main stories
വിസ്മയം തീര്‍ത്ത് മുസ്‌ലിം ലീഗ്
യു.ഡി.എഫിന്റെ ചരിത്ര വിജയത്തില്‍ വജ്രശോഭയോടെ തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്.
യു.ഡി.എഫിന്റെ ചരിത്ര വിജയത്തില്‍ വജ്രശോഭയോടെ തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ന്യൂനപക്ഷ രാഷട്രീയത്തിന്റെ ഈ തേരോട്ടം പ്രതീക്ഷാ നിര്‍ഭരവും ആശാകിരണവുമായിത്തീരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മറ്റു നാലിടങ്ങളിലും പ്രതീക്ഷാ നിര്‍ഭരമായ ജനവിധിയല്ല പുറത്തുവന്നിരിക്കുന്നത്. അസമിലും പുതുച്ചേരിയിലും ബി.ജെ.പി സഖ്യത്തിന് അധികാരത്തുടര്‍ച്ചയുണ്ടായപ്പോള്‍ രാജ്യത്തെ മതേതര ചേരിയിലെ ശക്തമായ സാനിധ്യങ്ങളായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തിരിച്ചടി ഏറ്റുവാങ്ങിയിരിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ മുസ്‌ലീം ലീഗ് പ്രസ്താനത്തിന് ലഭിച്ചിട്ടുള്ള പത്തരമാറ്റ് വിജയം നിയമസഭാ തിരഞ്ഞെടുപ്പിനപ്പുറത്തേക്കുള്ള വലിയ സന്ദേശമാണ് നല്‍കുന്നത്. റോക്കോര്‍ഡ് പുസ്തകങ്ങളില്‍ നിരവധി അധ്യായങ്ങള്‍ തുന്നിച്ചേര്‍ത്തുകൊണ്ടാണ് ഇത്തവണത്തെ മുസ് ലിം ലീഗ് വിജയം. 27 മണ്ഡലങ്ങളില്‍ മത്സരിച്ച പാര്‍ട്ടി 22 എണ്ണത്തിലും വെന്നിക്കൊടി പാറിപ്പിച്ചപ്പോള്‍ അതു മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമസഭാ പ്രാതിനിധ്യമായി മാറിയിരിക്കുകയാണ്. 1957 ലെ ആദ്യ സര്‍ക്കാര്‍ തൊട്ട് കേരളത്തിലെ എല്ലാ സഭകളിലും പ്രാതിനിധ്യമുണ്ടായിരുന്ന പാര്‍ട്ടിയുടെ ഇതിനു മുമ്പുള്ള ഏറ്റവും വലിയ വിജയം 2011 ലായിരുന്നു. 24 സീറ്റുകളില്‍ മത്സരിച്ച അന്ന് 20 സീറ്റുകളില്‍ വിജയം വരിച്ചിരുന്നു. കഴിഞ്ഞ തവണത്തെ 15 മണ്ഡലങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ ഏഴു മണ്ഡലങ്ങള്‍ പതുതായി പിടിച്ചെടുക്കുകയായിരുന്നു.
മുസ്‌ലിം ലീഗ് വിജയിച്ച മണ്ഡലങ്ങളിലെ വിസ്മയകരമായ ഭൂരിപക്ഷം ജനങ്ങള്‍ക്കിടയിലുള്ള പാര്‍ട്ടിയുടെ സ്വാധീനം അടിവരയിടുകയാണ്. കേരളത്തിന്റെ നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 85327 വോട്ടുമായി മലപ്പുറം മണ്ഡലത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷത്തിന്റെ കാര്യത്തിലും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിഞ്ഞ കൊടുങ്കാറ്റിലും ഭൂരിപക്ഷത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മുസ്‌ലിം ലീഗ് പ്രതിനിധികള്‍ തന്നെയാണ്. തിരൂരങ്ങാടിയില്‍ നിന്ന് 63387 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പി.എം.എ സമീര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോട്ടക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ നേടിയ 61638 ആണ് മൂന്നാം സ്ഥാനത്ത്. ഇതിനു പുറമെ മഞ്ചേരിയിലും കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും അരലക്ഷത്തിനു മുകളിലാണ് ഭൂരിപക്ഷം. 22 ല്‍ രണ്ടു നിയോജക മണ്ഡലങ്ങളില്‍ മാത്രമാണ് പതിനായിരത്തിനു താഴെ ഭൂരിപക്ഷമുള്ളത് എന്നതു തന്നെ ഈ വിജയത്തിന്റെ മാറ്റ് അടയാളപ്പെടുത്തുന്നു. തോറ്റുപോയ അഞ്ചില്‍ മൂന്നു മണ്ഡലങ്ങളില്‍ ഉജ്വലപ്രകടനം കാഴ്ചവെച്ച് നിസാരവോട്ടുകള്‍ക്കാണ് കീഴടങ്ങിയിട്ടുള്ളത്.
അഴീക്കോട് 349 വോട്ടിനാണ് കൈവിട്ടുപോയതെങ്കില്‍ കൂത്തുപറമ്പില്‍ 1286 വോട്ടിനും ഗുരുവായൂര്‍ 1998 വെട്ടിനുമാണ് കീഴടങ്ങിയത്. നിയമസഭയിലെ മൂന്നാമത്തെ കക്ഷിയായി നിലയുറപ്പിച്ച പാര്‍ട്ടിക്ക് സി.പി.എമ്മിനെക്കാള്‍ നാലുസീറ്റ് മാത്രമാണ് കുറവ്. 85 സീറ്റുകളില്‍ മത്സരിച്ചാണ് സി.പി.എമ്മിന് 26 സീറ്റുകള്‍ ലഭിച്ചത്. പേരാമ്പ്രയിലെ ഫാത്തിമ തഹ്‌ലിയയുടെ വിജയത്തിലൂടെ ചരിത്രത്തിലാദ്യമായി നിയമസഭയില്‍ വനിതാ പ്രാധിനിത്യമെന്ന നേട്ടവുംകൂടി ലീഗിനെ തേടിയെത്തിയിരിക്കുകയാണ്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി വിലയിരുത്തപ്പെട്ടിരുന്ന മണ്ഡലത്തില്‍ ഇടതുമുന്നണി കണ്‍വീനറെയാണ് തെഹ്‌ലിയ പരാജയപ്പെടുത്തിയത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തന്നെ മുസ്‌ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ കേരളത്തെ അല്‍ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. പരിചയസമ്പന്നരോടൊപ്പം യുവാക്കള്‍, വനിതകള്‍ തുടങ്ങിയ എല്ലാ പരിഗണനകളും സമജ്ജസമായ സമ്മേളിച്ച സ്ഥാനാര്‍ത്ഥി പട്ടികയായിരുന്നു സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ അവതരിപ്പിച്ചത്. വ്യക്തമായ ചര്‍ച്ചകള്‍ക്കും കൃത്യമായ ആസൂത്രണങ്ങള്‍ക്കും ശേഷമുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ജനം ഹൃദയത്തിലേറ്റുവാങ്ങുന്നതിനാണ് തിരഞ്ഞെടുപ്പ് നാളുകള്‍ സാക്ഷ്യംവഹിച്ചത്. എണ്ണയിട്ട യന്ത്രംപോലെയുള്ള പാര്‍ട്ടി മിഷണറിയുടെ ചലനവും അല്‍ഭുതാവഹമായിരുന്നു. മുസ്‌ലിം ലീഗ് മണ്ഡലങ്ങളില്‍ മാത്രമല്ല, യു.ഡി.എഫിന്റെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കുംവേണ്ടി മുന്നണിപ്പോരാളികളായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചത്.
പലമണ്ഡലങ്ങളിലും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പോലും അല്‍ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. ഈ ഊര്‍ജ്വസലമായ പ്രവര്‍ത്തനങ്ങളും മിന്നുന്ന വിജയവുമെല്ലാം ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മുസ്‌ലിം ലീഗ് നേടിയെടുത്തിട്ടുള്ള വിസ്മയാവഹമായ വളര്‍ച്ചയുടെ അടയാളപ്പെടുത്തലാണ്. കൃത്യമായ ലക്ഷ്യത്തോടെ വ്യക്തമായ മാര്‍ഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പ്രസ്താനത്തെ ലക്ഷ്യത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്തുപോലും വ്യാപകമായി നടക്കുകയുണ്ടായി. എന്നാല്‍ വിവാദങ്ങള്‍ക്കും വിഭാഗീയതക്കുമൊന്നും തലവെച്ചുകൊടുക്കാന്‍ മുസ്‌ലിം ലീഗിന് സമയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പൊതു സമൂഹത്തില്‍ പ്രസ്താനത്തിനുള്ള അംഗീകാരം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. തെക്കെന്നോ വടക്കെന്നോ വ്യത്യാസമില്ലാതെ വിവിധ മേഖലകളില്‍ നിന്ന് പാര്‍ട്ടിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന ജനസഞ്ചയം ഇതിനുള്ള തെളിവാണ്. ഒരു പതിറ്റാണ്ടിനു ശേഷം ചരിത്രഭൂരിപക്ഷത്തോടെ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളം മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ വീക്ഷിക്കുന്നത്.
main stories
കോട്ടകള്‍ തകര്‍ത്ത കൊടുങ്കാറ്റ്
എല്ലാ കണക്കുകൂട്ടലുകളെയും അസ്ഥാനത്താക്കിയുള്ള ജനവിധിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് ഇടതുപക്ഷം കൂപ്പുകുത്തിയിരിക്കുന്നത്.
കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ ആഞ്ഞടിച്ച ഭരണവിരുദ്ധ കൊടുങ്കാറ്റില്‍ ചരിത്രവിജയം നേടി ഐക്യജനാധിപത്യമുന്നണി സംസ്ഥാനത്തിന്റെ അധികാരക്കസേരയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. എല്ലാ കണക്കുകൂട്ടലുകളെയും അസ്ഥാനത്താക്കിയുള്ള ജനവിധിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് ഇടതുപക്ഷം കൂപ്പുകുത്തിയിരിക്കുന്നത്. ബംഗാളിനും ത്രിപുരക്കും പിന്നാലെ സി.പി.എമ്മിന്റെ നിലനില്‍പ് തന്നെ അപകടത്തിലാകുന്ന വിധത്തിലാണ് കഴിഞ്ഞ ഒരുപതിറ്റാണ്ടുകാലത്തെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ജനം മറുപടി നല്‍കിയിരിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും വഴി നാടിന്റെ ആത്മാഭിമാനത്തെ തകര്‍ത്തുതരിപ്പണമാക്കിയതിനുള്ള പ്രഹരം പിണറായിയും സംഘവും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ളതായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും ഏറ്റവുമൊടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും ഈ സര്‍ക്കാറിന് ജനങ്ങള്‍ അതിശക്തമായ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ വീഴ്ച്ചകള്‍ തുറന്നുസമ്മതിച്ച് തെറ്റുകള്‍ തിരുത്തുന്നതിന് പകരം വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള നീക്കങ്ങളാണുണ്ടായത്. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതകളെ ഇരുകക്ഷങ്ങളിലും ചേര്‍ത്തുപിടിച്ച് കേരളത്തിന്റെ മഹിതമായ പാരമ്പര്യത്തിനു നേരെ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ അതിനു മതേതര കേരളം നല്‍കിയ സര്‍വശക്തിയുമുപയോഗിച്ചുള്ള പ്രഹരമാണ് ഈ ജനവിധി. അതുപക്ഷേ ഇടതിപക്ഷത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
അഞ്ച് ദശകത്തോളം ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും ഉരുക്കില്‍ തീര്‍ത്ത പയ്യന്നൂരും ഉദുമയുംതൃക്കരിപ്പൂരും അടക്കമുള്ള ചെങ്കോട്ടകള്‍ തകര്‍ന്ന് തരിപ്പണമായ, ആര്‍ത്തിരമ്പിയെത്തിയ ഭരണവിരുദ്ധ വികാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം ആടിയുലഞ്ഞു. മന്ത്രിമാര്‍ തോറ്റ്തുന്നംപാടി. തുടര്‍ച്ചയായ പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 102സീറ്റോടെയാണ് യു.ഡി.എഫ് അധികാരത്തിലേക്ക് കാലെടുത്തുവെക്കുന്നത്. 2021 ല്‍ 99 സീറ്റുമായി അധികാരത്തുടര്‍ച്ച നേടിയ എല്‍.ഡി.എഫ് 35 ലേക്കാണ് കൂപ്പുക്കുത്തിയത്. ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍നിന്ന് എല്‍.ഡി.എഫ് അപ്രത്യക്ഷമായപ്പോള്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, എം.ബി രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എന്‍.വാസവന്‍, ആര്‍.ബിന്ദു, റോഷി അഗസ്റ്റിന്‍, ചിഞ്ചുറാണി, എ.കെ.ശശീന്ദ്രന്‍, വി.അബ്ദുറഹിമാന്‍, കെ.ബി.ഗണേഷ് കുമാര്‍ എന്നിവര്‍ പരാജയത്തിന്റെ കയ്പുനീര്‍ അറിഞ്ഞു. പേരാവൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനോട് മത്സരിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയും നിലംതൊട്ടില്ല. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനെ പേരാമ്പ്രയില്‍ കശക്കിയെറിഞ്ഞ മുസ്‌ലിംലീഗിന്റെ ഫാത്തിമ തഹ്‌ലിയ ചരിത്രത്തിലാദ്യമായി ലീഗിന് നിയമസഭയില്‍ വനിതാപ്രാധിനിധ്യമെന്ന ചരിത്രത്തിലേക്ക് നടന്നുകയറുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, പി.പ്രസാദ്, ജി.ആര്‍.അനില്‍,കെ.രാജന്‍എന്നിവര്‍ക്ക് മാത്രമാണ് മന്ത്രിമാരില്‍ ജയിക്കാനായത്.
64സീറ്റുകളോടെ കോണ്‍ഗ്രസ് സമീപകാലത്തെ മികച്ച പ്രകടനവും 22സീറ്റുകളോടെ മുസ്‌ലിംലീഗും പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കേരള ചരിത്രത്തിലെ എക്കാലത്തെയും റെക്കോര്‍ഡ് നേട്ടത്തോടെയാണെങ്കില്‍ മുസ്‌ലിം ലീഗിന്റെ അഞ്ചുസാരഥികള്‍ അരലക്ഷവും ഒമ്പതു പേര്‍ കാല്‍ ലക്ഷവും പിന്നിട്ട ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്. പാലായിലടക്കം തോറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം വട്ടപൂജ്യമായപ്പോള്‍ ജോസഫിന്റെ കേരള കോണ്‍ഗ്രസ് എട്ടിടത്ത് മത്സരിച്ച് ഏഴിടത്തും ജയിച്ച് ഏറ്റവും മികച്ച പ്രകടനംകാഴ്ചവെച്ച പാര്‍ട്ടിയായി. സി.പി.ഐ 17 ല്‍നിന്ന് ഒമ്പതായി ചുരുങ്ങി. മൂന്ന് സീറ്റുകളോടെ ആര്‍.എസ്.പിയും ഓരോ വീതം സീറ്റുകള്‍നേടി കേരള കോണ്‍ഗ്രസ് ജേക്കബ്, സി.എം.പി എന്നീ പാര്‍ട്ടികള്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സാന്നിധ്യമറിയിച്ചു. ആര്‍.ജെ.ഡി കൂത്തുപറമ്പും കെ.കെ.രമ വടകരയും പാലാ മാണി സി.കാപ്പനും നിലനിര്‍ത്തി. കനത്ത പരാജയത്തിനടയില്‍ ജി.സുധാകരനടക്കമുള്ള വിമതര്‍ നേടിയ വിജയം സി.പി.എമ്മിന് ശക്തമായ തിരിച്ചടിയായിത്തീര്‍ന്നിരിക്കുകയാണ്. പാര്‍ട്ടി കോട്ടകളിലായിരുന്നു വിമതരുടെ വിജയം. അമ്പലപ്പുഴയില്‍ ജി.സുധാകരനും പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണും തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്ററുമാണ് യു.ഡി.എഫ് സ്വതന്ത്രരായി മത്സരിച്ച് ജയിച്ചത്. അര നൂറ്റാണ്ടിന് ശേഷം കാസര്‍കോടും 20 വര്‍ഷത്തിന് കോഴിക്കോടും വിജയിക്കാനായെന്നതും കോണ്‍ഗ്രസിന് ഇരട്ടിമധുരമാണ്.
ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രചാരണായുധം പിണറായി വിജയനായിരുന്നു. ദൃഷ്ടി പതിയുന്നിടത്തൊക്കെ ഭീമന്‍ഹോര്‍ഡിങ്ങുകള്‍ മുതല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വരെ പിണറായി വിജയന്‍ മാത്രം നിറഞ്ഞുനിന്നു. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും കുറവു സീറ്റുകള്‍ നേടി സി.പി.എം പരാജയത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ അതിന്റെ പ്രഥമ ഉത്തരവാദി പിണറായി വിജയനാണെന്നതില്‍ രണ്ടഭിപ്രായത്തിന് ഇടമില്ല. ബംഗാളിലും ത്രിപുരയിലുമെല്ലാം പ്രതിപക്ഷത്തുപോലുമില്ലാതെ സി.പി.എം ദുര്‍ഭലമാക്കപ്പെട്ടപ്പോള്‍ കനലൊരുതരി മാത്രമായി നിലകൊണ്ടത് കേരളമായിരുന്നു. ആ കേരളത്തിലും തിരിച്ചുവരാനാകാത്ത വിധത്തിലുള്ള പരാജയമാണ് സി.പി.എമ്മിന് സംഭവിച്ചിരിക്കുന്നത്.
main stories
ജില്ല തൂത്തുവാരി കണക്ക് തീര്‍ത്തു: മുസ്ലിംലീഗ്
മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുകയും അധിക്ഷേപിക്കുകകയും ദേശ ദ്രോഹികളായി അപമാനിക്കുകയും കേസുകളില്‍ കുടുക്കി പീഡിപ്പിക്കുകയും വികസനം നിഷേധിച്ച് ക്രൂരമായ അവഗണന കാണിക്കുകയും ചെയ്തതിലുള്ള പ്രതികാരമാണ് ജനങ്ങള്‍ വോട്ടിലൂടെ ചെയ്തിട്ടുള്ളത്
മലപ്പുറം: മലപ്പുറത്തെ തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് മുസ്ലിം ലീഗ് നടത്തിയ പ്രവചനം അല്‍പം പോലും തെറ്റിയില്ലെന്നും ജില്ലയിലെ ജനങ്ങള്‍ സി.പി.എമ്മിനോട് ശരിക്കും കണക്ക് തിര്‍ത്തുവെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ പ്രസ്താവിച്ചു. മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുകയും അധിക്ഷേപിക്കുകകയും ദേശ ദ്രോഹികളായി അപമാനിക്കുകയും കേസുകളില്‍ കുടുക്കി പീഡിപ്പിക്കുകയും വികസനം നിഷേധിച്ച് ക്രൂരമായ അവഗണന കാണിക്കുകയും ചെയ്തതിലുള്ള പ്രതികാരമാണ് ജനങ്ങള്‍ വോട്ടിലൂടെ ചെയ്തിട്ടുള്ളത്. സി.പി.എമ്മിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലങ്ങള്‍ ഇത്തവണ തിരിച്ച് പിടിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചതാണ്. മന്ത്രി അബ്ദുറഹ്‌മാന്റെയും മുന്‍മന്ത്രി കെടി ജലീലിന്റെയും പരാജയം മുസ്ലിം ലീഗ് മുന്‍കൂട്ടി തന്നെ പ്രവചിച്ചതാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ലയിലെ ജനങ്ങള്‍ പ്രകടിപ്പിച്ച അതേവികാരമാണ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടിപ്പിച്ചിട്ടുള്ളത്. ഇത് ജനാധിപത്യവിശ്വാസികളുടെയും മതേതര മനസ്സുള്ളവരുടെയും ഇടത് ഭരണത്തില്‍ പീഡിപ്പിക്കപെട്ട ജനങ്ങളുടെയും വോട്ടിന്റെ ഏകീകരണമാണ് നടന്നിട്ടുള്ളത്. ഇതിനെ ന്യൂനപക്ഷ വോട്ടിന്റെ ഏകികരണമെന്ന് സി.പി.എം നിസാരവത്കരിക്കരുതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ജില്ലയുടെ രാഷ്ടീയ ചരിത്രത്തില്‍ പ്രതിപക്ഷത്തിന് ഒരു പ്രതിനിധിയെ പോലും നല്‍കാതെ പുതിയൊരു അധ്യായം സൃഷ്ടിച്ച് പ്രതിപക്ഷമില്ലാത്ത ജില്ല എന്ന ഖ്യാതി നേടിത്തന്ന വോട്ടര്‍മാരെ അഭിനന്ദിച്ചു.
kerala
അന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെ വിറപ്പിച്ചു; പിണറായിയെയും ഞെട്ടിച്ച് സ്റ്റാറായി റഷീദ്
റാഷിദ എ.പി
കണ്ണൂര്‍
അന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെയായിരുന്നെങ്കില്‍ ഇന്നലെ ധര്‍മടത്ത് പിണറായി വിജയനെയും വിറപ്പിക്കുകയായിരുന്നു വി.പി അബ്ദുല്‍ റഷീദ്. ഇവിഎം യന്ത്രത്തിലെ വോട്ട് എണ്ണിത്തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ താരമാകുകയായിരുന്നു യു.ഡി.എഫിലെ യുവനേതാവ് റഷിദ്. ധര്‍മടത്ത് ‘മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍’ വാര്‍ത്ത ചാനലുകളില്‍ ബ്രേക്ക് ചെയ്ത് തുടങ്ങിയതോടെ പിണറായിയുടെ ഏകാധിപത്യത്തിന് മേല്‍ അടിയേല്‍ക്കുമെന്ന അവസ്ഥയായി. ആറ് പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിയപ്പോഴും പിന്നിലായിരുന്നു പിണറായി വിജയന്‍. വോട്ടെണ്ണുന്ന ഓരോ ഘട്ടത്തിലും കേരളമാകെ ശ്രദ്ധ നേടുന്നതായിരു ന്നു റഷീദിന്റെ മുന്നേറ്റം.
ജില്ലയില്‍ സി.പി.എമ്മിന്റെ സുരക്ഷിത മണ്ഡലമായ ധര്‍മടത്ത് നേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്നു ആദ്യമണിക്കൂറുകളിലെ ഫല സൂചനകള്‍. എട്ട് പഞ്ചായ ത്തുകളില്‍ കടമ്പൂര്‍ മാത്രമാണ് യു.ഡി.എഫിനുള്ളത്. എന്നാല്‍ സി.പി.എം ഭരിക്കുന്ന മറ്റ് പഞ്ചായത്തുകളിലും മുന്നേറ്റം തുടരുകയായിരുന്നു റഷീദ്. സി.പി.എം വോട്ടുകളില്‍ തന്നെ വിള്ളല്‍ വീഴ്ത്തകയായിരുന്നു റഷീദിന്റെ മുന്നേറ്റം.
സി.പി.എം ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്താണ് ആദ്യം എണ്ണിക്കഴിഞ്ഞത്. തുടര്‍ന്ന് ആദ്യ ആറ് റൗണ്ടുകളിലും പിണറായി വിജയന്‍ പിന്നിലാകുന്ന അവസ്ഥയായിരുന്നു. കഴിഞ്ഞതവണ പിണറായി വിജയന്‍ മുന്നേറിയ ആദ്യ റൗണ്ടില്‍പോലും പിന്നിലാകുകയായിരുന്നു പല ഘട്ട ങ്ങളിലും. സ്വന്തം പഞ്ചായത്തായ വേങ്ങാട് പോലും പിണറായി വിജയന് മുന്നേറാനായില്ല. ആദ്യറൗണ്ടില്‍ പിണറായി വിജയന്‍ 5008 വോട്ടുകള്‍ നേടിയപ്പോള്‍ റഷീദ് 5741 വോട്ടുകളാണ് നേടിയത്. രണ്ടാം റൗണ്ടില്‍ റഷീദ് 2523 വോട്ടുകളായി ഉയര്‍ത്തി. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ 2077 ആയി മാറി. നാലാം റൗണ്ടിലും റഷീദ് ക്രമാനുഗതമായി മുന്നേറ്റം തുടര്‍ന്നു. നാലാം റൗണ്ട് കഴിയുമ്പോള്‍ റഷീദിന്റെ മുന്നേറ്റം 2812 വോട്ടുകളായിരുന്നു. ആറാം റൗണ്ട് വരെ മുന്നേറ്റം തുടര്‍ന്നെങ്കിലും ഏഴാം റൗണ്ടില്‍ മാത്രമാണ് പിണറായി വിജയന് മുന്നിലെത്താനായത്.
2016ല്‍ 87329 വോട്ടിനാണ് ധര്‍മടത്ത് പിണറായി വിജയന്‍ വിജയിച്ചത്. 2021ല്‍ ഇത് 95522 ആയും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ അത് 85614 ആയി കുറയുന്ന അവസ്ഥയായിരുന്നു. 19247 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇത്തവണ ലഭിച്ചത്. അതേസമയം യു.ഡി.എ ഫ് സ്ഥാനാര്‍ത്ഥി റഷിദ് നേടിയത് 66367 വോട്ടുകളാണ്. അഭിഭാഷകനായ വി.പി അബ്ദുല്‍റഷീദ് ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ എം.വി ഗോവിന്ദനെതിരെ മത്സരിച്ചപ്പോള്‍ 70181 വോട്ടുകളാണ് അന്ന് നേടിയത്. 2016ല്‍ മണ്ഡലത്തില്‍ സി.പി.എം ഭൂരിപക്ഷം 40,000 വോട്ടുകളായിരുന്നുവെങ്കില്‍ ഇടത് തരംഗം ആഞ്ഞടിച്ച 2021ല്‍ ഭൂരിപക്ഷം 22,000 ആയി കുറക്കുകയായിരുന്നു റഷിദ്. ഇത്തവണ തളിപ്പറ മ്പില്‍ റഷിദ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ടി.കെ ഗോവിന്ദന് പിന്തുണ നല്‍കാന്‍ യു.ഡി.എഫ് തീരുമാനിച്ചതോടെയാണ് റഷിദിനെ ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരായി മത്സരിപ്പിച്ചത്. തളിപ്പറമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമെങ്കിലും ആറ് വര്‍ഷമായി ധര്‍മടം പൊതുവാച്ചേരിയിലാണ് താമസം. ധര്‍മടത്ത് ഇത്തവണ അത്ഭുതം സംഭവിക്കുമെന്ന് തുടക്കം മുതല്‍ റഷീദ് പറഞ്ഞിരുന്നു. എന്നാല്‍ വിജയം കാണാനായില്ലെങ്കിലും പിണറായി വിജയനെപോലെ സി.പി.എമ്മിലെ കരുത്തനെ വിറപ്പിക്കാന്‍ സാധിച്ചതോടെ സ്റ്റാറാകുകയായിരുന്നു ഈ യുവ നേതാവ്.
-
News3 days ago‘വരാനിരിക്കുന്നത് വിലക്കയറ്റപ്പെരുമഴ’; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
-
kerala3 days agoവോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിജയാഘോഷം ജില്ലാ ഭരണകൂടത്തിന് വിലക്കാം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
-
kerala2 days agoകേരളത്തില്‍ യുഡിഎഫ് തരംഗം: 102 സീറ്റുകളുമായി മിന്നും വിജയം
-
News3 days agoപെട്രോള്‍, ഡീസല്‍, പാചക വാതകം വില; കത്തിക്കയറും
-
kerala2 days agoമുസ്ലിം ലീഗിന് ചരിത്ര വിജയം: 27-ല്‍ 22 സീറ്റുകളിലും വിജയക്കൊടി
-
india2 days agoതമിഴ്നാട്ടില്‍ മത്സരിച്ച രണ്ടു സീറ്റിലും വിജയിച്ച് മുസ്ലിം ലീഗ്
-
india1 day ago‘ജനവിധി അംഗീകരിക്കുന്നു, തമിഴ്നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്
-
kerala1 day agoകേരള ജനത സ്വപ്നംകണ്ട തിരിച്ചുവരവ്: സാദിഖലി തങ്ങള്‍

