News
മയക്കുമരുന്ന് കടത്ത് തടയാൻ അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മദുറോ; സി.ഐ.എ ആക്രമണ ചോദ്യത്തിൽ മൗനം
ഔദ്യോഗിക ടെലിവിഷനിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് മദുറോ നിലപാട് വ്യക്തമാക്കിയത്.
കാറക്കാസ്: മയക്കുമരുന്ന് കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ. എന്നാൽ, മയക്കുമരുന്ന് സംഘങ്ങൾ ഉപയോഗിച്ചെന്ന ആരോപണത്തിന്റെ പേരിൽ വെനിസ്വേലൻ തുറമുഖ മേഖലയിൽ കഴിഞ്ഞ ആഴ്ച സി.ഐ.എയുടെ നേതൃത്വത്തിൽ നടന്നതായി പറയുന്ന ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഔദ്യോഗിക ടെലിവിഷനിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് മദുറോ നിലപാട് വ്യക്തമാക്കിയത്.
അട്ടിമറിയിലൂടെ രാജ്യത്ത് ഭരണപരിവർത്തനം കൊണ്ടുവരാനും വെനിസ്വേലയിലെ വിപുലമായ എണ്ണശേഖരങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കാനുമാണ് മയക്കുമരുന്ന് കടത്തിന്റെ പേരുപറഞ്ഞ് മാസങ്ങളായി അമേരിക്ക സമ്മർദ പ്രചാരണം നടത്തുന്നതെന്ന് മദുറോ ആരോപിച്ചു. ഇതിനായി ഭീഷണിയും ബലപ്രയോഗവും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പകരം വസ്തുതകളുടെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് കടത്ത് തടയാൻ ഉഭയകക്ഷി ചർച്ചയാണ് നടക്കേണ്ടതെന്ന് മദുറോ വ്യക്തമാക്കി. അത്തരം ചർച്ചകൾക്ക് തങ്ങൾ പലതവണ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയ്ക്ക് ഇന്ധനം ആവശ്യമെങ്കിൽ വെനിസ്വേലൻ എണ്ണയിൽ അമേരിക്കൻ നിക്ഷേപത്തിന് രാജ്യം തയ്യാറാണെന്നും മദുറോ പറഞ്ഞു.
വെനിസ്വേലൻ മണ്ണിൽ നടന്നതായി ആരോപിക്കുന്ന സി.ഐ.എ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് “അടുത്ത ദിവസങ്ങളിൽ പ്രതികരിക്കാം” എന്നായിരുന്നു മദുറോയുടെ മറുപടി.
അതേസമയം, അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയുന്നതിനുള്ള അനിവാര്യ നടപടിയായിരുന്നു ആക്രമണമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ന്യായീകരിച്ചു. മയക്കുമരുന്ന് സംഘങ്ങളുമായി അമേരിക്ക സായുധ സംഘർഷത്തിലേർപ്പെട്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
kerala
ആലത്തൂരിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി ബൂത്ത് പ്രസിഡൻ്റിനെതിരെ കേസ്
കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റ് സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്.
പാലക്കാട്: ആലത്തൂർ പാടൂരിൽ വീട്ടിൽ കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റ് സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി നടുറോഡിലിരുന്ന് മദ്യപിച്ച ശേഷമാണ് സുരേഷ് ആക്രമണം നടത്തിയതെന്നാണ് പരാതി. ചെറിയ ഷെഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് ഇയാൾ അതിക്രമിച്ച് കയറിയത്. തുടർന്ന് പീഡന ശ്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ സുരേഷ് ഒളിവിലാണെന്നാണ് വിവരം.
News
കോഹ്ലി–രോഹിത്–അശ്വിൻ യാത്രയയപ്പ് ടെസ്റ്റ് നൽകണം; ബി.സി.സി.ഐയോട് മോണ്ടി പനേസർ
മൂവരും കൂടുതൽ ആദരവ് അർഹിക്കുന്ന താരങ്ങളാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണമായി പിന്മാറുന്നതിന് മുമ്പ് അവരുടെ പകിട്ടിനൊത്ത യാത്രയയപ്പ് മത്സരം സംഘടിപ്പിക്കണമെന്നും പനേസർ പറഞ്ഞു.
മുംബൈ: കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ തൂണുകളായി കളംവാണ ശേഷം അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച വിരാട് കോഹ്ലി, രോഹിത് ശർമ, ആർ. അശ്വിൻ എന്നിവർക്ക് അർഹിച്ച യാത്രയയപ്പ് നൽകണമെന്ന് ബി.സി.സി.ഐയോട് അഭ്യർത്ഥനയുമായി മുൻ ഇംഗ്ലീഷ് സ്പിൻ ബൗളർ മോണ്ടി പനേസർ. മൂവരും കൂടുതൽ ആദരവ് അർഹിക്കുന്ന താരങ്ങളാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണമായി പിന്മാറുന്നതിന് മുമ്പ് അവരുടെ പകിട്ടിനൊത്ത യാത്രയയപ്പ് മത്സരം സംഘടിപ്പിക്കണമെന്നും പനേസർ പറഞ്ഞു.
മൂന്ന് പ്രമുഖ താരങ്ങളുടെ കരിയർ ആഘോഷിക്കാനുള്ള അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയതെന്ന് പനേസർ വിമർശിച്ചു. ഇംഗ്ലണ്ടിലെ മാതൃകയിൽ വിരമിക്കുന്ന താരങ്ങൾക്ക് യാത്രയയപ്പ് മത്സരം നൽകുന്ന പാരമ്പര്യം ഇന്ത്യയും പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദീർഘകാലം രാജ്യത്തിനും ക്രിക്കറ്റിനുമായി സമർപ്പിച്ച കരിയറിനുള്ള ആദരവാണ് ഇത്തരം മത്സരങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടേണ്ടതെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
“അശ്വിനും, രോഹിത് ശർമക്കും, വിരാട് കോഹ്ലിക്കുമായി ബി.സി.സി.ഐ യാത്രയയപ്പ് ടെസ്റ്റ് മത്സരം സംഘടിപ്പിക്കണം. അവർ അത്തരമൊരു ആദരവ് അർഹിക്കുന്നു. സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ എന്നിവർ വിരമിക്കുമ്പോൾ ഇംഗ്ലണ്ട് യാത്രയയപ്പ് മത്സരം സംഘടിപ്പിച്ച് ആദരിച്ചു. എന്നാൽ ഇന്ത്യ അതിൽ വീഴ്ച വരുത്തുകയാണ്,” പനേസർ പറഞ്ഞു.
കഴിഞ്ഞ വർഷം മേയിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2024 ഡിസംബറിൽ ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ ആർ. അശ്വിൻ വിരമിക്കൽ അറിയിച്ച് നാട്ടിലേക്ക് മടങ്ങി. മൂവരുടെയും അപ്രതീക്ഷിത വിരമിക്കൽ ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ നിരാശ സൃഷ്ടിച്ചിരുന്നു.
14 വർഷം ടെസ്റ്റ് ക്രിക്കറ്റ് കളിച്ച കോഹ്ലി 123 മത്സരങ്ങളിൽ നിന്ന് 9230 റൺസാണ് നേടിയത്; 30 സെഞ്ച്വറിയും 31 അർധസെഞ്ച്വറിയും കരിയറിലുണ്ട്. 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി രോഹിത് ശർമ 4031 റൺസ് നേടി; 12 സെഞ്ച്വറിയും 18 അർധസെഞ്ച്വറിയും ഉൾപ്പെടെ.
106 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 537 വിക്കറ്റുകൾ നേടിയ ആർ. അശ്വിൻ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി വിരമിച്ചു. രോഹിതും കോഹ്ലിയും ടെസ്റ്റും ട്വന്റി20യും അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഏകദിനത്തിൽ തുടരുകയാണ്. അശ്വിൻ എല്ലാ ഫോർമാറ്റുകളിലും വിരമിച്ചു.
Film
അമ്മയുടെ വിയോഗത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍
”എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി.
കോഴിക്കോട്: തന്റെ അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്ക്കും നന്ദി അറിയിച്ച് നടന് മോഹന്‍ലാല്‍. ”എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, എന്റെ ദുഃഖത്തില്‍ നേരിട്ടും അല്ലാതെയും പങ്കുചേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. വീട്ടിലെത്തിയും, ഫോണ്‍ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാര്‍ത്ഥന,” എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ചൊവ്വാഴ്ചയാണ് മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചത്. അന്തിമോപചാരം അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറുകണക്കിന് പേര് വീട്ടിലെത്തി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി. അബ്ദുറഹ്മാന് തുടങ്ങിയവരും അനുശോചനം അറിയിക്കാന്‍ എത്തിയിരുന്നു.
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala1 day ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
kerala1 day agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News2 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
kerala1 day agoമലപ്പുറത്തിന് ആരോഗ്യ വകുപ്പിന്റെ വിവേചനം; മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ച് യൂത്ത് ലീഗ്
-
kerala1 day agoമദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി
-
kerala2 days agoഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ വില; ഇന്ന് കുറഞ്ഞത് രണ്ട് തവണ
