editorial
ഇന്ത്യയുടെ നിശബ്ദതയും ദേശീയ താല്‍പ്പര്യങ്ങളും
ഇന്ത്യയുടെ നയതന്ത്ര, ദേശീയ താല്‍പ്പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയറ വെക്കുകയാണ്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, ഇന്ത്യ പുലര്‍ത്തുന്ന വിസ്മയിപ്പിക്കുന്ന മൗനം വലിയ ചോദ്യചിഹ്നങ്ങളാണ് ഉയര്‍ത്തുന്നത്. നയതന്ത്രരംഗത്തെ കരുത്തുറ്റ സാന്നിധ്യമെന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ‘സുരക്ഷാ ദാതാവ്’ എന്നും സ്വയം വിശേഷിപ്പിക്കുന്ന ഒരു രാജ്യം, സ്വന്തം വാതില്‍പ്പടിയില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. മിഡില്‍ ഈസ്റ്റ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും കുറ്റകരമായ മൗനമാണ് തുടരുന്നത്. ഇന്ത്യയുടെ നയതന്ത്ര, ദേശീയ താല്‍പ്പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയറ വെക്കുകയാണ്.
പശ്ചിമേഷ്യയില്‍ നിന്നും യുദ്ധം നമ്മുടെ തൊട്ടടുത്തെത്തിയിട്ടും രാജ്യം തുടരുന്ന മൗനം ഭയപ്പെടുത്തുന്നതാണ്. ഇന്റര്‍നാഷണല്‍ ഫ്ലീറ്റ് റിവ്യൂ 2026-ല്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇറാനിയന്‍ കപ്പലിന് നേരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ചുണ്ടായ ടോര്‍പ്പിഡോ ആക്രമണത്തെ രാജ്യത്തിന് ഒരിക്കലും നോക്കിനില്ക്കാന് കഴിയുന്നതായിരുന്നില്ല. ഈ ആക്രമണം ഇന്ത്യയുടെ സമുദ്രസുരക്ഷാ വാദങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്. ഇന്ത്യയുടെ അതിഥിയായി എത്തിയ ഒരു കപ്പല്‍ നമ്മുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്ത് തകര്‍ക്കപ്പെട്ടിട്ടും ഒരു അനുശോചനമോ പ്രതിഷേധമോ രേഖപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല എന്നത് അമ്പരപ്പിക്കുന്നതാണ്. ‘മഹാസാഗര്‍’ പോലുള്ള ഉന്നത സിദ്ധാന്തങ്ങള്‍ പ്രസംഗിക്കുന്നവര്‍, സ്വന്തം അതിഥിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അമേരിക്കക്ക് മുന്നിലെ കീഴങ്ങടല്‍ രാജ്യത്തിന്റെ അന്തസ് ഇല്ലാതാക്കലാണ്. ഏകദേശം 180 പേരാണ് ഇറാനിയന്‍ കപ്പലില്‍ ഉണ്ടായിരുന്നത്. 87 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 32 പേരെ രക്ഷപ്പെടുത്തിയതായും ശ്രീലങ്കന്‍ നാവികസേന പറയുന്നു.
ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം ഇന്ത്യയുടെ ദേശീയ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. 38 വാണിജ്യ കപ്പലുകളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യന്‍ പതാക വഹിക്കുന്ന ഈ കപ്പലുകളില്‍ 1100-ഓളം നാവികരുണ്ട്. ക്യാപ്റ്റന്‍ ആശിഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികരുടെ ജീവന് നഷ്ടപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ഫലപ്രദമായ ഒരു രക്ഷാപ്രവര്‍ത്തനവും കാണാനില്ല. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയില്‍ വാസുദേവ് കുടുംബകത്തിന്റെ കണിക പോലും ഇല്ല. രാജ്യത്തിന്റെ പ്രതിച്ഛായക്ക് ഏറ്റ കളങ്കമാണ് ഈ മൗനം. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഇന്നു വലിയൊരു ആശങ്കയിലാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോകള്‍ പുറത്തുവരുന്നത് സര്‍ക്കാരിന്റെ നിസ്സംഗതയുടെ സാക്ഷ്യപത്രമാണ്.
വര്‍ഷങ്ങളായി ഇന്ത്യ കെട്ടിപ്പടുത്ത ചേരിചേരാ നയവും തന്ത്രപരമായ സ്വയംഭരണവും ഇന്ന് വിട്ടുവീഴ്ച ചെയ്യപ്പെടുകയാണ്. മോദി സര്‍ക്കാരിന്റെ ഈ കീഴടങ്ങല്‍ രാഷ്ട്രീയപരവും അധാര്‍മ്മികവുമാണ്. ഇത് ഇന്ത്യയുടെ പ്രധാന ദേശീയ താല്‍പ്പര്യങ്ങളെ ഇല്ലാതാക്കുകയും നമ്മുടെ വിദേശനയത്തിന്റെ അടിത്തറ തകര്‍ക്കുകയും ചെയ്യും. ഒരുകാലത്ത് ആഗോളതലത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യ, ഇന്ന് പ്രധാനപ്പെട്ട ആഗോള പ്രതിസന്ധികളില്‍ കേവലം കാഴ്ചക്കാരനായി മാറുന്നത് ആശങ്കാജനകമാണ്.
കടലിലെ സുരക്ഷാ ദാതാവെന്ന് അവകാശപ്പെടുമ്പോഴും എന്തുകൊണ്ടാണ് ഇന്ത്യന്‍ നാവികരെ രക്ഷിക്കാന്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാകാത്തത്? പ്രശ്നബാധിത മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന് ഗംഗ’യോ ‘ഓപ്പറേഷന് കാവേരിയോ’ പോലുള്ള ദൗത്യങ്ങള്‍ ഇത്തവണ വൈകുന്നതെന്തുകൊണ്ട്? രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാരത്തെയും യുദ്ധം എങ്ങനെ ബാധിക്കുമെന്നതും ആശങ്കാജനകമാണ്. രാജ്യത്ത് 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും മറ്റ് ഇന്ധനങ്ങളും മാത്രമേ സ്റ്റോക്കുള്ളൂ എന്നാണ് പറയുന്നത്. എണ്ണവില കുതിച്ചുയരുമ്പോള്‍, നമ്മുടെ ഊര്‍ജ്ജ അടിയന്തര പദ്ധതി എന്താണ് എന്നതിലും ഒരു നിശ്ചയവുമില്ല. റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്താനുള്ള ആവശ്യം അംഗീകരിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഗള്‍ഫ് രാജ്യങ്ങളുമായുള്ള മറ്റ് പ്രധാന ഉത്പന്നങ്ങളുടെ വ്യാപാരത്തിന്റെ കാര്യവും കഷ്ടത്തിലാണ്.
ദേശീയ താല്‍പ്പര്യങ്ങള്‍ എന്നാല്‍ കേവലം പ്രസംഗങ്ങളല്ല, മറിച്ച് പ്രതിസന്ധിഘട്ടത്തില്‍ പൗരന്മാരുടെയും രാജ്യത്തിന്റെ അന്തസ്സിന്റെയും കാവലാളാകുക എന്നതാണ്. മൗനം എപ്പോഴും ഒരു നയതന്ത്രമല്ല; ചിലപ്പോള്‍ അത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും വിദേശനയത്തിലെ കരുത്ത് വീണ്ടെടുക്കുകയും വേണം.
editorial
ശബരിമലയിലെ മലക്കം മറിച്ചില്‍
ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്കിയ നിലപാട് തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയതോടെ ഇക്കാര്യത്തിലുള്ള പിണറായി സര്‍ക്കാറിന്റെ മലക്കംമറിച്ചിലിന് ഒരിക്കല്‍കൂടി കേരള സമൂഹം സാക്ഷിയായിരിക്കുകയാണ്.
ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്കിയ നിലപാട് തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയതോടെ ഇക്കാര്യത്തിലുള്ള പിണറായി സര്‍ക്കാറിന്റെ മലക്കംമറിച്ചിലിന് ഒരിക്കല്‍കൂടി കേരള സമൂഹം സാക്ഷിയായിരിക്കുകയാണ്. യുവതീ പ്രവേശന വിധിയെ എതിര്‍ക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കാനുമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറടക്കമുള്ള കക്ഷികള്‍ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി മാര്‍ച്ച് 14 വരെ സമയം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, വിഷയം ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കുമെന്നും, മതാചാരങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച ഈ കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് യോഗംചേര്‍ന്നത്.
ഒരേ സര്‍ക്കാറിന്റെ കാലത്തുതന്നെ വ്യത്യസ്ത രീതിയിലുള്ള സത്യവാങ്മൂലം നല്‍കിയതിലൂടെ വിശ്വാസി സമൂഹം ഏറെ പ്രാധാന്യത്തോടെ നോക്കിക്കണ്ട വിഷയത്തിലെ സര്‍ക്കാറിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ശബരിമലയെ പന്താടുന്ന ഇടതു സര്‍ക്കാറിന്റെ സമീപനത്തിന് കേരള ജനത ഒറ്റക്കെട്ടായി കണക്കിനു നല്‍കിയതോടെയാണ് ഇപ്പോഴത്തെ പുനരാലോചനയെന്നതും യാഥാര്‍ത്ഥ്യമാണ്.
2018 ല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്കിയ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചിനു മുമ്പാകെ അന്നത്തെ ദേവസ്വംബോര്‍ഡ് ശക്തമായ എതിര്‍പ്പായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ 2019 ല്‍ പുനപരിശോധനാ ഹരജി പരിഗണിച്ചപ്പോള്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പാക്കണമെന്ന് ദേവസ്വംബോര്‍ഡ് കോടതിയില്‍ വാദിക്കുകയായിരുന്നു.
ഇപ്പോള്‍ യുവതീ പ്രവേശനം പാടില്ലെന്ന ദേവസ്വംബോര്‍ഡിന്റെ തീരുമാനം സര്‍ക്കാറിന്റെ മലക്കംമറിച്ചിലനുള്ള മറ്റൊരുദാഹരണമാണ്. 2018 ല്‍ സുപ്രീംകോടതി വിധിക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വംബോര്‍ഡിന്റെ അധ്യക്ഷന്‍. സര്‍ക്കാര്‍ മാറിയിരുന്നുവെങ്കിലും ദേവസ്വംബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ യു.ഡി.എഫ് കാലത്തെ ഭരണസമിതിയായിരുന്നു നിലവിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ശബരിമലയില്‍ ആചാരസംരക്ഷണമെന്ന പ്രഖ്യാപിത നിലപാടിനൊപ്പമായിരുന്നു ആ ഭരണസമിതി നിലയുറപ്പിച്ചത്.
ശബരമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അതിനാല്‍ പത്തിനും അന്‍പതിനുമിടയിലുള്ള സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ പാടില്ലെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിംഘ്വി കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി. അതേസമയം തന്നെ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ യുവതീ പ്രവേശത്തെ ശക്തമായി അനുകൂലിച്ചും വാദിച്ചു. ഇതോടെയാണ് യുവതീപ്രവേശനത്തിന് അനുകൂലമായ അഞ്ചംഗബെഞ്ചിന്റെ വിധി സുപ്രീംകോടതിയില്‍നിന്നുണ്ടായത്. 2019 ല്‍ പുനപരിശോധനാ ഹര്‍ജി കോടതി പരിഗണിക്കുമ്പോഴേക്കും ദേവസ്വംബോര്‍ഡ് ഭരണസമിതിയും മാറിയിരുന്നു. ഇതോടെ ബോര്‍ഡിന്റെ നിലപാടും സ്ത്രീപ്രവേശനത്തിന് അനുകൂലമായിത്തീര്‍ന്നു. 2007 ലെ വി.എസ് സര്‍ക്കാറും യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. 2016 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സ്ത്രീപ്രവേശനത്തിന് എതിരായ നിലപാടായിരുന്നു സര്‍ക്കാര്‍സ സ്വീകരിച്ചിരുന്നത്.
പിണറായി സര്‍ക്കാറിന്റെ കടുംപിടുത്തത്തിന്റെ ഫലമായുണ്ടായ സ്ത്രീപ്രവേശനത്തിനനുകൂലമായ വിധിയും അതിനു പിന്നാലെ അയ്യപ്പഭക്തന്മാരുടെ ഹൃദയംതകര്‍ത്തുകൊണ്ടുള്ള സ്ത്രീപ്രവേശന നാടകവും സംസ്ഥാനത്താകെ പ്രതിഷേധത്തിന്റെ കോടുങ്കാറ്റുരൂപപ്പെട്ടതുമെല്ലാം ആ നിലപാടിന്റെ ബാക്കിപത്രമായിരുന്നു. ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം സര്‍ക്കാര്‍ നിലപാട് തിരുത്തുമ്പോള്‍ വിശ്വാസാചാരങ്ങളില്‍ കൈകടത്തിയതിന്റെ പേരില്‍ ജനംനല്‍കിയ കടുത്ത മുന്നറിയിപ്പാണ് ഈ നയംമാറ്റത്തിനുപിന്നിലെന്നത് സുവ്യക്തമാണ്. 2018 ലെ കോടതി വിധിക്ക് പിന്നാലെ വൈക്കം സത്യാഗ്രഹത്തിന്റെയും ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെയും തുടര്‍ച്ചയായി ശബരിമല സ്ത്രീപ്രവേശത്തെ അടയാളപ്പെടുത്തുകയും അതിനായി നവോത്ഥാന സമിതിയും വനിതാ മതിലുമെല്ലാം രൂപപ്പെടുത്തുകയും ചെയ്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്.
എന്നാല്‍ യുവതീ പ്രവേശനത്തിനു പിന്നാലെ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഒരു സീറ്റ് മാത്രം നല്‍കിയാണ് ജനം തിരിച്ചടി നല്‍കിയത് നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖത്തുനില്‍ക്കുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയും അയ്യപ്പസംഗമത്തിലെ അഴിമതി ആരോപണങ്ങളുമെല്ലാം നടുവൊടിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിണറായി സര്‍ക്കാറിന്റെ മറ്റൊരു യു ടേണ്‍.
editorial
യുദ്ധമല്ല, സമാധാനമാണ് സ്ഥാപിക്കേണ്ടത്
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ അയവില്ലാതെ തുടരുകയാണ്
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ അയവില്ലാതെ തുടരുകയാണ്. പരമോന്നത നേതാവ് ആയതുല്ല ഖാംനഇയുടെ ജീവന് പകരംചോദിക്കുമെന്ന ഉറച്ച നിലപാടുമായി ഇറാന് ശക്തമായ പ്രത്യാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ചര്‍ച്ചക്കും സന്നദ്ധമല്ലെന്ന അവരുടെ പ്രഖ്യാപനം അമേരിക്കയുടെ പൊറുക്കാനാകാത്ത അപരാധത്തോടുള്ള പ്രതികാരമാണ്. അതിന്റെ പ്രതിഫലനമെന്നോണം വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികത്താവളങ്ങളെയും ഇസ്രാഈലിനെയും ഇന്നലെ അവര്‍ നിരന്തരം ലക്ഷ്യംവെക്കുകയുണ്ടായി.
മറുഭാഗത്ത് അമേരിക്കയും ഇസ്രാഈലും ചെര്‍ന്ന് ഇറാനെതിരായ ആക്രമണവും കടുപ്പിച്ചിരിക്കുകയാണ്. ആക്രമണങ്ങളുടെ അനന്തരഫലമെന്നോണം ഗള്‍ഫിന്റെ ആകാശത്തിലൂടെ യുദ്ധവിമാനങ്ങളും മിസൈലുകളും ചീറിപ്പാഞ്ഞുകൊണ്ടിരിക്കുകയുമാണ്. നേരത്തെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയ രാജ്യങ്ങളും നിലവില്‍ ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ചകള്‍ വഴിയടഞ്ഞ നിലയിലാണുള്ളത്. വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന കണക്കെ ട്രംപ് പലസമയങ്ങളില്‍ പലതും പറഞ്ഞുകൊണ്ടിരിക്കുകയും സംഘര്‍ഷങ്ങളുടെ മുഴുവന്‍ മുതലെടുപ്പുകാരായ ഇസ്രാഈല്‍ കുടില തന്ത്രങ്ങള്‍ മെനയുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സാഹചര്യങ്ങള്‍ സങ്കീര്‍ണം തന്നെയാണ്. ലോക രാഷ്ട്രങ്ങളും ഐക്യ രാഷ്ട്രസംഘടനയും മൗനത്തിന്റെ മഹാമാളത്തില്‍ ഒളിച്ചുകൊണ്ട് സാമ്രാജ്യത്വ ശക്തികള്‍ക്ക് അനുകൂലമായ നിലപാടില്‍ നിലകൊള്ളുകയുമാണ്.
ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തിലേക്കുള്ള, സാമാന്യ നീതിക്ക് നിരക്കാത്ത തരത്തിലുള്ള ഈ കടന്നുകയറ്റത്തെ അപലപിക്കാനും ഇസ്രാഈല്‍ അമേരിക്കന്‍ ധ്വന്തത്തെ പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ലോരാഷ്ട്രങ്ങളുടെയും അന്താരാഷട്ര സംഘടനകളുടെയും നേതൃത്വത്തില്‍ ഉണ്ടാവുക എന്നതാണ് ഈ ഘട്ടത്തില്‍ ഏറ്റവും അനിവാര്യമായിട്ടുള്ളത്. കിട്ടിയ അവസരങ്ങളിലൊക്കെ ഇറാനെയും സാമ്രാജ്യത്വ വിരുദ്ധ ശക്തികളെയും പിന്നില്‍ നിന്ന് കുത്തിയിട്ടുള്ള ഇക്കൂട്ടര്‍ ഇപ്പോള്‍ തിരിച്ചറിയേണ്ട ഒരുകാര്യമുണ്ട്, അത് ട്രംപിന്റെ ഭ്രാന്തമായ യുദ്ധക്കൊതിയെയും അദ്ദേഹത്തെയും അമേരിക്കന്‍ ഭരണകൂടത്തെയും നയിക്കുന്ന സയണിസ്റ്റുകളുടെ ഹീനതന്ത്രങ്ങളെയുമാണ്. ഇന്ന് ഇറാനും പശ്ചിമേഷ്യയും അനുഭവിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്കും തങ്ങളുടെ പരിസരങ്ങളിലും സംജാതമാവാന്‍ അധികം കാലതാമസമുണ്ടാവില്ല എന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്. വര്‍ത്തമാന കാലത്ത് യുദ്ധം എന്നത് അമേരിക്കയുടെ സാമ്പത്തിക താല്പര്യങ്ങളുടെ സൃഷ്ടിയാണ്. അതകൊണ്ട്തന്നെ ഇറാന് കഴിഞ്ഞാല്‍ അവര്‍ക്ക് അടുത്ത ഇരയെ കിട്ടിയേ തീരൂ.
ഗള്‍ഫില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ പടരുന്നത് ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ജി.സി.സി രാജ്യങ്ങളില്‍ മാത്രം 89 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലിനോക്കുന്നുണ്ടെന്നാണ് കണക്ക്. യു.എ.ഇയില്‍ മാത്രം 34 ലക്ഷം ഇന്ത്യക്കാരുണ്ട്. ഗള്‍ഫ് ഇന്ത്യക്കാരില്‍ സിംഹഭാഗവും മലയാളികളാണെന്നത് കേരളത്തിന്റെ ആശങ്കവര്‍ധിപ്പിക്കുന്നതാണ്. പശ്ചിമേഷ്യയില്‍ ജോലിതേടിയെത്തിയ മലയാളികളുടെ എണ്ണം 30 ലക്ഷത്തോളമാണ്. വര്‍ഷം തോറും 1.3 ലക്ഷംകോടിരൂപയാണ് ഗള്‍ഫ് മേഖലയില്‍നിന്ന് പ്രവാസികളിലൂടെ കേരളത്തിലേക്കെത്തുന്നത്. ഈ സാഹചര്യത്തില്‍ നിരന്തര സംഘര്‍ഷത്തില്‍ നിന്ന് നയതന്ത്രതലത്തിലേക്ക് മേഖലയെ എത്തിക്കുക എന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇന്ത്യാ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് തീര്‍ത്തും നിസംഗമായ സമീപനമാണുണ്ടാകുന്നത്. ഇതാകട്ടേ അമേരിക്കക്കും ഇസ്രാഈലിനും അനുഗുണമായിത്തീരുകയുമാണ്.
ഇറാന്റെ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതില്‍ പലരാജ്യങ്ങളും അപലപിച്ചിട്ടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇന്ത്യ സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആകെ പറഞ്ഞത്. അതും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയസംയുക്ത പത്രസമ്മേളനത്തിനിടയിലും. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടും ഇന്ത്യ ആക്രമണത്തെ അപലപിക്കാത്തത് രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചയായിരിക്കുകയാണ്. മോദി അധികാരത്തില്‍ വന്ന ശേഷം ഫലസ്തീന് നിലപാടില്‍ വരുത്തിയ മാറ്റവും ഇസ്രാഈല്‍ പ്രധാനമന്ത്രിയുമായി മോദിക്കുള്ള അടുത്ത ബന്ധവും ഇന്ത്യയുടെ മൗനത്തിന് കാരണമായി വിലയിരുത്തപ്പെടുന്നു. ഇസ്രാഈല്‍ സന്ദര്‍ശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ നയനിലപാടുകള്‍ അട്ടിമറിക്കുകയും സാമ്രാജ്യത്വശക്തികളുടെ കുഴലൂത്തുകാരായി രാജ്യത്തെ അധപ്പതിപ്പിക്കുകയും ചെയ്ത മോദി സര്‍ക്കാര്‍ പുതിയ സാഹചര്യത്തിലും അതേ സമീപനം തുടരുകയാണ്. പക്ഷേ പശ്ചിമേഷ്യന്‍ വിഷയത്തിലുള്ള ഈ അഴകൊയമ്പന്‍ സമീപനം രാജ്യത്തിന് വലിയ തിരിച്ചടിയായിരിക്കും സമ്മാനിക്കുകയെന്നത് മോദി സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്.
editorial
ഇതെന്തൊരു നാണക്കേട്
ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന സി.പി.എമ്മിന്റെ ആരോപണവും അതിന്റെപേരില്‍ നടക്കുന്ന പ്രതിഷേധങ്ങളുമെല്ലാം നാണക്കേടിന്റെ അങ്ങേയറ്റം എന്നേ വിശേഷിപ്പിക്കാനാവൂ.
ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന സി.പി.എമ്മിന്റെ ആരോപണവും അതിന്റെപേരില്‍ നടക്കുന്ന പ്രതിഷേധങ്ങളുമെല്ലാം നാണക്കേടിന്റെ അങ്ങേയറ്റം എന്നേ വിശേഷിപ്പിക്കാനാവൂ. ഒറ്റനോട്ടത്തില്‍ തന്നെ ആസൂത്രിതമെന്നുബോധ്യമാകുന്ന ഈ ഹീനതന്ത്രത്തില്‍ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കള്‍ മുതല്‍ മുഖ്യമന്ത്രിയും സ്പീക്കറും ഉള്‍പ്പെടെയുള്ള ഉന്നത ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ വരെ നിര്‍ലജ്ജം പങ്കാളികളാകുമ്പോള്‍ ഈ ഭരണകൂടത്തെയും അതിന് നേതൃത്വം നല്കുന്ന പാര്‍ട്ടിയെയും ഓര്‍ത്ത് കേരള ജനത അപമാനഭാരത്താല്‍ തലതാഴ്ത്തിപ്പോവുകയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വിഷയം ഏറ്റെടുത്തതും മുഖ്യമന്ത്രി പിണറായി വിജയന് താമസംവിനാ അതില്‍ ഇടപെട്ടതുമെല്ലാം എന്തുമാത്രം അല്പ്പത്തരത്തോടെയായിരുന്നുവെന്നത് ആ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും ബോധ്യമാകുന്നതേയുള്ളൂ. ഏതായാലും അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന കണക്കെ വകുപ്പ് മന്ത്രിയും സര്‍ക്കാറും സി.പി.എമ്മും ചെര്‍ന്ന് കാട്ടിക്കൂട്ടിയ പൊറാട്ടുനാടകങ്ങള്‍ തകര്‍ന്നു തരിപ്പണമായതിലൂടെ വെളുക്കാന്‍ തേച്ചത് പാണ്ടായതിന്റെ ജാള്യതയിലാണ് ഈ കൂട്ടര് ഇപ്പോഴുള്ളത്.
ആരോഗ്യ രംഗത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായി തകര്‍ച്ചയാണ് വര്‍ത്തമാന കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം.
ഒന്നിനുപിറകെ ഒന്നായി കേരളത്തിലാകമാനം സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചികിത്സാപിഴവുകള്‍ സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ രംഗത്തെ സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും അപര്യാപ്തത ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ സ്വതസിദ്ധമായ ധിക്കാരവും ധാര്‍ഷ്ട്യവും മുഖമുദ്രയാക്കി അതിനെയെല്ലാം പുഛിച്ചുതള്ളുന്ന വകുപ്പുമന്ത്രിയുടെയും ഇതിന് കുടപിടിക്കുന്ന സര്‍ക്കാറിന്റെയും സമീപനങ്ങളാണ് ഇത്രയും ദുരിതപൂര്‍ണമായ അവസ്ഥയിലേക്ക് നാടിനെ എത്തിച്ചിരിക്കുന്നത്. അതിധാരുണാമായ ചികിത്സാ പിഴവുകള്‍ ആവര്ത്തിപ്പക്കപ്പെടുകയും മനുഷ്യജീവനുകള്‍ പന്താടപ്പെടുകയും ചെയ്യുമ്പോള്‍ അതിനെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിക്കുകയും ലാഘവത്തോടെ കാണുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ സമീപനത്തോട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ തന്നെ അടങ്ങാത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍വെച്ച് ശസ്ത്രക്ക്രിയക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തപ്പോള്‍ അതിനെതിരെ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമെല്ലാം പ്രതിഷേധം രേഖപ്പെടുത്തിയത് ആരോഗ്യ വകുപ്പിനോടുള്ള കേരളത്തിലെ സമാന്യ ജനങ്ങള്‍ക്കുള്ള മനോനിലയാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ആരോഗ്യവകുപ്പിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തെ പ്രതിഫലിപ്പിക്കുക മാത്രമാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച്ച കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കുനേരെ നടന്നിട്ടുള്ള പ്രതിഷേധങ്ങളും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ വീണതുവിദ്യയാക്കാനുള്ള വീണാ ജോര്‍ജ്ജിന്റെ ശ്രമങ്ങളാണ് പിന്നീട് കാണാനായത്.
തന്റെ പരിപാടികള്‍ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ റെയില്‍വേസ്റ്റേഷനിലെത്തിയപ്പോള്‍ മറ്റിടങ്ങളിലെല്ലാം നടന്നതുപോലെയുള്ള സ്വാഭാവിക പ്രതിഷേധം മാത്രമാണ് കെ.എസ്.യു പ്രവര്‍ത്തകരും നടത്തിയിട്ടുള്ളത്. പ്രസ്തുത പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കെയാണ് നട്ടാല്‍കുരുക്കാത്ത നുണയുമായി മന്ത്രിയും കൂട്ടരും രംഗത്തെത്തുന്നത്. പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നടുവില്‍ നില്ക്കുന്ന മന്ത്രിയുടെ ദേഹത്തുപോയിട്ട് അതിനു സമീപത്തുപോലും കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നിരിക്കെയാണ് കഴുത്തിനും കൈക്കും ഗുരുതരമായി പരിക്കേല്ക്കലും ആശുപത്രിയില്‍ അഡ്മിറ്റാവലും ഐ.സിയുവില്‍ പ്രവേശിക്കലുമെല്ലാം ഉണ്ടായിരിക്കുന്നത്.
എന്നാല്‍ ദൃശ്യങ്ങള്‍ വ്യക്തമാകുന്ന മറ്റൊരുകാര്യം സുരക്ഷാ ജീവനക്കാരുരെയും പൊലീസിനെയും മറികടന്ന് കെ.എസ്.യുക്കാര്‍ക്കു നേരെ ആക്രോശിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന മന്ത്രിയുടെ വഴിവിട്ട നീക്കങ്ങളാണ്. തന്റെ ശരീരത്തില്‍ ഒരു പോറലെങ്കിലുമേല്ക്കാന് മന്ത്രി അതിയായി ആഗ്രഹിച്ചിരുന്നതായാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ആസൂത്രണം അല്പമൊന്നു പാളിയെങ്കിലും മുന്‍കൂട്ടി തീരുമാനിച്ചതുപോലെ ആശുപത്രിവാസവും പ്രതിഷേധങ്ങളും ആക്രമണങ്ങളുമെല്ലാം കൊടുമ്പിരിക്കൊള്ളുകയും ചെയ്തു. വിഷയങ്ങള്‍ വഴിതിരിച്ചുവിടാനും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുമുള്ള ശ്രമങ്ങളുമാണ് ഈ കോലാഹലങ്ങള്ക്കുപിന്നിലെന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നതോടെ ഈ നാടകവും സി.പി.എമ്മിന് മറ്റൊരു ഭൂമറാങ്ങായി മാറിയിരിക്കുകയാണ്.
-
News3 days ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News3 days agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News3 days agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
kerala3 days agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News18 hours agoഇറാനുമായുള്ള യുദ്ധം ഇസ്രാഈല്‍ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി
-
News2 days agoസംസ്ഥാനത്ത് നാളെ മുതൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
-
News2 days agoഅനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
-
News20 hours agoപി കെ ശശിയെ സിപിഎം പുറത്താക്കി; നടപടി വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ

