Connect with us

india

റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ കവർച്ചക്ക് ശ്രമം; യുവദമ്പതികൾ അറസ്റ്റിൽ

പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Published

on

മംഗളൂരു: പുത്തൂരിൽ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ചക്ക് ശ്രമിക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.

റിട്ട. പ്രിൻസിപ്പൽ എ.വി. നാരായണയുടെ വീട്ടിൽ കവർച്ചക്ക് ശ്രമിച്ച കേസിലാണ് അറസ്റ്റ്. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന മോട്ടോർ സൈക്കിളും പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ മാസം 17-ന് അർധരാത്രിയോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് മുഖം മറച്ച രണ്ട് അജ്ഞാതർ പിൻവാതിലിലൂടെ വീട്ടിൽ കയറി നാരായണയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. സംഘർഷത്തിനിടെ നാരായണയുടെ ഭാര്യക്ക് പരിക്കേറ്റു. നിലവിളിയും ബഹളവും കേട്ടതോടെ അക്രമികൾ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വസ്തുക്കൾ ഒന്നും മോഷ്ടിക്കപ്പെട്ടില്ല.

പുത്തൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഹിന്ദുക്കള്‍ക്ക് രണ്ടോ മൂന്നോ കുട്ടികള്‍ വേണം; മുസ്‌ലികള്‍ ഏഴും എട്ടും പ്രസവിക്കരുത്’ -വീണ്ടും വിദ്വേഷ പ്രസംഗവുമായി അസ്സം മുഖ്യമന്ത്രി

ഹിന്ദു കുടുംബങ്ങള്‍ കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ജനിപ്പിക്കണമെന്നും, സാധിക്കുന്നവര്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു

Published

on

ഗുവാഹതി: അസമിലെ ഹിന്ദു ദമ്പതികള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും മുസ്ലിംകള്‍ ഏഴും എട്ടും കുട്ടികളെ പ്രസവിക്കരുതെന്നും ആവശ്യപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

ഹിന്ദു കുടുംബങ്ങള്‍ കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ജനിപ്പിക്കണമെന്നും, സാധിക്കുന്നവര്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

‘ഹിന്ദുക്കളില്‍ ജനനനിരക്ക് കുറഞ്ഞുവരികയാണ്. അതിനാല്‍ ഒരു കുട്ടിയില്‍ നിര്‍ത്താതെ കുറഞ്ഞത് രണ്ട് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കാന്‍ ഹിന്ദു ജനങ്ങളോട് ആവശ്യപ്പെടുന്നു. മുസ്ലിംകള്‍ ഏഴും എട്ടും കുട്ടികളെ പ്രസവിക്കരുതെന്നും പറയുന്നുണ്ട്. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാതെ പോയാല്‍ ഹിന്ദു വീടുകള്‍ നോക്കാന്‍ ആരുമുണ്ടാകില്ല’എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

രണ്ട് ദിവസം മുന്‍പ് നടത്തിയ പ്രസ്താവനയിലും മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. അസമില്‍ ബംഗ്ലാദേശ് വംശജരായ മിയ മുസ്ലിംകളുടെ ജനസംഖ്യ 2027ലെ സെന്‍സസോടെ 40 ശതമാനമാകും എന്നും അദ്ദേഹം പറഞ്ഞു. തന്റെ വിദ്യാര്‍ഥി രാഷ്ട്രീയ കാലഘട്ടത്തില്‍ ഈ വിഭാഗത്തിന്റെ ജനസംഖ്യ 21 ശതമാനമായിരുന്നുവെന്നും 2011ലെ സെന്‍സസില്‍ അത് 31 ശതമാനമായി ഉയര്‍ന്നുവെന്നും ഹിമന്ത ചൂണ്ടിക്കാട്ടി.

മുസ്ലിം ജനസംഖ്യ 50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നാല്‍ മറ്റുള്ളവര്‍ ഇല്ലാതാകുമെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. പതിറ്റാണ്ടുകളായി തുടരുന്ന കുടിയേറ്റം കാരണം തദ്ദേശീയ അസം ജനത വലിയ വെല്ലുവിളി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അസം ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഈ വിവാദ പരാമര്‍ശങ്ങള്‍.

 

Continue Reading

india

ഗിഗ് തൊഴിലാളി പണിമുടക്ക് ഭീഷണി: ഡെലിവറി പങ്കാളികള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് സൊമാറ്റോയും സ്വിഗ്ഗിയും

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് സേവന തടസ്സങ്ങള്‍ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനികളുടെ പുതിയ നീക്കം.

Published

on

ന്യൂഡല്‍ഹി: ഗിഗ് തൊഴിലാളി യൂനിയനുകളുടെ പണിമുടക്ക് പ്രഖ്യാപനത്തെ തുടര്‍ന്ന്, ഡെലിവറി പങ്കാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് സൊമാറ്റോയും സ്വിഗ്ഗിയും രംഗത്തെത്തി. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് സേവന തടസ്സങ്ങള്‍ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനികളുടെ പുതിയ നീക്കം.

മെച്ചപ്പെട്ട ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കില്‍ പങ്കെടുക്കുമെന്ന് തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂനിയനും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ്-ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സും അറിയിച്ചിരുന്നു. പുതുവത്സരത്തിലെ പണിമുടക്ക് സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ തുടങ്ങിയ ഭക്ഷ്യ വിതരണ, ദ്രുത വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്നാണ് വ്യവസായ വൃത്തങ്ങളുടെ വിലയിരുത്തല്‍.

പുതുവത്സര ദിനത്തില്‍ വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ 12 വരെ ഡെലിവറി പങ്കാളികള്‍ക്ക് 120 മുതല്‍ 150 രൂപ വരെ അധിക പേഔട്ട് സൊമാറ്റോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓര്‍ഡര്‍ അളവും ജീവനക്കാരുടെ ലഭ്യതയും അനുസരിച്ച് ?? 3000 രൂപ വരെ വരുമാനം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. കൂടാതെ, ഓര്‍ഡര്‍ നിരസിക്കല്‍, റദ്ദാക്കല്‍ എന്നിവയ്ക്കുള്ള പിഴകള്‍ താല്‍ക്കാലികമായി ഒഴിവാക്കിയതായും അറിയിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള ഉത്സവകാലങ്ങളില്‍ നടപ്പാക്കുന്ന സാധാരണ നടപടിയാണിതെന്ന് സൊമാറ്റോയും ബ്ലിങ്കിറ്റും ഉള്‍പ്പെടുന്ന എറ്റേണല്‍ ഗ്രൂപ്പ് വിശദീകരിച്ചു.

അതേസമയം, സ്വിഗ്ഗിയും വര്‍ഷാവസാന കാലയളവില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 31നും ജനുവരി ഒന്നിനും ഇടയില്‍ ഡെലിവറി തൊഴിലാളികള്‍ക്ക് 10,000 രൂപ വരെ വരുമാനം ലഭിക്കാമെന്നാണ് വിവരം. പുതുവത്സര ദിനത്തില്‍ വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ 12 വരെ ആറു മണിക്കൂര്‍ കാലയളവില്‍ 2000 രൂപ വരെ വരുമാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.

മെച്ചപ്പെട്ട വേതനം, ഗിഗ് തൊഴിലാളികള്‍ക്കായി സമഗ്രമായ ദേശീയ നയം, സുതാര്യമായ വേതന ഘടന, അപകട ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷ ആനുകൂല്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ടാണ് പുതുവത്സര ദിനത്തിലെ സമരം. തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുന്ന ’10 മിനിറ്റ് ഡെലിവറി’ സംവിധാനം പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതിനുമുമ്പ് ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലും ഗിഗ് തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു.

 

Continue Reading

india

മഹാരാഷ്ട്രയില്‍ ക്രിസ്മസ് പ്രാര്‍ഥനക്കിടെ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് സൂചന.

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ ക്രിസ്മസ് പ്രാര്‍ഥനാ യോഗത്തിനിടെ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍. നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരെയാണ് ബേനോഡ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കൊപ്പം രണ്ട് പ്രാദേശിക വൈദികരെയും ഭാര്യമാരേയും കസ്റ്റഡിയിലെടുത്തു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് സൂചന. യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല.

ക്രിസ്മസ് പ്രാര്‍ഥനാ യോഗത്തില്‍ പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവര്‍ പങ്കെടുക്കാന്‍ പോയത്. സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദര്‍ സുധീര്‍ തിരുവനന്തപുരം അമരവിള സ്വദേശിയാണ്.

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വിമര്‍ശനവുമായി ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കുന്നതായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞിരുന്നു.

ആക്രമണങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമെന്ന് സിഎസ്ഐ സഭ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനും പ്രതികരിച്ചു. ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമങ്ങള്‍ ഉടന്‍ നിര്‍ത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്യണമെന്നും മനുഷ്യാവകാശങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യ മാനദണ്ഡങ്ങളെക്കുറിച്ചും പൊലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും പരിശീലനം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. നാഷണല്‍ കോഡിനേറ്റര്‍ എ.സി മിഖേയലാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്.

 

 

Continue Reading

Trending