Connect with us

News

‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ഔദ്യോഗിക റിപ്പോർട്ടുകളേക്കാൾ ഏറെ ഉയർന്ന നാശനഷ്ടങ്ങളാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

ന്യൂഡൽഹി: പുറംലോകം അറിയുന്നതല്ല ഇസ്റാഈലിലെ യഥാർത്ഥ അവസ്ഥയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ മാധ്യമപ്രവർത്തകൻ ബ്രജ് മോഹൻ സിങ്. ബങ്കറുകളിൽ പോലും ആളുകൾ മരിച്ചുവീഴുന്ന സാഹചര്യമാണെന്നും അവിടത്തെ നാശനഷ്ടങ്ങളുടെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ ഇസ്റാഈൽ പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ബ്രജ് മോഹൻ സിങ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. അവിടെ കടുത്ത വാർത്താ നിയന്ത്രണവും സെൻസർഷിപ്പുമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

“പുറത്ത് അറിയുന്നതല്ല അവിടത്തെ സ്ഥിതി. ബങ്കറുകളിൽ പോലും ആളുകൾ മരിച്ചുവീഴുന്നു. മരണസംഖ്യയും നാശനഷ്ടങ്ങളും സർക്കാർ മറച്ചുവെക്കുകയാണ്,” എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മിസൈലുകൾ ഇന്ത്യക്കാരനെയോ ഇസ്റാഈലിയെയോ വേർതിരിക്കാതെ പതിക്കുന്ന സാഹചര്യമാണ് അവിടെയെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധസാഹചര്യത്തിൽ ഇസ്റാഈൽ സൈന്യത്തിന് വിരുദ്ധമായ വാർത്തകൾ പുറത്തുവിടുന്നത് ഏറെ പ്രയാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസികൾക്കും വിദേശ മാധ്യമപ്രവർത്തകർക്കും മേൽ സൈനിക സെൻസർമാർ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സൈന്യത്തിന്റെ അനുമതി നേടേണ്ടി വരുന്നതായും പല പ്രധാന വിവരങ്ങളും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകർക്ക് മൃതദേഹങ്ങൾ ചിത്രീകരിക്കാനോ ആശുപത്രികൾ സന്ദർശിക്കാനോ കൃത്യമായ മരണസംഖ്യ കണ്ടെത്താനോ പലപ്പോഴും അനുമതിയില്ല. ഔദ്യോഗിക റിപ്പോർട്ടുകളേക്കാൾ ഏറെ ഉയർന്ന നാശനഷ്ടങ്ങളാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ പലപ്പോഴും വൈകിയാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. “അടുത്ത ദിവസം സ്ഥലത്ത് എത്തുമ്പോൾ ഒരാൾ മാത്രമേ മരിച്ചിട്ടുള്ളൂ എന്ന് പറയപ്പെടുന്നു. എന്നാൽ നാല് വീടുകളിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി നാട്ടുകാർ പറയുന്ന സംഭവങ്ങൾ പലതും ഞങ്ങൾ കേട്ടിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.
ബങ്കറുകൾ സുരക്ഷിതമാണെന്ന സർക്കാർ വാദവും തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. നൂറ് അടി താഴ്ചയുള്ള ബങ്കറുകൾക്കുള്ളിൽ പോലും ആളുകൾ മരിച്ചുവീഴുന്ന സംഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പലപ്പോഴും മിസൈൽ ആക്രമണങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് സൈറണുകൾ പോലും മുഴങ്ങാത്ത സാഹചര്യം ഉണ്ടെന്നും സുരക്ഷിതമെന്ന് കരുതുന്ന സ്ഥലങ്ങളിലും അപ്രതീക്ഷിത ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അധിനിവേശ പ്രദേശങ്ങളിലെ യഥാർത്ഥ സ്ഥിതി ലോകത്തിന് മുന്നിലെത്താതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി വിവരങ്ങൾ ശേഖരിക്കാനോ സഞ്ചരിക്കാനോ കഴിയാത്ത അവസ്ഥയാണ് അവിടെയെന്നും ബ്രജ് മോഹൻ സിങ് ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പ്രതിഫലം ചോദിച്ചതിന് വഞ്ചിപ്പാട്ട് കലാകാരന് മർദ്ദനം; എസ്എഫ്ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെ 15 പേർക്കെതിരെ കേസ്

പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു, പ്രസിഡന്റ് കിരൺ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

Published

on

By

തിരുവല്ല: വഞ്ചിപ്പാട്ട് കലാകാരനെ മർദ്ദിച്ച സംഭവത്തിൽ എസ്എഫ്ഐ പത്തനംതിട്ട ജില്ലാ നേതാക്കൾ ഉൾപ്പെടെ 15 പേർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു, പ്രസിഡന്റ് കിരൺ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

വഞ്ചിപ്പാട്ട് പരിശീലകനായ ആരോമൽ ശിവ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു വർഷം മുമ്പ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വഞ്ചിപ്പാട്ട് പഠിപ്പിച്ചതിന്റെ പ്രതിഫലം ചോദിച്ചതാണ് മർദ്ദനത്തിന് കാരണമെന്നാണ് ആരോമൽ ആരോപിക്കുന്നത്.

മാർച്ച് 3-ന് തിരുവല്ല സ്റ്റേഡിയത്തിന് സമീപം വെച്ചാണ് സംഭവം നടന്നത്. തന്നെ വളഞ്ഞിട്ട് മർദ്ദിച്ചെന്നും ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും ആരോമൽ പരാതിയിൽ പറയുന്നു.

അതേസമയം ആരോമലിനെ മർദ്ദിച്ചിട്ടില്ലെന്നാണ് എസ്എഫ്ഐ നേതാക്കളുടെ നിലപാട്. വിദ്യാർത്ഥികളും പരിശീലകനും തമ്മിലുണ്ടായ തർക്കം സംസാരിച്ച് പരിഹരിക്കാനാണ് ശ്രമിച്ചതെന്നാണ് ഇവരുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Continue Reading

News

മിഡിൽ ഈസ്റ്റിലെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകൾ മാർച്ച് 11 വരെ റദ്ദാക്കി

മാർച്ച് 9, 10, 11 തീയതികളിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കിയതായി സി.ബി.എസ്.ഇ ബോർഡ് അറിയിച്ചു.

Published

on

By

മസ്കത്ത്:  സംഘർഷാവസ്ഥയെ തുടർന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മാർച്ച് 9, 10, 11 തീയതികളിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കിയതായി സി.ബി.എസ്.ഇ ബോർഡ് അറിയിച്ചു. പുതിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.

ഒമാൻ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെയും ഇറാനിലെയും പരീക്ഷകളാണ് മാറ്റിവച്ചത്. മാർച്ച് 11 വരെ നടത്താനിരുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകളും നേരത്തെ റദ്ദാക്കിയിരുന്നു.

മാർച്ച് 12 മുതലുള്ള പരീക്ഷകൾ സംബന്ധിച്ച് ചൊവ്വാഴ്ച സാഹചര്യം വിലയിരുത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിയാൻ വിദ്യാർത്ഥികൾ അതത് സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ അറിയിച്ചു.

Continue Reading

News

സംസ്ഥാനത്ത് ജയിലുകളിൽ ഇനി ആഴ്ചയിൽ രണ്ട് ദിവസം മത്സ്യവിഭവം; മത്തി, അയല, ചൂര എത്തിക്കുന്നത് മത്സ്യഫെഡ്

ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ 57 ജയിലുകളിലേക്കാണ് മത്സ്യം വിതരണം ചെയ്യാൻ തീരുമാനമായത്.

Published

on

By

കണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും തടവുകാർക്കായി മത്സ്യവിഭവം വിളമ്പുന്നതിനുള്ള മത്സ്യം ഇനി മത്സ്യഫെഡ് നേരിട്ട് എത്തിക്കും. ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ 57 ജയിലുകളിലേക്കാണ് മത്സ്യം വിതരണം ചെയ്യാൻ തീരുമാനമായത്.

തടവുകാർക്കുള്ള ഭക്ഷണമെനുവിൽ ആഴ്ചയിൽ രണ്ട് ദിവസം മത്സ്യവിഭവം നൽകുന്നതിനായുള്ള മത്സ്യമാണ് എത്തിക്കുക. ഇതിനായി 25 മത്സ്യങ്ങളുടെ പട്ടിക മത്സ്യഫെഡ് ജയിൽ വകുപ്പിന് നൽകിയിരുന്നുവെങ്കിലും മത്തി, അയല, ചൂര എന്നിവയാണ് അംഗീകരിച്ചത്.

ജയിൽ വകുപ്പും മത്സ്യഫെഡും തമ്മിലാണ് മത്സ്യം വിതരണം ചെയ്യുന്നതിനുള്ള ധാരണയായത്. ഹാർബറിൽ നിന്ന് നേരിട്ട് ജയിലുകളിലേക്ക് മത്സ്യം എത്തിക്കുന്നതിനാൽ ലഭ്യതക്കുറവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.

വിതരണത്തിനായി ശീതീകരണ സൗകര്യമുള്ള എട്ട് വാഹനങ്ങൾ മത്സ്യഫെഡ് അടുത്തിടെ സ്വന്തമാക്കിയിട്ടുണ്ട്. ഈ വാഹനങ്ങളിലൂടെയാണ് 57 ജയിലുകളിലേക്കും മത്സ്യം എത്തിക്കുക.

ആഴ്ചയിൽ രണ്ട് ദിവസം വിളമ്പുന്നതിനുള്ള മത്സ്യം കറിക്കഷണങ്ങളാക്കി ജയിലുകളിലേക്ക് നൽകും. തടവുകാർക്കുള്ള മത്സ്യത്തിന് പുറമെ ജയിൽ കൗണ്ടറുകളിലേക്ക് മീൻ അച്ചാർ, ഉണക്കച്ചെമ്മീൻ അച്ചാർ എന്നിവയും മത്സ്യഫെഡ് നൽകുന്നുണ്ട്. പൊതുജനങ്ങൾക്ക് ഇവ കൗണ്ടറിലൂടെ വാങ്ങാനാകും.

ജയിലുകളിലേക്ക് സ്ഥിരമായി മത്സ്യമെത്തിക്കുന്നതിലൂടെ മത്സ്യഫെഡിന്റെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്ന് എം.ഡി ഡോ. പി സഹദേവൻ പറഞ്ഞു.

Continue Reading

Trending