News
വിദ്യാര്‍ത്ഥിയെ മദ്യം നല്കി പീഡിപ്പിച്ച സംഭവം; വിവരം മറച്ചുവെച്ചതില്‍ സ്കൂള്‍ പ്രധാന അധ്യാപിക സസ്പെന്‍ഡില്‍
പീഡന വിവരം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്കൂളിലെ മറ്റ് അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
മലമ്പുഴ: മദ്യം നല്കി അധ്യാപകന് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. പീഡനവിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്കൂള്‍ മാനേജറെ അയോഗ്യനാക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
പീഡന വിവരം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്കൂളിലെ മറ്റ് അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിയായ സംസ്കൃത അധ്യാപകന് അനില്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇയാള്‍ പലപ്പോഴായി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന് കുട്ടികള്‍ വനിതാ പൊലീസ് സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.
ആറുവര്‍ഷം മുന്‍പാണ് പ്രതി സ്കൂളിലെത്തിയതെന്നും, അന്ന് മുതലുള്ള പശ്ചാത്തലം മലമ്പുഴ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ അന്വേഷണം വ്യാപിപ്പിച്ചു.
നേരത്തെ അഞ്ച് കുട്ടികള്‍ സിഡബ്ല്യുസിക്ക് മുമ്പാകെ സമാന മൊഴികള്‍ നല്‍കിയിരുന്നു. പുതുതായി മൊഴി നല്കിയ വിദ്യാര്‍ത്ഥികളെ സിഡബ്ല്യുസിയുടെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം കേസ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് സിഡബ്ല്യുസി അറിയിച്ചു.
world
ഗസ്സയിലെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍; അമേരിക്കയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തര്‍
ഗസ്സയിലേക്ക് നിയന്ത്രണങ്ങളില്ലാതെ മാനുഷിക സഹായം പ്രവേശിക്കാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
ദോഹ: ഗസ്സയില്‍ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ ആരംഭിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. പശ്ചിമേഷ്യക്കായുള്ള യു.എസ് പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫിന്റെ പ്രഖ്യാപനം ഗസ്സയിലെ സമാധാനം ദൃഢമാക്കാനും തകര്‍ന്നുകൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പ്രത്യാശ പ്രകടിപ്പിച്ചു.
മധ്യസ്ഥര്‍ എന്ന നിലയില്‍ ഖത്തറും മറ്റ് പങ്കാളി രാജ്യങ്ങളും ഗസ്സയിലെ സംഘര്‍ഷം ലഘൂകരിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നയതന്ത്ര ശ്രമങ്ങളും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലേക്ക് നിയന്ത്രണങ്ങളില്ലാതെ മാനുഷിക സഹായം പ്രവേശിക്കാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. യുദ്ധം തകര്‍ത്ത ഗസ്സയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കേണ്ടതുണ്ടെന്നും ഫലസ്തീന് ജനതയ്ക്ക് മാന്യമായ ജീവിതം ഉറപ്പാക്കണമെന്നും ഡോ. അല്‍ അന്‍സാരി അറിയിച്ചു.
News
കണ്ണൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു; കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
കണ്ണൂര്‍: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. തിരൂര്‍ സ്വദേശിനിയായ അയോണ മോണ്സന് ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു അയോണ. കുട്ടിയുടെ കുടുംബത്തിന്റെ സമ്മതത്തോടെ അവയവദാനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അയോണ മോണ്‍സെന്റ വൃക്ക കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് എത്തിക്കും.
വൃക്ക മാറ്റിവെക്കുന്നതിനായി നാലുപേരുടെ ക്രോസ് മാച്ചിങ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുരോഗമിക്കുകയാണ്. ഇതില്‍ ഒരാള്‍ക്ക് ഇന്ന് തന്നെ വൃക്ക മാറ്റിവയ്ക്കും. കണ്ണൂര്‍ മിംസില്‍ നിന്ന് റോഡ് മാര്‍ഗം വൃക്ക കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിക്കും. തുടര്‍ന്ന് വിമാന മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച്, അവിടെ നിന്ന് റോഡ് മാര്‍ഗം മെഡിക്കല്‍ കോളജിലേക്ക് കൈമാറും.
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രദേശത്ത് ദുഃഖം നിലനില്‍ക്കുമ്പോഴും, അവയവദാനം നിരവധി ജീവന് രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.
world
വ്യോമപാത അടച്ച് ഇറാന്; എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍ റൂട്ട് മാറ്റി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി വിമാന കമ്പനികള്‍
അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്.
ടെഹ്റാന്: അമേരിക്കയുടെ ആക്രമണ ഭീഷണിക്കിടെ ഇറാന് വ്യോമപാത ഭാഗികമായി അടച്ചു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് എയര്‍ ഇന്ത്യ,ഇന്‍ഡിഗോ
അടക്കമുള്ള വിമാനങ്ങള്‍ റൂട്ട് മാറ്റി. യാത്രക്കാര്‍ക്കായി വിമാന കമ്പനികള്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്കി.
അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ ഇനി പ്രവേശിപ്പിക്കൂ. ഇതോടെ വിമാനങ്ങള്‍ വൈകിയേക്കാമെന്നും യാത്രാസമയം സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ നോക്കി ഉറപ്പാക്കണമെന്നും വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി.
‘ റൂട്ട് മാറ്റാന്‍ കഴിയാത്ത വിമാനങ്ങള്‍ റദ്ദാക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാര്‍ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ അപ്രതീക്ഷിത തടസ്സം മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നു’- എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ഇന്‍ഡിഗോയും സമാന അറിയിപ്പ് നല്കി.
-
Film16 hours agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala16 hours agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
kerala14 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
-
kerala14 hours agoകാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
-
india2 days agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
News15 hours agoഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരന് നേരെ അശ്ലീല ആംഗ്യം കാണിച്ച് ട്രംപ്; സംഭവം വിവാദമായി
-
kerala13 hours agoനാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷയ്ക്ക് വിജയത്തുടർച്ച
-
kerala2 days agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
