Sports
വിഷ്ണു വിനോദിന്റെ അപരാജിത സെഞ്ച്വറി; പുതുച്ചേരിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം
സെഞ്ചറിക്കു ശേഷം കൂടുതല്‍ അപകടകാരിയായ വിഷ്ണു അടുത്ത 21 പന്തില്‍ 62 റണ്‍സ് അടിച്ചെടുത്ത് 29-ാം ഓവറില്‍ കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു.
അഹമ്മദാബാദ്: ‘ആശാന്‍’ എന്ന വിഷ്ണു വിനോദിന്റെ അപരാജിത സെഞ്ച്വറിയില്‍ കേരളം 8 വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ പുതുച്ചേരിക്കെതിരെ 84 പന്തില്‍ 162 റണ്‍സ് (നോട്ടൗട്ട്) വിഷ്ണു നേടി. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറില്‍ 247 റണ്‍സിന് പുറത്തായി. പേസര്‍ എം.ഡി. നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി കേരള ബൗളിങ്ങിന് നേതൃത്വം നല്‍കി.
മറുപടി ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍ (11), ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (8) എന്നിവര്‍ നേരത്തെ പുറത്തായതോടെ കേരളം 30/2 എന്ന നിലയില്‍ പതറി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ വിഷ്ണു-ബാബ അപരാജിത് (63 നോട്ടൗട്ട്) സഖ്യം മത്സരത്തിന്റെ ഗതി മാറ്റി. കരുതലോടെ തുടക്കം കുറിച്ച വിഷ്ണു, തുടര്‍ന്ന് ആക്രമണത്തിലേക്ക് കടന്നു. പേസര്‍മാരെതിരെ സ്റ്റെപ്ഔട്ട് ഷോട്ടുകളും സ്പിന്നര്‍മാര്‍ക്കെതിരെ സ്വീപ്പ്, ഡോഗ് സ്വിച്ച് ഷോട്ടുകളും ഫലപ്രദമായി ഉപയോഗിച്ച താരം 36 പന്തില്‍ അര്‍ധസെഞ്ചറിയും 63 പന്തില്‍ സെഞ്ചറിയും പൂര്‍ത്തിയാക്കി.
സെഞ്ചറിക്കു ശേഷം കൂടുതല്‍ അപകടകാരിയായ വിഷ്ണു അടുത്ത 21 പന്തില്‍ 62 റണ്‍സ് അടിച്ചെടുത്ത് 29-ാം ഓവറില്‍ കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു. 14 സിക്സും 13 ഫോറുമടക്കം 162 റണ്‍സ് നേടിയ വിഷ്ണുവാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ടൂര്‍ണമെന്റില്‍ കേരളത്തിനായി ഇത് നാലാം വിജയം. 2014 മുതല്‍ കേരള ടീമിലെ സ്ഥിരം അംഗമായ, പത്തനംതിട്ട സ്വദേശിയായ 32 വയസ്സുകാരന്‍ വിഷ്ണു വിനോദ്, ഐപിഎല്ലില്‍ ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
ഈ പ്രകടനത്തോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുറച്ച് പന്തുകളില്‍ 150 റണ്‍സ് നേടിയ മൂന്നാമത്തെ താരമായി വിഷ്ണു മാറി. പുതുച്ചേരിക്കെതിരെ 81 പന്തിലാണ് താരം 150 കടന്നത്. 59 പന്തില്‍ 150 നേടിയ സൂര്യവംശിയും, 80 പന്തില്‍ നേട്ടം കൈവരിച്ച ദിനേശ് കാര്‍ത്തിക്കുമാണ് മുന്നിലുള്ളത്. വിജയ് ഹസാരെ ട്രോഫി ചരിത്രത്തില്‍ 106 സിക്സുകളോടെ രണ്ടാമതുള്ള താരം എന്ന സ്ഥാനവും വിഷ്ണുവിനായി. 108 സിക്സുകളോടെ മനീഷ് പാണ്ഡെയാണ് ഒന്നാമത്. കേരളത്തിന് വേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ തന്റെ തന്നെ റെക്കോര്‍ഡ് വിഷ്ണു പുതുച്ചേരിക്കെതിരെ 14 സിക്സുകളോടെ മെച്ചപ്പെടുത്തി.
News
പരിശീലനത്തിനിടെ ആരാധകന്റെ വടാപാവ് വാഗ്ദാനം വിനീതമായി നിരസിച്ച് രോഹിത് ശർമ; വൈറലായി താരത്തിന്റെ റിയാക്ഷൻ
വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി രണ്ട് മത്സരങ്ങൾ കളിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ എത്തിയത്.
Rohit Sharmaഇന്ത്യ–ന്യൂസിലാൻഡ് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി കഠിന പരിശീലനത്തിലാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി രണ്ട് മത്സരങ്ങൾ കളിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ എത്തിയത്.
ഞായറാഴ്ച ആരംഭിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന സെഷനിനിടെയാണ് രോഹിത്തിനോട് ഒരു ആരാധകൻ മറാത്തിയിൽ “വടാപാവ് വേണോ?” എന്ന് ചോദിച്ചത്. ആരാധകരോട് കൈവീശി അഭിവാദ്യം ചെയ്ത രോഹിത്, വടാപാവ് വേണ്ടെന്ന് ആംഗ്യം കാണിച്ച് വിനീതമായി നിരസിച്ചു. ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വേഗത്തിൽ ശ്രദ്ധ നേടുകയും ചെയ്തു.
ടെസ്റ്റിലും ടി20യിലും നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ഏകദിന ക്രിക്കറ്റിലാണ് രോഹിത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്ത ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് താരത്തിന്റെ തയ്യാറെടുപ്പ്. ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ സമീപകാല പരമ്പരകളിൽ ഹിറ്റ്മാൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
Sports
റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്
ഞാൻ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മാനേജറാവാനാണ് എത്തിയത്, കോച്ചായിട്ടല്ല’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായി.
മാഞ്ചസ്റ്റർ: പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഭീമന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്. 2024 നവംബറിൽ എറിക് ടെൻ ഹാഗിന് പകരം ഓൾഡ് ട്രാഫോഡിലെത്തിയ പോർച്ചുഗീസ് കോച്ചിന്റെ 14 മാസത്തെ കാലയളവിനാണ് അവസാനമായത്. ക്ലബ്ബിലെ മുൻ താരം ഡാരൻ ഫ്‌ളച്ചർ ഇടക്കാല മാനേജറാവും.
‘പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിന് ഉയർന്ന ലീഗ് ഫിനിഷിങ്ങിനുള്ള മികച്ച അവസരം നൽകുന്നതിന് ഇപ്പോൾ മാറ്റം വരുത്തേണ്ട സമയമാണെന്ന് ക്ലബ്ബ് നേതൃത്വം തീരുമാനിച്ചിരിക്കുന്നു. റൂബന്റെ സംഭാവനകൾക്ക് നന്ദി പറയുന്നു. നല്ല ഭാവി ആശംസിക്കുന്നു.’
അമോറിമിന്റെ അവസാന മത്സരം ലീഡ്‌സ് യുനൈറ്റഡിനെതിരായ 1-1 സമനിലയായിരുന്നു. ആ മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ ക്ലബ്ബ് മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതാണ് പുറത്താക്കലിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ‘ഞാൻ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മാനേജറാവാനാണ് എത്തിയത്, കോച്ചായിട്ടല്ല’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായി. സ്‌കൗട്ടിങ് ഡിപ്പാർട്ട്‌മെന്റും സ്‌പോർട്ടിങ് ഡയറക്ടർ ജേസൺ വിൽകോക്‌സും തങ്ങളുടെ ജോലി യഥാവാധി നിർവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ താരങ്ങളെ എത്തിക്കാൻ കഴിയാത്തതിലുള്ള അതൃപ്തി അമോറിമിനെ ക്ലബ്ബ് ഉടമകളുമായി അകറ്റിയിരുന്നു എന്നാണ് സൂചന. അവസാന 5 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ടീമിന് നേടാൻ കഴിഞ്ഞത്.
News
75-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ: കേരള പുരുഷ–വനിത ടീമുകൾക്ക് ജയത്തോടെ തുടക്കം
കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ വനിതകൾ ഗുജറാത്തിനെ 91–22 എന്ന ഏകപക്ഷീയ സ്കോറിന് തകർത്തപ്പോൾ, പുരുഷ ടീം പശ്ചിമ ബംഗാളിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 80–79ന് വിജയം നേടി.
ചെന്നൈ: ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച ആരംഭിച്ച 75-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ, വനിത ടീമുകൾ വിജയത്തോടെ കാമ്പയിൻ തുടങ്ങി. കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ വനിതകൾ ഗുജറാത്തിനെ 91–22 എന്ന ഏകപക്ഷീയ സ്കോറിന് തകർത്തപ്പോൾ, പുരുഷ ടീം പശ്ചിമ ബംഗാളിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 80–79ന് വിജയം നേടി.
പുരുഷന്മാരുടെ മത്സരത്തിൽ അവസാന സെക്കൻഡിൽ ആരോൺ ബ്ലെസ്സൺ നേടിയ നിർണായക രണ്ട് പോയന്റുകളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. സെജിൻ മാത്യു 23 പോയന്റുമായി ടോപ് സ്കോററായി; ജിഷ്ണു ജി. നായർ 15 പോയന്റും നേടി.
വനിതകളിൽ ജയലക്ഷ്മി 15 പോയന്റുമായി ടോപ് സ്കോററായി. അക്ഷയ ഫിലിപ്പും സൂസൻ ഫ്ലോറന്റീനയും 14 പോയന്റുകൾ വീതം നേടി. ആദ്യ മത്സരങ്ങളിലെ ശക്തമായ പ്രകടനത്തോടെ ഇരുടീമുകളും ടൂർണമെന്റിൽ ആത്മവിശ്വാസം നേടി മുന്നേറുകയാണ്.
-
kerala15 hours ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf15 hours agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala3 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
News3 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
