Connect with us

Culture

കശ്മീര്‍- ഭൂമിയിലെ പറുദീസയിലേക്കൊരു യാത്ര

മഞ്ഞുകാലമായ നവംബര്‍-ഡിസംബര്‍-ജനുവരിയാണ് ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കശ്മീര്‍ താഴ് വര കാണാനുള്ള സമയം.

Published

on

മഞ്ഞുകാലമായ നവംബര്‍-ഡിസംബര്‍-ജനുവരിയാണ് ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കശ്മീര്‍ താഴ് വര കാണാനുള്ള സമയം.

ജലീല്‍ ഖാദര്‍

കശ്മീര്‍-ലഘുചിത്രം

3500 കിലോമീറ്ററാണ് കേരളത്തില്‍നിന്ന് ജമ്മുവിലേക്കുള്ള ദൂരം. അവിടെനിന്ന് 250 കിലോമീറ്റര്‍ ചെന്നാല്‍ കാശ്മീരായി. മൊത്തം നാലായിരത്തോളം കിലോമീറ്റര്‍. മാര്‍ച്ച് മുതല്‍ ജൂലൈ വരെ പച്ചപ്പണിഞ്ഞതും ബാക്കിസമയം മഞ്ഞണിഞ്ഞതുമാണ് കാശ്മീരിലെ കാലാവസ്ഥാന്തരീക്ഷം. പഹല്‍ഗാം, സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, ഹസ്രത് ബാല്‍, വൈഷ്ണവിദേവിക്ഷേത്രം (ജമ്മു-ഉദ്ദംപൂര്‍) , ദാല്‍തടാകം, ഷാലിമാര്‍, മുഗള്‍ഗാര്‍ഡനുകള്‍ തുടങ്ങിയവയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. 100 ചതുരശ്ര കിലോമീറ്ററാണ് കശ്മീര്‍ താഴ് വര. ഏറ്റവും കുറഞ്ഞ നിരക്കില്‍ (8000 രൂപ) നാലുദിവസത്തേക്ക് ടൂര്‍ ഓപ്പറേറ്റ് ചെയ്യുന്ന തൃശൂരിലെ ജംഷിഅബൂബക്കറിന്റെ ട്രിപ്പന്‍സ് ഉള്‍പ്പെടെ നിരവധി ടൂറിസ്റ്റ്ഏജന്റുമാരുണ്ട്. ശ്രീനഗറിലെ വിമാനത്താവളം വഴിയും നിരവധി യാത്രക്കാരിവിടെ എത്തുന്നു. കേരളത്തില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെടുന്ന ഏകപ്രതിവാര ട്രെയിന്‍സര്‍വീസ് കന്യാകുമാരി-ജമ്മുതാവി എക്‌സപ്രസാണ്. ടിക്കറ്റ് കിട്ടാന്‍ നാലുമാസം മുമ്പെങ്കിലും റിസര്‍വ് ചെയ്യണം. ലഡാക്കിലേക്കും അതിന്റെ തലസ്ഥാനമായ ലേയിലേക്കും ശ്രീനഗറില്‍നിന്ന് 418 കിലോമീറ്റര്‍ദൂരമുണ്ട്. ലേയിലെ വിമാനത്താവളത്തിലേക്കും ഡല്‍ഹിവഴി ടിക്കറ്റ് ലഭിക്കും. കാര്‍ഗില്‍ തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങള്‍ ഇവിടെയാണ്.

സ്വര്‍ഗത്തിലെ ദു:ഖപുത്രി

കശ്മീര്‍ എന്നുകേള്‍ക്കുമ്പോള്‍ കോരിത്തരിക്കാത്തവരായി ആരുണ്ട്. അവിടെ എത്തണമെന്ന് മോഹിക്കാത്തവരായും. യൂട്യൂബുകളിലും സിനിമകളിലും ചിത്രങ്ങളിലും വാര്‍ത്തകളിലുമായി നാം കണ്ടും കേട്ടും പരിചിതമായ സ്വര്‍ഗത്തിലേക്ക് ഒരു വെര്‍ച്വല്‍യാത്ര പോയാലോ. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ യൂറോപ്പിനോട് കിടപിടിക്കുന്ന മഞ്ഞണിഞ്ഞ ഹിമാലയന്‍ഭൂപ്രദേശം. ഭൂമിയിലെ സ്വര്‍ഗമെന്നാണ് കശ്മീരിന്റെ ചെല്ലപ്പേര്. കശ്മീരിലെത്തുന്നവരെ സ്വീകരിക്കുന്നത് മഞ്ഞുപോലെ തണുത്തുറഞ്ഞുകിടക്കുന്ന മനുഷ്യജീവിതമാണ്. എല്ലാറ്റിനും ബരാബര്‍ ഹേ( കുഴപ്പമില്ല) എന്ന് കാശ്മീരികള്‍ പൊതുവെ പറയുമെങ്കിലും അവരോട് അടുത്തിടപഴകുമ്പോള്‍ പുറത്തെ കട്ടപിടിച്ച മഞ്ഞ് ഉരുകി സ്‌നേഹത്തിന്റെ തെളിഞ്ഞ നീരുറവ ദൃശ്യമാകും. ജീവിതത്തിലെ നൈരന്തര്യമാര്‍ന്ന പ്രയാസങ്ങളുടെ വലക്കെട്ട് അഴിച്ചെടുക്കുമവര്‍. പിന്നെ വീട്ടിലോട്ട് ക്ഷണിച്ച് ചായ തന്നെന്നിരിക്കും. അത്തരമൊരു അനുഭവമാണ് മഞ്ഞുറയുന്ന 2021 ഡിസംബറിലെ യാത്രയില്‍ എനിക്ക് അനുഭവവേദ്യമായത്. ജീവിതപ്രയാസങ്ങള്‍ക്കിടയിലും മനുഷ്യബന്ധങ്ങള്‍ എത്രകണ്ട് ഇവിടെ സുദൃഢമാണെന്ന് വിളിച്ചോതുന്നതായി ഈ യാത്ര. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന മനുഷ്യരാണ് ശരാശരി കാശ്മീരികള്‍. മഞ്ഞും ഊഷരതയും നിറഞ്ഞ മലനിരകളുടെ താഴ് വാരത്ത് പച്ചമനുഷ്യര്‍ എങ്ങനെയാണ് പിടിച്ചുനില്‍ക്കുന്നതെന്ന് തോന്നിപ്പോകു. ടൂറിസത്തില്‍നിന്നാണ് ഇവരുടെ വരുമാനം പ്രധാനമായും .നെല്ല്, ഗോതമ്പ് കൃഷിയും ആപ്പിളും പച്ചക്കറിയും കുങ്കുമവും വിളവെടുക്കുന്നുണ്ടെങ്കിലും മഞ്ഞുറയുന്നതും ചൂടേറിയതുമായ രണ്ടുതരം കാലാവസ്ഥയില്‍ അവയില്‍നിന്ന് കാര്യമായ മെച്ചം കര്‍ഷകന് ലഭ്യമാകുന്നില്ല. അതുകൊണ്ടുതന്നെ ജമ്മുവിലുള്‍പ്പെടെ കാശ്മീരികളടക്കമുള്ള ഒരുകോടിയിലധികം ജനസംഖ്യയില്‍ മുക്കാല്‍പങ്ക് മനുഷ്യരുടെയും ജീവിതം ദുസ്സഹംതന്നെ. 96 ശതമാനമാണ് കശ്മീരിലെ മുസ്‌ലിംജനസംഖ്യ.
നൂറ്റാണ്ടുകളായുള്ള മനുഷ്യവാസവും മഹിതപാരമ്പര്യവുമുള്ള മണ്ണും മനുഷ്യരുമാണ് കാശ്മീരികള്‍. അവര്‍ക്ക് ഇന്ത്യയിലെ തെക്ക്, വടക്ക് ,കിഴക്ക് പ്രദേശങ്ങളിലെ ജനതയേക്കാള്‍ കൂടുതല്‍ ശാരീരികവും സാംസ്‌കാരികവുമായ അടുപ്പം പഴയകാലത്തെ പേര്‍ഷ്യക്കാരോടാണ്. മധ്യകാല സാംസ്‌കാരികകേന്ദ്രമായ പേര്‍ഷ്യയില്‍നിന്ന് (ഇപ്പോഴത്തെ ഇറാന്‍) സിന്ധുനദീതീരംവഴി കുടിയേറിയ ജനതയാണ് കാശ്മീരികളെന്നത് ചരിത്രം. അഫ്ഗാനിസ്ഥാനും ഇന്നത്തെ പാക്കിസ്താനും ഇസ്‌ലാമികസാംസ്‌കാരികത പേറുമ്പോഴും സ്വത്വപരമായി ഇവര്‍ കൂടുതല്‍ യോജിച്ചുനില്‍ക്കുന്നത് പേര്‍ഷ്യന്‍ സംസ്‌കൃതിയോടാണ്. എണ്ണമറ്റ സഞ്ചാരികളും കുടിയേറ്റക്കാരും ഇതുവഴി ഇന്ത്യയിലെത്തി. സിന്ധുനദീതടസംസ്‌കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന പാക്കിസ്താനിലെ മോഹന്‍ജെദാരോ, ഹാരപ്പ എന്നീ പ്രദേശങ്ങള്‍ ആര്യന്മാരുടെ അധിനിവേശത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും അതിനൊക്കെ എത്രയോമുമ്പുതന്നെ ഈപ്രദേശത്ത് എത്തിയവരാണ് കശ്മീരികള്‍. ഇന്ത്യയിലെയും പാക്കിസ്താനിലെതന്നെയും മനുഷ്യരുമായി അവര്‍ക്ക് പൂര്‍ണമായും ഇടകലരാന്‍ കഴിയാത്തതും ഇതുകൊണ്ടുതന്നെ. കടുത്ത മൈനസ്ഡിഗ്രിയിലെ മഞ്ഞിലും സ്വന്തം സംസ്‌കാരവും ഭൂമിയും വിട്ടെറിഞ്ഞ് ജനത എങ്ങോട്ടേക്കും പോകാത്തതും മറ്റൊന്നുംകൊണ്ടല്ല.
2019 ഓഗസ്റ്റ് 5നാണ് ജമ്മുകാശ്മീരിനെ വിഭജിച്ച് ജമ്മുകാശ്മീര്‍ ,ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചത്. ഭരണഘടനാ ഭേദഗതിയിലൂടെയായിരുന്നു അത്. ഇതിനുപുറമെ ചെയ്ത മറ്റൊരു നിയമനിര്‍മാണം വലിയ കോലാഹലങ്ങള്‍ക്ക് താഴ്‌വരയില്‍ വഴിവെച്ചു. മറ്റുള്ള സംസ്ഥാനത്തെ ആളുകള്‍ക്ക് ഇവിടെ ഭൂമിവാങ്ങാന്‍ അനുമതിയില്ലാതിരുന്നത് ( 370ീ വകുപ്പ്) റദ്ദാക്കി. പാക്കിസ്താനില്‍നിന്നുള്ള തീവ്രവാദികളുടെ ആക്രമണഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഇത് വലിയതോതിലുള്ള അസ്വാരസ്യത്തിന് വീണ്ടും വഴിവെച്ചു.സ്വാതന്ത്ര്യകാലം മുതല്‍സംസ്ഥാനം അനുഭവിച്ചുവന്ന പ്രത്യേകപദവിയാണ് 370-ാംവകുപ്പ് . പ്രധാനരാഷ്ട്രീയകക്ഷികളുടെ നേതാക്കളെ തുറങ്കലിലടച്ചും പൗരന്മാരെ ഭീതിപ്പെടുത്തിയും ഇതിനെതിരായ പ്രക്ഷോഭത്തെ കേന്ദ്ര-കേന്ദ്രഭരണപ്രദേശഭരണകൂടങ്ങള്‍ ഉരുക്കുമുഷ്ടിയോടെ നേരിട്ടു.നിരവധിപേര്‍ക്ക്പരിക്കേല്‍ക്കുകയും പലരും മരണപ്പെടുകയുമുണ്ടായി. തീവ്രവാദം ഇല്ലാതാക്കുമെന്നായിരുന്നു പ്രത്യേകവകുപ്പ് റദ്ദാക്കാനായി കേന്ദ്രത്തിലെ മോദിസര്‍ക്കാര്‍ പറഞ്ഞതെങ്കിലും അതിനുശേഷം വലിയതോതിലുള്ള അക്രമമാണ് ഇവിടെനടന്നത്. പക്ഷേ ഏതാനും മാസമായി കോവിഡിന്റെയും മറ്റും ഭീതിയില്‍ ജനങ്ങളില്‍ പലരും അടങ്ങിയൊതുങ്ങിയിരിപ്പാണ്. വീണ്ടും പ്രക്ഷോഭം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും അകമേ ദൃശ്യമാണ്. അടുത്തിടെയായി വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍തെളിയിക്കുന്നത് കേന്ദ്രത്തിന്റെ വാദങ്ങളെല്ലാം മിഥ്യയാണെന്നാണ്. ഷാലിമാര്‍ഗാര്‍ഡനകത്ത് ജനുവരി ആദ്യദിനത്തില്‍ തീവ്രവാദിയെ വെടിവെച്ചുകൊല്ലുകയുണ്ടായി. പൊലീസ്‌വാഹനം ആക്രമിച്ചതിലെ പ്രതിയാണെന്നായിരുന്നു സര്‍ക്കാര്‍വാദം. സിവില്‍വേഷത്തില്‍ചെന്ന പോലീസുകാരാണ് യിവാവിനെ കൊലപ്പെടുത്തിയത്. ഇതോടെ പ്രസിദ്ധവിനോദകേന്ദ്രമായ ഈ ഗാര്‍ഡനും ഭീതിയിലായി.
പക്ഷേ ഈ പുകിലുകളൊന്നും അറിയാതെ ഹിമവാന്റെ മടിത്തട്ടില്‍ കളിച്ചുല്ലസിക്കാനെത്തുകയാണ് രാജ്യത്തിന്റെ പലയിടത്തുനിന്നുമുള്ള വിനോയാത്രക്കാര്‍. അവര്‍ക്ക് പ്രത്യേകമായ സംവിധാനങ്ങളൊന്നും ലഘുലേഖയോ മറ്റോ ലഭിക്കുന്നില്ലെങ്കില്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അതെല്ലാം സംഘടിപ്പിക്കും. ടൂറിസത്തിന് യാതൊരു തടസ്സവും സംഭവിക്കരുതെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് തോന്നുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഉടമയോട് ക്രമസമാധാനാന്തരീക്ഷത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ലഭിച്ച മറുപടി കാശ്മീരികളുടെ യഥാര്‍ത്ഥമനസ്സ് വ്യക്തമാക്കുന്നതായി. ‘നിങ്ങള്‍ക്ക് എവിടെയെങ്കിലും വല്ലപ്രശ്‌നമുണ്ടായോ , ഇപ്പോള്‍ എല്ലാം ശാന്തമാണിവിടെ ..’ എന്നെല്ലാമാണ് അയാള്‍ പറഞ്ഞത്. അതായത് വിനോദയാത്രക്കാര്‍ക്കിടയില്‍ ആശങ്കയുണ്ടായാല്‍ തങ്ങളുടെ കഞ്ഞികുടി മുട്ടുമെന്ന് അവര്‍ക്കറിയാം! ഷാലിമാറിലെ തെരുവുകളിലൂടെ തനിച്ച് നടക്കുമ്പോള്‍ ആളുകള്‍ ഇടങ്കണ്ണിട്ട് എന്നെ വീക്ഷിക്കുന്നത് കണ്ടു. അവരിലൊരാളോട്ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. എല്ലാം തുറന്നുപറഞ്ഞ അദ്ദേഹം പക്ഷേ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും പകുതിവഴിക്ക് എന്നെ ഒഴിവാക്കി. വിദേശടൂറിസ്റ്റുകളായി ഒരാളെപോലും എവിടെയും കണ്ടില്ല.
ദാല്‍തടാകക്കരയിലെ ഗ്രാമത്തിലും ഇങ്ങനെ നടന്നു. അവിടെയും ഗ്രാമീണര്‍ നിങ്ങളെ സംശയത്തോടെയാണ് നോക്കുക. പക്ഷേ അടുത്തുപോയി സലാം പറഞ്ഞ് സംസാരം തുടങ്ങുമ്പോള്‍ അവര്‍ പ്രത്യേകിച്ച് പ്രായമായവര്‍ എല്ലാം തുറന്നുപറയും. ഒരു ചായകുടിക്കാന്‍ കയറിയ കടയിലെ ആളോട് സംസാരിക്കുന്നതിനിടെ രാഷ്ട്രീയവിഷയങ്ങളിലേക്ക് കടന്നതോടെ അദ്ദേഹം സംസാരത്തിന് സുല്ലിട്ടു. എന്നാല്‍ മറ്റൊരു വയോധികന്‍ ഒരുപാടുനേരം കാശ്മീരിനെയും ജീവിതത്തെയും കുറിച്ച് നന്മനിറഞ്ഞ മനസ്സോടെ സംവദിച്ചു. ചായക്കടക്കാരനോട് ഒപ്പമൊരു സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വേണ്ടെന്നായിരുന്നു മറുപടി. പിന്നീടയാള്‍ ചോദിച്ചു: ആപ് ഖോസിഹേ? (താങ്കള്‍ പട്ടാളക്കാരനാണോ) പലരൂപത്തിലും വേഷത്തിലും സര്‍ക്കാരിന്റെ ചാരന്മാര്‍ കാശ്മീരിലുണ്ടാകുമെന്നാണ ്എന്റെ പത്രപ്രവര്‍ത്തകതിരിച്ചറിയല്‍ കാര്‍ഡ് കാട്ടിയപ്പോള്‍ അയാള്‍ പറഞ്ഞത്. യുവാക്കളും പ്രായമായവരും അവിടവിടെയായി ഓടിനടക്കാറുണ്ടെങ്കിലും സ്ത്രീകളെയും കുട്ടികളെയു അപൂര്‍വമായേ കാണൂ. കഴിഞ്ഞ മൂന്നുവര്‍ഷം പ്രക്ഷോഭവും കോവിഡും കാരണം സ്തംഭനാവസ്ഥയിലായിരുന്ന കാശ്മീരിലെ വിനോദസഞ്ചാരരംഗം പതുക്കെ ഉണരുകയാണെങ്കിലും കച്ചവടവും വരുമാനവും വേണ്ടത്രയില്ലെന്നാണ് വ്യാപാരികള്‍ എല്ലായിടത്തും പറയുന്നത്. ദാല്‍തടാകത്തിലും പഹല്‍ഗാമിലും സോന്‍മാര്‍ഗിലുമെല്ലാം സംസാരിച്ചവരില്‍നിന്ന ്‌ലഭിച്ചതും ഇതേ മറുപടിതന്നെ. കേന്ദ്രഭരണപ്രദേശത്ത് പലപ്പോഴും വൈദ്യുതി മുടങ്ങുന്നതും നേരനുഭവമായി. ഭൂമിയിലെ ഈ ‘അശാന്തിയുടെ സ്വര്‍ഗ’ -ത്തില്‍നിന്ന് തിരിച്ചിറങ്ങി 250 കിലോമീറ്റര്‍ അകലെയുള്ള ജമ്മുവിലെ മറ്റൊരു തണുപ്പന്‍ പട്ടണത്തിലേക്കെത്തുമ്പോള്‍ മഞ്ഞും ഐസും നിറച്ച മലകളും താഴ്‌വരകളും പുഴകളും നഷ്ടമാകുമെങ്കിലും ഏതോ ഒരുശാന്തി നിങ്ങളെ തേടിയെത്തും. ബ്രഹ്മപുത്രയെയാണ് ഇന്ത്യയിലെ ദു:ഖപുത്രിയെന്ന് പറയാറുള്ളതെങ്കിലും ഇനിയെന്നാണാവോ ഇന്ത്യയുടെ കാശ്മീരെന്ന ദു:ഖപുത്രിക്ക് യഥാര്‍ത്ഥത്തില്‍ മോചനം ലഭിക്കുക എന്ന ചോദ്യമാണുയരുന്നത്.

അല്‍പം ചരിത്രം
കാശ്മീര്‍ എന്ന പേര് മുമ്പ് നിര്‍വചിക്കപ്പെട്ടിരുന്നത് തീരെകുറഞ്ഞ ഒരു ഭൂപ്രദേശത്തിനായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഈ പ്രദേശത്തിന് വലിയമാനം കൈവരുന്നത്. അത് ഇപ്പോള്‍ വടക്ക് ലഡാക്ക് മുതല്‍ അക്‌സായ്ചിന്‍ വരെയും ഇങ്ങ് ജമ്മുവരെയും ഉള്‍പ്പെടുന്നു. ഇന്ത്യയെ അതിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ പ്രദേശങ്ങള്‍ ചേര്‍ത്ത് പാക്കിസ്താനായി വിഭജിച്ചത് ബ്രിട്ടീഷ് ഭരണക്കാരായിരുന്നു. 1947 ഓഗസ്റ്റ് 15ന്ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യയുടെ തൊട്ടരികത്തായി പാക്കിസ്താനു രൂപം കൊള്ളുകയായിരുന്നു. അന്ന് കാശ്മീര്‍ ഭരിച്ചിരുന്നത് ഹിന്ദു രാജാവായ ഹരി സിംഗാ യിരുന്നു.
പന്ത്രണ്ടാംനൂറ്റാണ്ടില്‍ ഭരിച്ചിരുന്ന ശംസുദ്ദീന്‍ഷാആയിരുന്നു കശ്മീരിന്റെ ആദ്യരാജഭരണാധികാരിയെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. ഷാ മീര്‍ വംശമായിരുന്നു അത്. അവരുടേതായി 1500 വരെ രാജഭരണംനിലനിന്നു. പിന്നീട് 1585ല്‍ അഫിഗാനില്‍നിന്നെത്തിയ മുഗള്‍ഭരണാധികാരി അക്ബറാണ് ഭരണം നടത്തിയത്. അന്ന് അഫ്ഗാനിസ്ഥാന്‍മുതല്‍ പാക്കിസ്താന്‍വരെ കാശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഭരണമായിരുന്നു. എന്നാല്‍ ഷാജഹാനാണ് ശ്രീനഗര്‍ തലസ്ഥാനമാക്കി കാശ്മീരിനെ പ്രത്യേകഭരണപ്രദേശമാക്കിയത്.
കശ്മീര്‍ ഇന്ന് സംഘര്‍ഷകലുഷിതമായി തുടരുന്നതിന് കാരണം ഇന്ത്യയുമായുള്ള തര്‍ക്കമാണ്. പാക്കിസ്താനും ചൈനയും നടത്തുന്ന സൈനികമായും അല്ലാതെയുമുള്ള ഇടപെടലുകളാണ് പ്രദേശത്തെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുന്നത്. സ്വാതന്ത്ര്യസമയത്ത് പ്രത്യേകാധികാരങ്ങള്‍ നിലനിര്‍ത്തിയാണ് പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു കശ്മീരിനെ ഇന്ത്യയിലെ സംസ്ഥാനമാക്കി രാജ്യത്തോട്‌ചേര്‍ത്തത്. അന്ന് ജനങ്ങളില്‍ നല്ലൊരു വിഭാഗവും പാക്കിസ്താനുമായി കൂട്ടുകൂടുന്നതിനോ സ്വതന്ത്രരാജ്യമായിനികൊള്ളുന്നതിനോ ആണ് ആഗ്രഹിച്ചിരുന്നത്. ഇന്ത്യയുമായുള്ള ലയനം കശ്മീരികളില്‍ പ്രത്യേകവികാരമൊന്നുമുണ്ടാക്കിയില്ല. പക്ഷേ കാലങ്ങളുടെ ഗതിപ്രവാഹത്തില്‍ പാക്കിസ്താനും ചൈനയും കാശ്മീരിനെ സ്ഥിരം തര്‍ക്കപ്രദേശമായി നിലനിര്‍ത്തുന്നതിനും ഇന്ത്യാഭരണകൂടത്തിന് വെല്ലുവിളിയായി അവശേഷിപ്പിക്കുകയുമായിരുന്നു.
പാക്കിസ്താനില്‍നിന്ന് നുഴഞ്ഞുകയറിവരുന്നവരും കാശ്മീരിലെതന്നെ യുവാക്കളിലെ ചിലരുമാണ് ഇന്നത്തെ പ്രശ്‌നങ്ങളുടെ യഥാര്‍ഥഉടമകള്‍.ഇന്ത്യന്‍പട്ടാളത്തോട് കാശ്മീരികള്‍ക്ക് പ്രത്യേകമായ മമതയൊന്നുമില്ലെന്ന് യാത്രകളില്‍അറിയാനാകും. അവര്‍കാശ്മീരികളെ ശത്രുക്കളായി കാണുന്നതാണ് പ്രശ്‌നമെന്നാണ് ചില ഗ്രാമീണര്‍ പറയുന്നത്.
യാത്രയില്‍ ദര്‍ശിച്ചതും അനുഭവിച്ചതുമായ സംഭവങ്ങള്‍ ഒരു ശരാശരിഇന്ത്യക്കാരനെന്ന നിലയില്‍ കോരിത്തരിപ്പിക്കുന്നതാണ്. മനുഷ്യനെ അവന്റെ ജാതിയോ മതമോ പ്രദേശമോ നോക്കാതെ സ്വീകരിക്കുന്നവരാണ് കശ്മീരികളെന്ന് തലസ്ഥാനമായ ശ്രീനഗറിലെ ദാല്‍തടാകക്കരയിലെ അനുഭവം വെളിപ്പെടുത്തുന്നു. യാത്രക്കിടെ ദാല്‍ തടാകക്കരയില്‍ ഉലാത്താനിറങ്ങിയ ‘ഹോട്ടല്‍ അടുത്തുണ്ടോ’ എന്ന് വെറുതെയൊന്ന് ചോദിച്ചതിന് മീന്‍പിടിച്ചുകൊണ്ടിരുന്ന കശ്മീരിദമ്പതികള്‍ തന്ന സ്വീകരണവും സത്കാരവും കാശ്മീരിനെക്കുറിച്ചുള്ള നിത്യഓര്‍മയായി അവശേഷിക്കും. ദാല്‍തടാകക്കരയില്‍ തണുപ്പുകാലത്ത് നിത്യവും കാണുന്ന കാഴ്ച മഞ്ഞില്‍ ഒളിച്ചിരിക്കുന്ന തടാകത്തിലെ വെള്ളവും ജീവികളുംതന്നെ. ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന ആളുകളെ ആദ്യംസ്വീകരിക്കുന്നത് തടാകത്തില്‍ ഈ കൊടുംതണുപ്പത്തും വെള്ളത്തിന് മുകളിലൂടെ ഓടിക്കളിക്കുന്ന പറവകളാണ്. പ്രാവിന് സമാനമായ പക്ഷിയാണവ. മീന്‍പിടുത്തത്തിലാണവര്‍. തണുപ്പിനെ പ്രതിരോധിക്കുന്നതരം തോല്‍ അവയുടെ ശരീരത്തിലുണ്ടാവാം.

പട്ടാളത്തിനിടയിലെ ജീവിതം

കാശ്മീരില്‍ പൊതുവെ കാണപ്പെടുന്ന മറ്റൊരുജീവിവര്‍ഗം നായയാണ്. നഗരത്തില്‍ എവിടെയും നായകളെ കാണാം. നായയോട് പൊതുവെ അത്രകണ്ട് അകല്‍ച്ച കശ്മീരികള്‍ക്കില്ല. അവ അതിന്റെ പാട്ടിന ്ജീവിച്ചുകൊണ്ടിരിക്കുന്നു. ആരും ശുശ്രൂഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. ശരീരത്തില്‍ ഇവയ്ക്കും തണുപ്പിന്റെ പ്രതിരോധ ആവരണമുണ്ടായിരിക്കാം. ഡല്‍ഹിയിലും മറ്റും നായകള്‍ക്ക് ആളുകള്‍ മേല്‍വസ്ത്രം കെട്ടിക്കൊടുക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ശ്രീനഗറില്‍ അത് കണ്ടില്ല. മൈനസില്‍ 20 ഡിഗ്രിവരെയാണ് കാശ്മീരിന്റെ മിക്കയിടത്തും.പട്ടണത്തില്‍ പകല്‍ മൈനസ് ഒന്നിനോടടുത്തായിരിക്കും താപനില. ആളുകള്‍ ഷെര്‍വാണിക്കിടയില്‍ കൂടക്കുള്ളിലെ മണ്‍കലത്തില്‍ കല്‍ക്കരിയിട്ട് ചൂടാക്കി അതില്‍ ഒരുകൈയിട്ടാണ് നടപ്പ്. കംഗ്രിയെന്നും സക്കിടിയെന്നുമാണ്ിതിന്റെ പേര്.
ജമ്മുകാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലാണ ്‌സെക്രട്ടറിയേറ്റും ലെഫ്.ഗവര്‍ണറുടെ വസതിയുമൊക്കെയുള്ളതെങ്കിലും മഞ്ഞുകാലത്ത് ആറുമാസത്തേക്ക് ജമ്മുവിലാകും സംസ്ഥാനഭരണ സിരാകേന്ദ്രം .ഒക്ടോബറോടെ മാറ്റപ്പെടുന്ന ഭരണകേന്ദ്രം പിന്നീട് തിരിച്ചെത്തുക ഫെബ്രുവരിയോടെയായിരിക്കും. ഞങ്ങള്‍താമസിച്ച ഷാലിമാര്‍ പൊതുവെ ശാന്തമാണെന്ന ്പുറത്തേക്ക്‌തോന്നുമെങ്കിലും അകത്ത് സാമൂഹികവും രാഷ്ട്രീയവുമായി അത്രകണ്ട് ശാന്തമല്ല. ഡിസംബറില്‍ 20നാണ് ഞങ്ങള്‍ അവിടെയെത്തിയത്.പക്ഷേ അതിന് ഒരാഴ്ചമുമ്പ് അവിടെ പൊലീസ് വാഹനത്തിന് നേര്‍ക്ക്ഭീകരര്‍ വെടിയുതിര്‍ത്ത് ഏതാനും പൊലീസുകാര്‍ മരണപ്പെട്ടിരുന്നു. വിനോദസഞ്ചാരികള്‍ക്ക് പ്രത്യേകിച്ചൊരു സുരക്ഷയുംഅവിടെ ലഭിക്കുന്നില്ല. എവിടെയും പട്ടാളത്തിന്റെയും അര്‍ധസൈനികവിഭാഗങ്ങളുടെയും സാന്നിധ്യം കാണാറുണ്ടെങ്കിലും അവരൊന്നും യാത്രികരെ തടസ്സപ്പെടുത്തുകയോ അനാവശ്യചോദ്യങ്ങളുന്നയിച്ച് വഴിമുടക്കുകയോ ഇല്ല. ഷാലിമാറില്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചിടത്തിന് തൊട്ട് പട്ടാളക്കാര്‍ പത്ത് മീറ്റര്‍ ഇടവിട്ട് നില്‍ക്കുന്നത് കണ്ടു. പഹല്‍ഗാമിലും മറ്റും ഇതുതന്നെയായിരുന്നും കാഴ്ച. ഇവരെ കണ്ടുകൊണ്ട് കാശ്മീരിലെ കാഴ്ചകളുടെ ഗാംഭീര്യംകൂട്ടാമെന്ന് മാത്രം.
ഷാലിമാറില്‍ നഗരത്തിന്റെ കേന്ദ്രത്തായാണ് ഷാലിമാര്‍ഗാര്‍ഡനുള്ളത്. മുഗള്‍ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ദൃശ്യഭംഗിയാര്‍ന്ന എടുപ്പുകളുള്ള പൂന്തോട്ടമാണത്. 24രൂപയുടെ ടിക്കറ്റെടുത്ത് അകത്ത് കടന്നാല്‍ തണുപ്പുകാലം കാരണം ചെടികളെല്ലാം ഇലകൊഴിഞ്ഞുനില്‍ക്കുന്നതാണ് കാഴ്ച. മരങ്ങള്‍ക്ക് ചുവട്ടില്‍നിന്ന് ഏതാനും സന്ദര്‍ശകര്‍ ഫോട്ടോകള്‍ പകര്‍ത്തുന്നുണ്ട്. മലയിറങ്ങിവരുന്ന ചെറിയകനാലില്‍ വെള്ളമില്ല. കനാലിലെ ചെളി നീക്കുകയാണ് തൊഴിലാളികള്‍. തൊട്ടടുത്ത കനാലിലേക്കാണ് മലകളില്‍നിന്നെത്തുന്ന വെള്ളം ഒഴുകുക. അതിലും കാര്യമായവെള്ളമില്ല. ദാല്‍തടാകത്തില്‍ അത് ചെന്നുചേരുന്നു. ദാല്‍തടാകത്തെരക്ഷിക്കുക (സേവ് ദാല്‍) എന്ന ബോര്‍ഡുകള്‍ പലയിടത്തും ഷാലിമാറില്‍ കാണാം. ദാല്‍വൃത്തിയാക്കുന്ന ജോലിയിലാണിപ്പോള്‍ ഭരണകൂടം. എല്ലാം സര്‍ക്കാര്‍ സ്വന്തമായാണ് ചെയ്യുന്നത.് കരാറുകാരെ ഏല്‍പിക്കുന്നത് തുലോംകുറവാണ്. ദാല്‍ താടകക്കരയില്‍വിനോദത്തിനായി പാര്‍ക്കും മറ്റും നിര്‍മിക്കുന്നതും കാണാനായി. കശ്മീരിലെ വീടുകള്‍ക്കൊന്നും അടച്ചിട്ട ജനാലകളില്ലെന്നതാണ് പ്രത്യേകത. ആരും ചാടിയോ മറ്റോ അകത്തുകടക്കില്ല. ജനലുകളില്‍ മരത്തിന്റെ ഇഴകള്‍ കാണാമെങ്കിലും വാതിലുകള്‍ പൊതുവെ കാണാറില്ല. മോഷണം തീരെയില്ലെന്നാണ് ടൂര്‍ഓപ്പറേറ്റര്‍ പറഞ്ഞത്.

(കശ്മീര്‍ കാഴ്ചകള്‍  എന്ന പുസ്തകത്തില്‍നിന്ന്‌
– ജലീല്‍ഖാദര്‍ )

 

 

Film

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2023 പ്രഖ്യാപിച്ചു; ആട്ടം മികച്ച ചിത്രം,ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകന്‍

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച, ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്

Published

on

തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം മികച്ച ചിത്രം. ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന്‍ (ചിത്രം:ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ചിത്രം ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച, ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ശ്രീനിവാസന് ചലച്ചിത്രരത്നം സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും.

റൂബി ജൂബിലി അവാര്‍ഡ് രാജസേനന് തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമെല്ലാമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. ചലച്ചിത്രപ്രതിഭാ പുരസ്‌കാരം
നടനും നിര്‍മ്മാതാവുമായ മുകേഷ്, പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടന്‍ പ്രേംകുമാര്‍, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യന്‍ നടിയും സംവിധായകയുമായ സുഹാസിനി മണിരത്‌നം, എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിര്‍മ്മാണം : പ്രമോദ് ദേവ്, ഫാസില്‍ റസാഖ്)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ഫാസില്‍ റസാഖ് (ചിത്രം: തടവ്)
മികച്ച സഹനടന്‍: കലാഭവന്‍ ഷാജോണ്‍ (ചിത്രം ഇതുവരെ, ആട്ടം),ഷെയ്ന്‍ നിഗം (ചിത്രം ആര്‍ഡിഎക്‌സ്, വേല)
മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്)
മികച്ച ബാലതാരം : നസീഫ് മുത്താലി (ചിത്രം ചാമ), ആവണി ആവൂസ് (ചിത്രം കുറിഞ്ഞി)
മികച്ച തിരക്കഥ : വി സി അഭിലാഷ് (ചിത്രം പാന്‍ ഇന്ത്യന്‍ സ്റ്റോറി)
മികച്ച ഗാനരചയിതാവ് : കെ.ജയകുമാര്‍ (ചിത്രം ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)
മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ചിത്രം ആഴം)
മികച്ച പശ്ചാത്തല സംഗീതം : എബി ടോം (ചിത്രം അവള്‍ പേര്‍ ദേവയാനി)
മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം കാഞ്ചന കണ്ണെഴുതി…ചിത്രം ഞാനും പിന്നൊരു ഞാനും)
മികച്ച പിന്നണി ഗായിക : മൃദുല വാരിയര്‍ (ഗാനം കാലമേ….ചിത്രം കിര്‍ക്കന്‍)
മികച്ച ഛായാഗ്രാഹകന്‍ : അര്‍മോ (ചിത്രം അഞ്ചക്കള്ളകോക്കന്‍)
മികച്ച ചിത്രസന്നിവേശകന്‍ : അപ്പു ഭട്ടതിരി (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി)
മികച്ച ശബ്ദലേഖകന്‍: ആനന്ദ് ബാബു (ചിത്രം ഒറ്റമരം, റിഥം, വിത്തിന്‍ സെക്കന്‍ഡ്‌സ്)
മികച്ച കലാസംവിധായകന്‍ : സുമേഷ് പുല്‍പ്പള്ളി, സുനില്‍ മക്കാന(നൊണ)
മികച്ച മേക്കപ്പ്മാന്‍ : റോണക്‌സ് സേവ്യര്‍ (ചിത്രം പൂക്കാലം)
മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രന്‍സ് ജയന്‍ (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി, ഇതുവരെ)
മികച്ച ജനപ്രിയ ചിത്രം : ആര്‍.ഡി.എക്‌സ് (സംവിധാനം നഹാസ് ഹിദായത്ത്), ഗരുഡന്‍ (സംവിധാനം അരുണ്‍വര്‍മ്മ)
മികച്ച ബാലചിത്രം : കൈലാസത്തിലെ അതിഥി (സംവിധാനം അജയ് ശിവറാം)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാന്‍ദാസിന്റെ രാമരാജ്യം (സംവിധാനം റഷീദ് പറമ്പില്‍)
മികച്ച ജീവചരിത്ര സിനിമ : ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് (സംവിധാനം ഷൈസണ്‍ പി ഔസേഫ്)
മികച്ച പരിസ്ഥിതി ചിത്രം : വിത്ത് (സംവിധാനം അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം കാവില്‍രാജ്)
മികച്ച ലൈവ് അനിമേഷന്‍ ചിത്രം: വാലാട്ടി (സംവിധാനം ദേവന്‍ ജയകുമാര്‍)
സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്‌പോയ്ല്‍സ് (സംവിധാനം മഞ്ജിത് ദിവാകര്‍), ഇതുവരെ (സംവിധാനം അനില്‍ തോമസ്), ആഴം (നിര്‍മ്മാണം ജഷീത ഷാജി)
മികച്ച ഗോത്രഭാഷാ ചിത്രം : കുറുഞ്ഞി (സംവിധാനം ഗിരീഷ് കുന്നുമ്മല്‍)
മികച്ച അന്യഭാഷാ ചിത്രം: മാമന്നന്‍ (നിര്‍മ്മാണം റെഡ്ജയന്റ് മൂവീസ് സംവിധാനം മാരി ശെല്‍വരാജ്)

മികച്ച നവാഗത പ്രതിഭകള്‍ :

സംവിധാനം : സ്റ്റെഫി സേവ്യര്‍ (ചിത്രം മധുരമനോഹരമോഹം),ഷൈസണ്‍ പി ഔസേഫ് (ചിത്രം ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്)
അഭിനയം : പ്രാര്‍ത്ഥന ബിജു ചന്ദ്രന്‍ (ചിത്രം സൂചന),രേഖ ഹരീന്ദ്രന്‍ (ചിത്രം ചെക്കമേറ്റ്)

പ്രത്യേക ജൂറി പുരസ്‌കാരം :

സംവിധാനം : അനീഷ് അന്‍വര്‍ (ചിത്രം രാസ്ത)
അഭിനയം : ബാബു നമ്പൂതിരി (ചിത്രം ഒറ്റമരം), ഡോ മാത്യു മാമ്പ്ര(കിര്‍ക്കന്‍),ഉണ്ണി നായര്‍ (ചിത്രം മഹല്‍), എ വി അനൂപ് (ചിത്രം അച്ഛനൊരു വാഴ വച്ചു), ബീന ആര്‍ ചന്ദ്രന്‍ (ചിത്രം തടവ്), റഫീഖ് ചൊക്‌ളി (ചിത്രം ഖണ്ഡശ), ഡോ.അമര്‍ രാമചന്ദ്രന്‍ (ചിത്രം ദ്വയം),ജിയോ ഗോപി ച്രി ത്രം തിറയാട്ടം)
തിരക്കഥ : വിഷ്ണു രവി ശക്തി (ചിത്രം മാംഗോമുറി)
ഗാനരചന, സംഗീതസംവിധാനം: ഷാജികുമാര്‍ (ചിത്രം മോണോ ആക്ട്), സംഗീതം സതീഷ് രാമചന്ദ്രന്‍ (ചിത്രം ദ്വയം), ഷാജി സുകുമാരന്‍ (ചിത്രം ലൈഫ്)

Continue Reading

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

Trending