Article
മനുഷ്യ ജീവനു സംരക്ഷണം വേണം- എഡിറ്റോറിയല്‍
ഓരോ വര്‍ഷം കഴിയുംതോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. നിയന്ത്രണമില്ലാതെ വന്യമൃഗങ്ങളും കാട്ടുമൃഗങ്ങളും വന്‍തോതില്‍ പെറ്റുപെരുകുന്നതാണ് നിലവില്‍ കേരളത്തിന്റെ പ്രശ്നം. കാടിന് ഉള്‍ക്കൊള്ളാവുന്നതിലേറെയായി അവയുടെ എണ്ണം. ഇവ ഭക്ഷണം തേടി കാടുകളില്‍നിന്ന് പുറത്തിറങ്ങുകയും ജനവാസ കേന്ദ്രങ്ങളില്‍ ഭീഷണിയായും കൃഷി നശിപ്പിച്ചും വിഹരിക്കുന്നു

സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണത്തില്‍ കര്ഷകന് മരിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വയനാട് ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്ഷകന് മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ബത്തേരിയിലേയും അട്ടപ്പാടിയിലേയും കഴിഞ്ഞദിവസമുണ്ടായ കാട്ടാന ആക്രമണങ്ങളും ജനത്തെ ഭയവിഹ്വലരാക്കുന്നു. വന്യജീവി ആക്രമണങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെ സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനം ആശങ്ക വര്‍ധിപ്പിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവത്തിനെതിരെ വയനാട്ടില്‍ കഴിഞ്ഞദിവസം അരങ്ങേറിയ വന്‍ പ്രതിഷേധം ഇതാണ് വിളിച്ചുപറയുന്നത്. അട്ടപ്പാടിയില്‍ പശുവിനെ മേയ്ക്കാന്‍ പോയ വയോധികനെയാണ് കാട്ടാന ആക്രമിച്ചത്. ഷോളയൂര്‍ മൂലഗംഗല്‍ ഊരിലെ വീരനാ(70)ണ് പരിക്കേറ്റത്. പാലക്കാട്ടെ വനാതിര്‍ത്തികളില്‍ ഇത്തരം ആക്രമണങ്ങള്‍ ഇടക്കിടെ സംഭവിക്കുന്നു.
പ്രഭാത സവാരിക്കിടയില്‍ ഏഴു പേരില്‍ ഒരാളെ ആന ചവിട്ടിക്കൊന്നത് കഴിഞ്ഞവര്‍ഷം ജൂലൈയിലാണ്. ഒരു വര്‍ഷത്തിനിടെ പത്തിലധികം പേരാണ് അട്ടപ്പാടിയില്‍ മാത്രം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനംവകുപ്പിന്റെ കണക്കുപ്രകാരം 2008 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ മാത്രം കേരളത്തില്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 1423 പേരാണ്. 7982 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണക്കുകളുടെ ശരാശരി നോക്കുമ്പോള്‍, കേരളത്തില്‍ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരാള്‍ വീതം വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. ഓരോ ദിവസവും രണ്ട് പേര്‍ക്ക് വീതം ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നു. പ്രതിദിനം ശരാശരി പത്തോളം വന്യജീവി ആക്രമണങ്ങള്‍ കേരളത്തിന്റെ പലയിടങ്ങളിലായി സംഭവിക്കുന്നു. കടുവയുടെ ആക്രമണം കേരളത്തില്‍ കുറവാണെങ്കിലും ഇയ്യിടെയായി അതും സംഭവിക്കുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിലായി 1004 പ്രദേശങ്ങളാണ് മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളായി വനംവകുപ്പ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിലെ മുപ്പത്തിയഞ്ച് ഫോറസ്റ്റ് ഡിവിഷനുകളില്‍ നിലമ്പൂര്‍ നോര്‍ത്ത്, വയനാട് സൗത്ത്, വയനാട് നോര്‍ത്ത് എന്നീ റെയ്ഞ്ചുകളിലാണ് ഏറ്റവും കൂടുതല്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളുള്ളത്.
580 കിലോമീറ്റര്‍ നീളവും ശരാശരി 75 കിലോമീറ്റര്‍ വീതിയിലുമുള്ള കേരളത്തിന്റെ ഭൂ വിസ്തൃതിയുടെ 29.1 ശതമാനം സ്ഥലവും (11309.47 ച.കി.മീ) വനമാണ്. 725 സെറ്റില്‍മെന്റുകളിലായി ഒരു ലക്ഷത്തിലധികം ആദിവാസികളും അഞ്ച് ലക്ഷത്തോളം വരുന്ന അല്ലാത്തവരും വനമേഖലയുടെ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നുണ്ട്. മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് കേരളത്തിന്റെ വനാതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കഴിയുന്നത്. ഓരോ വര്‍ഷം കഴിയുംതോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. നിയന്ത്രണമില്ലാതെ വന്യമൃഗങ്ങളും കാട്ടുമൃഗങ്ങളും വന്‍തോതില്‍ പെറ്റുപെരുകുന്നതാണ് നിലവില്‍ കേരളത്തിന്റെ പ്രശ്നം. കാടിന് ഉള്‍ക്കൊള്ളാവുന്നതിലേറെയായി അവയുടെ എണ്ണം. ഇവ ഭക്ഷണം തേടി കാടുകളില്‍നിന്ന് പുറത്തിറങ്ങുകയും ജനവാസ കേന്ദ്രങ്ങളില്‍ ഭീഷണിയായും കൃഷി നശിപ്പിച്ചും വിഹരിക്കുന്നു. മറ്റു രാജ്യങ്ങളില്‍ അനിയന്ത്രിതമായി പെറ്റുപെരുകുന്ന വന്യജീവികളെ കൊന്നൊടുക്കുകയാണ് പതിവ്. കെനിയയില്‍ 200 ഓളം ആനകളെയാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ ഇയ്യിടെ കൊന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കാട്ടുപന്നിയെയും മാനിനേയുമൊക്കെ വേട്ടയാടാനുള്ള അനുമതി നിശ്ചിത കാലത്തേക്ക് നല്‍കുകയാണ് പതിവ്.
ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുവരവിനെ തടയാന്‍ ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല. വന്‍തോതിലുള്ള ആളപായമടക്കം ഇത്രയധികം നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും കാര്യമായ ആക്ഷന്‍ പ്ലാനിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കടന്നിട്ടില്ല. വൈദ്യുത വേലി, കിടങ്ങ് നിര്‍മാണം, സോളാര്‍ ഫെന്‍സിങ്, കാടിനകത്ത് ജല-ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തല്‍, എസ്.എം.എസ് അലര്‍ട്ട് സിസ്റ്റം, കമ്യൂണിറ്റി അലാം തുടങ്ങി പലയിടങ്ങളിലും ആവിഷ്കരിച്ച പദ്ധതികള്‍ ഉണ്ടെങ്കിലും അവയൊന്നും ഫലപ്രദമായോ ശാസ്ത്രീയമായോ അല്ല നടപ്പാക്കപ്പെട്ടിട്ടുള്ളത്. വനമേഖലയോട് ചേര്‍ന്ന് വസിക്കുന്നവരുടെ ജീവന്, അവരുടെ സ്വത്ത്, ജീവനോപാധി എന്നിവയുടെ നിലനില്‍പ്കൂടി പരിഗണിച്ചുകൊണ്ട് 1927 ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട്, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വനസംരക്ഷണ നിയമം, 2006 ലെ വനാവകാശ നിയമം എന്നിവയെല്ലാം പരിഷ്കരണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ഉയര്‍ത്തുകയും വേണം. ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണ്. അതിന് എന്തെല്ലാം വഴികള്‍ സ്വീകരിക്കാന്‍ പറ്റുമോ അതെല്ലാം സ്വീകരിച്ചേ മതിയാകൂ.

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ മുങ്ങിയത് തീരമേഖലയേയും സംസ്ഥാനത്തെ ഒന്നടങ്കവും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കൊച്ചിയിലേക്കു വന്ന എം.എ സ്.സി എല്‍.സ 3 എന്ന ലൈബീരിയന്‍ കപ്പലായിരുന്നു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ ആദ്യഘട്ടത്തിലും, മുങ്ങുമെന്നുറപ്പായതോടെ കപ്പിത്താന് ഉള്‍പ്പെടെ മൂന്നുപേരെ പിന്നീടും രക്ഷപ്പെടുത്തിയിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കൊളംബോ, തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, പനമ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കു കടത്തുന്ന കപ്പലില്‍ റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രെയ്നില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമാണുണ്ടായിരുന്നത്.
കപ്പല്‍ച്ചേതം മൂലം 700 – 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുടെ (മെഡിറ്ററേ നിയന് ഷിപ്പിങ് കമ്പനി) കണ്ടെയ്നര്‍ ഫീഡറില്‍ ഏകദേശം 600 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ ഇനംചര ക്കുകളാണ് 550 കണ്ടെയ്നറുകളില്‍ നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ, ഒഴിഞ്ഞ 73 കണ്ടെയ്നറുകളുമുണ്ടായിരുന്നു. ഒട്ടേറെ കണ്ടെയ്നറുകളിലായി ഏകദേശം 25 ടണ്‍ അസംസ്കൃത കശുവണ്ടി കപ്പലിലുണ്ടായിരുന്നുവെന്നാണു സൂചന. കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസ വസ്തുക്കളുമുണ്ടായിരുന്നു. കപ്പലിന് ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ നഷ്ടപരിഹാരത്തുക ലഭിക്കും. എന്നാല്‍, ചരക്കിന്റെ കാര്യത്തില്‍ ഈ ഉറപ്പില്ല. മിക്കവാറും അസംസ്കൃത വസ്തുക്കള്‍ (റോ മെറ്റീരിയല്‍സ്) ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് അയയ്ക്കുന്നതെന്നാണു സൂചന. സിമന്റും അസംസ്കൃത ഭക്ഷ്യവസ്തുക്കളുമൊക്കെ എല്ലാ വ്യാപാരികളും ഇന്‍ഷുര്‍ ചെയ്യണമെന്നില്ല. ചെലവു കൂടുമെന്നതിനാലാണ് അസംസ്കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നനാലാണ് അസംസ്കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്പന്നങ്ങള് (ഫിനിഷ്ഡ് പ്രോഡക്ട്സ്) ഇന്‍ഷുര്‍ ചെയ്തതായാണ് അയക്കാറ്.
സാമ്പത്തിക നഷ്ടത്തേക്കാള്‍ ഈ ദുരന്തം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഏറ്റവും ഭീതിതവും നഷ്ടങ്ങള്‍ കണക്കാക്കാന്‍ കഴിയാത്തതും. 13 ഹാനികരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും 12 കാല്‍ഷ്യം കാര്‍ബൈഡ് കണ്ടെയ്നറുകളും അടക്കം 643 കണ്ടയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ വെള്ളത്തോട് ചേര്‍ന്നാല്‍ തീ പിടിക്കുന്ന കാല്‍ഷ്യം കാര്‍ബൈഡിന്റെ സാന്നിധ്യം കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കപ്പല്‍ മുങ്ങിയിടത്തു നിന്ന് മൂന്നു കിലോമീറ്ററോളം എണ്ണ പടര്‍ന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ സക്ഷം, വിക്രം, സമര്‍ഥ് എന്നീ മൂന്ന് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ സാധിച്ചത് ആശ്വാസകരമാണ്. ഇന്‍ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ എണ്ണ പടര്‍ന്നിട്ടുള്ളത് കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുന്ന ‘ഓയില്‍ സ്പില്‍ ഡിസ്പേഴ്സന്റ’ ഡ്രോണിയര്‍ വിമാനം ഉപയോഗിച്ച് കലര്‍ത്തുകയുമാണ് ചെയ്യുന്നത്. 60 മണിക്കൂറോളം നടന്ന ഈ പ്രവൃത്തി ഏറെക്കുറെ വിജയകരമായിത്തീര്‍ന്നിട്ടുണ്ട്.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ തീരങ്ങളില്‍ കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളാണ് ഇവയിലുണ്ടായിരുന്നത്. നൂറു ക്കണക്കിന് കണ്ടെയ്നറുകള്‍ കടലിലൂടെ ഒഴുകിനടക്കുന്ന ത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ് സൃഷ്ടിക്കുന്നത്. മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകള്‍ ഇതിലിടിച്ചാല്‍ വലിയ അപകടമുണ്ടാകും. തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്‍ തീരത്തടിയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെങ്കിലും തീര നിവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കയും ഏറ്റവും ഗൗരവതരമായ വിഷയമാണ്. ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനം ട്രോളിങ് നിരോധനത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഇടിത്തീപോലെ ഈ ദുരന്തം കടലിന്റെ മക്കളുടെ മേല്‍ വന്നുപതിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ വന്നതിന് പുറമെ ശാരീരകമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും ഇവരെ അലട്ടുകയാണ്. അതിനിടെ കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങള്‍ കഴിക്കെരുതെന്നുള്ള വ്യാപകമായ പ്രചരണങ്ങളും മത്സ്യമേഖലക്ക് ഇരുട്ടടിയായിത്തീര്‍ന്നിട്ടുണ്ട്. നിലവില്‍ ഔദ്യോഗികമായ ഒരു നിര്‍ദ്ദേശവുമില്ലാതിരിക്കെയാണ് തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രചരണം. ഇക്കാര്യത്തിലും സര്ക്കാറിന്രെ ഇടപെടല്‍ അനിവാര്യമാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.
കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര് ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിലെ കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.
യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.
എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്പറേഷന് ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.
കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്നിബാധയില്‍ പ്രകടമായിരുന്നു.
നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.
നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്റ്റേഷന് ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്പറേഷന് ഭരണകൂടം തയാറാകേണ്ടതുണ്ട്.

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.
അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.
ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപറേഷന് തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന് തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.
എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന് തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
GULF2 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ