kerala
വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു
വെള്ളൂർ സ്വദേശി പ്രസന്നന്റെ ബൈക്കാണ് ഇന്നലെ രാത്രി വീടിന്റെ മുറ്റത്തിൽ നിന്ന് പറമ്പിലേക്ക് മാറ്റി തീയിട്ടത്.
കണ്ണൂർ: ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സി.പി.എം പുറത്താക്കിയ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകന്റെ ബൈക്ക് അജ്ഞാതർ കത്തിച്ചു. വെള്ളൂർ സ്വദേശി പ്രസന്നന്റെ ബൈക്കാണ് ഇന്നലെ രാത്രി വീടിന്റെ മുറ്റത്തിൽ നിന്ന് പറമ്പിലേക്ക് മാറ്റി തീയിട്ടത്.
സമീപ പ്രദേശത്ത് വീടുകൾ ഇല്ലാത്തതിനാൽ ബൈക്ക് കത്തിച്ച വിവരം ആരും ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് പൂർണമായും കത്തിയ നിലയിൽ ബൈക്ക് പ്രസന്നൻ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് വെള്ളൂർ മേഖലയിൽ പ്രകടനം നടന്നിരുന്നു. പ്രസന്നനായിരുന്നു പ്രകടനത്തിന് നേതൃത്വം നൽകിയത്. പ്രകടനത്തിൽ പങ്കെടുത്തതിന്റെ വിരോധത്തിലാണ് സി.പി.എം പ്രവർത്തകർ ബൈക്ക് കത്തിച്ചതെന്നാണ് കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ ആരോപണം. മുൻപ് സജീവ പാർട്ടി പ്രവർത്തകനായിരുന്ന പ്രസന്നൻ നിലവിൽ പാർട്ടി അനുഭാവിയാണെന്നും ഇവർ പറയുന്നു.
ഇതിനിടെ, സി.പി.എം പുറത്താക്കിയതിന് പിന്നാലെ ഇന്നലെ വൈകിട്ട് കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സി.പി.എം പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. കുഞ്ഞികൃഷ്ണൻ വീട്ടിലില്ലാതിരുന്ന സമയത്തെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും പരസ്യ പ്രതിഷേധം നടത്തിയും പ്രദേശം സംഘർഷാവസ്ഥയിലാക്കി.
പയ്യന്നൂരിലെ സി.പി.എം നേതാവും എം.എൽ.എയുമായ ടി.ഐ. മധുസൂദനനെതിരെ ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് വി. കുഞ്ഞികൃഷ്ണനെ പാർട്ടി ഞായറാഴ്ച പുറത്താക്കിയത്. വിഷയം കടുത്ത വിവാദമായതിനെ തുടർന്ന് ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നേതൃത്വ ഐക്യകണ്ഠമായാണ് പുറത്താക്കൽ തീരുമാനമെടുത്തത്. കുഞ്ഞികൃഷ്ണന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും, നേരത്തെ അവസാനിപ്പിച്ച വിഷയം വീണ്ടും ഉയർത്തി രാഷ്ട്രീയ എതിരാളികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും നേതൃത്വം വിലയിരുത്തി.
തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗം സെക്രട്ടറിയേറ്റ് തീരുമാനത്തിന് അംഗീകാരം നൽകി. ചൊവ്വാഴ്ച ചേരുന്ന പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പുറത്താക്കൽ തീരുമാനം റിപ്പോർട്ട് ചെയ്യുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
വെള്ളിയാഴ്ചയാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ഫണ്ട് തിരിമറി ആരോപണം ഉയർത്തിയത്. വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും കുഞ്ഞികൃഷ്ണൻ അടുത്തിടെ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയനായ ടി.ഐ. മധുസൂദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനിച്ചത്.
നേരത്തെ, കുഞ്ഞികൃഷ്ണന്റെ പരാതിയെ തുടർന്ന് ടി.ഐ. മധുസൂദനനെതിരെ തരംതാഴ്ത്തൽ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും മാസങ്ങൾക്കകം അദ്ദേഹത്തെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തിരുന്നു. മാത്രമല്ല, വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ മധുസൂദനനെ മത്സരിപ്പിക്കാനുള്ള ധാരണയും നേതൃത്വ തലത്തിൽ ഉണ്ടെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയത്.
kerala
സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം; ഇന്ന് അടിയന്തര ചികിത്സ മാത്രം
സമരത്തിന്റെ ഭാഗമായി ഒപി ബഹിഷ്കരിക്കുന്നതിനൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും ഇന്ന് നടത്തില്ല.
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. സമരത്തിന്റെ ഭാഗമായി ഒപി ബഹിഷ്കരിക്കുന്നതിനൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും ഇന്ന് നടത്തില്ല.
ശമ്പളപരിഷ്കരണ കുടിശ്ശിക അന്യായമായി നീട്ടിവെക്കുന്നത് അവസാനിപ്പിക്കുക, ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്ഷന് സീലിങ് കേന്ദ്രനിരക്കില്‍ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം.
ഇതിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണയും സത്യഗ്രഹവും സംഘടിപ്പിക്കും. രാവിലെ പത്ത് മണിയ്ക്കാണ് ധര്‍ണ ആരംഭിക്കുക. ഡോക്ടര്‍മാര്‍ നേരത്തെ ഉന്നയിച്ച പരാതികളില്‍ പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിന് മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടര്‍നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഫെബ്രുവരി രണ്ടുമുതല്‍ അനിശ്ചിതകാല അധ്യാപന ബഹിഷ്കരണത്തോടൊപ്പം ഒപി ബഹിഷ്കരണം ആരംഭിക്കും. ഫെബ്രുവരി ഒമ്പതുമുതല്‍ അനിശ്ചിതകാല അധ്യാപനവും ഒപി ബഹിഷ്കരണവും തുടരുന്നതിനോടൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കും.
കൂടാതെ, ഫെബ്രുവരി 11 മുതല്‍ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു.
kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; നാല് കിലോ മെത്താക്യുലോൺ പിടികൂടി
മാരക രാസലഹരിയായ മെത്താക്യുലോൺ നാല് കിലോ പിടികൂടി
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസും സിയാൽ സുരക്ഷാ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ വൻ ലഹരിവേട്ട. മാരക രാസലഹരിയായ മെത്താക്യുലോൺ നാല് കിലോ പിടികൂടി. സംഭവത്തിൽ ടോഗോ സ്വദേശിനിയും 44 വയസ്സുകാരിയുമായ ലത്തിഫാറ്റു ഔറോയെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ദോഹയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലൂടെയാണ് വിദേശ വനിത ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. തുടർന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. ആഭ്യന്തര ടെർമിനലിൽ വിമാനം കാത്തുനിന്ന പ്രതിയുടെ ബാഗിൽ സംശയം തോന്നിയതിനെ തുടർന്ന് സിയാൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
തുടർന്ന് കസ്റ്റംസിനെ വിവരം അറിയിക്കുകയും വിശദമായ ദേഹപരിശോധന ഉൾപ്പെടെ നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തുകയുമായിരുന്നു. രണ്ട് കിലോ വീതമുള്ള രണ്ട് പാക്കറ്റുകളിലായാണ് മെത്താക്യുലോൺ സൂക്ഷിച്ചിരുന്നത്.
ഡൽഹിയിലെത്തിച്ച് ലഹരിമരുന്ന് വിൽപ്പന നടത്താനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. മുമ്പും ഇതേ മാർഗം ഉപയോഗിച്ച് ലഹരിമരുന്ന് കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
kerala
ദീപക് ആത്മഹത്യ കേസ്: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ ഷിംജിത നിലവിൽ റിമാൻഡിലാണ്.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രശസ്തി, പോസ്റ്റുകൾക്ക് കൂടുതൽ റീച്ച്, സാമ്പത്തിക ലാഭം എന്നിവ ലക്ഷ്യമിട്ടാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ലൈംഗികാതിക്രമം നേരിട്ടുവെന്ന പരാതി ഔദ്യോഗികമായി നൽകാതെ, വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതി പകർത്തി പ്രചരിപ്പിച്ച അപകീർത്തികരമായ വീഡിയോയല്ലാതെ ദീപക് ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങളില്ലെന്നാണ് പൊലീസ് വാദം. ജാമ്യം ലഭിച്ചാൽ പ്രതി വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത്തരം പ്രവണതകൾ മറ്റ് വ്ളോഗർമാരെയും പ്രേരിപ്പിച്ച് കൂടുതൽ ആത്മഹത്യകൾക്ക് ഇടയാക്കുമെന്നും പൊലീസ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഈ മാസം 21നാണ് വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതയ്ക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം, ബസിൽ വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിട്ടുവെന്ന മൊഴിയിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്ന് ഷിംജിത ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
-
News2 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala2 days agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala2 days agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala2 days agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News1 day agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News1 day agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala1 day agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
News14 hours agoഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; നിരവധി പേരെ കാണാതായി
