editorial

മറുപടിയില്ലാതെ സി.പി.എം

By Akhila

May 07, 2026

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ചരിത്രപരമായ തോല്‍വിയെക്കുറിച്ച് വിശദീകരിക്കാന്‍പോലും കഴിയാതെ സി.പി.എം തകര്‍ന്നുപോയതിന്റെ നഖചിത്രമായിരുന്നു പാര്‍ട്ടി സെക്രട്ടറി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനം. ധാര്‍ഷ്ട്യവും ധിക്കാരവും അസഹിഷ്ണുതയുമെല്ലാം കൈമുതലാക്കിയ ഒരു ഭരണകൂടത്തിനുണ്ടായ അനിവാര്യമായ പതനമാണിതെന്നത് പാര്‍ട്ടി അണികള്‍പോലും തുറന്നുസമ്മതിച്ചുകൊണ്ടിരിക്കുകയാണ്. നേതാക്കളെന്നോ അണികളെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യ മാധ്യമങ്ങലിലൂടെ സി.പി.എമ്മുകാര്‍ നടത്തിക്കൊണ്ടിരിക്കുന്ന മുറവിളികള്‍, പാര്‍ട്ടിക്കുണ്ടായ വീഴ്ച്ചയെക്കുറിച്ചും തെറ്റുതിരുത്തലിനെക്കുറിച്ചുമാണ്. എന്നാല്‍ ഫലം പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്ന് ഇപ്പോഴും ബോധ്യമാവാത്ത പാര്‍ട്ടി ശരിക്കും ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ എന്ന സംശയത്തിലാണ് സാമാന്യ ജനങ്ങളുള്ളത്. ഇതിലും കനത്തൊരു പ്രഹരം നല്‍കാനില്ലാത്തവിധം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും മാധ്യമങ്ങളുടെ മുന്നില്‍ വന്ന് പൊട്ടന്‍കളിക്കുന്ന പാര്‍ട്ടി സെക്രട്ടറി ബംഗാളിനെയും ത്രിപുരയെയും നിരന്തരം ഓര്‍മിപ്പിക്കുകയാണെന്നതാണ് വാസ്തവം.

യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് പാര്‍ട്ടിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ഫേസ്ബുക്ക് പേജുകളില്‍ തന്നെ അണികള്‍ വിളിച്ചുപറയുന്നുണ്ട്. സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയുമെല്ലാം ചേര്‍ന്ന് പിണറായി വിജയന് സ്തുതിപാടുന്നതിന് പകരം ആ കമന്റുകളൊന്ന് മനസ്സിരുത്തി വായിക്കാന്‍ നേതൃത്വം തയാറായാല്‍ തന്നെ തോല്‍വിയുടെ കാരണങ്ങള്‍ ബോധ്യപ്പെടും. പാര്‍ട്ടിക്കേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എം.വി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നാണ് ഭൂരിഭാഗം പേരും കമന്റുകളിലൂടെ ആവശ്യപ്പെടുന്നത്. നേതൃത്വത്തിന്റെ പിടിപ്പുകേടും ധാര്‍ഷ്ട്യവുമാണ് ഇത്രയും വലിയൊരു ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഉണ്ടാകാന്‍ കാരണമെന്നാണ് അണികളുടെ പ്രധാന വിമര്‍ശനം. പയ്യന്നൂരില്‍ നിന്ന് വിജയിച്ച വി. കുഞ്ഞികൃഷ്ണന്‍, തന്റെ പുസ്തകത്തിലൂടെ മാസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയതുപോലെ അണികള്‍ നേതൃത്വത്തെ തിരുത്തിയിട്ടും അതു ബോധ്യമായിട്ടില്ലെന്നുമാത്രമല്ല, ജനങ്ങളുടെ മനസ്സിനെയും മനോഭാവത്തെയും കുറിച്ച് സങ്കടപ്പെടുകയാണ് പാര്‍ട്ടിയുടെ സൈദ്ധാന്തികാചാര്യന്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അമ്പലപ്പുഴയിലെ ജി. സുധാകരന്റെ വിജയത്തിനുപുറമെ രക്തസാക്ഷികളുടെ ചെഞ്ചോരകൊണ്ട് ചെഞ്ചായംപൂശിയ തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനും പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനുമൊന്നും ജനവിധി തേടിയത് നിയമസഭ കാണാനുള്ള ആഗ്രഹംകൊണ്ടിയിരുന്നില്ല. അതു തങ്ങള്‍ പ്രതീക്ഷിച്ചിട്ടുമില്ലെന്ന് തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഇരുവരും വ്യക്തമാക്കിയിട്ടുള്ളതുമാണ്. അധികാരത്തിന്റെ ആലസ്യത്തില്‍ വഴിമാറിപ്പോയ പാര്‍ട്ടിയെയും സര്‍ക്കാറിനെയും അണികളെക്കൊണ്ട് തിരുത്തിക്കുക എന്നതുമാത്രമായിരുന്നു ഇരുവരുടെയും ലക്ഷ്യം. അവര്‍ ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചപ്പോള്‍ പാര്‍ട്ടിക്ക് അനിവാര്യമായ പരാജയം സംഭവിക്കുകയായിരുന്നു. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് സമൂഹത്തിന് മനസ്സിലാകുന്ന ഭാഷയില്‍ മറുപടി പറയുന്നതിന് പകരം മടിയില്‍ കനമുള്ളവന്‍ വഴിയില്‍ ഭയക്കുന്നതുപോലെ ആരോപണം ഉന്നയിച്ചവരെ വ്യക്തിഹത്യ ചെയ്യാനും തേജോവധം ചെയ്യുവാനുമായിരുന്നു നേതൃത്വം തയാറായത്. പാര്‍ട്ടിസെക്രട്ടറിക്ക് പകരം ഭാര്യയെ കൊണ്ടുവന്നത് ചോദ്യം ചെയ്തയാള്‍ക്ക് കുലംകുത്തിപട്ടം ചാര്‍ത്തിനല്‍കിയപ്പോള്‍ പാര്‍ട്ടിരക്തസാക്ഷിയുടെ പേരില്‍ പിരിച്ചെടുത്ത പണം അടിച്ചുമാറ്റിയത് ചൂണ്ടിക്കാണച്ചതിന് കള്ളനാക്കിമാറ്റുകയുമായിരുന്നു. എന്നാല്‍ ആരാണു കള്ളനെന്നും ആരാണ് കുലംകുത്തിയെന്നും തുറന്നുപറയുകയാണ് ഇരുമണ്ഡലങ്ങളിലും അണികള്‍ ചെയ്തിരിക്കുന്നത്. എന്നിട്ടും തെറ്റു സമ്മതിക്കാന്‍ തയാറല്ലെന്നാണ് പാര്‍ട്ടിസെക്രട്ടറിയുടെ ഈ ഒളിച്ചുകളിയും വിഴുങ്ങിക്കളിയും വ്യക്തമാക്കുന്നത്.

സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടാകുമ്പോള്‍ അതില്‍നിന്ന് മുക്തമാകുന്നതുവരെ മൗനം അവലംഭിക്കുക്കയെന്നത് സാധാരണമാണ്. എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഒറ്റക്ക് നേതൃത്വം നല്‍കുകയും സര്‍ക്കാറിന്റെ മുഖമായി സ്വയം അവതരിക്കുകയും പാര്‍ട്ടിയെയും മുന്നണിയെയുംകൊണ്ട് അങ്ങിനെ അവതരിപ്പിക്കുകയും ചെയ്ത പിണറായി വിജയന്‍ മൗനത്തിന്റെ മാളത്തില്‍ നിന്ന് ഇനിയും പുറത്തുവരാന്‍ തയാറാകാത്തത് സ്വതസിദ്ധമായ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും തടയിടാന്‍ ഈ ജനവിധിപോലും അപര്യാപ്തമാണെന്നതിന്റെ സൂചനയാണ്. ഏതായാലും ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം അധികാര പ്രമത്തതയുടെ ദന്തഗോപുരത്തില്‍ അധിവസിച്ചുകൊണ്ട് ചെയ്തുകൂട്ടിയ മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുന്നുണ്ടാകുമെന്നതുറപ്പാണ്. ജനാധിപത്യത്തോട് എന്തെങ്കിലും കടപ്പാട് അവശേഷിക്കുന്നുണ്ടെങ്കില്‍ പ്രതിപക്ഷത്തോട് മാത്രമല്ല, സാധാരണക്കാരായ ജനങ്ങളോടും കാണിച്ച ആ മൃഗീയമായ സമീപനത്തിന്റെ പേരില്‍ മാപ്പുപറയാനെങ്കിലും അദ്ദേഹം വാ തുറക്കേണ്ടതുണ്ട്. എന്തുകൊണ്ട് തോറ്റു എന്ന് അണികള്‍ തന്നെ കൃത്യമായി വിശദീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതായിരിക്കും അദ്ദേഹത്തിന് ഉചിതം.