india
‘ഹിന്ദുക്കള്‍ക്ക് രണ്ടോ മൂന്നോ കുട്ടികള്‍ വേണം; മുസ്ലികള് ഏഴും എട്ടും പ്രസവിക്കരുത്’ -വീണ്ടും വിദ്വേഷ പ്രസംഗവുമായി അസ്സം മുഖ്യമന്ത്രി
ഹിന്ദു കുടുംബങ്ങള്‍ കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ജനിപ്പിക്കണമെന്നും, സാധിക്കുന്നവര്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു
ഗുവാഹതി: അസമിലെ ഹിന്ദു ദമ്പതികള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും മുസ്ലിംകള് ഏഴും എട്ടും കുട്ടികളെ പ്രസവിക്കരുതെന്നും ആവശ്യപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.
ഹിന്ദു കുടുംബങ്ങള്‍ കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ജനിപ്പിക്കണമെന്നും, സാധിക്കുന്നവര്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
‘ഹിന്ദുക്കളില്‍ ജനനനിരക്ക് കുറഞ്ഞുവരികയാണ്. അതിനാല്‍ ഒരു കുട്ടിയില്‍ നിര്‍ത്താതെ കുറഞ്ഞത് രണ്ട് കുട്ടികള്‍ക്കെങ്കിലും ജന്മം നല്കാന് ഹിന്ദു ജനങ്ങളോട് ആവശ്യപ്പെടുന്നു. മുസ്ലിംകള് ഏഴും എട്ടും കുട്ടികളെ പ്രസവിക്കരുതെന്നും പറയുന്നുണ്ട്. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാതെ പോയാല്‍ ഹിന്ദു വീടുകള്‍ നോക്കാന്‍ ആരുമുണ്ടാകില്ല’എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
രണ്ട് ദിവസം മുന്‍പ് നടത്തിയ പ്രസ്താവനയിലും മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. അസമില്‍ ബംഗ്ലാദേശ് വംശജരായ മിയ മുസ്ലിംകളുടെ ജനസംഖ്യ 2027ലെ സെന്സസോടെ 40 ശതമാനമാകും എന്നും അദ്ദേഹം പറഞ്ഞു. തന്റെ വിദ്യാര്‍ഥി രാഷ്ട്രീയ കാലഘട്ടത്തില്‍ ഈ വിഭാഗത്തിന്റെ ജനസംഖ്യ 21 ശതമാനമായിരുന്നുവെന്നും 2011ലെ സെന്‍സസില്‍ അത് 31 ശതമാനമായി ഉയര്‍ന്നുവെന്നും ഹിമന്ത ചൂണ്ടിക്കാട്ടി.
മുസ്ലിം ജനസംഖ്യ 50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നാല്‍ മറ്റുള്ളവര്‍ ഇല്ലാതാകുമെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. പതിറ്റാണ്ടുകളായി തുടരുന്ന കുടിയേറ്റം കാരണം തദ്ദേശീയ അസം ജനത വലിയ വെല്ലുവിളി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അസം ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഈ വിവാദ പരാമര്‍ശങ്ങള്‍.
india
ഗിഗ് തൊഴിലാളി പണിമുടക്ക് ഭീഷണി: ഡെലിവറി പങ്കാളികള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് സൊമാറ്റോയും സ്വിഗ്ഗിയും
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് സേവന തടസ്സങ്ങള്‍ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനികളുടെ പുതിയ നീക്കം.
ന്യൂഡല്‍ഹി: ഗിഗ് തൊഴിലാളി യൂനിയനുകളുടെ പണിമുടക്ക് പ്രഖ്യാപനത്തെ തുടര്‍ന്ന്, ഡെലിവറി പങ്കാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് സൊമാറ്റോയും സ്വിഗ്ഗിയും രംഗത്തെത്തി. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് സേവന തടസ്സങ്ങള്‍ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനികളുടെ പുതിയ നീക്കം.
മെച്ചപ്പെട്ട ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കില്‍ പങ്കെടുക്കുമെന്ന് തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂനിയനും ഇന്ത്യന്‍ ഫെഡറേഷന് ഓഫ് ആപ്പ്-ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സും അറിയിച്ചിരുന്നു. പുതുവത്സരത്തിലെ പണിമുടക്ക് സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ തുടങ്ങിയ ഭക്ഷ്യ വിതരണ, ദ്രുത വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്നാണ് വ്യവസായ വൃത്തങ്ങളുടെ വിലയിരുത്തല്‍.
പുതുവത്സര ദിനത്തില്‍ വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ 12 വരെ ഡെലിവറി പങ്കാളികള്‍ക്ക് 120 മുതല്‍ 150 രൂപ വരെ അധിക പേഔട്ട് സൊമാറ്റോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓര്‍ഡര്‍ അളവും ജീവനക്കാരുടെ ലഭ്യതയും അനുസരിച്ച് ?? 3000 രൂപ വരെ വരുമാനം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. കൂടാതെ, ഓര്‍ഡര്‍ നിരസിക്കല്‍, റദ്ദാക്കല്‍ എന്നിവയ്ക്കുള്ള പിഴകള്‍ താല്‍ക്കാലികമായി ഒഴിവാക്കിയതായും അറിയിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള ഉത്സവകാലങ്ങളില്‍ നടപ്പാക്കുന്ന സാധാരണ നടപടിയാണിതെന്ന് സൊമാറ്റോയും ബ്ലിങ്കിറ്റും ഉള്‍പ്പെടുന്ന എറ്റേണല്‍ ഗ്രൂപ്പ് വിശദീകരിച്ചു.
അതേസമയം, സ്വിഗ്ഗിയും വര്‍ഷാവസാന കാലയളവില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 31നും ജനുവരി ഒന്നിനും ഇടയില്‍ ഡെലിവറി തൊഴിലാളികള്‍ക്ക് 10,000 രൂപ വരെ വരുമാനം ലഭിക്കാമെന്നാണ് വിവരം. പുതുവത്സര ദിനത്തില്‍ വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ 12 വരെ ആറു മണിക്കൂര്‍ കാലയളവില്‍ 2000 രൂപ വരെ വരുമാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മെച്ചപ്പെട്ട വേതനം, ഗിഗ് തൊഴിലാളികള്‍ക്കായി സമഗ്രമായ ദേശീയ നയം, സുതാര്യമായ വേതന ഘടന, അപകട ഇന്‍ഷുറന്‍സ്, പെന്ഷന് ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷ ആനുകൂല്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ടാണ് പുതുവത്സര ദിനത്തിലെ സമരം. തൊഴിലാളികളുടെ ജീവന് അപകടത്തിലാക്കുന്ന ’10 മിനിറ്റ് ഡെലിവറി’ സംവിധാനം പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതിനുമുമ്പ് ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലും ഗിഗ് തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു.
india
മഹാരാഷ്ട്രയില്‍ ക്രിസ്മസ് പ്രാര്‍ഥനക്കിടെ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് സൂചന.
മുംബൈ: മഹാരാഷ്ട്രയില്‍ ക്രിസ്മസ് പ്രാര്‍ഥനാ യോഗത്തിനിടെ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍. നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന് എന്നിവരെയാണ് ബേനോഡ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കൊപ്പം രണ്ട് പ്രാദേശിക വൈദികരെയും ഭാര്യമാരേയും കസ്റ്റഡിയിലെടുത്തു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് സൂചന. യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല.
ക്രിസ്മസ് പ്രാര്‍ഥനാ യോഗത്തില്‍ പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവര്‍ പങ്കെടുക്കാന്‍ പോയത്. സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദര്‍ സുധീര്‍ തിരുവനന്തപുരം അമരവിള സ്വദേശിയാണ്.
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വിമര്‍ശനവുമായി ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കുന്നതായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞിരുന്നു.
ആക്രമണങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമെന്ന് സിഎസ്ഐ സഭ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനും പ്രതികരിച്ചു. ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമങ്ങള്‍ ഉടന്‍ നിര്‍ത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്യണമെന്നും മനുഷ്യാവകാശങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യ മാനദണ്ഡങ്ങളെക്കുറിച്ചും പൊലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും പരിശീലനം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. നാഷണല്‍ കോഡിനേറ്റര്‍ എ.സി മിഖേയലാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്.
india
എസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
എസ്.ഐ.ആറിന്റെ കരട് വോട്ടർ പട്ടികയിൽ പേര് കാണാത്തതിനെ തുടർന്ന് പാരാ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ ഹിയറിങ്ങിന് ഹാജരാകാൻ മാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ എസ്.ഐ.ആർ (സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ) വോട്ടർ പട്ടിക ഹിയറിങ്ങിനായി നോട്ടീസ് ലഭിച്ചതിനെ തുടർന്നുണ്ടായ ആശങ്കക്കിടെ 82 വയസ്സുള്ള വയോധികൻ ഓടുന്ന ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. എസ്.ടി വിഭാഗമായ സാന്താൾ കമ്യൂണിറ്റിയിൽപ്പെട്ട ദുർജൻ മാജിയാണ് മരിച്ചത്.
എസ്.ഐ.ആറിന്റെ കരട് വോട്ടർ പട്ടികയിൽ പേര് കാണാത്തതിനെ തുടർന്ന് പാരാ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ ഹിയറിങ്ങിന് ഹാജരാകാൻ മാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായതെന്ന് മകൻ കനായ് പറഞ്ഞു. “എന്റെ അച്ഛൻ എസ്.ഐ.ആർ എണ്ണൽ ഫോം സമർപ്പിച്ചിരുന്നു. 2002 ലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. എന്നിട്ടും ഹിയറിങ്ങിന് വിളിപ്പിച്ചതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല,” ദിവസവേതനക്കാരനായ കനായ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് റിക്ഷ അന്വേഷിച്ച് പുറപ്പെട്ട മാജിക്ക് വാഹന സൗകര്യം ലഭിക്കാതിരിക്കുകയും ഹിയറിങ്ങിന് പോകാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് പോയി ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. ഓടുന്ന ട്രെയിനിടിച്ച് മരണമുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചു.
1943 ജൂലൈ 18ന് ജനിച്ച മാജി ജന്മനാ ഇന്ത്യൻ പൗരനും ദീർഘകാല വോട്ടറുമായിരുന്നു. സാധുവായ വോട്ടർ ഐഡി കാർഡ് കൈവശം ഉണ്ടായിരുന്നുവെന്നും 2002 ലെ വോട്ടർ പട്ടികയിൽ പേര് രേഖപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. എന്നാൽ നിലവിൽ നടക്കുന്ന എസ്.ഐ.ആർ പ്രക്രിയയിൽ അദ്ദേഹത്തിന്റെ പേര് ഓൺലൈൻ വോട്ടർ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്.
സംഭവം വിവാദമായതോടെ 85 വയസ്സോ അതിലധികമോ പ്രായമുള്ളവരെയും ഗുരുതര രോഗികളെയും വൈകല്യമുള്ളവരെയും പ്രത്യേക അഭ്യർഥനയില്ലാതെ വ്യക്തിപരമായ ഹിയറിങ്ങിനായി വിളിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച ഉത്തരവിറക്കി.
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala24 hours agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala1 day agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local2 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
-
india2 days agoത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി
