Connect with us

Video Stories

ഉത്തര്‍പ്രദേശിലെ സംഘ് പരീക്ഷണം

Published

on

ഹനീഫ പുതുപറമ്പ്

ഇന്ത്യയിലെ ജനപ്രിയ സിനിമയുടെ പ്രതീകമായി രാജ്യത്തിനകത്തും പുറത്തും ഒരുപോലെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നടനാണ് ഷാരൂഖ് ഖാന്‍. ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ട നായകന്‍. ഇപ്പോള്‍ യു.പിയുടെ മുഖ്യമന്ത്രിയാകാന്‍ നിയോഗിക്കപ്പെട്ട യോഗി ആദിത്യനാഥ് 2015 നവംബര്‍ 4 ന് ഷാരൂഖ്ഖാനെ കുറിച്ച് നടത്തിയ ഒരു പ്രസ്താവന ഇങ്ങിനെയായിരുന്നു: ‘രാജ്യത്തെ വലിയൊരു ജനവിഭാഗം ഷാരൂഖ് ഖാന്റെ സിനിമകളെ ബഹിഷ്‌കരിക്കാന്‍ തയാറായാല്‍, മറ്റേതൊരു സാധാരണ മുസ്‌ലിമിനെയും പോലെ ഷാരൂഖ് ഖാനും തെരുവില്‍ അലയേണ്ടിവരും. പാക്കിസ്താനി ഭീകരന്‍ നഫീസ് നയീദിന്റെയും ഷാരൂഖ് ഖാന്റെയും വാക്കുകള്‍ തമ്മില്‍ ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല.’ ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ട നടനായ ഒരാളെക്കുറിച്ച് അയാള്‍ പേരുകൊണ്ട് മുസ്‌ലിമായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഇത്ര പ്രകോപിതനായി പ്രതികരിച്ച ഒരാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.
ഒരു ഹൈന്ദവ യുവതിയെ വിവാഹം കഴിച്ച ഷാരൂഖ്, തന്റെ വീട്ടില്‍ ഹൈന്ദവ വിഗ്രഹങ്ങളും ഖുര്‍ആനും ഒരു പോലെയാണെന്നും അഞ്ച് നേരം നമസ്‌കരിക്കുന്ന തരത്തിലുള്ള ഒരു മത വിശ്വാസിയല്ല താനെന്നും പറഞ്ഞിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും യോഗി ആദിത്യനാഥിന്റെ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ അദ്ദേഹത്തിന് കിട്ടിയില്ല എന്നു മാത്രമല്ല കടുത്ത അധിക്ഷേപത്തിന് പാത്രമാവുകയും ചെയ്തു. മുസ്‌ലിംകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ യോഗി ആദിത്യനാഥ് വേറെയും നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. 2014 സെപ്തംബര്‍ 7ന് ആദിത്യനാഥ് നടത്തിയ ഒരു പരാമര്‍ശം ഇങ്ങിനെയായിരുന്നു: ‘രണ്ടര വര്‍ഷം സമാജ്‌വാദി പാര്‍ട്ടി യു.പി ഭരിച്ചപ്പോള്‍ 450 വര്‍ഗീയ കലാപങ്ങളുണ്ടായി. കാരണം ഇവിടെ ഒരു പ്രത്യേക സമുദായക്കാരുടെ ജന സംഖ്യ പലമടങ്ങായി വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരു സ്ഥലത്ത് 10 മുതല്‍ 20 ശതമാനം വരെ ന്യൂനപക്ഷങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ഒറ്റപ്പെട്ട വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകും. ഇത് 20 മുതല്‍ 35 ശതമാനം വരെയാണെങ്കില്‍ അവിടെ വര്‍ഗീയ ലഹളകളുണ്ടാകും; ന്യൂനപക്ഷങ്ങളുടെ എണ്ണം 35 ശതമാനത്തില്‍ അധികമാണെങ്കില്‍ അവിടെ മുസ്‌ലിംകളല്ലാത്തവര്‍ക്ക് താമസിക്കാനേ പറ്റാത്ത സാഹചര്യമുണ്ടാകും.’
മതേതരത്വത്തെക്കുറിച്ചും കടുത്ത നിലപാടുകള്‍ ഉള്ളയാളാണ് യോഗി ആദിത്യനാഥ്. 2013 ഓഗസ്റ്റ് 13ന് അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം ഇങ്ങിനെയായിരുന്നു: ‘ബി.ജെ.പിയല്ലാത്ത പാര്‍ട്ടികള്‍ പറയുന്നത് ഞങ്ങള്‍ മതേതരവാദികള്‍ ആണെന്നാണ്, പക്ഷെ അവര്‍ നടപ്പിലാക്കുന്നതോ വര്‍ഗീയ അജണ്ടയും. 12 ലക്ഷത്തോളം ഹിന്ദു സന്യാസികളുണ്ട് രാജ്യത്ത്. എന്നാല്‍ നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇമാമുമാര്‍ക്ക് ശമ്പളം നല്‍കുന്നതിനെ കുറിച്ചാണ്. ഇതാണോ, നിങ്ങള്‍ പറയുന്ന മതേതരത്വം?’
403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ഒരു സീറ്റില്‍ പോലും ഒരു മുസ്‌ലിം നാമധാരിയെ സ്ഥാനാര്‍ത്ഥിയാക്കാതെ, വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ പാര്‍ട്ടിയാണ് ബി.ജെ.പി. അവിടെ ഏറ്റവും തീവ്രമായ ഹിന്ദുത്വ നിലപാടുകള്‍ ഉള്ള ഒരാളെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതിലൂടെ തങ്ങളുടെ ഭരണം ഏതു രീതിയിലായിരിക്കും മുന്നോട്ട് പോവുക എന്ന സന്ദേശം കൂടിയാണ് ബി.ജെ.പി നല്‍കിയിരിക്കുന്നത്.
നേരത്തെ കല്യാണ്‍സിങ് മുഖ്യമന്ത്രിയായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. തീവ്ര ഹിന്ദുത്വ നിലപാടുകളില്‍ ഒട്ടും മോശക്കാരനായിരുന്നില്ല. പക്ഷെ ഇപ്പോഴത്തെ പ്രശ്‌നം മതേതര ഭാരതം എന്ന സങ്കല്‍പത്തിനു നേരെയുള്ള വെല്ലുവിളികളാണ്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നായി ഏറ്റവും പ്രധാനമായി എടുത്തു പറയുന്ന കാര്യമാണ് മതേതരത്വം. ‘ഭാരതത്തിലെ ജനങ്ങളായ നാം, ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാന്‍’ തീരുമാനിച്ചിരിക്കുന്നു എന്ന വാക്കുകളോടെയാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങളല്ല ഇവയൊന്നും. ഇന്ത്യയുടെ മതേതര സ്വഭാവം ഒന്നുകൂടി ഉറപ്പ് വരുത്തുന്നതിനായാണ്, ഭരണഘടനയില്‍ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍, ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍, ഭരണഘടനാ ശില്‍പികള്‍ എഴുതിച്ചേര്‍ത്തത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നതാണ് ഭരണഘടനയുടെ 29, 30 വകുപ്പുകള്‍.
ന്യൂനപക്ഷ താല്‍പര്യങ്ങളുടെ സംരക്ഷണം എന്ന തലക്കെട്ടുള്ള 29-ാം വകുപ്പ് ഇങ്ങിനെയാണ്: ‘ഭാരതത്തിന്റെ ഭൂപ്രദേശത്തോ, അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരന്മാരില്‍, ഭിന്നമായ ഒരു ഭാഷയോ, ലിപിയോ, സംസ്‌കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.’ 30-ാം വകുപ്പ്, എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അവ മതമോ, ഭാഷയോ അടിസ്ഥാനമുള്ളതായാലും അവരുടെ ഇഷ്ടപ്രകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും അവകാശം ഉണ്ടായിരിക്കുന്നതാണ്’, എന്ന് ഉറപ്പ് നല്‍കുന്നു. ‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍, ഒരു ന്യൂനപക്ഷത്തിന്റെ, അത് മതമോ, ഭാഷയോ അടിസ്ഥാനമുള്ളതായാലും നടത്തിപ്പിന്‍ കീഴിലാണെന്നുള്ളതിന്റെ കാരണത്താല്‍ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിനെതിരായി രാഷ്ട്രം വിവേചനം കാണിക്കാന്‍ പാടുള്ളതല്ല.’ എന്നും ഇതിന്റെ രണ്ടാം ഉപവകുപ്പായി ഭരണഘടനയിലുണ്ട്. മനഃസാക്ഷിക്കും സ്വതന്ത്രമായ മത വിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനും ഉള്ള സ്വാതന്ത്ര്യവും നല്‍കുന്ന 25-ാം വകുപ്പും ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതവിശ്വാസമനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കുന്നതിനുള്ള അവകാശം ഉറപ്പ് നല്‍കുന്നു. ഇന്ത്യ ഒരു മതേതര റിപ്പബ്ലിക് ആയിരിക്കുമെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ പറയുക മാത്രമല്ല ചെയ്തത്. അതോടൊപ്പം എല്ലാ മതവിശ്വാസികളുടെയും അവകാശ സംരക്ഷണം മൗലികാവകാശമായി ഉറപ്പ് വരുത്തുക കൂടി ചെയ്യുന്നു നമ്മുടെ ഭരണഘടന. രാജ്യത്തിന് പ്രത്യേകമായ ഒരു മതമില്ല എന്നതും എല്ലാ മതങ്ങള്‍ക്കും മതവിശ്വാസികള്‍ക്കും തുല്യ പരിഗണന എന്നതുമാണ് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്വം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്നാല്‍ ന്യൂനപക്ഷങ്ങളും അവരുടെ വോട്ടും അവരുടെ അവകാശങ്ങളും പരിഗണിക്കപ്പെടേണ്ടതേയില്ല എന്ന സന്ദേശമാണ് യു.പി തെരഞ്ഞെടുപ്പില്‍ നിന്ന് ബി.ജെ.പി രാജ്യത്തിന് നല്‍കിയത്. 403 സീറ്റില്‍ ഒന്നില്‍ പോലും ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കിലും വിജയം അനായാസമാണെന്ന് അവര്‍ പറയുന്നു. 18നും 20നും ഇടയില്‍ ശതമാനം മുസ്‌ലിംകളുള്ള യു.പിയില്‍, നിയമസഭയിലെ എം.എല്‍.എമാരില്‍ 5.9 ശതമാനം മാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം. ജനസംഖ്യാനുപാതികമായി നോക്കുകയാണെങ്കില്‍ എണ്‍പതോളം എം.എല്‍.എമാര്‍ ഉണ്ടാകേണ്ടിയിരുന്നിടത്ത് ആകെയുള്ളത് 24 പേര്‍. കേരളത്തില്‍ മുസ്‌ലിംലീഗിന് മാത്രം ഇപ്പോള്‍ 18 എം.എല്‍.എമാരുണ്ട്. കേരളത്തിലെ ആകെ ജനസംഖ്യയുടെ അത്ര മുസ്‌ലിംകളുള്ള സംസ്ഥാനമാണ് യു.പി എന്നു കൂടി ഓര്‍ക്കണം.
‘സബ്കാസാഥ്, സബ്കാ വികാസ്’ എന്നൊരു മുദ്രാവാക്യം മോദി ഇടക്കിടെ പറയാറുണ്ട്. യു.പി തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ മോദിയുടെ പ്രതികരണം ‘ഞാന്‍ ഒരു പുതിയ ഇന്ത്യയെ കാണുന്നു; പുതിയ അവസരങ്ങളുടെ ഒരു ഇന്ത്യ’ എന്നായിരുന്നു. ആ പുതിയ ഇന്ത്യയുടെ മാതൃക, യോഗി ആദിത്യനാഥിനു കീഴിലുള്ള യു.പി ആണെങ്കില്‍ ഏറെ ആശങ്കപ്പെടാനുണ്ട്.
ബി.ജെ.പി അല്ലാത്ത എല്ലാ പാര്‍ട്ടികളും നിരന്തരം ന്യൂനപക്ഷ പ്രീണനം നടത്തുന്ന കപട മതേതരവാദികളാണ് എന്നാണ് അവര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ തീരെ പരിഗണിക്കാത്ത ഒരു പരീക്ഷണശാലയായി യു.പി ഭരണത്തെ കാണുകയാണെങ്കില്‍ അതില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ട്. ഗുജറാത്തിലെ ഒരു പരീക്ഷണത്തിന്റെ വിജയമാണ് മോദി. ഇനി യു.പിയില്‍ നടക്കാന്‍ പോകുന്ന പരീക്ഷണം ഇതിനെക്കാള്‍ കടുത്തതായിരിക്കും. മതേതര ഇന്ത്യയുടെ ഭാവിയില്‍ ഏറെ ആശങ്ക തോന്നുന്ന സാഹചര്യങ്ങളാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending