Connect with us

News

കേരളത്തില്‍ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളാണ് ആഗോളതലത്തില്‍ സ്വര്‍ണവില കുതിക്കാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍

Published

on

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച ശേഷം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയ്ക്ക് രണ്ടാം ദിവസവും മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 14,845 രൂപയും ഒരു പവന് 1,18,760 രൂപയുമാണ് വില. ജനുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തി. അന്ന് രാവിലെ ഒരു പവന് 1,800 രൂപ വര്‍ധിച്ച് വില 1,19,320 രൂപയിലെത്തി. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിലയില്‍ ഇടിവ് രേഖപ്പെടുത്തി, വര്‍ധന 560 രൂപയായി ചുരുങ്ങി. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച വൈകിട്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,18,760 രൂപയിലേക്കാണ് താഴ്ന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 70 രൂപ കുറഞ്ഞ് 14,845 രൂപയായിട്ടുണ്ട്. സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബര്‍ 23നാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

ഇതിനിടെ, തിങ്കളാഴ്ച ചരിത്രത്തിലാദ്യമായി ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5,000 ഡോളര്‍ പിന്നിട്ടു. 5,080 ഡോളറിലാണ് ആഗോള വിപണിയില്‍ സ്വര്‍ണ വ്യാപാരം നടന്നത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളാണ് ആഗോളതലത്തില്‍ സ്വര്‍ണവില കുതിക്കാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍

india

ഇന്ത്യയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഏഷ്യയിലെ വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന

ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ അഞ്ച് നിപ കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നീക്കം.

Published

on

ബാങ്കോക്ക്: ഇന്ത്യയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഏഷ്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ കോവിഡ് കാലത്തിന് സമാനമായ ആരോഗ്യ പരിശോധനകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ അഞ്ച് നിപ കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നീക്കം.

തായ്ലന്‍ഡ്, നേപ്പാള്‍, തായ്വാന്‍ എന്നീ രാജ്യങ്ങളാണ് പരിശോധകള്‍ കര്‍ശനമാക്കിയതെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും, അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള വൈറസാണിത്.

പശ്ചിമ ബംഗാളിലെ ഒരു ആശുപത്രിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏകദേശം 100 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിപ്പിച്ചിരുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് നഴ്‌സുമാരും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തവരായിരുന്നു. രോഗം സ്ഥിരീകരിച്ച അഞ്ചുപേരും ചികിത്സയിലാണ്. രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരെയാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബാങ്കോക്കിലെ സുവര്‍ണഭൂമി, ഡോണ്‍ മ്യൂങ്, വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റ് എന്നീ പ്രധാന വിമാനത്താവളങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടോ എന്ന് പരിശോധിക്കുകയും, അവര്‍ക്ക് ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

തായ്ലന്‍ഡില്‍ ഇതുവരെ നിപ്പ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിന്‍ ചാര്‍ണ്‍വിരകുല്‍ പറഞ്ഞു, എങ്കിലും നിരീക്ഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള പ്രധാന അതിര്‍ത്തി പോസ്റ്റുകളിലുമാണ് നേപ്പാളില്‍ ആരോഗ്യ പരിശോധനകള്‍ കര്‍ശനമാക്കിയത്. നിപ രോഗബാധയെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തായ്വാന്‍ ആലോചിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തി യാത്രക്കാര്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുതുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Continue Reading

News

വിളപ്പില്‍ശാലയില്‍ ചികിത്സ നിഷേധം; ബിസ്മീറിന്റെ മരണത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി കുടുംബം

ബിസ്മീറിന്റെ ഭാര്യ ജാസ്മിനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

Published

on

By

തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ ചികിത്സാ നിഷേധവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മരിച്ച ബിസ്മീറിന്റെ കുടുംബം പരാതി നല്‍കി. സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായാണ് പരാതി. ബിസ്മീറിന്റെ ഭാര്യ ജാസ്മിനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിരുന്നു. ആവശ്യമായ ചികിത്സ ലഭ്യമാക്കിയില്ലെന്നും, ആശുപത്രി ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.

ആംബുലന്‍സില്‍ കയറ്റുന്നതിനിടെ ബിസ്മീര്‍ ബോധം നഷ്ടപ്പെട്ടിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി ആരും ഇത്തരം അവസ്ഥ നേരിടരുതെന്നും, വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ജനുവരി 19നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊല്ലംകൊണം സ്വദേശി ബിസ്മീറിനെ ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് ബിസ്മീര്‍ മരിച്ചത്. ചികിത്സ നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിലവില്‍ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Continue Reading

india

വെസ്റ്റ് ബംഗാളിൽ വെയർഹൗസുകൾക്ക് തീപിടിത്തം: മരണം എട്ടായി

നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Published

on

കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ വെയർഹൗസുകൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് വെയർഹൗസുകൾക്കാണ് തീപിടിച്ചത്.

തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് 12 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തിങ്കളാഴ്ച രാത്രി മുതൽ തന്നെ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി തുടങ്ങിയതായി അധികൃതർ അറിയിച്ചു. എന്നാൽ പല ഭാഗങ്ങളിലും തീ ഇപ്പോഴും കത്തി കൊണ്ടിരിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

മരിച്ചവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളിൽ നിന്ന് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി അഗ്നിരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Continue Reading

Trending