Connect with us

gulf

2030 ഓടെ ഖത്തര്‍ നിരത്തുകളില്‍ ഇലക്ട്രിക് ബസ്സുകള്‍ മാത്രം

:ഗതാഗത മന്ത്രാലയത്തിന് കീഴിലെ മൊത്തം വാഹനങ്ങളുടെ 35 ശതമാനവും പൊതുഗതാഗതത്തിനുപയോഗിക്കുന്ന ബസുകളുടെ 100 ശതമാനവും 2030 ഓടെ ഇലക്ട്രിക് ആക്കി മാറ്റാനൊരുങ്ങി ഖത്തര്‍.

Published

on

അശ്റഫ് തൂണേരി

ദോഹ:ഗതാഗത മന്ത്രാലയത്തിന് കീഴിലെ മൊത്തം വാഹനങ്ങളുടെ 35 ശതമാനവും പൊതുഗതാഗതത്തിനുപയോഗിക്കുന്ന ബസുകളുടെ 100 ശതമാനവും 2030 ഓടെ ഇലക്ട്രിക് ആക്കി മാറ്റാനൊരുങ്ങി ഖത്തര്‍. സുസ്ഥിര വികസനം കൈവരിക്കുന്ന രാജ്യമാക്കി മാറ്റുകയാണ് ഖത്തര്‍ നാഷണല്‍ വിഷന്‍ (ക്യു.എന്‍.വി) 2030 ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഫാലഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി പറഞ്ഞു. ഭൗമദിനത്തോടനുബന്ധിച്ച് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസിന്റെ (ജി.സി.ഒ) ട്വിറ്റര്‍ പേജില്‍ പങ്കിട്ട വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധമായ ഊര്‍ജം, സൗരോര്‍ജ്ജം, മറ്റ് പുനരുപയോഗ ഊര്‍ജജങ്ങള്‍ എന്നിവ പരമാവധി ആശ്രയിക്കുന്ന തരത്തില്‍ ശ്രമങ്ങള്‍ ഉണ്ടാകും. ഇത്തരത്തില്‍ ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിവിധ പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് വൈദ്യുതി ഉപയോഗിച്ചുള്ള വാഹന ഗതാഗതം വിപുലീകരിക്കുകയും പരിസ്ഥിതി മലിനീകരണം കുറക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

478 ബസുകളുടെ ശേഷിയുള്ള ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലുസൈല്‍ ബസ് ഡിപ്പോ കരസ്ഥമാക്കിയിരുന്നു. ഈ കെട്ടിടത്തിന് പ്രതിദിനം ആവശ്യമായ 4 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിന് 11,000 പി.വി സോളാര്‍ പാനലുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സൗരോര്‍ജ്ജത്തെ ആശ്രയിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ ബസ് ഡിപ്പോയാണ് ഇത്.
800 മെഗാവാട്ട് ശേഷിയുള്ള അല്‍ ഖര്‍സ പവര്‍ പ്ലാന്റ് ഖത്തറില്‍ ഏറ്റവും വിജയകരമായി നടപ്പാക്കിയ പുനരുപയോഗ ഊര്‍ജ പദ്ധതിയായി മാറി.

2035-ഓടെ 5,000 മെഗാവാട്ട് (5 ജിഗാവാട്ട്) സൗരോര്‍ജ്ജ ഉല്‍പ്പാദനം കൈവരിക്കാന്‍ ഖത്തര്‍ എനര്‍ജി പദ്ധതിയിടുന്നുമുണ്ട്. റാസ് ലഫാന്‍ സിറ്റിയിലും മിസഈദ് സിറ്റിയിലും 875 മെഗാവാട്ട് ശേഷിയുള്ള രണ്ട് സൗരോര്‍ജ്ജ പദ്ധതികള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഓരോ പ്രോജക്റ്റില്‍ നിന്നും ഏകദേശം 400 മെഗാവാട്ട് വൈദ്യുതിയാണ് ലക്ഷ്യം. ഈ പദ്ധതികളോടെ സൗരോര്‍ജ്ജ ഉല്‍പ്പാദനം 1,700 മെഗാവാട്ടിലെത്തുമെന്നും മന്ത്രി വിശദീകരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് തീര്‍ത്ഥാടകരോട് സഊദി അറേബ്യ

രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.

Published

on

സഊദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം റിയാല്‍ അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്‍ റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്‍. അതായത് 1.66 കോടി രൂപ.

നാട്ടില്‍ നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്‍ എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്‍നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സിദീഖ് തുവ്വൂര്‍ അറിയിച്ചു.

മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണ് എന്നു ഗവര്‍ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

Trending