Connect with us

More

‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ

അമേരിക്കയുമായി ഇനി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു

Published

on

ടെഹ്റാൻ: അമേരിക്കയുമായും ഇസ്രയേലുമായുള്ള യുദ്ധം തീവ്രമാകുന്ന സാഹചര്യത്തിൽ, ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കൻ സൈന്യം ഒരു കരയുദ്ധത്തിന് മുതിർന്നാൽ അത് അവർക്ക് വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തലിനോ അമേരിക്കയുമായി നയതന്ത്ര ചർച്ചകൾക്കോ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു അമേരിക്കൻ അധിനിവേശത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്” എന്നാണ് അരാഗ്ചി മറുപടി നൽകിയത്. യുദ്ധം തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നല്ല ഇതിനർത്ഥമെന്നും, മറിച്ച് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം ഒരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യുദ്ധത്തിൽ വിജയികളില്ലെന്നും നിയമവിരുദ്ധമായ ലക്ഷ്യങ്ങൾക്കെതിരെ പ്രതിരോധിക്കാൻ കഴിയുക എന്നതാണ് തങ്ങളുടെ വിജയമെന്നും ഇതാണ് ഇതുവരെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുമായി ഇനി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലും ഈ വർഷങ്ങളിലും ചർച്ചകൾ നടക്കുന്നതിനിടയിൽ അമേരിക്ക ആക്രമണം നടത്തിയ അനുഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനപരമായ നീക്കങ്ങളിൽ അമേരിക്കയ്ക്ക് ആത്മാർത്ഥതയില്ലെന്നും ചർച്ചകളിൽ അവർ സത്യസന്ധരല്ലെന്നും അതിനാൽ അവരിൽ ഒട്ടും വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് ശേഷവും ഇറാൻ ഭരണകൂടം സുസ്ഥിരമാണെന്ന് അരാഗ്ചി അവകാശപ്പെട്ടു. കൊല്ലപ്പെട്ട സൈനിക കമാൻഡർമാർക്ക് പകരം പുതിയ ആളുകൾ ചുമതലയേറ്റതായും പുതിയ പരമോന്നത നേതാവിനെ അസംബ്ലി ഓഫ് എക്സ്പെർട്സ് ഉടൻ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഇടപെടാനുള്ള അമേരിക്കൻ ശ്രമങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇത് തീർത്തും ഇറാനിയൻ ജനതയുടെ കാര്യമാണെന്നും ആർക്കും ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

More

ഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന്‍ തനിക്ക് സ്വീകാര്യനല്ല: ട്രംപ്

Published

on

വാഷിങ്ടണ്‍: ഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ്-ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ ഇടപെടുമെന്നാണ് യു.എസ് പ്രസിഡന്റ് പറയുന്നത്. കാംനഈയുടെ മകന്‍ മുജ്തബ ഖാംനഈ തനിക്ക് സ്വീകാര്യനല്ലെന്നും ട്രംപ് പറയുന്നു. ഇറാന്‍ ഭരണത്തിലും തന്റെ സ്വാധീനം വേണമെന്ന മോഹം പറയാതെ പറഞ്ഞിരിക്കുകയാണ് ട്രംപ് ഈ പ്രസ്താവനയിലൂടെ. പരമോന്നത നേതാവാകാന്‍ മുജ്തബ ഖാനഈക്ക് കഴിവില്ലെന്നാണ് ട്രംപിന്റെ കണ്ടെത്തല്‍. ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

വെനസ്വേലയുടെ അധികാരക്കൈമാറ്റം ചൂണ്ടിക്കാട്ടിയാണ് ട്രംപ് തന്റെ ആവശ്യം നിരത്തുന്നത്.  ‘അവര്‍ സമയം പാഴാക്കുകയാണ്. ഖാംനഈയുടെ മകന്‍ നിസ്സാര വ്യക്തിത്വമാണ്. എനിക്ക് അസ്വീകാര്യനാണ്. ഇറാനില്‍ ഐക്യവും സമാധാനവും കൊണ്ടുവരുന്ന ഒരാളെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’ ട്രംപ് പറഞ്ഞു.
വെനസ്വേലയില്‍ മദുറോയെ മാറ്റി ഡെല്‍സി റോഡ്രിഗ്‌സിയെ തെരഞ്ഞെടുത്തത് പോലെ, (ഇറാനിലെ പുതിയ ഭരണാധികാരിയുടെ) നിയമനത്തിലും ഞാന്‍ പങ്കാളിയാകും’ – ട്രംപ് കൂട്ടിച്ചേര്‍ത്തു.

ആയത്തുല്ല ഖാംനഈ, തന്റെ മകനെ പിന്‍ഗാമിയാക്കാതിരിക്കാന്‍ കാരണം അദ്ദേഹത്തിന് കഴിവില്ലാത്തത് കൊണ്ടാണെന്നും ട്രംപ് ആരോപിച്ചു. ‘ഇറാന്റെ ഭാവി ഭരണകൂടത്തില്‍ എനിക്ക് വലിയ സ്വാധീനമുണ്ടാകും. അല്ലെങ്കില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടാകില്ല. ഞങ്ങള്‍ ചെയ്തത് തന്നെ വീണ്ടും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല’ ട്രംപ് ആവര്‍ത്തിച്ചു.

‘ആണവായുധങ്ങള്‍ ഇല്ലാതെ, ഇറാനെ നന്നായി നയിക്കാന്‍ കഴിയുന്ന ആരെങ്കിലും ഭരണത്തിലെത്തും എന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ അവിടെയുള്ള ജനങ്ങളോടും ഭരണകൂടത്തോടും ചേര്‍ന്ന് പ്രവര്‍ത്തിക്കും’ -ട്രംപ് പറഞ്ഞു. ഷിയാ ഭരണം തകര്‍ന്നാല്‍ ഒരു നേതാവായി സ്വയം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മുന്‍ ഷായുടെ മകന്‍ റെസ പഹ്ലവി ഇറാനിലെ നേതൃത്വം ഏറ്റെടുക്കാന്‍ തന്റെ ഭരണകൂടം പരിഗണിച്ചിട്ടില്ലെന്ന് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു.

”ഉള്ളില്‍ നിന്നുള്ള ആരെങ്കിലും, ഒരുപക്ഷേ, കൂടുതല്‍ ഉചിതമാകുമെന്ന് എനിക്ക് തോന്നുന്നു,” ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു, ”അവിടെയുള്ള, നിലവില്‍ ജനപ്രിയനായ, അത്തരമൊരു വ്യക്തി ഉണ്ടെങ്കില്‍” ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ യു.എസ്-ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ച നിമിഷം മുതല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആര് എന്ന ചോദ്യമാണ് ഉയരുന്നത്. മൂന്ന് പതിറ്റാണ്ടിലധികം ഇറാനെ ഭരണപരമായും ആത്മീയമായും നയിച്ച ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയുടെ പേര് ആ മണിക്കൂറുകളില്‍തന്നെ ഉയര്‍ന്നുകേട്ടിരുന്നു.

അതേസമയം, പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് (മജ്‌ലിസ് ഖുബ്‌റാഅ്) നിര്‍ണായക യോഗം നടക്കുകയാണ്.    മുജ്തബക്കാണ് മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖാംനഈയുടെ ഡെപ്യൂട്ടി ചീഫ് ആയിരുന്ന അസ്ഗര്‍ ഹിജാസി, സൈനിക നേതാവ് അലി ലാറിജാനി, റൂഹുല്ല ഖുമൈനിയുടെ മകന്‍ ഹസന്‍ ഖുമൈനി തുടങ്ങിയവരും പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading

india

ഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്‌

Published

on

ഭരണഘടനാ സംരക്ഷണത്തിനായി എല്ലാ ഭിന്നതകളും മറന്നു ഒരുമിക്കേണ്ട സന്ദർഭമാണിതെന്നു യൂത്ത് കൊൺഗ്രസ്സ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഡൽഹിയിൽ ഇന്ത്യ മുന്നണിയിലെ യുവജന നേതാക്കൾക്കായി സംഘടിപ്പിച്ച ‘ബസ്‌മേ റംസാൻ’ ഇഫ്താർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും ഭയക്കാതെ തല ഉയർത്തി നിന്ന യുവത്വം ഇന്ത്യയുടെ പ്രതീകമായിരുന്നു. സ്വന്തന്ത്ര്യ സമര കാലം മുതൽക്കുള്ള രാജ്യത്തിന്റെ ചരിത്രം അതിനു തെളിവാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകാധിപത്യ ഭരണകൂടമായി ബി.ജെ.പി സർക്കാർ മാറിക്കഴിഞ്ഞിരിക്കുന്നു.ഇതിനെതിരെ മറ്റെല്ലാം മറന്നു യുവജന സംഘടനകൾ ഒരുമിക്കേണ്ട കാലമാണിത്. ഈ സന്ദേശം യഥാർത്ഥ്യമാക്കാൻ യൂത്ത് ലീഗ് നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി ഖാഇദേ മില്ലത് സെന്ററിൽ നടന്ന യൂത്ത് ലീഗ് ‘ബസ്‌മേ റംസാൻ’ പ്രതിപക്ഷ യുവജന സംഘടനാ നേതാക്കളുടെ ഒത്തു ചേരലായി. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, സമാജ് വാദി യൂത്ത് വിഗ്, എൻ സി പി, എ എ പി തുടങ്ങി പ്രമുഖ സംഘടനകളുടെ നേതാക്കളും മാധ്യമ പ്രവർത്തകരും സംബന്ധിച്ചു.

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി അശ്റഫലി സ്വാഗതം പറഞ്ഞു. ഓർഗനൈസിഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ ആമുഖ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി സി.കെ ഷാകിർ നന്ദി പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമർ, ആസിഫ് അൻസാരി, മുൻ മന്ത്രിയും സ്ഥലം എം.എൽ.എയുമായ ഇമ്രാൻ ഹുസൈൻ, സഞ്ജയ് കുമാർ (ഡി.വൈ.എഫ്.ഐ), സുഖവിന്ദർ മഹേശ്വരി (എ.ഐ.വൈ.എഫ് ), ഫഹദ് ആലം (സമാജ് വാദി യുവ സഭ), അയീൻ അഹ്‌മദ് (യുവ ആർ ജെ ഡി ), അനുരാഗ് നിഗം (യൂത്ത് വിംഗ് എ.എ.പി ), സായി ബാലാജി (ഐസ), മുഹമ്മദ് ഫഹദ് (എൻ സി പി ), അസറുദിൻ ചൗധരി, അഡ്വ:മർസൂഖ് ബാഫഖി(യൂത്ത് ലീഗ്), ഡോ:ഷീത് (എസ്.കെ.എസ്.എസ്.എഫ്), മുഹമ്മദ് ഹലിം (കെ.എം.സി.സി ), അജ്മൽ മുഫീദ് (കെ.എം.ഡബ്‌ളിയു ) അതീബ് ഖാൻ, ഇമ്രാൻ ഐജാസ്, ആഷിക്ക് ഇലാഹി എന്നിവർ സംസാരിച്ചു.

Continue Reading

Article

സ്നേഹമന്ത്രം കൊണ്ട് ആശ്വാസം പകര്‍ന്ന ആറ്റാക്ക

കേരളത്തിലെ സാംസ്‌കാരിക പരിസരത്ത് എന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന നാമമാണ് ആറ്റാക്കയുടേത്.

Published

on

By

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തേടിയെത്തുന്നവരുടെ മനസ്സിലെ സൂക്ഷ്മഖിന്നത പോലും കണ്ടെടുത്ത് സ്നേഹമന്ത്രം കൊണ്ട് ലേപനം പുരട്ടി ആശ്വാസം നല്‍കിയിരുന്ന ഭിഷ്വഗ്വരനായിരുന്നു പ്രിയപ്പെട്ട സഹോദരന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കാരുണ്യത്തിന്റെ ആള്‍രൂപമെന്ന പ്രയോഗം ഏറ്റവുമധികം ഇണങ്ങുന്നൊരാള്‍. കഴിഞ്ഞ ദിവസം മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി മുസ്‌ലിം ലീഗ്‌ പണികഴിപ്പിച്ച വീടുകള്‍ കൈമാറിയപ്പോള്‍ ഏറ്റവുമധികം ആഗ്രഹിച്ച സാമീപ്യം അദ്ദേഹത്തിന്റേതായിരുന്നു. വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം വീട് നിര്‍മിച്ചുനല്‍കുന്ന ബൈത്തുറഹ്‌മ പദ്ധതി നടപ്പിലാക്കിയ നേതാവിനെ. ശൂന്യമായ ആകാശത്തിന് കീഴില്‍നിന്നും വാടക വീടുകളില്‍നിന്നും ആളുകളെ തേടിയെടുത്ത് അടച്ചുറപ്പുള്ള ഭവനങ്ങളിലേക്ക് ആനയിച്ച പ്രിയപ്പെട്ടവരെ…

കേരളത്തിലെ സാംസ്‌കാരിക പരിസരത്ത് എന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന നാമമാണ് ആറ്റാക്കയുടേത്. ലളിതമായ സംസാരംകൊണ്ടും ഹൃദ്യമായ പെരുമാറ്റംകൊണ്ടും മനുഷ്യരെ തങ്ങളിലേക്കാകര്‍ഷിക്കുന്ന മാന്ത്രികത അദ്ദേഹത്തിനുണ്ടായിരുന്നു. വേദനകളില്‍ ആശ്വാസം തേടിയെത്തുന്നവരെ ചേര്‍ത്തുനിര്‍ത്താനും അവരുടെ നോവുകള്‍ തീര്‍ക്കുന്നതിനും അവര്‍ക്ക് സാധിച്ചു. ആ ജീവിതചര്യ പകര്‍ത്തുകയാണ് എന്റെയും പിന്‍തലമുറയുടെയും ഉത്തരവാദിത്തം. അത് നിറവേറ്റാനുള്ള നിരന്തര പരിശ്രമത്തിലാണ് ഞങ്ങളെല്ലാം. അതിനായി ഇന്നും ഞങ്ങളുടെ മുറ്റം ജനങ്ങള്‍ക്കായി തുറന്നുനല്‍കിയിരിക്കുകയാണ്. അവിടെയിറങ്ങിനടക്കുന്നത് അവരാണ്. അവിടെ ഓടിക്കളിക്കുന്നത് അവരുടെ മക്കളാണ്. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ അവരുടേതാണ്. അത് ഞങ്ങള്‍ അവരുടെ വിഹാരത്തിനായി വിട്ടുനല്‍കിയതാണ്.

വളരെ ചെറുപ്പത്തില്‍തന്നെ പിതാവ് മരണപ്പെട്ടതോടെ സഹോദരങ്ങളുടെ മേല്‍നോട്ടത്തിലായിരുന്നു എന്റെ ബാല്യകാലം. മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും ശിക്ഷണവും ശാസനയും വ്യക്തിത്വത്തെ പരുവപ്പെടുത്തി. പിന്നീട് ചുമതലകളോരോന്നും ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ മാര്‍ഗദര്‍ശിയായും അവരുണ്ടായിരുന്നു. സംഘടനകളുടെ നേതൃത്വത്തിലേക്ക് പരുവപ്പെടുത്തിയെടുക്കുന്നതിന് അവസാനം വരെ കൂടെയുണ്ടായിരുന്നതും പ്രിയപ്പെട്ട ആറ്റാക്കയായിരുന്നു. എസ്.കെ.എസ്.എസ്.എഫില്‍ തുടങ്ങിയ സംഘടനാ ജീവിതം മുസ്ലിം യൂത്ത് ലീഗ്, എസ്.വൈ.എസ്, മുസ്ലിംലീഗ് നേതൃത്വത്തിലെത്തുന്നതുവരെ അദ്ദേഹം കൂടെ നടന്നു. ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും അദ്ദേഹത്തില്‍നിന്നും പകര്‍ന്നുകിട്ടി. പ്രതിസന്ധിഘട്ടങ്ങളില്‍ കൂട്ട് അദ്ദേഹത്തിന്റെ മൊഴികളാണ്, പ്രവര്‍ത്തനങ്ങളും രീതിശാസ്ത്രവുമാണ്.

പിതാവ് മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ് ആറ്റാക്ക പഠനം പൂര്‍ത്തിയാക്കി വരുന്നത്. ഞാനും അനുജന്‍ അബ്ബാസലി ശിഹാബുമൊക്കെ ബാല്യത്തിലാണ്. മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി തങ്ങളുമൊക്കെ ബാപ്പാന്റെ പൊതു പ്രവര്‍ത്തനത്തിന്റെ ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തന മണ്ഡലത്തില്‍. ഇതോടെ ആറ്റാക്ക പിതാവിനെ ശുശ്രൂഷിക്കാന്‍ കൂടെതന്നെ നിന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ആറ്റാക്കക്കും ബാപ്പയെ അത്രയേറെ ഇഷ്ടമായിരുന്നു. ചെറുപ്പം മുതലേ ബാപ്പാക്കൊപ്പം കിടക്കുന്നത് ആറ്റാക്കയാണ്. ചെറുപ്പത്തിലേ ഉമ്മ മരിച്ചതോടെ ആ ഹൃദയ ബന്ധം ഊഷ്മളമായത്. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് കുറെക്കാലം വാപ്പാന്റെ ചെറിയ കുട്ടിയായിരുന്നല്ലോ. ആ അടുപ്പം ബാപ്പാക്ക് വലിയ ആശ്വാസമേകി. മരുന്നും ഭക്ഷണവും കൊടുത്തു പരിചരിച്ച ആറ്റാക്ക, ബോംബെയിലേക്ക് ബാപ്പയെ ചികിത്സക്ക് കൊണ്ടു പോയപ്പോഴും കൂടെപ്പോയി. പാണക്കാട് അഹമ്മദാജിയും ചാക്കീരി അഹമ്മദ് കുട്ടി സാഹിബുമൊക്കെയാണ് കൂടെ പോയ മറ്റുള്ളവര്‍. അന്ന് രോഗത്തിന്റെ ഗൗരവമോ തീവ്രതയോ ഒന്നും എനിക്കറിയുമായിരുന്നില്ല. ബോംബെ ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ചെത്തി വീട്ടില്‍ തന്നെ കിടന്ന് ചികിത്സ ചെയ്യുമ്പോഴും എവിടേക്കും പോകാതെ ആറ്റാക്ക കൂടെ തന്നെയായിരുന്നു.
ആറ്റാക്കയുടെ പഠനകാര്യത്തിലും ബാപ്പാക്ക് വലിയ ശ്രദ്ധയുണ്ടായിരുന്നു. പാണക്കാട് സ്‌കൂളിലെ പ്രൈമറി പഠന ശേഷം മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന കോഴിക്കോട് മദ്രസ്സത്തുല്‍ മുഹമ്മദിയ ഹൈസ്‌കൂളിലേക്ക് വിട്ടു. പിന്നീട് എം.എം ഹൈസ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചു. എസ്.എസ്.എല്‍.സി പാസ്സായി തിരിച്ചെത്തി ദര്‍സിലും വൈകാതെ പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലും പഠനം. മഊനത്തില്‍നിന്ന് ബിരുദമെടുത്ത ശേഷമാണ്, പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ ചേരുന്നതും ഫൈസി ബിരുദവും കരസ്ഥമാക്കുന്നതും. ഇ. കെ അബൂബക്കര്‍ മുസ്്‌ലിയാര്‍, കോട്ടുമല ഉസ്താദ്, കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ മഹാഗുരുനാഥന്‍മാരുടെ ഇഷ്ട ശിഷ്യനായ അദ്ദേഹം ജീവിതത്തിലുടനീളം ആ ഔന്നിത്യം കാത്തു സൂക്ഷിച്ചു. ശംസുല്‍ ഉലമ തന്റെ ശിക്ഷ്യനായ ഹൈദരലി തങ്ങളെ കൊണ്ട് പല വേദികളിലും ദുആ ചെയ്യിപ്പിച്ചാണ് സ്‌നേഹം പ്രകടിപ്പിച്ചതും ആദരിച്ചതും. ബാപ്പയില്‍നിന്ന് നേരിട്ട് ലഭിച്ച ആത്മീയ ശിക്ഷണവും കരഗതമാക്കിയ വിജ്ഞാനവും ആര്‍ജ്ജിച്ചെടുത്ത നേതൃപാടവും പാണക്കാട് കുടുംബത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന നേതൃഗുണങ്ങളിലേക്ക് ഉയരാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കി. പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വ സമന്വയത്തെ ശാന്തമായി അദ്ദേഹം പ്രതിഫലിപ്പിച്ചു.

ബാപ്പാന്റെ മരണത്തോടെ ശിഹാബ് തങ്ങള്‍ സംസ്ഥാന മുസ്ലിംലീഗിന്റെയും ഹൈദരലി തങ്ങള്‍ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗിന്റേയും അമരത്തേക്ക് വന്നു. മുസ്‌ലിം ലീഗിനെയും സമസ്തയെയും ഹൃദയത്തിലേറ്റി അര്‍പ്പിത മനസ്സുമായി നയിച്ചു. എസ്.കെ.എസ്.എസ്.എഫിന് മുമ്പ് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന എസ്.എസ്.എഫ് പ്രഥമ പ്രസിഡന്റായിരുന്ന ഹൈദരലി തങ്ങള്‍, പിന്നീട് എസ്.വൈ.എസ് പ്രസിഡന്റുമായി. സമസ്ത ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയുമായിരിക്കുമ്പോള്‍ തന്നെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനവും പരാതിക്ക് ഇടയില്ലാത്ത വിധം അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി. രണ്ട് പതിറ്റാണ്ടിലേറെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റായ ശേഷമാണ് അദ്ദേഹം ശിഹാബ് തങ്ങളുടെ വിയോഗ ശേഷം സംസ്ഥാന പ്രസിഡന്റാവുന്നത്. യു.ഡി.എഫ് രാഷ്ട്രീയത്തെ മുന്നില്‍നിന്നു നയിച്ച അദ്ദേഹം, മുസ്‌ലിംലീഗിന് ഏറ്റവുമധികം എം.എല്‍. എമാരെയും മന്ത്രിമാരെയും സംഭാവന ചെയ്ത പ്രസിഡന്റുകൂടിയാണ്. ഇന്ന് മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് നാം നില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മറ്റു രാഷ്ട്രീയ തീരുമാനത്തിലും ആറ്റാക്കയുടെ മാതൃകയുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയെന്നതില്‍ നിന്നും ഭരണപക്ഷ പാര്‍ട്ടിയാകാനുള്ള ശ്രമത്തിലാണ് മുസ്ലിംലീഗ്. അതിനുള്ള പ്രവര്‍ത്തനോര്‍ജ്ജമായി അദ്ദേഹത്തിന്റെ ഓര്‍മകളുണ്ട്. ആറ്റാക്ക നയിച്ച വഴിയേ സമൂഹത്തെയും സമുദായത്തെയും നയിക്കാന്‍ നമുക്ക് കരുത്തുണ്ടാകണം. അതിന് അല്ലാഹു തൗഫീഖ് നല്‍കട്ടെ. മഹാനവര്‍കളുടെ ദറജ ഉയര്‍ത്തട്ടെ.

Continue Reading

Trending