Video Stories
ചിന്താപ്രബുദ്ധത കൈമോശം വന്ന മുസ്‌ലിം സമൂഹം

പി. മുഹമ്മദ് കുട്ടശ്ശേരി
മനുഷ്യന് സ്രഷ്ടാവായ ദൈവം അറ്റമില്ലാത്ത കഴിവുകള്‍ നല്‍കിയിട്ടുണ്ട്. അവന് വേണ്ടിയാണ് ആകാശത്തിലും ഭൂമിയിലുമുള്ള ഈ എണ്ണമറ്റ വസ്തുക്കളെല്ലാം സൃഷ്ടിച്ചിട്ടുള്ളതെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. തന്റെ ബുദ്ധിയും കഴിവുകളും ഉപയോഗപ്പെടുത്തി ചിന്തിച്ചും പഠന ഗവേഷണങ്ങള്‍ നടത്തിയും പ്രപഞ്ച വസ്തുക്കളെ ജീവിത പുരോഗതിക്കും സൗഭാഗ്യ പൂര്‍ത്തീകരണത്തിനും പ്രയോജനപ്പെടുത്താന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. വിജ്ഞാന ഗവേഷണ രംഗത്ത് അത്ഭുതകരമായ പുരോഗതിയാണ് ഇന്ന് മനുഷ്യന്‍ നേടിയിട്ടുള്ളത്. എന്തെല്ലാം പുതിയ ഉപകരണങ്ങള്‍. മനുഷ്യ ശരീരത്തിലെ ദൈവിക ദൃഷ്ടാന്തങ്ങള്‍ ഓരോന്നും ശാസ്ത്രം വെളിച്ചത്ത് കൊണ്ടുവരുന്നു. അതിനനുസരിച്ച് ചികിത്സാ രംഗത്തും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ദൈവം നല്‍കിയ എല്ലാ രോഗത്തിനും അവന്‍ മരുന്നും നല്‍കിയിട്ടുണ്ട് എന്ന് പ്രവാചകന്‍ പ്രസ്താവിച്ചുവെങ്കിലും മരുന്നും ചികിത്സയും ഓരോന്നും മനുഷ്യന്‍ അനുദിനം കണ്ടുപിടിക്കുന്നേയുള്ളൂ.
എന്നാല്‍ ലോകത്ത് ഇന്ന് ദൃശ്യമാകുന്ന ഈ പുരോഗതിക്കെല്ലാം അടിത്തറ പാകിയത് മുസ്‌ലിംകളാണെന്നത് അനര്‍ഹമായ അവകാശവാദമല്ല, മറിച്ച് അനിഷേധ്യമായ ചരിത്ര സത്യമാണ്. വൈദ്യ ശാസ്ത്ര വിശാരദനും വൈദ്യ ശാസ്ത്രത്തില്‍ അടിസ്ഥാന ഗ്രന്ഥമായി ഇന്നും ഗണിക്കപ്പെടുന്ന ‘അല്‍ഖാനൂന്‍ ഫ്വിത്തിബ്ബി’ന്റെ കര്‍ത്താവുമായ ഇബ്‌നുസീന, സസ്യശാസ്ത്രരംഗത്ത് മികവുറ്റ ഗ്രന്ഥങ്ങള്‍ രചിച്ച ഇബ്‌നുല്‍ ബൈത്വാര്‍, പ്രകാശ വിജ്ഞാനത്തിന്റെ ഉപജ്ഞാതാവായി ഗണിക്കപ്പെടുന്ന ഇബ്‌നുല്‍ ഹൈസം, കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ അരിസ്റ്റോട്ടില്‍ കൃതികളുടെ വ്യാഖ്യാതാവായ ഫിലോസഫര്‍ ഗോള ശാസ്ത്ര പണ്ഡിതന്‍ എന്നീ നിലക്കെല്ലാം പ്രഗത്ഭനായ ഇബ്‌നുറുശ്ദ്, സമുദ്ര ശാസ്ത്രത്തില്‍ വിദഗ്ധനും സമുദ്ര സഞ്ചാരിയുമായ ഇബ്‌നുമാജിദ്, ഗണിത ശാസ്ത്രത്തില്‍ ആധികാരിക ഗ്രന്ഥം രചിക്കുകയും ആള്‍ജിബ്ര കണ്ടുപിടിക്കുകയും ചെയ്ത അല്‍ ഖുവാരിസ്മി, വൈദ്യം, ഫിലോസഫി, ഗണിതം, ഗോള ശാസ്ത്രം, സാഹിത്യം തുടങ്ങിയ എല്ലാ വിജ്ഞാനങ്ങളിലും നിപുണനും ആദ്യമായി ആസ്പത്രി നിര്‍മ്മിച്ച പ്രഗത്ഭനുമായ റാസി, രസതന്ത്ര വിജ്ഞാനത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ ലോകത്തെ പരിചയപ്പെടുത്തിയ ജാബിര്‍ ഇബ്‌നു ഹയ്യാന്‍ തുടങ്ങിയവര്‍ നടത്തിയ പഠനങ്ങളും ഗവേഷണങ്ങളുമാണ് ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് അടിത്തറ പാകിയത്. അവരുടെ കാലഘട്ടം വരെ ലോകത്ത് വിവിധ നാടുകളിലുണ്ടായിരുന്ന പഠനങ്ങള്‍ സ്വാംശീകരിച്ച് ഗവേഷണം നടത്തി അവര്‍ പുതിയ വിജ്ഞാന സംഭാവനകള്‍ ലോകത്തിന് കാഴ്ചവെക്കുകയായിരുന്നു.
വിചിത്രമെന്ന് പറയട്ടെ ഈ മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും അവര്‍ ജനിച്ച സമുദായത്തില്‍ പിന്‍ഗാമികളുണ്ടായില്ല. മുന്‍ഗാമികളെ പഠന ഗവേഷണങ്ങള്‍ക്കും ചിന്തക്കും പ്രേരിപ്പിച്ച ഖുര്‍ആന്‍ പിന്‍ഗാമികളില്‍ ആ സ്വാധീനം ചെലുത്തിയില്ല. അതേയവസരം ഇതര ജനവിഭാഗങ്ങള്‍ മുസ്‌ലിംകളുടെ ഗ്രന്ഥങ്ങള്‍ പഠിക്കുകയും അവരുടെ ചിന്തകളുടെയും ഗവേഷണ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ തുടര്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്ത് ലോക നേതൃത്വത്തിലെത്തി. വിശ്വാസികളോട് ഖുര്‍ആന്‍ ഏത് നന്മയിലും മുന്‍പന്തിയിലെത്താന്‍ ആഹ്വാനം ചെയ്യുന്നു. ‘നേരത്തെ പുറപ്പെടുന്ന എന്റെ സമുദായത്തിനാണ് അനുഗ്രഹം’- പ്രവാചകന്‍ പറയുന്നു. രാവിലെ കാക്കയുണരും മുമ്പ് വിജ്ഞാന സമ്പാദന വഴിയില്‍ പുറപ്പെടാന്‍ പൂര്‍വകാല പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്യുമായിരുന്നു. വിശ്വാസികള്‍ ഈ ദുനിയാവിലും മരണശേഷമുള്ള പരലോക ജീവിതത്തിലും മുന്നിലെത്താന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ‘നിങ്ങള്‍ സ്വര്‍ഗപ്രവേശനം തേടുമ്പോള്‍ സ്വര്‍ഗത്തിലെ ഏറ്റവും ഉന്നതസ്ഥാനമായ ഫിര്‍ദൗസ് ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക’- പ്രവാചകന്‍ ഉണര്‍ത്തുന്നു. മുസ്‌ലിംകളില്‍ പ്രവാചകന്‍ വളര്‍ത്തിയ ഈ ഔന്നത്യബോധമാണ് റോമ, പേര്‍ഷ്യന്‍ രാജ്യങ്ങള്‍ കീഴടക്കി ഇന്ത്യയും തുര്‍ക്കിസ്താനും സ്‌പെയിനും വരെയുള്ള പ്രദേശങ്ങള്‍ അവര്‍ ഇസ്‌ലാമിന്റെ പതാകക്ക് കീഴിലാക്കിയത്. പ്രതാപത്തിന്റെ ഉച്ചിയില്‍ വിരാജിക്കുന്ന മുസ്‌ലിംകളെ ജനം ഭയപ്പെടുകയും ആദരിക്കുകയും ചെയ്തു.
പിന്നീടെന്താണ് സംഭവിച്ചത്. സുഖലോലുപതയിലുള്ള ഭ്രമം അവരില്‍ ശക്തിപ്പെട്ടു. ആലസ്യത്തിന്റെ മടിയില്‍ അവര്‍ സുഖ നിദ്രകൊണ്ടു. ഈ അവസ്ഥ നാഗരികതകളുടെ തകര്‍ച്ചയിലാണ് എത്തിച്ചേരുക എന്ന അല്ലാമ ഇബ്‌നുഖല്‍ദൂന്‍ ചരിത്രത്തിന്റെ തത്വശാസ്ത്രം വിവരിക്കുന്ന പ്രസിദ്ധ ഗ്രന്ഥമായ മുഖദ്ദിമയില്‍ സ്ഥാപിച്ചിട്ടുണ്ട്. തകര്‍ന്ന ഇരുപത്തൊന്നു നാഗരികതകളെപ്പറ്റി പഠനം നടത്തിയ ടോയന്‍ബിയും ഈ തത്വം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ടവര്‍ നിര്‍മ്മാണ ശക്തി ക്ഷയിച്ചവരും ഭൂരിപക്ഷത്തില്‍ സ്വാധീനം നഷ്ടപ്പെട്ടവരുമാവുകയും സമൂഹത്തിന്റെ ഐക്യം തകര്‍ന്നു പിളര്‍പ്പ് വ്യാപകമാവുകയും ചെയ്യുമ്പോഴും നാഗരികത നിലംപതിക്കുമെന്ന് ടോയന്‍ബി സ്ഥാപിക്കുന്നു. സ്‌പെയിനിന്റെ തകര്‍ച്ചയില്‍ വിലപിച്ചുകൊണ്ട് കവി പാടിയതിങ്ങനെ:
‘അവര്‍ ഭിന്നിച്ചു, പല കക്ഷികളായി
ഓരോ ഖബീലക്കും ഓരോ അമീറുല്‍
മുഅ്മിനീനും ഓരോ മിമ്പറും’
വിമാനം കണ്ടുപിടിക്കുന്നതിന് റൈറ്റ് സഹോദരന്മാര്‍ക്ക് വെളിച്ചമേകിയ അബ്ബാസുബ്‌നു ഫിര്‍നാസിന്റെ പിന്‍തലമുറയില്‍പ്പെട്ട സുല്‍ത്താന്‍ ഖാന്‍സുവിന്റെ മുമ്പില്‍ അഞ്ചാം നൂറ്റാണ്ടില്‍ ഒരു യൂറോപ്യന്‍ വ്യവസായി ഒരു പുതിയ ആയുധം എന്ന നിലക്ക് തോക്ക് പ്രദര്‍ശിപ്പിച്ചു. ഈ ആയുധത്തിന് ഓര്‍ഡര്‍ പിടിക്കാനായിരുന്നു അദ്ദേഹത്തിന്റെ വരവ്. സുല്‍ത്താന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു പറഞ്ഞതിങ്ങനെ: ‘മുഹമ്മദ് നബിയുടെ സുന്നത്ത് ഉപേക്ഷിച്ച് നാം നസാറാക്കളുടെ സുന്നത്ത് സ്വീകരിക്കുകയോ’ നബിയുടെ കാലത്തെ അമ്പും വില്ലും വാളും പരിചയും കുന്തവുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. വ്യാപാരി തിരിച്ചുപോകുമ്പോള്‍ ഇങ്ങനെ പ്രതികരിച്ചു: ‘ഈ തോക്കുകൊണ്ട് തന്നെ ഈ രാജാവ് വധിക്കപ്പെടുന്നത് നമുക്ക് കാണാം.’ ഇത് പറഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ രാജാവ് വെടിയുണ്ടയേറ്റ് പിടഞ്ഞു മരിക്കുന്നതാണ് കണ്ടത്.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലും സിറിയയിലും നാലു കൊല്ലം കഴിച്ചുകൂട്ടിയ ഒരു യൂറോപ്യന്‍ സഞ്ചാരി എഴുതി: ‘സാഹിത്യം, കല, ശാസ്ത്രം തുടങ്ങിയ എല്ലാ സാംസ്‌കാരിക രംഗങ്ങളിലും അധ:പതനം ബാധിച്ചിട്ടുണ്ട്. വ്യവസായങ്ങള്‍ തീരെയില്ല. വാച്ച് കേടുവന്നാല്‍ നന്നാക്കാന്‍ പോലും വിദേശത്തു പോകണം.’ അന്നത്തെ അല്‍ അസ്ഹര്‍ സര്‍വകലാശാല മേധാവിയായ ശൈഖ് മുഹമ്മദ് ഇന്‍ബാബിയോട് ഒരാള്‍ ചോദിക്കുന്നു: ‘മുസ്‌ലിംകള്‍ക്ക് കണക്കും രസതന്ത്രവും ഭൂമിശാസ്ത്രവും പഠിക്കാന്‍ പാടുണ്ടോ? ശൈഖ് അല്‍പം ആലോചിച്ചു നിന്ന് കരുതലോടെ പറയുന്നു: ‘അതെ, അനുവദനീയമാണ്- അതിന്റെ പ്രയോജനം ബോധ്യപ്പെട്ടാല്‍ മാത്രം.’ ഈ തകര്‍ച്ചയെല്ലാം ദൈവ വിധിയാണെന്നും അതിന് വഴങ്ങിക്കൊടുക്കുകയല്ലാതെ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നുമായിരുന്നു അവരെ പിടികൂടിയ ധാരണ- കവി പാടിയപോലെ:
‘വിധി അതിന്റെ പാട്ടിന് സഞ്ചരിക്കട്ടെ
നീ ഒഴിഞ്ഞ മനസ്സുമായി വീട്ടില്‍ സുഖമായി ഉറങ്ങൂ!’
അതെ, പരിഷ്‌കര്‍ത്താക്കളും പണ്ഡിതന്മാരും രംഗത്തു വന്ന് മുസ്‌ലിം സമൂഹത്തെ ഈ ഉറക്കില്‍ നിന്ന് വിളിച്ചുണര്‍ത്തി. പക്ഷേ, അപ്പോഴേക്കും യൂറോപ്യര്‍, മുസ്‌ലിംകളുടെ പൂര്‍വികര്‍ വളര്‍ത്തിയെടുത്ത ചിന്തകളുമായി ബഹുദൂരം മുന്നോട്ടുപോയിരുന്നു. അവര്‍ക്കൊപ്പമെത്താന്‍ കഴിയാതെ മുസ്‌ലിംകള്‍ പകച്ചുനിന്നു. ‘മുസ്‌ലിംകള്‍ എന്തുകൊണ്ട് പിന്നോക്കമാവുകയും മറ്റുള്ളവര്‍ മുന്നേറുകയും ചെയ്തു’ എന്ന ഗ്രന്ഥം ലോകത്തിന് കാഴ്ചവെച്ച ശകീബ് അര്‍സലാന്‍ ഇസ്‌ലാമിക മൂല്യങ്ങളില്‍ ഉറച്ചു നിലകൊണ്ടു തന്നെ പാശ്ചാത്യര്‍ നേടിയ അറിവുകള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കണമെന്നും മുസ്‌ലിംകളെ ആഹ്വാനം ചെയ്തു. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം പാതി പിന്നിട്ട ഇന്ന് മുസ്‌ലിം സമൂഹം എവിടെയാണ് നിലകൊള്ളുന്നത്. ചിന്താരാംഗത്ത് കൂടുതല്‍ പിന്നിലേക്ക് ഉള്‍വലിയുകയാണ്. പാശ്ചാത്യര്‍ സമ്മാനിച്ച ആധുനികോപകരണങ്ങള്‍ മുസ്‌ലിംകളെ മയക്കി കിടത്തുമ്പോള്‍ അവ സമ്മാനിച്ചവര്‍ വായിച്ചും പഠിച്ചും ചിന്തയെ ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുന്നു. വാഹനത്തിലും ക്ലിനിക്കിലും വഴിയിലുമെല്ലാം വായിച്ചു കൊണ്ടിരിക്കുന്ന യുറോപ്യനെയും അമേരിക്കക്കാരനെയും ജപ്പാന്‍കാരനെയുമാണ് കാണുകയെന്ന് പല എഴുത്തുകാരും പ്രസ്താവിക്കുന്നു. ‘വായിക്കുക’ എന്ന ആദ്യ ദൈവിക വചനം ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ കൈവശം വെക്കുന്നവരോ, വായനയുടെ സമൂഹം എന്ന മുഖമുദ്ര തന്നെ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ചിന്ത നശിച്ച ഒരു സമൂഹത്തെയാണ് ഐ.എസ്, അല്‍ഖാഇദ, ബൊക്കോ ഹറാം തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങളിലൂടെ ലോകം നോക്കി കാണുന്നത്. പൂര്‍വകാല പണ്ഡിതന്മാര്‍ അവര്‍ ജീവിച്ച ലോകത്തും നൂറ്റാണ്ടിലും വിജ്ഞാനത്തിലും ചിന്തയിലും ഉന്നത ശ്രേണിയില്‍ വിരാജിക്കുന്നവരായിരുന്നു. അവരുടെ പിന്‍മുറക്കാര്‍ പൂര്‍വീകര്‍ അവസാനിപ്പിച്ചേടത്തു നിന്ന് അവര്‍ വെട്ടിത്തെളിയിച്ച പാതക്ക് നീളം കൂട്ടി യാത്ര തുടരുന്നതിന് പകരം അവിടെ തന്നെ ചുറ്റിക്കറങ്ങുന്നതാണ് ചിന്തക്കും പുരോഗതിക്കും വലിയ തടസ്സമായത്.
വ്യക്തികളില്‍ നിന്നാണ് മാറ്റം തുടങ്ങേണ്ടത്. ഓരോ വിശ്വാസിയും ഈമാനിന്റെ അടിത്തറയില്‍ ഉറച്ചു നിന്ന് ഇമാം ശാഫിഇയെയും ഇബ്‌നു തൈമിയയും ഇബ്‌നു റുശ്ദിനെയും പോലെ വായിച്ചും കേട്ടും കണ്ടും പഠിച്ചും കൂടുതല്‍ അറിവ് നേടി ചിന്തയെ പരിപോഷിപ്പിക്കുക. ദൈവം തനിക്കേകിയ കഴിവുകള്‍ ഉപയോഗപ്പെടുത്തി മനുഷ്യനന്മക്ക് തന്റേതായ സംഭാവനകള്‍ അര്‍പ്പിക്കുക.
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
News
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.
film
രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.
രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala2 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല