Connect with us

Video Stories

റഷ്യക്കെതിരെ ഉപരോധം സംഘര്‍ഷം വളര്‍ത്തുന്നു

Published

on

കെ. മൊയ്തീന്‍കോയ

റഷ്യയും ചൈനയും ഉള്‍പ്പെട്ടിരുന്ന പഴയ സോഷ്യലിസ്റ്റ് ചേരിയുമായി നയതന്ത്ര-സൈനിക രംഗത്ത് വീണ്ടും ‘ഏറ്റുമുട്ടലി’ലേക്ക് നീങ്ങുന്ന അമേരിക്കയുടെ സമീപനം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് ലോകത്തെ തള്ളിവിടുന്നത് ആശങ്ക ജനിപ്പിക്കുന്നു. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ സെനറ്റ് തീരുമാനത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് മോസ്‌കോയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരെ വെട്ടിക്കുറച്ച് പുറത്ത് പോകാന്‍ ആജ്ഞാപിക്കുന്നതാണ് റഷ്യന്‍ തീരുമാനം. ലോകത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ ഒരിക്കല്‍കൂടി നടത്തിയ മിസൈല്‍ പരീക്ഷണത്തോട് അമേരിക്കയുടെ പ്രതികരണം ദുര്‍ബലമാണ്. അതേസമയം തെക്കന്‍ ചൈനാ കടലില്‍ ചൈനയുടെ സൈനിക നീക്കത്തിന് അമേരിക്ക നല്‍കിയ മുന്നറിയിപ്പിന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കരുത്ത് പ്രകടിപ്പിച്ചായിരുന്നു മറുപടി. സോഷ്യലിസ്റ്റ് ചേരിയോടൊപ്പമുള്ള വെനിസ്വേലന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കയുടെ പിന്തുണയോടെ നാല് മാസമായി നടക്കുന്ന പ്രക്ഷോഭത്തെ തളര്‍ത്തുന്നതാണ്, അവിടത്തെ തെരഞ്ഞെടുപ്പ് ഫലം.
കഴിഞ്ഞ നവംബര്‍ എട്ടിന് അമേരിക്കയുടെ അമരത്ത് ഡൊണാള്‍ഡ് ട്രംപ് എത്തിയ ശേഷം സ്വീകരിച്ച തീരുമാനങ്ങളില്‍ മിക്കവയും വിവാദം സൃഷ്ടിക്കുന്നതും ലോക സംഘര്‍ഷം വളര്‍ത്തുന്നതുമായി. റഷ്യന്‍ ബന്ധം സുദൃഢമാക്കാന്‍ ട്രംപ് സ്വീകരിച്ച നടപടി ആശ്വാസം പകര്‍ന്നിരുന്നുവെങ്കിലും റഷ്യ, ഉത്തരകൊറിയ, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ സെനറ്റ് തീരുമാനം അവയെല്ലാം അട്ടിമറിച്ചു. അമേരിക്കയുടെ റഷ്യയിലെ എംബസിയില്‍ നിന്ന് 755 നയതന്ത്രജ്ഞരോട് പുറത്ത് പോകാന്‍ വ്‌ളാഡ്മിര്‍ പുടിന്‍ ഉത്തരവിട്ടത് ട്രംപ് ഭരണകൂടത്തെ ഞെട്ടിച്ചു. പരിമിത ജീവനക്കാര്‍ മാത്രം ഇവിടെ മതിയെന്നാണ് റഷ്യന്‍ ഭാഷ്യം. നേരത്തെ റഷ്യയുടെ അക്രമോത്സുക വിദേശ നയത്തെ ബറാക് ഒബാമ ഭരണകൂടം എതിര്‍ത്തതാണ്. ഉക്രൈന്‍ ഇടപെടലും സിറിയയില്‍ ബശാറുല്‍ അസദിന് നല്‍കിവന്ന സൈനിക പിന്തുണയും അമേരിക്കയുടെ കടുത്ത എതിര്‍പ്പിന് കാരണമായി. ഇവയൊക്കെ നിലനില്‍ക്കുമ്പോഴും ബന്ധം മെച്ചപ്പെടുത്താന്‍ ട്രംപ് ശ്രമം തുടങ്ങി. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യയുടെ ഭാഗത്ത് ഉണ്ടായ നീക്കം ഹിലരി ക്ലിന്റന്റെ പരാജയത്തിന് കാരണമായെന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു. ഇത് സംബന്ധിച്ച വിവാദം അമേരിക്കയില്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഒബാമയുടെ ഭരണ കാലഘട്ടത്തില്‍ റഷ്യയെ വരിഞ്ഞുമുറുക്കി അതിര്‍ത്തി രാജ്യങ്ങളില്‍ അമേരിക്ക അധികം സൈനികരെ വിന്യസിച്ചതും പോളണ്ട് കേന്ദ്രമാക്കി മിസൈല്‍ സംവിധാനം സ്ഥാപിച്ചതും റഷ്യയെ പ്രകോപിപ്പിച്ചതാണ്. എന്നാല്‍ ട്രംപിന്റെ തുടക്കം ഇവയൊക്കെ എതിര്‍ത്തു കൊണ്ടായിരുന്നു. സോഷ്യലിസ്റ്റ് ചേരിക്കെതിരെ ‘ശീതയുദ്ധ’ കാലത്ത് രൂപം നല്‍കിയ നാറ്റോ സൈനിക സഖ്യത്തോട് പോലും ട്രംപിന് ആഭിമുഖ്യം കുറവായിരുന്നതാണ്. പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് ട്രംപ് ഒളിച്ചോടിയപ്പോള്‍ യൂറോപ്പും റഷ്യയും ചൈനയും വളരെ അടുത്തു. പക്ഷെ, പുതിയ സംഭവഗതികള്‍ നയതന്ത്ര രംഗത്ത് അമേരിക്കക്ക് വലിയ തിരിച്ചടിയാകുമെന്നാണ് പൊതു വിലയിരുത്തല്‍. രാഷ്ട്രാന്തരീയ രംഗത്ത് അമേരിക്കയുടെ മേല്‍ക്കോയ്മ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന വ്‌ളാഡ്മിര്‍ പുടിന്‍ അമേരിക്ക സ്വാധീനം ഉറപ്പിച്ച പല മേഖലകളിലേക്കും കടന്നുകയറി. പശ്ചിമേഷ്യയില്‍ റഷ്യന്‍ ഇടപെടല്‍ സജീവമണ്. 1967-ലെ അറബ്-ഇസ്രാഈല്‍ യുദ്ധത്തെ തുടര്‍ന്ന് അറബ് രാഷ്ട്രങ്ങള്‍ റഷ്യയുമായി (പഴയ യു.എസ്.എസ്.ആര്‍) അകലം കാണിച്ചതാണ്. അന്ന് അറബ് ചേരിക്ക് ആവശ്യമായ സഹകരണം റഷ്യയുടെ ഭാഗത്ത് നിന്നും ലഭിച്ചില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. സിറിയയില്‍ ബശാര്‍ ഭരണം നിലനില്‍ക്കുന്നത് തന്നെ റഷ്യന്‍ സൈനിക പിന്തുണയിലാണ്. ജി.സി.സി പ്രതിസന്ധിയിലും ഇറാന്‍ പ്രശ്‌നത്തിലും റഷ്യന്‍ നിലപാട് സജീവമാണ്. അതേസമയം, ലോക രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യം അറിയിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന ചൈനയും അടികിട്ടിയപ്പോള്‍ രംഗത്ത് വന്നു. തെക്കന്‍ ചൈനാ കടലില്‍ കൃത്രിമമായി നിര്‍മ്മിച്ച ദ്വീപുകള്‍ സൈനികവത്കരിക്കാനുള്ള ചൈനീസ് നീക്കത്തെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസ് ശക്തമായി എതിര്‍ത്തത് പ്രശ്‌നം വഷളാക്കി.
ചൈനയുടെ പ്രധാന സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷിക പരേഡില്‍ പ്രസിഡണ്ട് ഷി ചിന്‍പിങിന്റെ മുന്നറിയിപ്പ് ഇന്ത്യന്‍ അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെടുത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം വസ്തുതാപരമല്ല, മറിച്ച് തെക്കന്‍ ചൈനാ കടല്‍ വിഷയത്തില്‍ അമേരിക്കയുടെ മുന്നറിയിപ്പിനുള്ള മറുപടിയായി വിശേഷിപ്പിക്കുന്നവരാണ് യുദ്ധ നിരീക്ഷകരില്‍ ഭൂരിപക്ഷവും. 12,000 സൈനികര്‍ യുദ്ധ വേഷത്തിലാണ് പരേഡ് നടത്തിയത്. ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉത്തരകൊറിയയെ നിയന്ത്രിക്കാന്‍ അമേരിക്ക നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അവഗണിക്കപ്പെടുന്നു. ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം കഴിഞ്ഞ ആഴ്ച ഉത്തരകൊറിയ നടത്തിയതും അമേരിക്കയെ അസ്വസ്ഥമാക്കി. ഉത്തരകൊറിയക്ക് മുകളില്‍ പോര്‍ വിമാനങ്ങള്‍ പറത്തിച്ചും മുന്നറിയിപ്പ് നല്‍കിയും അമേരിക്ക നടത്തുന്ന തന്ത്രം വിലപ്പോകുന്ന ലക്ഷണമില്ല. യു.എന്‍ ഏര്‍പ്പെടുത്തിയ ഉപരോധം അതിജീവിക്കാന്‍ ഉത്തരകൊറിയയെ സഹായിക്കുന്നത് ചൈനയാണ്. എന്നാല്‍ അവരെ നിയന്ത്രിക്കാന്‍ ചൈനക്ക് കഴിയുന്നില്ലെന്ന അവകാശവാദം, ആരും വിശ്വസിക്കില്ല. ഉത്തരകൊറിയക്ക് നേരെ യുദ്ധം പ്രഖ്യാപിക്കാന്‍ അമേരിക്ക ഭയപ്പെടുന്നുവെന്നാണ് യുദ്ധ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ആണവശേഷി സംഭരിച്ച ഉത്തരകൊറിയ എങ്ങനെയാണ് പ്രതികരിക്കുക എന്നതിലാണ് ഉല്‍കണ്ഠ. യു.എന്‍ രക്ഷാസമിതി നോക്കുകുത്തിയാണെന്ന് യു.എന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലെ ആരോപിക്കുന്നത് അത്ഭുതകരമാണ്. യു.എന്‍ രക്ഷാസമിതിയുടെ അനുമതി തേടിയായിരുന്നില്ല ഇറാഖിന് മേല്‍ യുദ്ധം അടിച്ചേല്‍പ്പിച്ചത്. രക്ഷാസമിതി വന്‍ ശക്തികളുടെ കളിപ്പാവയാണ്. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ ഉള്‍പ്പെടുത്താന്‍ തയാറാകാത്തതും അത് കൊണ്ടാണ്.
ശീതയുദ്ധ കാലഘട്ടത്തിലേത് പോലെ അമേരിക്കയുടെ ഇംഗിതത്തിന് വഴങ്ങാത്ത രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളെ തകിടം മറിക്കുകയാണ് പ്രധാന അജണ്ട. നിരവധി ഭരണത്തലവന്മാര്‍ വധിക്കപ്പെട്ടു. സി.ഐ.എ ഇതിന് നേതൃത്വം നല്‍കിയപ്പോള്‍ മറുവശത്ത് സോവിയറ്റ് റഷ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ വിവിധ രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കാനും ശ്രമിച്ചു. ഇവക്ക് ഇടയില്‍ ‘ജനഹിതം’ അട്ടിമറിക്കപ്പെട്ടു.
കമ്മ്യൂണിസ്റ്റുകളുടെ ചേരി തകര്‍ന്നടിഞ്ഞു. ഇപ്പോഴും പാശ്ചാത്യ ശക്തികള്‍ ‘അട്ടിമറിപ്പണി’ തുടരുകയാണ്. ഇറാഖില്‍ സദ്ദാം ഹുസൈനെയും ലിബിയയില്‍ മുഅമ്മര്‍ ഖദ്ദാഫിയെയും തകര്‍ത്തവര്‍ എന്ത് നേടി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയെ പുറത്താക്കാന്‍ നാല് മാസമായി അമേരിക്കയുടെ പിന്തുണയോടെ കലാപം അഴിച്ചുവിടുന്നു. ഷാവേസിന് ശേഷം അധികാരത്തില്‍ വന്ന പ്രസിഡണ്ട് നിക്കോളോസ് മധുറോവിന്റെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചാണ് പ്രക്ഷോഭം തുടരുന്നത്. ജനഹിതമല്ല, സാമ്രാജ്യത്വ താല്‍പര്യമാണ് ഇവക്ക് പിറകില്‍. ശീതയുദ്ധ കാലത്തേക്ക് തിരിച്ചുപോക്ക് ലോകസമൂഹം ആഗ്രഹിക്കുന്നില്ല. അവര്‍ ആഗ്രഹിക്കുന്നത് സമാധാനമാണ്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending