Connect with us

editorial

തന്നിഷ്ടത്തിനേറ്റ കനത്ത തിരിച്ചടി

സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഇടപെടല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.

Published

on

ഭരണനിര്‍വഹണത്തിന്റെ നട്ടെല്ലായ സിവില്‍ സര്‍വീസിനെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രീതിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഉത്തരവ്. ഐ.എ.എസ് കേഡര്‍ തസ്തികകളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെയും മറ്റ് കേഡര്‍ ഇതര ഉദ്യോഗസ്ഥരെയും തിരുകിക്കയറ്റുന്ന സര്‍ക്കാര്‍ രീതി നിയമവിരുദ്ധമാണെന്ന ട്രിബ്യൂണലിന്റെ നിരീക്ഷണം കേവലം സാങ്കേതിക തിരുത്തലല്ല, മറിച്ച് ഭരണഘടനാപരമായ ചട്ടക്കൂടിനെ ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ്.

സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഇടപെടല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുകയാണ്. ബി അശോക് കുമാറിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ കേഡര്‍ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സി.എ.ടി വ്യക്തമാക്കി. നിലവില്‍ എക്‌സൈസ് കമ്മീഷണറായ എം.ആര്‍ അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ.എ.എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവു എന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടിവരും. മാനസപുത്രന്‍ തെറിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് വന്‍ തിരിച്ചടിയാണ്. മാത്രമല്ല ഉത്തരവ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന എം.ആര്‍ അജിത് കുമാറിനെയാണ്.

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ.എ.എസ് കേഡര്‍ തസ്തികയാണ്. അവിടെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്ന ട്രിബ്യൂണലിന്റെ കണ്ടെത്തല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന എം.ആര്‍ അജിത്കുമാറിനെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഇപ്പോള്‍ നിയമത്തിന്റെ നൂല്‍പ്പാലത്തില്‍ തട്ടി വീണിരിക്കുകയാണ്. ഇത് കേവലം അജിത് കുമാറിന്റെ വ്യക്തിപരമാ യ തിരിച്ചടിയല്ല, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണശൈലിക്കേറ്റ കനത്ത പ്രഹരം കൂടിയാണ്. ഘടം ക്ഷിയായ സി.പി.ഐ പോലും എതിര്‍ത്തിട്ടും പലപ്പോഴും അജിത്കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിറകുകള്‍ക്കുള്ളില്‍ സംരക്ഷിച്ചുപോരുകയായിരുന്നു. 2014-ലെ കേഡര്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ഉദ്യോഗസ്ഥരെ മാറ്റുന്ന രീതിക്ക് തടയിട്ട ട്രിബ്യൂണല്‍ നടപടി സ്വാഗതാര്‍ഹമാണ്. ബി. അശോക് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതിലൂടെ, ഭരണകൂടത്തിന്റെ ഇഷ്ടാനിഷ്ടങ്ങളല്ല മറിച്ച് നിലവിലുള്ള നി യമസംഹിതകളാണ് പരമമെന്ന് ഒരിക്കല്‍കൂടി വ്യക്തമായിരിക്കുന്നു. ഒരു ഉദ്യോഗസ്ഥന് നിശ്ചിത കാലാവധി നല്‍കണമെന്ന നിയമം ലംഘിക്കുന്നത് ഭരണപരമായ അസ്ഥിരതയ്ക്ക് കാരണമാകും.

ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഈ വിഷയത്തില്‍ നേരിട്ട് രംഗത്തിറങ്ങി എന്നത് ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥ ഭരണസംവിധാനത്തില്‍ രാഷ്ട്രീയ അതിപ്രസരം കൂടുമ്പോള്‍ സ്വാഭാവികമായും ഇത്തരം നിയമയുദ്ധങ്ങള്‍ അനിവാര്യമായിത്തീരുന്നു. ഐ.എ.എസ് തസ്തികകളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സിവില്‍ സര്‍വീസിന്റെ ഘടനയെത്തന്നെ തകര്‍ക്കും. തങ്ങളുടെ ആവശ്യം ലളിതമായിരുന്നുവെന്നാണ് ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ചട്ടങ്ങള്‍ പാലിക്കാത്ത സാഹചര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ പറഞ്ഞ എല്ലാ തടസവാദങ്ങളും പരിശോധിച്ചുള്ള വിധിയാണിത്. സ്ഥലംമാറ്റം കേഡര്‍ ചട്ടത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഐ.എ.എസുകാരെ നിയമിക്കേണ്ട കേഡര്‍ പോസ്റ്റുകളില്‍ ഐ.എ.എസ്സുകാരെയാണ് നിയമിക്കേണ്ടത്. അതിനു മാറ്റം വന്നപ്പോഴാണ് നിയമപരമായി മുന്നോട്ടു പോയത്.

സിവില്‍ സര്‍വീസ് ബോര്‍ഡ് 2016 ന് ശേഷം കേരളത്തില്‍ യോഗം ചേര്‍ന്നിരുന്നില്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് ശ്രമിച്ചിരുന്നെങ്കിലും അവസരം നല്‍കിയില്ലന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഭരണനിര്‍വഹണം എന്നത് രാഷ്ട്രീയ മേലാളന്മാരുടെ ആ ജ്ഞാനുവര്‍ത്തികളാകാനുള്ള ഒന്നല്ല. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഉദ്യോഗസ്ഥ വിന്യാസം നടത്താവു എന്ന സി.എ.ടി ഉത്തരവ് ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തും. സര്‍ക്കാരിന്റെ ‘തന്നിഷ്ട’ങ്ങള്‍ക്കേറ്റ ഈ പ്രഹരം വരുംദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. ഉദ്യോഗസ്ഥതലത്തിലെ അസംതൃപ്തിയും നിയമക്കുരുക്കുകളും ഭരണത്തിന്റെ വേഗത കുറയ്ക്കുമെന്നതില്‍ തര്‍ക്കമില്ല.

editorial

ഭാഷാസമര ചരിത്രം ജ്വലിക്കുന്ന ഓര്‍മ്മകള്‍

സുഫിയാന്‍ അബ്ദുസ്സലാം

Published

on

1400 റമസാന്‍ 17 ബുധന്‍. അറബി ഭാഷയുടെ സംരക്ഷണത്തിന് വേണ്ടി മുസ്ലിം യൂത്ത് ലീഗിന്റെ കര്‍മ്മഭടന്മാര്‍ ജീവന്‍ ത്യജിച്ചും രക്തം നല്‍കിയും വീരോചിത സമരം നയിച്ച അവിസ്മരണീയ ദിനം. മജീദ്-റഹ്‌മാന്‍-കുഞ്ഞിപ്പമാര്‍ രക്തസാക്ഷിത്വം വരിച്ച ദിവസം. അറബി ഭാഷയെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിന്നും തൂത്തെറിയാമെന്ന് ദിവാസ്വപ്‌നം കണ്ട മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ മുട്ടുവിറച്ച ദിവസം. സമരഭടന്മാര്‍ക്കെതിരെ നിറയൊഴിച്ചാല്‍ എല്ലാം അവസാനിക്കുമെന്ന് മനക്കോട്ട കെട്ടിയവര്‍ നിരാശരായ ദിവസം.
കേരളീയ മുസ്ലിം സമൂഹത്തിനും അറബി ഭാഷ സ്‌നേഹികള്‍ക്കും ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ചരിത്രമാണ് പി.കെ.കെ ബാവയും കെ.പി.എ മജീദും നേതൃത്വം നല്‍കിയിരുന്ന മുസ്ലിം യൂത്ത് ലീഗ് നയിച്ച ഭാഷാ സമര പോരാട്ടം. 46 വര്‍ഷം പിന്നിടുമ്പോഴും ഒരു സമരം ആവര്‍ത്തിച്ച് അനുസ്മരിക്കപ്പെടുന്നുവെങ്കില്‍ അതെത്രമാത്രം ഐതിഹാസികമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മതനിരാസ ആശയങ്ങള്‍ തത്ത്വശാസ്ത്രമായി പേറി നടന്ന കമ്യൂണിസ്റ്റുകാര്‍ക്കും അവരുടെ ഉപദേശികളായ ‘ബുദ്ധിജീവികള്‍ക്കും’ അറബി ഭാഷയോടും അത് സമ്മാനിക്കുന്ന സാംസ്‌കാരിക സമൂഹത്തോടുമുണ്ടായിരുന്ന കടുത്ത വിരോധവും അസൂയയുമായിരുന്നു അറബി ഭാഷക്കെതിരെ കരിനിയമങ്ങളുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്.
1980 ജനുവരി 25 ന് ഒന്നാം ഇ.കെ നായനാര്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ അറബിഭാഷയെ സ്‌കൂളുകളില്‍നിന്നും ഉന്മൂലനം ചെയ്യാന്‍ വേണ്ടിയുള്ള ഗൂഢാലോചനകള്‍ കമ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. പ്രൈമറി വിദ്യാഭ്യാസ രംഗത്ത് മാതൃഭാഷ മാത്രമേ പാടുള്ളൂ എന്ന വാദമാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. ‘ഭാഷാബോധന നയം’ എന്നാണ് അവര്‍ അതിന് പേരിട്ടത്. അധികാരത്തില്‍ വന്ന് അഞ്ച് മാസത്തിനുള്ളില്‍തന്നെ 1980 ജൂണ്‍ 11 ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അറബി പഠിപ്പിക്കണമെങ്കില്‍ മൂന്ന് നിബന്ധനകളാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. അവ അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍ എന്ന് വിളിക്കപ്പെട്ടു.
അറബി റെഗുലര്‍ വിഷയമല്ല എന്നും അതുകൊണ്ടുതന്നെ സ്‌കൂള്‍ കെട്ടിടത്തില്‍ അറബി പഠിപ്പിക്കാന്‍ പറ്റില്ലെന്നും അതിന് പ്രത്യേക സ്ഥല സൗകര്യങ്ങള്‍ ഒരുക്കണമെന്നും അനുശാസിക്കുന്നതാണ് ഒന്നാമത്തെ നിബന്ധന. ഇതിനെയാണ് ‘അക്കമഡേഷന്‍’ എന്ന് വിളിക്കുന്നത്. ഒരു കുട്ടി അറബി പഠിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കുട്ടിയുടെ രക്ഷിതാവ് ആറാം പ്രവൃത്തി ദിവസത്തിന് മുമ്പ് ഹെഡ്മാസ്റ്ററുടെ മുമ്പില്‍ നേരിട്ട് ഹാജരായി ഒപ്പിട്ടുകൊടുക്കണം എന്നതാണ് ‘ഡിക്ലറേഷന്‍’ എന്ന പേരിലറിയപ്പെടുന്ന രണ്ടാമത്തെ നിബന്ധന. മൂന്നാമത്തേത് ‘ക്വാളിഫിക്കേഷന്‍’ ആണ്. അക്കാലത്ത് അറബി അധ്യാപകര്‍ക്ക് മാത്രമല്ല, പൊതു അധ്യാപകരില്‍ ചിലര്‍ക്കും എസ്.എസ്. എല്‍.സി ഉണ്ടായിരുന്നില്ല. ഇന്‍സര്‍വീസ് കോഴ്സുകളിലൂടെയാണ് അത് പരിഹരിച്ചിരുന്നത്. അറബി അധ്യാപകര്‍ക്ക് ഓറിയന്റല്‍ ടൈറ്റില്‍ യോഗ്യത മതിയായിരുന്നു. എസ്.എസ്.എല്‍.സി ഇല്ലാത്ത അറബി അധ്യാപകര്‍ മാത്രം അത് എഴുതി പാസ്സാവണമെന്ന ഈ നിബന്ധന തികച്ചും പക്ഷപാതപരമായിരുന്നു. ഉത്തരവിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയ കെ. എ.ടി.എഫ് നേതാക്കളായിരുന്ന പി.കെ അഹമ്മദലി മദനി, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ള മുസ്ലിംലീഗ് നേതാക്കളെ ധരിപ്പിച്ചു. പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
1980 ജൂലൈ 4 ന് അറബി അധ്യാപകര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ കൂട്ടധര്‍ണ്ണ നടത്തി. ധര്‍ണ്ണയെ അഭിസംബോധന ചെയ്തു സി.എച്ച് പറഞ്ഞു: ‘നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടവരാണ്; നിങ്ങള്‍ സമരം ചെയ്യേണ്ടവരല്ല. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.’ അതോടെ സമുദായം അതേറ്റെടുത്തു. മുസ്ലിം ലീഗിന്റെ 14 എം.എല്‍.എമാരും വിദ്യാഭ്യാസ മന്ത്രി ബേബിജോണുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതോടെ സി.എച്ചിന്റെ ആഹ്വാനം അനുസരിച്ച് മുസ്ലിം യൂത്ത് ലീഗ് സമരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. ജൂലൈ 30ന് സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകള്‍ക്ക് മുമ്പിലും പിക്കറ്റിങ് സമരം നടത്താന്‍ തീരുമാനിച്ചു. വ്രതം അനുഷ്ഠിച്ചുകൊണ്ടുതന്നെ ബദര്‍ ദിനമായ റമസാന്‍ 17 ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്ടറേറ്റുകളിലേക്ക് ഒഴുകി. മലപ്പുറത്തെ സമരത്തിന് നേര്‍ക്ക് പൊലീസ് അകാരണമായി വെടിവെച്ചു. മൈലപ്പുറത്തെ കോതേങ്ങല്‍ അബ്ദുല്‍ മജീദും തേഞ്ഞിപ്പലത്തെ കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹ്‌മാനും കാളികാവിലെ ചേന്നംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പയും പൊലീസ് വെടിവെപ്പില്‍ വീരമൃത്യു വരിച്ചു. മൂവര്‍ക്കും 22-24 വയസ്സ് മാത്രമായിരുന്നു പ്രായം. വെടിവെപ്പിനെ തുടര്‍ന്ന് യൂത്ത് ലീഗ് പിന്മാറുമെന്ന് പ്രതീക്ഷിച്ച സര്‍ക്കാറിന് തെറ്റി.
കേരളത്തെ ഞെട്ടിച്ച സംഭവം പിറ്റേ ദിവസം സി.എച്ച് നിയമസഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ എ.പി കുര്യന്‍ അനുമതി നിഷേധിച്ചു. ‘മലപ്പുറത്തിന്റെ മണ്ണില്‍ വെടിയുണ്ടയേറ്റ് പിടഞ്ഞു വീണു മരിച്ചവരുടെ കരിഞ്ഞ മാംസത്തിന്റെ ഗന്ധം ഇപ്പോഴും മാറിയിട്ടില്ല സാര്‍. അതെല്ലാം മറന്ന് ഇവിടെ നിയമനിര്‍മ്മാണത്തില്‍ പങ്കെടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്’. സി.എച്ച് മുഖ്യമന്ത്രിയോടും സ്പീക്കറോടും രോഷാകുലനായി. ‘എന്റെ സഹോദരങ്ങള്‍ അവിടെ മരിച്ചു വീണു സാര്‍’ എന്ന് പറഞ്ഞുകൊണ്ട് അതീവ ദുഃഖത്തോടെ വിഷയം സഭയില്‍ ഉന്നയിച്ചുകൊണ്ട് സ്പീക്കറുടെ മുമ്പില്‍ ധര്‍ണ്ണക്കായി ചെന്ന യൂത്ത് ലീഗ് സെക്രട്ടറി കൂടിയായിരുന്ന കെ.പി.എ മജീദിനെ വാച്ച് ആന്റ് വാര്‍ഡ് മര്‍ദ്ദിച്ചു. അങ്ങേയറ്റം അവശനായി ബോധരഹിതനായ അദ്ദേഹത്തിന് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ സംരക്ഷണമൊരുക്കി. സി.എച്ചിന് പുറമെ സഭയില്‍ കെ. കരുണാകരന്‍, പി. സീതിഹാജി, ടി.എം ജേക്കബ്, ഇ. അഹമ്മദ്, കെ. കെ ബാലകൃഷ്ണന്‍, ഡോ. കുട്ടപ്പന്‍ തുടങ്ങിയവരെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.
സര്‍ക്കാര്‍ പ്രതിരോധത്തിലായി. ചില നിബന്ധനകള്‍ ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും മൂന്ന് നിബന്ധനകളും പൂര്‍ണ്ണമായും പിന്‍വലിക്കുന്നതുവരെ യൂത്ത് ലീഗ് സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. സെപ്തംബര്‍ 30 ന് യൂത്ത് ലീഗ് രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചതോടെ സര്‍ക്കാറിന് മുട്ടുവിറച്ചു. സെപ്തംബര്‍ 10 നും 19 നും മുസ്ലിംലീഗ്, കെ.എ.ടി.എഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ സര്‍ക്കാറിന് മൂന്ന് ‘കൂച്ചുവിലങ്ങുകളും’ പൊട്ടിച്ചുകളയേണ്ടി വന്നു. മുസ്ലിംലീഗ് നേതാക്കളുടെ ആര്‍ജ്ജവത്തിനും മുസ്ലിം യൂത്ത് ലീഗിന്റെ സമരവീര്യത്തിനും മുന്നില്‍ മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ പതറിയ ചരിത്രമാണ് ഭാഷാ സമരം വിളിച്ചുപറയുന്നത്.

 

Continue Reading

editorial

ഇന്ത്യയുടെ നിശബ്ദതയും ദേശീയ താല്‍പ്പര്യങ്ങളും

ഇന്ത്യയുടെ നയതന്ത്ര, ദേശീയ താല്‍പ്പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയറ വെക്കുകയാണ്.

Published

on

By

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, ഇന്ത്യ പുലര്‍ത്തുന്ന വിസ്മയിപ്പിക്കുന്ന മൗനം വലിയ ചോദ്യചിഹ്നങ്ങളാണ് ഉയര്‍ത്തുന്നത്. നയതന്ത്രരംഗത്തെ കരുത്തുറ്റ സാന്നിധ്യമെന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ‘സുരക്ഷാ ദാതാവ്’ എന്നും സ്വയം വിശേഷിപ്പിക്കുന്ന ഒരു രാജ്യം, സ്വന്തം വാതില്‍പ്പടിയില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. മിഡില്‍ ഈസ്റ്റ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും കുറ്റകരമായ മൗനമാണ് തുടരുന്നത്. ഇന്ത്യയുടെ നയതന്ത്ര, ദേശീയ താല്‍പ്പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയറ വെക്കുകയാണ്.

പശ്ചിമേഷ്യയില്‍ നിന്നും യുദ്ധം നമ്മുടെ തൊട്ടടുത്തെത്തിയിട്ടും രാജ്യം തുടരുന്ന മൗനം ഭയപ്പെടുത്തുന്നതാണ്. ഇന്റര്‍നാഷണല്‍ ഫ്‌ലീറ്റ് റിവ്യൂ 2026-ല്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇറാനിയന്‍ കപ്പലിന് നേരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ചുണ്ടായ ടോര്‍പ്പിഡോ ആക്രമണത്തെ രാജ്യത്തിന് ഒരിക്കലും നോക്കിനില്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല. ഈ ആക്രമണം ഇന്ത്യയുടെ സമുദ്രസുരക്ഷാ വാദങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്. ഇന്ത്യയുടെ അതിഥിയായി എത്തിയ ഒരു കപ്പല്‍ നമ്മുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്ത് തകര്‍ക്കപ്പെട്ടിട്ടും ഒരു അനുശോചനമോ പ്രതിഷേധമോ രേഖപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല എന്നത് അമ്പരപ്പിക്കുന്നതാണ്. ‘മഹാസാഗര്‍’ പോലുള്ള ഉന്നത സിദ്ധാന്തങ്ങള്‍ പ്രസംഗിക്കുന്നവര്‍, സ്വന്തം അതിഥിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അമേരിക്കക്ക് മുന്നിലെ കീഴങ്ങടല്‍ രാജ്യത്തിന്റെ അന്തസ് ഇല്ലാതാക്കലാണ്. ഏകദേശം 180 പേരാണ് ഇറാനിയന്‍ കപ്പലില്‍ ഉണ്ടായിരുന്നത്. 87 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 32 പേരെ രക്ഷപ്പെടുത്തിയതായും ശ്രീലങ്കന്‍ നാവികസേന പറയുന്നു.

ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം ഇന്ത്യയുടെ ദേശീയ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. 38 വാണിജ്യ കപ്പലുകളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യന്‍ പതാക വഹിക്കുന്ന ഈ കപ്പലുകളില്‍ 1100-ഓളം നാവികരുണ്ട്. ക്യാപ്റ്റന്‍ ആശിഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികരുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ഫലപ്രദമായ ഒരു രക്ഷാപ്രവര്‍ത്തനവും കാണാനില്ല. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയില്‍ വാസുദേവ് കുടുംബകത്തിന്റെ കണിക പോലും ഇല്ല. രാജ്യത്തിന്റെ പ്രതിച്ഛായക്ക് ഏറ്റ കളങ്കമാണ് ഈ മൗനം. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഇന്നു വലിയൊരു ആശങ്കയിലാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോകള്‍ പുറത്തുവരുന്നത് സര്‍ക്കാരിന്റെ നിസ്സംഗതയുടെ സാക്ഷ്യപത്രമാണ്.

വര്‍ഷങ്ങളായി ഇന്ത്യ കെട്ടിപ്പടുത്ത ചേരിചേരാ നയവും തന്ത്രപരമായ സ്വയംഭരണവും ഇന്ന് വിട്ടുവീഴ്ച ചെയ്യപ്പെടുകയാണ്. മോദി സര്‍ക്കാരിന്റെ ഈ കീഴടങ്ങല്‍ രാഷ്ട്രീയപരവും അധാര്‍മ്മികവുമാണ്. ഇത് ഇന്ത്യയുടെ പ്രധാന ദേശീയ താല്‍പ്പര്യങ്ങളെ ഇല്ലാതാക്കുകയും നമ്മുടെ വിദേശനയത്തിന്റെ അടിത്തറ തകര്‍ക്കുകയും ചെയ്യും. ഒരുകാലത്ത് ആഗോളതലത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യ, ഇന്ന് പ്രധാനപ്പെട്ട ആഗോള പ്രതിസന്ധികളില്‍ കേവലം കാഴ്ചക്കാരനായി മാറുന്നത് ആശങ്കാജനകമാണ്.

കടലിലെ സുരക്ഷാ ദാതാവെന്ന് അവകാശപ്പെടുമ്പോഴും എന്തുകൊണ്ടാണ് ഇന്ത്യന്‍ നാവികരെ രക്ഷിക്കാന്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാകാത്തത്? പ്രശ്നബാധിത മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന്‍ ഗംഗ’യോ ‘ഓപ്പറേഷന്‍ കാവേരിയോ’ പോലുള്ള ദൗത്യങ്ങള്‍ ഇത്തവണ വൈകുന്നതെന്തുകൊണ്ട്? രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാരത്തെയും യുദ്ധം എങ്ങനെ ബാധിക്കുമെന്നതും ആശങ്കാജനകമാണ്. രാജ്യത്ത് 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും മറ്റ് ഇന്ധനങ്ങളും മാത്രമേ സ്റ്റോക്കുള്ളൂ എന്നാണ് പറയുന്നത്. എണ്ണവില കുതിച്ചുയരുമ്പോള്‍, നമ്മുടെ ഊര്‍ജ്ജ അടിയന്തര പദ്ധതി എന്താണ് എന്നതിലും ഒരു നിശ്ചയവുമില്ല. റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്താനുള്ള ആവശ്യം അംഗീകരിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഗള്‍ഫ് രാജ്യങ്ങളുമായുള്ള മറ്റ് പ്രധാന ഉത്പന്നങ്ങളുടെ വ്യാപാരത്തിന്റെ കാര്യവും കഷ്ടത്തിലാണ്.

ദേശീയ താല്‍പ്പര്യങ്ങള്‍ എന്നാല്‍ കേവലം പ്രസംഗങ്ങളല്ല, മറിച്ച് പ്രതിസന്ധിഘട്ടത്തില്‍ പൗരന്മാരുടെയും രാജ്യത്തിന്റെ അന്തസ്സിന്റെയും കാവലാളാകുക എന്നതാണ്. മൗനം എപ്പോഴും ഒരു നയതന്ത്രമല്ല; ചിലപ്പോള്‍ അത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും വിദേശനയത്തിലെ കരുത്ത് വീണ്ടെടുക്കുകയും വേണം.

 

Continue Reading

editorial

ശബരിമലയിലെ മലക്കം മറിച്ചില്‍

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ നിലപാട് തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയതോടെ ഇക്കാര്യത്തിലുള്ള പിണറായി സര്‍ക്കാറിന്റെ മലക്കംമറിച്ചിലിന് ഒരിക്കല്‍കൂടി കേരള സമൂഹം സാക്ഷിയായിരിക്കുകയാണ്.

Published

on

By

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ നിലപാട് തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയതോടെ ഇക്കാര്യത്തിലുള്ള പിണറായി സര്‍ക്കാറിന്റെ മലക്കംമറിച്ചിലിന് ഒരിക്കല്‍കൂടി കേരള സമൂഹം സാക്ഷിയായിരിക്കുകയാണ്. യുവതീ പ്രവേശന വിധിയെ എതിര്‍ക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കാനുമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറടക്കമുള്ള കക്ഷികള്‍ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി മാര്‍ച്ച് 14 വരെ സമയം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, വിഷയം ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കുമെന്നും, മതാചാരങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച ഈ കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് യോഗംചേര്‍ന്നത്.

ഒരേ സര്‍ക്കാറിന്റെ കാലത്തുതന്നെ വ്യത്യസ്ത രീതിയിലുള്ള സത്യവാങ്മൂലം നല്‍കിയതിലൂടെ വിശ്വാസി സമൂഹം ഏറെ പ്രാധാന്യത്തോടെ നോക്കിക്കണ്ട വിഷയത്തിലെ സര്‍ക്കാറിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ശബരിമലയെ പന്താടുന്ന ഇടതു സര്‍ക്കാറിന്റെ സമീപനത്തിന് കേരള ജനത ഒറ്റക്കെട്ടായി കണക്കിനു നല്‍കിയതോടെയാണ് ഇപ്പോഴത്തെ പുനരാലോചനയെന്നതും യാഥാര്‍ത്ഥ്യമാണ്.

2018 ല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചിനു മുമ്പാകെ അന്നത്തെ ദേവസ്വംബോര്‍ഡ് ശക്തമായ എതിര്‍പ്പായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ 2019 ല്‍ പുനപരിശോധനാ ഹരജി പരിഗണിച്ചപ്പോള്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പാക്കണമെന്ന് ദേവസ്വംബോര്‍ഡ് കോടതിയില്‍ വാദിക്കുകയായിരുന്നു.

ഇപ്പോള്‍ യുവതീ പ്രവേശനം പാടില്ലെന്ന ദേവസ്വംബോര്‍ഡിന്റെ തീരുമാനം സര്‍ക്കാറിന്റെ മലക്കംമറിച്ചിലനുള്ള മറ്റൊരുദാഹരണമാണ്. 2018 ല്‍ സുപ്രീംകോടതി വിധിക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വംബോര്‍ഡിന്റെ അധ്യക്ഷന്‍. സര്‍ക്കാര്‍ മാറിയിരുന്നുവെങ്കിലും ദേവസ്വംബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ യു.ഡി.എഫ് കാലത്തെ ഭരണസമിതിയായിരുന്നു നിലവിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ശബരിമലയില്‍ ആചാരസംരക്ഷണമെന്ന പ്രഖ്യാപിത നിലപാടിനൊപ്പമായിരുന്നു ആ ഭരണസമിതി നിലയുറപ്പിച്ചത്.

ശബരമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്‌മചാരിയാണെന്നും അതിനാല്‍ പത്തിനും അന്‍പതിനുമിടയിലുള്ള സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ പാടില്ലെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്‌വി കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി. അതേസമയം തന്നെ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ യുവതീ പ്രവേശത്തെ ശക്തമായി അനുകൂലിച്ചും വാദിച്ചു. ഇതോടെയാണ് യുവതീപ്രവേശനത്തിന് അനുകൂലമായ അഞ്ചംഗബെഞ്ചിന്റെ വിധി സുപ്രീംകോടതിയില്‍നിന്നുണ്ടായത്. 2019 ല്‍ പുനപരിശോധനാ ഹര്‍ജി കോടതി പരിഗണിക്കുമ്പോഴേക്കും ദേവസ്വംബോര്‍ഡ് ഭരണസമിതിയും മാറിയിരുന്നു. ഇതോടെ ബോര്‍ഡിന്റെ നിലപാടും സ്ത്രീപ്രവേശനത്തിന് അനുകൂലമായിത്തീര്‍ന്നു. 2007 ലെ വി.എസ് സര്‍ക്കാറും യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. 2016 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സ്ത്രീപ്രവേശനത്തിന് എതിരായ നിലപാടായിരുന്നു സര്‍ക്കാര്‍സ സ്വീകരിച്ചിരുന്നത്.

പിണറായി സര്‍ക്കാറിന്റെ കടുംപിടുത്തത്തിന്റെ ഫലമായുണ്ടായ സ്ത്രീപ്രവേശനത്തിനനുകൂലമായ വിധിയും അതിനു പിന്നാലെ അയ്യപ്പഭക്തന്‍മാരുടെ ഹൃദയംതകര്‍ത്തുകൊണ്ടുള്ള സ്ത്രീപ്രവേശന നാടകവും സംസ്ഥാനത്താകെ പ്രതിഷേധത്തിന്റെ കോടുങ്കാറ്റുരൂപപ്പെട്ടതുമെല്ലാം ആ നിലപാടിന്റെ ബാക്കിപത്രമായിരുന്നു. ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം സര്‍ക്കാര്‍ നിലപാട് തിരുത്തുമ്പോള്‍ വിശ്വാസാചാരങ്ങളില്‍ കൈകടത്തിയതിന്റെ പേരില്‍ ജനംനല്‍കിയ കടുത്ത മുന്നറിയിപ്പാണ് ഈ നയംമാറ്റത്തിനുപിന്നിലെന്നത് സുവ്യക്തമാണ്. 2018 ലെ കോടതി വിധിക്ക് പിന്നാലെ വൈക്കം സത്യാഗ്രഹത്തിന്റെയും ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെയും തുടര്‍ച്ചയായി ശബരിമല സ്ത്രീപ്രവേശത്തെ അടയാളപ്പെടുത്തുകയും അതിനായി നവോത്ഥാന സമിതിയും വനിതാ മതിലുമെല്ലാം രൂപപ്പെടുത്തുകയും ചെയ്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്.

എന്നാല്‍ യുവതീ പ്രവേശനത്തിനു പിന്നാലെ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഒരു സീറ്റ് മാത്രം നല്‍കിയാണ് ജനം തിരിച്ചടി നല്‍കിയത് നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖത്തുനില്‍ക്കുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയും അയ്യപ്പസംഗമത്തിലെ അഴിമതി ആരോപണങ്ങളുമെല്ലാം നടുവൊടിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിണറായി സര്‍ക്കാറിന്റെ മറ്റൊരു യു ടേണ്‍.

 

Continue Reading

Trending