Connect with us

Culture

ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ സംവിധായകന്‍

ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ, മലയാളത്തിലെ ജനപ്രിയ സംവിധായകരില്‍ പ്രധാനിയായിരുന്നു സിദ്ദീഖ്.

Published

on

പി.എ റഫീഖ് സക്കറിയ
കൊച്ചി

ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ, മലയാളത്തിലെ ജനപ്രിയ സംവിധായകരില്‍ പ്രധാനിയായിരുന്നു സിദ്ദീഖ്. എറണാകുളം ജില്ലയിലെ കലൂര്‍ ചര്‍ച്ച് റോഡില്‍ സൈനബാസില്‍ ഇസ്മയില്‍ റാവുത്തറുടെയും സൈനബയുടെയും മകനായി 1954 ഓഗസ്റ്റ് ഒന്നിനാണ് സിദ്ദീഖിന്റെ ജനനം. കലൂര്‍ ഗവ. ഹൈസ്‌ക്കൂള്‍, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം പുല്ലേപ്പടി ദാറുല്‍ ഉലൂം സ്‌കൂളിലെ ക്ലാര്‍ക്കായി ജോലി ചെയ്ത സിദ്ദീഖ് മിമിക്രിയിലൂടെയാണ് കലാരംഗത്ത് പ്രവേശിച്ചത്.

കലാഭവനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ സിദ്ദീഖിന്റെയും ലാലിന്റെയും മിമിക്രി കണ്ട് അവരുടെ അസാമാന്യകഴിവ് തിരിച്ചറിഞ്ഞ ഫാസില്‍ തന്റെ സഹായിയായി അവരെ കൂടെക്കൂട്ടുകയായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ആയിരുന്നു ഇരുവരും സഹസംവിധായകനായ ആദ്യ ചിത്രം. പിന്നീട് ഫാസിലിന്റെ തന്റെ എന്നെന്നും കണ്ണേട്ടന്റെ, പൂവിനു പുതിയ പൂന്തെന്നല്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, കമലിന്റെ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ തുടങ്ങിയ ചിത്രങ്ങളിലും സിദ്ദീഖും ലാലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നാടോടിക്കാറ്റ് എന്നീ ചിത്രങ്ങളുടെ കഥയും സിദ്ദീഖ്-ലാല്‍മാരുടേതായിരുന്നു. സിദ്ദീഖും ലാലും വന്ന് നാടോടിക്കാറ്റിന്റെ കഥ പറയുമ്പോള്‍ ഗള്‍ഫിലേക്കെന്ന് പറഞ്ഞ് ദാസനേയും വിജയനേയും മദ്രാസിലേക്ക് കയറ്റിവിടുന്ന ഗഫൂര്‍ക്കയുടെ കഥാഭാഗമാണ് തന്നെ ആകര്‍ഷിച്ചതെന്ന് സത്യന്‍ അന്തിക്കാട് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീനിവാസന്റെ പങ്കാളിത്തത്തോടെ ഈ കഥ വികസിപ്പിക്കുകയും ശ്രീനിവാസന്‍ തന്നെ തിരക്കഥയെഴുതുകയും ചെയ്തതോടെയാണ് നാടോടിക്കാറ്റ് എന്ന ചലച്ചിത്രം രൂപപ്പെടുന്നത്. നാടോടിക്കാറ്റിലെ ദാസനേയും വിജയനേയും അവരുടെ പ്രാരാബ്ധങ്ങളെയും തമാശകളെയും മലയാളികള്‍ ഹൃദയത്തിലേറ്റുവാങ്ങി. സിദ്ദീഖിലെയും ലാലിലെയും പ്രതിഭയെ ഊതിക്കാച്ചിയെടുത്ത ഫാസില്‍ തന്നെയാണ് ഇരുവരുടെയും ആദ്യ സംവിധാന സംരംഭമായ റാംജിറാവ് സ്പീക്കിംഗിന് 1989-ല്‍ വഴിയൊരുക്കിയത്. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ ഫാസിലായിരുന്നു. മികച്ച നടന്മാരെങ്കിലും താരമൂല്യങ്ങളില്ലാത്ത മുകേഷിനെയും, ഇന്നസെന്റിനെയും, പുതുമുഖമായ സായികുമാറിനെയും, മലയാളത്തില്‍ തുടക്കക്കാരിയായ രേഖയും അണിനിരത്തി മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഇരുവരും ചേര്‍ന്നൊരുക്കിയത്. റാംജിറാവ് സ്പീക്കിംഗ് പ്രദര്‍ശിപ്പിച്ച ആദ്യ ആഴ്ച തിയറ്ററുകളില്ലെല്ലാം കാഴ്ചക്കാര്‍ ശുഷ്‌കമായിരുന്നെങ്കിലും ചിത്രം കണ്ടവരുടെ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് കൂട്ടംകുട്ടാമായെത്തി ഹിറ്റാക്കിയ ചിത്രം എന്ന പ്രത്യേകതയും റാംജിറാവിനുണ്ട്. തമിഴില്‍ ‘അരങ്ങേട്ര വെളൈ’ എന്ന പേരിലും, തെലുങ്കില്‍ ‘ധനലക്ഷ്മി ഐ ലവ് യു’എന്ന പേരിലും റീമേക്കായി വന്നു. മാന്നാര്‍ മത്തായിയും, ബാലകൃഷ്ണനും, ഗോപാലകൃഷ്ണനും, ഹംസക്കോയയും ഉറുമീസ് തമ്പാനും അതിലെ ശുദ്ധഹാസ്യവും ഗാനങ്ങളുമെല്ലാം ഇന്നും മലയാളികള്‍ക്ക് മധുരോതരമായ ഓര്‍മയാണ്. എസ്.ബാലകൃഷ്ണന്‍ എന്ന പുതിയ സംഗീത സംവിധായകനെയും ഈ ചിത്രത്തിലൂടെ ഇരുവരും പരിചയപ്പെടുത്തി.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സിദ്ദീഖും ലാലും ചേര്‍ന്ന് ഹാസ്യത്തിന്റെ പെരുമഴയുമായി നിരവധി ചിത്രങ്ങളൊരുക്കി. റാംജിറാവിനു പിന്നാലെ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല വരെ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. 1993- ലെ വേര്‍പിരിയലിനുശേഷം, സിദ്ദിഖ് സംവിധായകനായി തന്റെ കരിയര്‍ തുടര്‍ന്നപ്പോള്‍ ലാല്‍ അഭിനയത്തിലും നിര്‍മാണത്തിലുമാണ് ശ്രദ്ധ കേന്ദീകരിച്ചത്. സിനിമയിലെ തന്നെ വ്യത്യസ്ത പാതകളിലായി സഞ്ചാരമെങ്കിലും അവര്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും ഊഷ്മളമായി തന്നെ തുടര്‍ന്നു. സിദ്ദീഖിന്റെ ഒറ്റയ്ക്കുള്ള ആദ്യ സംവിധാന സംരംഭമായ ഹിറ്റ്‌ലറിലും പിന്നീട് വന്ന ഫ്രണ്ട്‌സും നിര്‍മിച്ചത് ലാലായിരുന്നുവെങ്കില്‍ ലാല്‍ സംവിധാനം ചെയ്ത കിംഗ് ലയറിന്റെ കഥ സിദ്ദീഖിന്റേതായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമെല്ലാം സിദ്ദീഖ് തന്നെ സാന്നിധ്യമറിയിച്ചു. മലയാളത്തില്‍ ഹിറ്റായിത്തീര്‍ന്ന ദിലീപ് അഭിനയിച്ച ബോഡിഗാര്‍ഡ്, കാവലന്‍ എന്ന പേരില്‍ തമിഴില്‍ പുറത്തിറക്കിയപ്പോള്‍ വന്‍ വിജയമായി. ഹിന്ദിയില്‍ ഇതേ ചിത്രം ബോഡിഗാര്‍ഡ് എന്നപേരില്‍ സല്‍മാന്‍ ഖാനെ നായകനാക്കിയും സിദ്ദീഖ് ഒരുക്കി. ഹിന്ദിയില്‍ എക്കാലത്തെയും പണംവാരിചിത്രങ്ങളില്‍ ഇടംപിടിക്കാനും ഈ സിനിമക്ക് സാധിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ ഹിന്ദിയില്‍ പേരെടുക്കാന്‍ സാധിച്ച ആദ്യ മലയാളി സംവിധായകനെന്ന ബഹുമതിയും സിദ്ദീഖിന് സ്വന്തമാണ്. പ്രിയദര്‍ശന്റെ ഹിന്ദിയിലെ ഹിറ്റുകളായ ഹേരാഫേരി, ഹല്‍ച്ചല്‍, ദോല്‍ എന്നിവ യഥാക്രമം സിദ്ദീഖ്-ലാലുമാരുടെ റാംജിറാവ് സ്പീക്കിംഗ്, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ എന്നീ സിനിമകളുടെ റീമേക്കുകളായിരുന്നു.

Culture

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.

Published

on

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയില്‍ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജന്‍സികളില്‍ നിന്ന് താല്പര്യപത്ര ക്ഷണിച്ചിരിക്കുന്നത്.

വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.

ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Continue Reading

Film

‘കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും നടക്കില്ല’: കെ.സി. വേണുഗോപാൽ

Published

on

കോഴിക്കോട്: സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്‍റെ മതേതര സമൂഹം കൂട്ടുനിൽക്കില്ല. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണെന്നും അതിന് രാഷ്ട്രീയത്തിന്‍റെ നിറം വേണ്ടെന്നും കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ.സി. വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സത്യൻ മാഷിന്റെ അവസാന സിനിമയായ ‘അനുഭവങ്ങൾ പാളിച്ചകളി’ൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞുസീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ഇരുപതുകാരൻ പയ്യനിൽ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാൾ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തിൽ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ നിൽപ്പുണ്ട് മമ്മൂട്ടി എന്ന പേര്.ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും ‘പൊന്തന്‍മാട’യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്.

കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല. അമ്പത് വർഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.

Continue Reading

Culture

സ്ഥാനക്കയറ്റം നൽകുന്നില്ല; മിൽമ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം

: മിൽമ തെക്കൻ മേഖലയിലെ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം.തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാൻറുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ചെയ്യുന്നത്

Published

on

തിരുവനന്തപുരം: മിൽമ തെക്കൻ മേഖലയിലെ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം.തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാൻറുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ചെയ്യുന്നത്.തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സമരം ആരംഭിച്ചത്.

ഉയർന്ന തസ്തതികയിൽ ഉള്ളവർക്ക് മാത്രം സ്ഥാനക്കയറ്റം നൽകുന്നുവെന്നും നാലുവർഷമായി സാധാരണ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നില്ലെന്നും ആരോപിച്ചാണ് തൊഴിലാളി സംഘടനകൾ സംയുക്ത സമരം ആരംഭിച്ചത്. തിരുവനന്തപുരം അമ്പലത്തറയിലും കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും ഐഎൻടിയുസി, സിഐടിയു പ്രവർത്തകർ രാവിലെ ആറു മണി മുതൽ സമരം ആരംഭിച്ചു. നേരത്തെ മിൽമ ഭരിച്ച കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് പ്രതി ഭാസുരാംഗൻറെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതി ആണ് ജീവനക്കാർക്കെതിരെ എല്ലാ അട്ടിമറികളും നടത്തിയതെന്ന ആരോപണമാണ് ഇവർ ഉയർത്തുന്നത്.

പാലുമായി പോകേണ്ട ലോറികൾ ജീവനക്കാർ തടഞ്ഞിരിക്കുകയാണ്. രാവിലെ ആറുമണിവരെ പാലുമായി ലോറികൾ പോയതുകൊണ്ട് രാവിലെ പാൽ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാൽ 11 മണി കഴിഞ്ഞതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പാൽ ക്ഷാമം നേരിട്ടുതുടങ്ങി. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ മൂന്നു ജില്ലകളിലും പാൽ ക്ഷാമം രൂക്ഷമാകും. തങ്ങൾക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകൾ പിൻവലിച്ചുകൊണ്ട് പ്രശ്‌നപരിഹാരത്തിന് മാനേജ്മെന്റെ അടിയന്തരമായി ചർച്ച നടത്തണമെന്ന ആവശ്യമാണ് തൊഴിലാളി സംഘടനകൾ മുന്നോട്ടുവെക്കുന്നത്.

Continue Reading

Trending