരക പ്രക്രിയയാണ് മുഖ്യമന്ത്രി പിണറായിയും പ്രയോഗിക്കുന്നതെന്നേ വിലയിരുത്താനാകൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Trending