kerala

ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭാ കവാടത്തില്‍ സത്യഗ്രഹം ആരംഭിച്ച് സി ആര്‍ മഹേഷും നജീബ് കാന്തപുരവും

By Akhila

January 27, 2026

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെയ്ക്കണം എന്ന ആവശ്യവുമായി നിയമസഭ കവാടത്തിന് മുന്നില്‍ സമരവുമായി പ്രതിപക്ഷം. യുഡിഎഫിലെ എംഎല്‍എമാരായ സി ആര്‍ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരം ആരംഭിച്ചത്.

മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ചു. സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം സമരത്തിലാണ്. ഈ ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം ഒരടി പോലും പിന്നോട്ടില്ല. ഈ സമരത്തിന്റെ ഭാഗമായിട്ടാണ് യുഡിഎഫിന്റെ രണ്ട് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സമരം നടത്തുന്നത്. ഇതോടൊപ്പം മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ സഭാ നടപടികളോട് സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു.