Connect with us

Video Stories

വിവാഹ ഗോഷ്ടികളും നമ്മുടെ യുവതയും

Published

on

ഇന്നലെ പത്രങ്ങളില്‍ വന്ന രണ്ടുവാര്‍ത്തകള്‍ ശ്രദ്ധേയമാണ്: ഒന്ന് പുന്നപ്രയില്‍നിന്ന്: വിവാഹശേഷം വധൂവരന്മാരെ മണ്ണുമാന്തിയന്ത്രത്തില്‍ കയറ്റി ഘോഷയാത്ര നടത്തിയതിന് പൊലീസ് കേസെടുത്തു. മണ്ണുമാന്തി യന്ത്രവും മറ്റുവാഹനങ്ങളും ഉള്‍പ്പെട്ട ഘോഷയാത്ര ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് വരന്റെയും മറ്റുരണ്ടുപേരുടെയും പേരില്‍ പുന്നപ്ര പൊലീസ് കേസെടുത്തത്. മൂന്നുകിലോമീറ്ററിലധികം ഗതാഗതതടസ്സമുണ്ടായി. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ ആലപ്പുഴ സ്വദേശി സാംമോന്‍, ഡ്രൈവര്‍ കര്‍ണാടകസ്വദേശി ചിന്നപ്പന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോതമംഗലത്തുനിന്നാണ് അടുത്ത വാര്‍ത്ത: ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന് പിതാവിന്റെ കയ്യും കാലും തല്ലിയൊടിച്ച കേസില്‍ മകന്‍ അറസ്റ്റില്‍…തലക്ക് അടിയേല്‍ക്കുകയും രണ്ടുകയ്യും കാലും ഒടിയുകയും ചെയ്ത പിതാവ് ജോളിയെ (55) എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മകളുടെ വിവാഹത്തിനായി പുരയിടത്തിലെ പ്ലാവ് അടുത്തിടെ വിറ്റിരുന്നു. അന്നുമുതല്‍ ബൈക്ക് വാങ്ങാന്‍ അമ്പതിനായിരം രൂപ ആവശ്യപ്പെട്ട് നിരന്തരം മകന്‍ അഭിജിത് വീട്ടില്‍ ബഹളം വെച്ചിരുന്നു.
കേരളത്തിന്റെ യുവത്വം ചെന്നെത്തിയിരിക്കുന്ന അധാര്‍മികതയുടെ രണ്ട് സുപ്രധാനമായ സൂചകങ്ങളായതിനാലാണ് ഇവ ഇവിടെ എടുത്തുദ്ധരിക്കുന്നത്. കേരളീയ വിവാഹാഘോഷങ്ങള്‍ പുതിയമേഖലകള്‍ കണ്ടെത്തുന്നതിന്റെ വ്യക്തമായ സൂചനയാണ് ഒന്നാമത്തേതെങ്കില്‍ അടിച്ചുപൊളിച്ച് ജീവിക്കാനായി വളര്‍ത്തിവലുതാക്കിയ സ്വന്തം മാതാപിതാക്കളെ പോലും എന്തും ചെയ്യാന്‍ നമ്മുടെ യുവതലമുറ മുതിര്‍ന്നിരിക്കുന്നു എന്നാണ് രണ്ടാമത്തേത് ബോധ്യപ്പെടുത്തി തരുന്നത്. തീരെ പുതുമയുള്ള സംഭവങ്ങളല്ല മേല്‍പരാമര്‍ശിതങ്ങള്‍. മണ്ണുമാന്തി യന്ത്രത്തിന്റെ കോരിയില്‍ വരനെയും വധുവിനെയും ഇരുത്തി പൊതുനിരത്തിലൂടെ ആനയിക്കുക, ഇരുവരെയും കാളവണ്ടിയില്‍ കൊണ്ടുപോകുക, മുടിയില്‍ ചായമടിക്കുക, കാറുണ്ടെങ്കിലും ഓട്ടോറിക്ഷ, ബൈക്ക് എന്നിവ അലങ്കരിച്ച് കൊണ്ടുപോകുക തുടങ്ങിയ ഗോഷ്ടികള്‍ പതിവാകുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഇതിലൂടെ പിന്നീടുണ്ടാകുന്ന വാക്കുതര്‍ക്കങ്ങളും അടിപിടികളും വിവാഹമോചനത്തില്‍വരെ ചെന്നെത്തുന്നു.
വിവാഹച്ചടങ്ങുകള്‍ നര്‍മരസപ്രദമാക്കാന്‍ മുന്‍കാലങ്ങളില്‍ ഇത്തരം പലവിധ ചെയ്തികള്‍ പൂര്‍വികര്‍ ഉപയോഗിച്ചിട്ടുണ്ടെന്നതു ശരി തന്നെ. വ്യത്യസ്തതക്ക് വേണ്ടി വിവാഹാഘോഷത്തിലും ശേഷവും വരന്റെ മേല്‍ കൂട്ടുകാരും പെണ്‍വീട്ടുകാരും ചില കൗശലങ്ങള്‍ ഒപ്പിക്കുമായിരുന്നു. ഗോട്ടികള്‍ക്ക് മീതെ പായവിരിച്ച് ഇരുത്തുക, ഉപ്പിട്ട ചായ കൊടുക്കുക, പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ട് ആഹാരസാധങ്ങളുടെ രൂപമുണ്ടാക്കി തീറ്റിക്കുക തുടങ്ങിയവയൊക്കെ വെറും കുസൃതികളായേ കണ്ടിരുന്നുമുള്ളൂ. അത്ര ഉപദ്രവകരമല്ലാത്തതിനാല്‍ പങ്കാളികളും വീട്ടുകാരുമൊക്കെ അതാസ്വദിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വധൂവരന്മാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും വരെ അലോസരവും ഉപദ്രവകരവുമാകുന്ന രീതിയാണ് വീണ്ടുവിചാരമില്ലാത്ത മേല്‍പ്രവൃത്തികള്‍ കൊണ്ട് സംഭവിക്കുന്നതെന്നാണ് പുന്നപ്രസംഭവം തരുന്ന മുന്നറിയിപ്പ്. റാഗിങിന് സമാനമായ രീതിയിലാണ് വരനെയും വധുവിനെയും കൂട്ടുകാര്‍ വിവാഹദിവസം അലങ്കരിക്കുന്നത്. ബന്ധുക്കള്‍ക്കോ മുതിര്‍ന്നവര്‍ക്കോ ഇതിലൊന്നും ഇടപെടാന്‍ വയ്യ.
പുതുതലമുറ എന്നും നവീന ആശയങ്ങളുടെ ഉരകല്ലുകളായിരിക്കും എന്നതില്‍ തര്‍ക്കമില്ല. പതിവുക്ലീഷേകള്‍ കണ്ട് മടുത്തിട്ടാണ് അവര്‍ കണ്ടുമുട്ടുന്ന പുതിയ പുതിയ വിദ്യകളെല്ലാം പരീക്ഷിച്ചുനോക്കുന്നത്. പുതിയ സാങ്കേതികവിദ്യകള്‍ ഇതിനായി ഇവര്‍ ഉപയോഗപ്പെടുത്തുന്നു. ബൈക്ക്, മൊബൈല്‍ തുടങ്ങിയ നവീന സങ്കേതങ്ങള്‍ യുവാക്കള്‍ കൂടുതലായി ഉപയോഗിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. മൊബൈലും ഇന്റര്‍നെറ്റും മറ്റുസാങ്കേതികസംവിധാനങ്ങളും തരുന്ന പ്രയോജനങ്ങള്‍ പോലെതന്നെയോ അതിലേറെയോ അപകരടകരമാണവയെല്ലാം. എന്നാല്‍ തങ്ങളുടെ സ്വകാര്യതയിലും വീട്ടിലും കുടുംബങ്ങളിലും കൂട്ടുകാരിലുമായി ഒതുങ്ങുന്നതിന് പകരം അവ നാടിനും നാട്ടാര്‍ക്കും ശാപമായി മാറുന്നത് ഒരു നിലക്കും പരിഷ്‌കൃതസമൂഹത്തിന് ചേര്‍ന്നതല്ല. മദ്യവും മയക്കുമരുന്നും ചെറുതല്ലാത്ത സ്വാധീനം യുവാക്കളില്‍ ചെലുത്തുന്നു. ബൈക്കും മറ്റും മൂലമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം മദ്യമല്ല, ചെറുപ്പക്കാരുടെ അപകടകരമായ സാഹസിക പ്രകടനങ്ങള്‍ മൂലമാണ് . വാഹനാപകടങ്ങളില്‍ മരണപ്പെടുന്നവരും പരിക്കേല്‍ക്കുന്നവരും മുപ്പതുവയസ്സിന് താഴെയുള്ളവരാണ് അധികവുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നമ്മുടെ പുതിയ തലമുറക്കെന്തുപറ്റിയെന്ന് വേവലാതിപ്പെടുന്ന മുതിര്‍ന്നവരാണ് എവിടെ നോക്കിയാലും . നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വിദ്യാലയവും വീടും വിട്ടിറങ്ങിയവരായിരുന്നു പൂര്‍വസൂരികളായ യുവാക്കളെങ്കില്‍ ഇന്ന് കാമ്പസുകളില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരവും കടന്ന് അരാഷ്ട്രീയതയിലേക്കും അക്രമമാര്‍ഗത്തിലേക്കും യുവത്വം എടുത്തെറിയപ്പെട്ടിരിക്കുന്നു. റാഗിങ് പോലുള്ള സംഭവങ്ങള്‍ നിരന്തരം നമ്മുടെ കാമ്പസുകളില്‍ നിന്ന് കേള്‍ക്കാനിട വന്ന സാഹചര്യത്തില്‍ നടത്തിയ നിയമനിര്‍മാണത്തെതുടര്‍ന്നാണ് അതിന് അല്‍പമെങ്കിലും ശമനമുണ്ടായത്. കോളജ് ദിനാഘോഷത്തിന് കാമ്പസിലേക്ക് ജീപ്പ് അലസമായി ഓടിച്ചുവന്ന് ഒരു വിദ്യാര്‍ഥിനിക്ക് ജീവഹാനി വരുത്തിയ യുവത നമ്മുടെ നാട്ടിലാണ് . കഴിഞ്ഞയാഴ്ചയാണ് പ്രശസ്തമായ എറണാകുളം മഹാരാജാസ് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ പൊലീസ് കണ്ടെടുത്തത്. പൊലീസ് അന്വേഷിച്ചുചെന്നപ്പോള്‍ മാധ്യമപ്രവര്‍ത്തരുടെ കാമറക്കുമുന്നില്‍ പ്രിന്‍സിപ്പലിന് നേര്‍ക്ക് കയര്‍ക്കുന്ന വിദ്യാര്‍ഥിനേതാക്കളെയാണ് കേരളം കണ്ടത്. ഇത് നിരുല്‍സാഹപ്പെടുത്തുന്നതിന് പകരം ഇക്കൂട്ടര്‍ക്ക് ചൂട്ടുപിടിക്കുകയാണ് രാഷ്ട്രീയ ഭരണ നേതൃത്വം. കേസെടുത്തതുകൊണ്ടുമാത്രം തടയപ്പെടുന്നതല്ല ഇത്തരം ശീലങ്ങള്‍.
പൊലീസിനും ഭരണകൂടത്തിനും ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകാത്ത തരത്തില്‍ ഇവയെ കുറ്റമായി കണ്ട് പുതിയ വകുപ്പുകള്‍ ചാര്‍ത്തി ശിക്ഷിക്കാവുന്ന നിലയുണ്ടാകണം.
റാഗിങ് നിരോധനനിയമം പോലൊന്ന് ഉണ്ടാക്കിയെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. എങ്കില്‍ മാത്രമേ ആഘോഷങ്ങള്‍ പരിധി വിടുന്നത് തടയാന്‍ നമുക്ക് കഴിയൂ. അതോടൊപ്പമായിരിക്കണം പുതിയ തലമുറയെ ബോധവല്‍ക്കരിക്കേണ്ട ചുമതലയും. സമൂഹവും സമുദായനേതൃത്വങ്ങളും ഇക്കാര്യത്തില്‍ വേണ്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുന്നോട്ടുവരണം. ആര്‍ഭാടവിവാഹങ്ങള്‍ക്കെതിരെ മുസ്്‌ലിംലീഗും സമുദായസംഘടനകളും രംഗത്തുവരികയും അവയേതാണ്ട് വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെയാണ് അനഭിലഷണീയവും അസാംസ്‌കാരികവുമായ പുതിയ പ്രവണതകള്‍ തലപൊക്കുന്നത്. കാസര്‍കോട്ട് ഏതാനും മഹല്ലുകള്‍ ചേര്‍ന്ന് അനാശാസ്യമായ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപനം നടത്തിയത് അടുത്തിടെയാണ്. ഇത് മാതൃകയാവണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending