Connect with us

main stories

വിമര്‍ശനത്തില്‍ വിയര്‍ക്കുന്ന സി.പി.എം

പാര്‍ട്ടിയുടെ ഉരുക്കുകോട്ടകള്‍ പോലും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുതരിപ്പണമായപ്പോള്‍ അടക്കിപ്പിടിച്ച എല്ലാ പ്രതിഷേധങ്ങളും എല്ലാകോണുകളില്‍ നിന്നും അണപൊട്ടിയൊഴുകയാണ്.

Published

on

നേതൃത്വവും അണികളും അനുഭാവികളുമെല്ലാം ഒരുപോലെ അഴിച്ചുവിടുന്ന വിമര്‍ശനശരങ്ങളേറ്റ് പുളയുകയാണ് പിണറായി വിജയനും എം.വി ഗോവിന്ദനുമുള്‍പ്പെടെയുള്ള സി.പി.എം നേതൃത്വം. പാര്‍ട്ടിയെയും സര്‍ക്കാറിനെയും കൊക്കിലൊതുക്കി ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെയുള്ള ഈ സംഘത്തിന്റെ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പുകാലത്തു തന്നെ വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. പക്ഷേ പിണറായി വിജയന്റെ അപ്രമാദിത്വത്തിന് മുന്നില്‍ ഒരക്ഷരം ഉരിയാടാനാകാതെ എല്ലാം ക്ഷമിച്ചും സഹിച്ചും കഴിയുകയായിരുന്നു ഉന്നത നേതൃത്വത്തിലുള്ളവര്‍ പോലും. എന്നാല്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ടകള്‍ പോലും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുതരിപ്പണമായപ്പോള്‍ അടക്കിപ്പിടിച്ച എല്ലാ പ്രതിഷേധങ്ങളും എല്ലാകോണുകളില്‍ നിന്നും അണപൊട്ടിയൊഴുകയാണ്. പതിവിനുവിപരീതമായി പാര്‍ട്ടിസെക്രട്ടറിയേറ്റില്‍ തന്നെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിണറായി വിജയന്റെ പ്രചാരണ രംഗത്തെ പരാമര്‍ശങ്ങളാണ് കാര്യമായും വിമര്‍ശിക്കപ്പെട്ടത്. തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പ്രധാന കാരണം സര്‍ക്കാറിനെ നയിച്ച മുഖ്യമന്ത്രിയോടുള്ള എതിര്‍പ്പാണെന്ന് വൈകിയാണെങ്കിലും നേതാക്കള്‍ തുറന്നു പറയാന്‍ തുടങ്ങിയിരിക്കുകയാണ്. പിണറായി വിരോധം ഇത്രമേല്‍ ആഴത്തില്‍ നിലനില്‍ക്കുന്നുവെന്ന് തിരിച്ചറിയുന്നതിലും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിലും സംസ്ഥാന സെക്രട്ടറിയേറ്റിനും സെക്രട്ടറിക്കും കഴിഞ്ഞില്ലെന്ന വിമര്‍ശനത്തിനുപുറമെ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന ആവശ്യം വരെ ഉയരുകയും ചെയ്തിരിക്കുകയാണ്. ഭരണത്തെ പിണറായിയുടെ ഇഷ്ടത്തിന് വിട്ട സെക്രട്ടറിയേറ്റിനും സെക്രട്ടറിക്കും തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെ പാര്‍ലമെന്ററി നേതൃത്വത്തിലും സംഘടനാ നേതൃത്വത്തിലും അഴിച്ചുപണി വേണം. അസാധാരണമായ തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത് അപ്പോള്‍ അസാധാരണ നടപടി തന്നെ വേണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു.

മറുഭാഗത്ത് നേതൃത്വത്തെ വിമര്‍ശിച്ച് അണികളില്‍ നിന്ന് കത്തെഴുത്ത് പ്രവാഹം പോലും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തോല്‍വിക്ക് കാരണമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇമെയിലായാണ് കത്തുകള്‍ ലഭിക്കുന്നത്. തോല്‍വിയെ കുറിച്ചുളള അഭിപ്രായങ്ങള്‍ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെയാണീ കത്തെഴുത്ത്. അനുഭാവികളുടെ അത്തരം കത്തുകള്‍ ഗൗരവമായി പരിഗണിക്കുന്ന പാര്‍ടിയാണ് സി.പി.ഐ.എം എന്ന് പി.ജയരാജന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി കണ്ണൂരിലാകട്ടേ നേതൃത്വത്തിനെതിരെ ഫ്‌ളക്‌സ് യുദ്ധമാണ് നടക്കുന്നത്. ‘ബ്ലാത്തൂര്‍ സഖാക്കള്‍’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പുതിയ ഫ്‌ളക്‌സില്‍ പി. ജയരാജനെയും എം. സ്വരാജിനെയും അനുകൂലിക്കുന്ന പരാമര്‍ശങ്ങളാണുള്ളത്. ‘പാര്‍ട്ടിയെ സ്‌നേഹിക്കുന്ന നേതാക്കളെയാണ് പാര്‍ട്ടിക്ക് വേണ്ടത്, ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കുന്ന നേതാക്കളെയല്ല’ എന്ന വരികള്‍ നിലവിലെ നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ, ‘അധികാര അഹങ്കാരത്തിന്റെ ആകാശത്ത് നിന്ന് ഇനിയൊന്ന് താഴെ ഇറങ്ങൂ’ എന്ന ആഹ്വാനം പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു. ഇത്തരം പ്രചരണങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നേരത്തെ തന്നെ അണികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അവഗണിച്ചാണ് വീണ്ടും ബോര്‍ഡുകള്‍ ഉയരുന്നത്. സമാനമായ രീതിയില്‍ പയ്യന്നൂര്‍ മേഖലയിലും പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്ന പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ‘ഒറ്റുകാര്‍’ എന്നാണ് പോസ്റ്ററില്‍ നേതൃത്വത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഘടക കക്ഷികളും പിണറായിയെ വെറുതെ വിടുന്നില്ല. പിണറായി വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യു.ഡി.എഫിന് അനുകൂലമായതെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റി. ഒരു ഘട്ടത്തില്‍പോലും വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കുന്ന സാഹചര്യം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായില്ല. കൂടാതെ വീട്ടില്‍ പോയി ചോദിക്കൂ, ഡാഷ്‌മോന്‍, ചെറ്റത്തരം പരാമര്‍ശങ്ങള്‍ തിരിച്ചടിച്ചെന്നും പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും അവര്‍ അഭിപ്രായപ്പെടുന്നു. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നും സിപിഐയില്‍ ആവശ്യം ഉയരുകയുണ്ടായി.

ഇതിനു പുറമെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി സഹയാത്രികരുമെല്ലാം പിണറായിയുടെ അപ്രമാദിത്വവും എം.വി ഗോവിന്ദന്റെ കഴിവുകേടുമെല്ലാം തുറന്നടിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയോഗങ്ങളില്‍ നിര്‍ഭയം വിമര്‍ശനം ഉന്നയിക്കാമെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശം പാര്‍ട്ടിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് മുന്‍കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. തളിപ്പറമ്പിലെ പി.കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം തുറന്നടിക്കുകയുണ്ടായി. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന് കാരണം പിണറായിയാണെന്നാണ് മുന്‍ എം.പിയും ഇടതു സഹയാത്രികനുമായ സെബാസ്റ്റ്യന്‍പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയും പിണറായിയെ അഴിഞ്ഞാടാന്‍ വിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. തുടര്‍ഭരണം ആരെയും ഏകാധിപതിയാക്കും. പിണറായി വിജയന്‍ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണം കൂടിയാണ് എന്നിങ്ങനെ അതിരൂക്ഷമായി മുന്നോട്ടുനീങ്ങുന്നതാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഏതായാലും ഇക്കാലമത്രയും തുടര്‍ന്നുപോന്ന ഏകാധിപത്യത്തിനും സേഛാധിപത്യത്തിനും പിണറായി വിജയന്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടിവരുന്ന സാഹചര്യമാണ് സ്വന്തം പക്ഷത്തുനിന്നുപോലും ഉരുത്തിരിഞ്ഞുവരുന്നതെന്ന് ഈ പ്രതികരണങ്ങള്‍ തെളിയിക്കുന്നു.

main stories

നിയമസഭ തിരഞ്ഞെടുപ്പ്‌; മുസ്‌ലിം ലീഗിന്‌ ലഭിച്ചത് കാല്‍കോടിയോളം വോട്ടുകള്‍

യു.ഡി.എഫിന് ആകെ ലഭിച്ച 10054550 വോട്ടുകളില്‍ 2424740 വോട്ടുകളും മുസ്്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ നേടിയത്.

Published

on

By

ലുഖ്മാന്‍ മമ്പാട്

– യു.ഡി.എഫിന്റെ കോടി വോട്ടില്‍ നാലിലൊന്ന്

– പത്തുപേര്‍ക്ക് ലക്ഷത്തിലെറേ വോട്ടുകള്‍

– ഭൂരിപക്ഷത്തില്‍ ആദ്യ മൂന്നു റാങ്കുകളും

Advertisement

– സി.പി.എമ്മിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തില്‍ താഴെ

– മുസ്്‌ലിംലീഗ് ആകെ ഭൂരിപക്ഷം എട്ടു ലക്ഷം കടന്നു

കോഴിക്കോട്: സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ നിന്നായി യു.ഡി.എഫ് കോടിയിലേറെ വോട്ടുകള്‍ നേടിയപ്പോള്‍ 27 സീറ്റില്‍ മത്സരിച്ച മുസ്്‌ലിംലീഗിന് ലഭിച്ചത് കാല്‍കോടിയോളം വോട്ട്. യു.ഡി.എഫിന് ആകെ ലഭിച്ച 10054550 വോട്ടുകളില്‍ 2424740 വോട്ടുകളും മുസ്്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ നേടിയത്. വെറും 27 മണ്ഡലങ്ങളില്‍ മത്സരിച്ചാണ് ഈ നേട്ടം. മലപ്പുറം ജില്ലയിലെ 12 മണ്ഡലങ്ങളില്‍ നിന്ന് മാത്രം മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ 13 ലക്ഷത്തോളം വോട്ടുകള്‍ നേടി. മലപ്പുറം, തിരൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി, വളളിക്കുന്ന്, മങ്കട, പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചു.

സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ആദ്യ മൂന്ന് റാങ്കുകളുടെ റെക്കോര്‍ഡും മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കി. പി.കെ കുഞ്ഞാലിക്കുട്ടി-മലപ്പുറം (85327 വോട്ടുകളുടെ ഭൂരിപക്ഷം), പി.എം.എ സമീര്‍-തിരൂരങ്ങാടി (63387), ആബിദ് ഹുസൈന്‍ തങ്ങള്‍-കോട്ടക്കല്‍ (62638) എന്നിവരാണ് ആദ്യറാങ്കുകാര്‍. 2021ല്‍ മട്ടന്നൂരില്‍ നിന്ന് സി.പി.എമ്മിന്റെ കെ.കെ ശൈലജ നേടിയ 60963 വോട്ട് ഭൂരിപക്ഷത്തെയാണ് മൂന്ന് മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ പിന്തളളിയത്.

Advertisement

82 സീറ്റുകളില്‍ മത്സരിച്ച സി.പി.എം 26 സീറ്റുകളില്‍ (32%) വിജയിച്ചപ്പോള്‍ 27 ല്‍ മത്സരിച്ച മുസ്്‌ലിംലീഗ് 22ലും (81%) വിജയിച്ചു. വിജയിച്ച 22 മണ്ഡലങ്ങളില്‍ നിന്ന് എട്ടു ലക്ഷത്തിലേറെ വോട്ടുകളുടെ (806416) ഭൂരിപക്ഷമാണ് മുസ്്‌ലിംലീഗിനുള്ളത്. 2021ല്‍ മുസ്്‌ലിംലീഗ് വിജയിച്ച 15 മണ്ഡലങ്ങളില്‍ നിന്ന് ആകെ ഭൂരിപക്ഷം രണ്ടു ലക്ഷം (200229) മാത്രമായിരുന്നു. ഭൂരിപക്ഷത്തില്‍ മാത്രം ആറു ലക്ഷത്തിലേറെ വോട്ടുകളുടെ വര്‍ധന. 26 സീറ്റുകള്‍ വിജയിച്ച സി.പി.എമ്മിന് ആകെ ഭൂരിപക്ഷം മൂന്ന് ലക്ഷം (295348) പോലും ഇല്ല.
പി.ബി അംഗം പിണറായി വിജയന്‍ ഉള്‍പ്പെടെ സി.പി.എമ്മിന്റെ ഒരാള്‍ക്ക് പോലും പാതിയിലേറെ വോട്ടുകള്‍ ലഭിച്ചിട്ടില്ല.

എന്നാല്‍, മുസ്്‌ലിംലീഗിന്റെ പത്തു പേര്‍ക്ക് 50%ല്‍ അധികം വോട്ടുകള്‍ ലഭിച്ചു. ഇതില്‍ തന്നെ മൂന്ന് പേര്‍ക്ക് 60% ല്‍ അധികം വോട്ടുകള്‍ ലഭിച്ചു. യു.ഡി.എഫിന് 46.56% വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് 37.62% വോട്ടുകളാണുള്ളത്. 8.94% വോട്ടുകളുടെ വ്യത്യാസം. 2021ല്‍ എല്‍.ഡി.എഫിന് യു.ഡി.എഫിനെക്കാള്‍ 5.87% വോട്ടുകളാണ് അധികം ലഭിച്ചിരുന്നത്. എന്‍.ഡി.എക്ക 2021ല്‍ 2607314 (12.52%) വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ 3149357(14.58%) വോട്ടുകളാണ് ലഭിച്ചത്. ഏഴു സീറ്റുകള്‍ കൂടിയതിന് പുറമെ വോട്ടു വര്‍ധനയില്‍ മുസ്്‌ലിംലീഗാണ് വലിയ മുന്നേറ്റമുണ്ടാക്കിയത്. ആകെ പോള്‍ ചെയ്ത 21597055 വോട്ടുകളില്‍ 2424740 ഉം മുസ്്‌ലിംലീഗിന് 11.23% വോട്ടു വിഹിതമാണുള്ളത്. ആകെയുള്ളതില്‍ 19 % സീറ്റുകളില്‍ (140ല്‍27) മത്സരിച്ച മുസ്്‌ലിംലീഗ് യു.ഡി.എഫിന് ആകെ ലഭിച്ച 10054550 വോട്ടിന്റെ 24.23% വോട്ടുകളും സമാഹരിച്ചത് ജനകീയാടിത്തറയും സ്‌ട്രൈക്ക് റേറ്റും അടിവരയിടുന്നതാണ്.

Continue Reading

kerala

നിര്‍ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന്; എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി.

Published

on

By

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. രാവിലെ 10 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച എ.ഐ.സി.സി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കുമാണ് തിരുവനന്തപുരത്തെത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയില്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുമെന്നും അജയ് മാക്കന്‍ പ്രതികരിച്ചു. ആരെയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്നും ദിപാ ദാസ് മുന്‍ഷി ആരെയൊക്കെയാണോ ക്ഷണിച്ചിട്ടുളളത് അവരുമായെല്ലാം കൂടിക്കാഴ്ച നടത്തുമെന്നും മുകുള്‍ വാസ്‌നിക്കും പറഞ്ഞു.

ഇന്ദിരാഭവനില്‍ എത്തിയ നിരീക്ഷകര്‍, മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഇവര്‍ക്കൊപ്പം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി. സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും ഉണ്ടായിരുന്നു. നിരീക്ഷകര്‍ ഇന്നു മുതല്‍ നേതാക്കളെ നേരിട്ട് കണ്ട് അഭിപ്രായം തേടും. ഈ യോഗത്തിന് പുറമെ എം.എല്‍.എമാരെ നിരീക്ഷകര്‍ ഒറ്റക്കൊറ്റക്കായും കണ്ട് അഭിപ്രായം രേഖപ്പെടുത്തും. എം.പിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും നിലപാട് കൂടി തേടിയാകും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുക.

 

Advertisement

 

Continue Reading

india

ബംഗാളില്‍ ബി.ജെ.പിയുടെ വിജയം വോട്ടര്‍ പട്ടികയിലെ ‘വെട്ടിനിരത്തലിന്’ പിന്നാലെയോ?

അട്ടിമറി ആരോപണങ്ങള്‍ക്ക് പിന്നാലെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

Published

on

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അട്ടിമറി വിജയത്തിന് പിന്നില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വന്‍തോതില്‍ പേരുകള്‍ വെട്ടിമാറ്റിയത് സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘സ്‌ക്രോള്‍’ ആണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ബി.ജെ.പി വിജയിച്ച നൂറിലധികം സീറ്റുകളില്‍ അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷം, അവിടെ നിന്ന് നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികളിലൂടെ ഏകദേശം 90 ലക്ഷത്തിലധികം പേരുകളാണ് ഒഴിവാക്കപ്പെട്ടത്. ഇത് സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ 12 ശതമാനത്തോളം വരും. ബി.ജെ.പി വിജയിച്ച 105 സീറ്റുകളില്‍ അവരുടെ വിജയഭൂരിപക്ഷം അവിടെ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടുകളുടെ എണ്ണത്തേക്കാള്‍ വളരെ ചെറുതാണ്. ഇതില്‍ 86 സീറ്റുകള്‍ തൃണമൂലില്‍ നിന്ന് ബി.ജെ.പി പിടിച്ചതാണ്.

അതേസമയം വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ ഏകദേശം 27 ലക്ഷം പേര്‍ നല്‍കിയ അപ്പീലുകള്‍ ഇപ്പോഴും ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.

2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 9,000 വോട്ടിന് മുന്നിലായിരുന്ന ഇവിടെ, 7,515 വോട്ടര്‍മാരെ ഒഴിവാക്കിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 900 വോട്ടിന് വിജയിച്ചു. ജാദവ്പൂരില്‍ പട്ടികയില്‍ നിന്ന് 56,000 പേരെ നീക്കം ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയുടെ വിജയഭൂരിപക്ഷം 27,716 വോട്ടുകള്‍ മാത്രമാണ്.

Advertisement

ആകെ സീറ്റുകള്‍: 294

ബി.ജെ.പി: 207 സീറ്റുകള്‍

തൃണമൂല്‍ കോണ്‍ഗ്രസ്: 80 സീറ്റുകള്‍

2021-ല്‍ 212 സീറ്റുകളുമായി അധികാരത്തിലേറിയ മമതയ്ക്ക് ഇത്തവണത്തെ ഫലം വലിയ തിരിച്ചടിയാണ് നല്‍കിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെന്ന മമതയുടെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്.

Advertisement

അതേസമയം വിജയത്തിന് പിന്നാലെ ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസുകളും അനുഭാവിയായവരുടെ കടകളും ബി.ജെ.പി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

 

Continue Reading

Trending