Connect with us

News

വീണയുടെ പരിക്ക് ബാധിച്ചത് പാര്‍ട്ടിയെ

വീണ നാടകം

Published

on

മന്ത്രി വീണാ ജോര്‍ജിനു പരിക്കേറ്റെന്ന വാദം ബാധിച്ചതു പാര്‍ട്ടിയെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗങ്ങള്‍. മന്ത്രി അടക്കം മൂന്നു സിറ്റിങ് എംഎല്‍എമാര്‍ പരാജയപ്പെടുകയും ജില്ലയിലെ അഞ്ചു സിറ്റിങ് സീറ്റുകളില്‍ നിന്നു എല്‍ഡിഎഫ് ഒന്നിലേക്കു ചുരുങ്ങിയതിനും പിന്നില്‍ ശബരിമല വിഷയവും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുമാണെന്ന് വിമര്‍ശനം. ആറന്മുളയില്‍ വീണാ ജോര്‍ജിനേറ്റ കനത്ത തോല്‍വിയും തിരുവല്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടതും 11ന് നടക്കുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യും.

പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിയില്‍ നിന്നും ജില്ലാ നേതൃത്വം മുക്തമായിട്ടില്ല. മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ മത്സരിച്ചെങ്കിലും കോന്നിയില്‍ മാത്രമാണ് ജയിക്കാനായത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ തിരുവല്ല മണ്ഡലത്തില്‍ എല്‍ഡിഎഫ് എംഎല്‍എ ബിജെപിക്കും പിന്നില്‍ പോയതും ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സിപിഎം പാര്‍ട്ടി ഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന പഞ്ചായത്തുകളില്‍ പോലും ബിജെപി മുന്നേറ്റമുണ്ടാക്കി. റാന്നിയില്‍ തുടര്‍ച്ചയായി ആറ് തവണയും തിരുവല്ലയില്‍ നാല് തവണയും അടൂര്‍ മൂന്ന് തവണയും എല്‍.ഡി.എഫ് ആണ് ജയിച്ചിരുന്നത്. എന്നാല്‍, ഈ മണ്ഡലങ്ങളെല്ലാം നഷ്ടപെട്ട് പോയതിനു പിന്നില്‍ ശബരിമല വിവാദമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും സിപിഎം അണികള്‍ക്കിടയിലും പ്രാദേശിക തലത്തിലും കണക്കുകള്‍ ശേഖരിച്ചിരുന്നു. ശബരിമല വിഷയം ജനം തള്ളുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അത് തിരിച്ചടിച്ചതായി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഇപ്പോള്‍ വിലയിരുത്തുന്നു. കൂടാതെ ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും തോല്‍വിക്ക് കാരണമായതാണ് പാര്‍ട്ടിയുടെ പുതിയ കണ്ടെത്തല്‍.

കണ്ണൂരില്‍ കെഎസ്‌യു പ്രവര്‍ത്തകരും മന്ത്രിയും തമ്മിലുള്ള സംഘര്‍ഷവും പിന്നാലെ മന്ത്രിക്കു പരിക്കേറ്റതായ വാദവും ജനങ്ങള്‍ തള്ളി കളഞ്ഞു. ആരോപണം പൊള്ളയാണെന്ന് ജനം തിരിച്ചറിഞ്ഞു. കൂടാതെ ആരോഗ്യ മേഖലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും മന്ത്രിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ശസ്ത്രക്രിയ വിവാദം മന്ത്രിയുടെ പേരില് കളങ്കം ചാര്‍ത്തി. ലീഡ് കുറഞ്ഞാലും ആറന്മുളയില്‍ ജയിച്ച് കയറാമെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍, ജയിക്കാനായില്ലെന്നു മാത്രമല്ല, യുഡിഎഫ് എക്കാലത്തെയും മികച്ച ലീഡ് നേടുകയും ചെയ്തു. യുഡിഎഫില്‍ മണ്ഡലത്തില്‍ നിന്നുള്ള ആളാണ് മത്സരിച്ചിരുന്നെങ്കില്‍ വീണ ജോര്‍ജിന്റെ തോല്‍വി കനത്തതാകുമെന്നും വിലയിരുത്തലുണ്ട്. ആറന്മുളയില്‍ എന്‍ഡിഎക്ക് കുമ്മനംരാജശേഖരന് അധികം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ല. കുമ്മനത്തിന് കിട്ടാതെ പോയ വോട്ടുകള്‍ സിപിഎമ്മിന് ലഭിച്ചില്ലെന്നും യുഡിഎഫാണ് നേട്ടമുണ്ടാക്കിയതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വീണയിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായതാണ് ഈ വോട്ട് ചോര്‍ച്ചക്ക് കാരണമായത്. ശബരിമല കൊള്ളക്കേസില്‍ പ്രതിയായ എ പത്മകുമാറിനെ പാര്‍ട്ടി സംരക്ഷിച്ചതിന് നല്‍കേണ്ടി വന്നത് കനത്ത വിലയാണെന്ന വാദവും ഉയര്‍ന്നു. യുഡിഎഫിനെതിരെ വയനാട് പുനരധിവാസ ആരോപണം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കവെ റാന്നി മണ്ഡലത്തില്‍ ശബരിമല കൊള്ള കേസ് യുഡിഎഫ് ചര്‍ച്ചയാക്കി. ഇതിനെ പ്രതിരോധിക്കാന്‍ പോലും സിപിഎം ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല.

തിരുവല്ലയില്‍ ബിജെപിയുടെ മുന്നേറ്റം ജില്ലാ ഘടകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു പഞ്ചായത്തില്‍ മാത്രമാണ് ലീഡ് നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞത്. 10 വോട്ടുകള്‍ മാത്രമാണ് അധികം നേടിയത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടെ മൂന്ന് പഞ്ചായത്തില്‍ എന്‍ഡിഎ ലീഡ് നേടിയത് പാര്‍ട്ടിയുടെ ദൗര്‍ബല്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ജില്ലാ സെക്രട്ടറി എന്ന നിലയില്‍ രാജു ഏബ്രഹാം പൂര്‍ണ പരാജയമെന്നും വിമര്‍ശനം ഉയര്‍ന്നു. മുന്‍ ജില്ലാ സെക്രട്ടറിയെയും രാജു ഏബ്രഹാമിനെയും താരതമ്യപ്പെടുത്തി ചില പാര്‍ട്ടി നേതാക്കന്മാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ജില്ലാ കമ്മിറ്റി ഗൗരവത്തോടെയാണ് കാണുന്നത്. രാജു ഏബ്രഹാം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നേരിട്ട തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പിന്നോക്കം പോയതായാണ് അണികളുടെ വിമര്‍ശനം. ശബരിമല വിഷയം കൈകാര്യം ചെയ്യാന്‍ കഴിയാതെ പോയതും ജില്ലാ സെക്രട്ടറിയുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു.

Advertisement

സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നും ജില്ലാ നേതാക്കന്മാര്‍ പറയുന്നു. ദേവസ്വം മന്ത്രിയായ വി. എന്‍ വാസവനും മുന്‍ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനും പരാജയപ്പെട്ടത് ചര്‍ച്ച ചെയ്യണം. ഇരുവരും തോല്‍ക്കാന്‍ കാരണം ഭരണവിരുദ്ധ വികാരത്തിനൊപ്പം ശബരിമല വിഷയം കൂടിയാണെന്നും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്‍ ശബരിമല വിഷയം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നാണ് പത്തനംതിട്ടയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ ആവര്‍ത്തിച്ചത്. എന്നാല്‍, കണക്കുകള്‍ നോക്കുമ്പോള്‍ ശബരിമല സ്വര്‍ണ കൊള്ള വോട്ടര്‍മാരെ ശക്തമായി ബാധിച്ചു എന്നു വേണം കരുതാനെന്നും സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തുന്നു. 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി ശബരിമല വിഷയം പ്രചാരണ ആയുധമാക്കിയെങ്കിലും ഗുണം കിട്ടിയത് യുഡിഎഫിനാണ്. എന്നാല്‍, ഇക്കുറി യുഡിഎഫ് ആണ് ശബരിമല പ്രധാന ആയുധമാക്കിയത്. കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി പോലും ശബരിമല വിഷയം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ഇതിനെയൊന്നും പ്രതിരോധിക്കാന്‍ സിപിഎം സംസ്ഥാന ഘടകത്തിന് കഴിഞ്ഞില്ലെന്നും ജില്ലാ നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

 

main stories

വിമര്‍ശനത്തില്‍ വിയര്‍ക്കുന്ന സി.പി.എം

പാര്‍ട്ടിയുടെ ഉരുക്കുകോട്ടകള്‍ പോലും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുതരിപ്പണമായപ്പോള്‍ അടക്കിപ്പിടിച്ച എല്ലാ പ്രതിഷേധങ്ങളും എല്ലാകോണുകളില്‍ നിന്നും അണപൊട്ടിയൊഴുകയാണ്.

Published

on

By

നേതൃത്വവും അണികളും അനുഭാവികളുമെല്ലാം ഒരുപോലെ അഴിച്ചുവിടുന്ന വിമര്‍ശനശരങ്ങളേറ്റ് പുളയുകയാണ് പിണറായി വിജയനും എം.വി ഗോവിന്ദനുമുള്‍പ്പെടെയുള്ള സി.പി.എം നേതൃത്വം. പാര്‍ട്ടിയെയും സര്‍ക്കാറിനെയും കൊക്കിലൊതുക്കി ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെയുള്ള ഈ സംഘത്തിന്റെ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പുകാലത്തു തന്നെ വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. പക്ഷേ പിണറായി വിജയന്റെ അപ്രമാദിത്വത്തിന് മുന്നില്‍ ഒരക്ഷരം ഉരിയാടാനാകാതെ എല്ലാം ക്ഷമിച്ചും സഹിച്ചും കഴിയുകയായിരുന്നു ഉന്നത നേതൃത്വത്തിലുള്ളവര്‍ പോലും. എന്നാല്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ടകള്‍ പോലും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുതരിപ്പണമായപ്പോള്‍ അടക്കിപ്പിടിച്ച എല്ലാ പ്രതിഷേധങ്ങളും എല്ലാകോണുകളില്‍ നിന്നും അണപൊട്ടിയൊഴുകയാണ്. പതിവിനുവിപരീതമായി പാര്‍ട്ടിസെക്രട്ടറിയേറ്റില്‍ തന്നെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിണറായി വിജയന്റെ പ്രചാരണ രംഗത്തെ പരാമര്‍ശങ്ങളാണ് കാര്യമായും വിമര്‍ശിക്കപ്പെട്ടത്. തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പ്രധാന കാരണം സര്‍ക്കാറിനെ നയിച്ച മുഖ്യമന്ത്രിയോടുള്ള എതിര്‍പ്പാണെന്ന് വൈകിയാണെങ്കിലും നേതാക്കള്‍ തുറന്നു പറയാന്‍ തുടങ്ങിയിരിക്കുകയാണ്. പിണറായി വിരോധം ഇത്രമേല്‍ ആഴത്തില്‍ നിലനില്‍ക്കുന്നുവെന്ന് തിരിച്ചറിയുന്നതിലും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിലും സംസ്ഥാന സെക്രട്ടറിയേറ്റിനും സെക്രട്ടറിക്കും കഴിഞ്ഞില്ലെന്ന വിമര്‍ശനത്തിനുപുറമെ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന ആവശ്യം വരെ ഉയരുകയും ചെയ്തിരിക്കുകയാണ്. ഭരണത്തെ പിണറായിയുടെ ഇഷ്ടത്തിന് വിട്ട സെക്രട്ടറിയേറ്റിനും സെക്രട്ടറിക്കും തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെ പാര്‍ലമെന്ററി നേതൃത്വത്തിലും സംഘടനാ നേതൃത്വത്തിലും അഴിച്ചുപണി വേണം. അസാധാരണമായ തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത് അപ്പോള്‍ അസാധാരണ നടപടി തന്നെ വേണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു.

മറുഭാഗത്ത് നേതൃത്വത്തെ വിമര്‍ശിച്ച് അണികളില്‍ നിന്ന് കത്തെഴുത്ത് പ്രവാഹം പോലും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തോല്‍വിക്ക് കാരണമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇമെയിലായാണ് കത്തുകള്‍ ലഭിക്കുന്നത്. തോല്‍വിയെ കുറിച്ചുളള അഭിപ്രായങ്ങള്‍ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെയാണീ കത്തെഴുത്ത്. അനുഭാവികളുടെ അത്തരം കത്തുകള്‍ ഗൗരവമായി പരിഗണിക്കുന്ന പാര്‍ടിയാണ് സി.പി.ഐ.എം എന്ന് പി.ജയരാജന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി കണ്ണൂരിലാകട്ടേ നേതൃത്വത്തിനെതിരെ ഫ്‌ളക്‌സ് യുദ്ധമാണ് നടക്കുന്നത്. ‘ബ്ലാത്തൂര്‍ സഖാക്കള്‍’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പുതിയ ഫ്‌ളക്‌സില്‍ പി. ജയരാജനെയും എം. സ്വരാജിനെയും അനുകൂലിക്കുന്ന പരാമര്‍ശങ്ങളാണുള്ളത്. ‘പാര്‍ട്ടിയെ സ്‌നേഹിക്കുന്ന നേതാക്കളെയാണ് പാര്‍ട്ടിക്ക് വേണ്ടത്, ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കുന്ന നേതാക്കളെയല്ല’ എന്ന വരികള്‍ നിലവിലെ നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ, ‘അധികാര അഹങ്കാരത്തിന്റെ ആകാശത്ത് നിന്ന് ഇനിയൊന്ന് താഴെ ഇറങ്ങൂ’ എന്ന ആഹ്വാനം പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു. ഇത്തരം പ്രചരണങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നേരത്തെ തന്നെ അണികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അവഗണിച്ചാണ് വീണ്ടും ബോര്‍ഡുകള്‍ ഉയരുന്നത്. സമാനമായ രീതിയില്‍ പയ്യന്നൂര്‍ മേഖലയിലും പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്ന പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ‘ഒറ്റുകാര്‍’ എന്നാണ് പോസ്റ്ററില്‍ നേതൃത്വത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഘടക കക്ഷികളും പിണറായിയെ വെറുതെ വിടുന്നില്ല. പിണറായി വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യു.ഡി.എഫിന് അനുകൂലമായതെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റി. ഒരു ഘട്ടത്തില്‍പോലും വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കുന്ന സാഹചര്യം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായില്ല. കൂടാതെ വീട്ടില്‍ പോയി ചോദിക്കൂ, ഡാഷ്‌മോന്‍, ചെറ്റത്തരം പരാമര്‍ശങ്ങള്‍ തിരിച്ചടിച്ചെന്നും പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും അവര്‍ അഭിപ്രായപ്പെടുന്നു. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നും സിപിഐയില്‍ ആവശ്യം ഉയരുകയുണ്ടായി.

ഇതിനു പുറമെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി സഹയാത്രികരുമെല്ലാം പിണറായിയുടെ അപ്രമാദിത്വവും എം.വി ഗോവിന്ദന്റെ കഴിവുകേടുമെല്ലാം തുറന്നടിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയോഗങ്ങളില്‍ നിര്‍ഭയം വിമര്‍ശനം ഉന്നയിക്കാമെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശം പാര്‍ട്ടിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് മുന്‍കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. തളിപ്പറമ്പിലെ പി.കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം തുറന്നടിക്കുകയുണ്ടായി. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന് കാരണം പിണറായിയാണെന്നാണ് മുന്‍ എം.പിയും ഇടതു സഹയാത്രികനുമായ സെബാസ്റ്റ്യന്‍പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയും പിണറായിയെ അഴിഞ്ഞാടാന്‍ വിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. തുടര്‍ഭരണം ആരെയും ഏകാധിപതിയാക്കും. പിണറായി വിജയന്‍ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണം കൂടിയാണ് എന്നിങ്ങനെ അതിരൂക്ഷമായി മുന്നോട്ടുനീങ്ങുന്നതാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഏതായാലും ഇക്കാലമത്രയും തുടര്‍ന്നുപോന്ന ഏകാധിപത്യത്തിനും സേഛാധിപത്യത്തിനും പിണറായി വിജയന്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടിവരുന്ന സാഹചര്യമാണ് സ്വന്തം പക്ഷത്തുനിന്നുപോലും ഉരുത്തിരിഞ്ഞുവരുന്നതെന്ന് ഈ പ്രതികരണങ്ങള്‍ തെളിയിക്കുന്നു.

Continue Reading

kerala

സാദിഖലി തങ്ങളുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; നിയമ നടപടി സ്വീകരിക്കും

Published

on

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ ന്യൂസ് മലയാളം ചാനലിന്റെ ലോഗോ വെച്ച് ചില ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ വന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു.

പശ്ചിമ ബംഗാളിൽ ന്യൂനപക്ഷ വേട്ട തുടർന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ല എന്ന ടൈറ്റിലോടുകൂടിയാണ് സംഘ്പരിവാർ, സി.പി.എം സൈബർ ഹാന്റിലുകൾ ഈ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. വ്യാജ കാർഡിന്റെ നിർമ്മാതാക്കളെയും പ്രചരിപ്പിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുസ്ലിംലീഗ് നേതൃത്വം വ്യക്തമാക്കി.

Continue Reading

kerala

വള്ളിക്കുന്നിനെ മാതൃകാ മണ്ഡലമാക്കും -ടി.വി ഇബ്രാഹിം

അരലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തന്നെ തെരഞ്ഞടുത്തതില്‍ ജനങ്ങളോട് കടപ്പാടുണ്ട്.

Published

on

By

തേഞ്ഞിപ്പലം: 102 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തിയ സ്ഥിതിക്ക് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ ഭരണത്തിന്റെ അവഗണനമൂലം നഷ്ടപ്പെട്ട പത്ത് വര്‍ഷത്തെ വികസന പദ്ധതികള്‍ ഓരോന്നായി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുമെന്ന് ടി.വി ഇബ്രാഹീം പറഞ്ഞു. അരലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തന്നെ തെരഞ്ഞടുത്തതില്‍ ജനങ്ങളോട് കടപ്പാടുണ്ട്.

ആ കടപ്പാട് ഈ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയായിരിക്കും പ്രയോഗവത്കരിക്കുക. വള്ളിക്കുന്നിനെ ഒരു മാതൃകാ മണ്ഡലമാക്കുന്നതിലായിരിക്കും തന്റെ ശ്രദ്ധ. പുതുതല മുറ ആഗ്രഹിക്കുന്ന തരത്തില്‍ ന്യൂജന്‍ കോഴ്‌സുകളോട് കൂടിയ സര്‍ക്കാര്‍ കോളേജ് കൊണ്ട് വരാനായി ശ്രമിക്കും. യൂണിവേഴ്‌സിറ്റി എഞ്ചിനീയറിങ് കോളജ് സര്‍ക്കാര്‍ മേഖലയിലേക്ക് മാറ്റാന്‍ ശ്രമിക്കും. സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗ കോഴ്‌സുകള്‍ തിരികെ കൊണ്ട് വരാനുള്ള സാധ്യതകള്‍ പരിശോധിക്കും. കാലിക്കറ്റില്‍ നിന്ന് വിദൂര വിദ്യാഭ്യാസം ഒഴിവാക്കിയതിലൂടെ മലബാറിലെ വിദ്യാര്‍ ഥികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന നടപടിയാണ് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ കൈക്കൊണ്ടത്. വിദ്യാഭ്യാസം അവകാശമായ ഈ കാലത്ത്

അതിന് ആവശ്യമായ പാശ്ചാത്തലം ഒരുക്കിക്കൊടുക്കാന്‍ ശ്രമം നടത്തും. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന കോഹിനൂറില്‍ നിന്ന് എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നത് പരിഗണിക്കും. ഫയര്‍ സ്റ്റേഷന്‍, ആലുംകടവ് റഗുലേറ്റര്‍ കംബ്രിഡ്ജ്, ഇരുമ്പോത്തിങ്ങല്‍ കടവ് പാലം, മണ്ണട്ടാംപാറ അണക്കെട്ട്, മണ്ഡലത്തിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍, പള്ളിക്കല്‍, മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളുടെ വിഭജനം, പുതിയ വില്ലേജുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ തന്നെ മുന്നിലുള്ള പ്രധാന പദ്ധതികളാണ്.

വള്ളിക്കുന്ന് തീരദേശ റോഡുകളുടെ പുനസ്ഥാപനം, മുതിയം പാലം നിര്‍മ്മാണം, തീരദേശത്തെ സി.ആര്‍. സെഡ് സോണ്‍ പ്രശ്‌നം പരിഹരിക്കല്‍, ഹാര്‍ബര്‍ നിര്‍മ്മാണം, പുലിചൂട്ട് നിര്‍മ്മാണം, വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം, സ്റ്റേഡിയം നിര്‍മ്മാണം, ആനങ്ങാടി റെയില്‍വേ ഗേറ്റ്, വള്ളിക്കുന്ന് റയില്‍വേ സ്റ്റേഷന്‍ നവീകരണം, വ്യവസായ പാര്‍ക്കുകള്‍, നെല്‍കര്‍ഷകരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, കുടിവെള്ള പദ്ധതി പൂര്‍ത്തീകരണം, കിഴക്കന്‍ തോട് നവീകരണം, റോഡ് നവീകരണം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കാനുണ്ട്.

Advertisement
Continue Reading

Trending