Connect with us

Views

ഡോക്ടര്‍മാരുടെ ഭീഷണികേരളത്തോടുതന്നെ

Published

on

തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി നാല്‍പത്താറുകാരനായ കുടുംബനാഥന്‍ മുരുകന്‍ വാഹനാപകടത്തില്‍പെട്ട് മതിയായ ചികില്‍സ ലഭിക്കാതെ മരണപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും അദ്ദേഹത്തിനും കുടുംബത്തിനും നീതികിട്ടാന്‍ ഒരുവഴിയുമില്ലെന്ന അവസ്ഥ കേരളത്തെ സംബന്ധിച്ച് തികച്ചും വേദനാജനകം തന്നെ. കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചിട്ടും വെന്റിലേറ്ററില്ലെന്ന കാരണം പറഞ്ഞ് മൃതപ്രായനായ മുരുകനെ ആസ്പത്രിയിലെ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ തിരിച്ചയച്ചതാണ് മണിക്കൂറുകള്‍ വേദന തിന്നശേഷം മരണത്തിന് കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്. അടുത്തകാലത്ത് ആരോഗ്യ മേഖലയില്‍ കേരളം ഇതുപോലെ ചര്‍ച്ച ചെയ്ത വിഷയം വേറെയുണ്ടാകില്ല. ഇതുസംബന്ധിച്ച പരാതികള്‍ക്കും പൊതുധാരണകള്‍ക്കും നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ഡോക്ടര്‍മാര്‍ പറയുന്ന മറുപടി ഏറെ കൗതുകകരവും സങ്കടജനകവുമായിരിക്കുന്നു.

പൊലീസ ്അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൃത്രിമ ശ്വാസം നല്‍കുന്നതിനുള്ള വെന്റിലേറ്റര്‍ സംവിധാനം ഒഴിവില്ലെന്ന കാരണം പറഞ്ഞും തങ്ങളുടെ കൃത്യബോധം മറന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുരുകനെ മറ്റൊരു ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ റസിഡന്റ് ഡോക്ടര്‍, പി.ജി ഡോക്ടര്‍ എന്നിവര്‍ക്ക് പിഴവ് സംഭവിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. സ്വാഭാവികമായും ഗുരുതരമായ കുറ്റം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. എന്നാല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷനും പ്രതിഷേധ സ്വരവുമായും ഭീഷണിയുമായും രംഗത്തിറങ്ങിയിരിക്കയാണ്. ഇതുസംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവരാത്തതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. പൊലീസിന് ഈ റിപ്പോര്‍ട്ട് ലഭിച്ചാലേ അന്വേഷണത്തില്‍ കൂടുതലായി മുന്നോട്ടുപോകാനാകുകയുള്ളൂ.

രണ്ടു കുട്ടികളുടെ പിതാവായ തമിഴ്‌നാട് സ്വദേശിയുടെ ഭാര്യക്ക് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം അനുവദിക്കുകയും ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദികളായവര്‍ക്ക് അര്‍ഹമായ ശിക്ഷ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇതുസംബന്ധിച്ച് നടപടികള്‍ പുരോഗമിക്കവെയാണ് ഡോക്ടര്‍മാര്‍ സംഘടിത ശക്തിയുപയോഗിച്ച് നിയമത്തെ വെല്ലുവിളിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്. രോഗിയുടെ ബന്ധുക്കളോട് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി എത്രയും പെട്ടെന്ന് ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികളെടുക്കേണ്ടതിനുപകരം രോഗിയെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം. എന്നാല്‍ തങ്ങളുടെ പിഴവല്ലെന്നും സര്‍ക്കാര്‍ ആസ്പത്രികളിലെ സൗകര്യങ്ങളുടെ അപര്യാപ്തതക്ക് ആതുരസേവകരായ തങ്ങളുടെ അംഗങ്ങളെ ബലിയാടാക്കരുതെന്നുമാണ് ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടര്‍മാരെ അറസ്റ്റു ചെയ്താല്‍ പണിമുടക്കെന്ന ഭീഷണിയും സംഘടന ഉയര്‍ത്തിയിരിക്കയാണ്. സര്‍ക്കാരിന് അവര്‍ പണിമുടക്ക് മുന്നറിയിപ്പു നോട്ടീസും നല്‍കിക്കഴിഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നത് അവരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് സംഘടനയുടെ പക്ഷം. രോഗികളുടെ ജീവനിട്ട് പന്താടുന്ന രീതിയിലുള്ള പണിമുടക്ക് സമരത്തിനാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ തയ്യാറെടുത്തിരിക്കുന്നത്. എന്നാല്‍ ഇതിനെ പ്രബുദ്ധകേരളം പുച്ഛിച്ചുതള്ളുമെന്ന കാര്യം ഇവര്‍ എന്തുകൊണ്ടോ ഓര്‍ക്കാതെ പോകുകയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെയാണ് ഇതിനകം പൊലീസ് ചോദ്യം ചെയ്തിരിക്കുന്നത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനിരിക്കവെയാണ് ഡോക്ടര്‍മാരുടെ പണിമുടക്ക് ഭീഷണി. അതേസമയം തങ്ങള്‍ സ്വയം അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. പ്രതിതന്നെ കേസന്വേഷിച്ചാല്‍ ഉണ്ടായേക്കാവുന്ന റിപ്പോര്‍ട്ടിനെപ്പറ്റി കൂടുതല്‍ പറയേണ്ടല്ലോ.

കൂണുകള്‍പോലെ ആസ്പത്രികള്‍ മുളച്ചുപൊന്തുന്ന നമ്മുടെ നാട്ടില്‍തന്നെയാണ് മുരുകന്മാര്‍ സൃഷ്ടിക്കപ്പെടുന്നത്. രാജ്യത്ത് വാഹനാപകടങ്ങളില്‍പെട്ട് മരണമടയുന്നവരുടെ സംഖ്യയില്‍ കൊച്ചു കേരളം ഇന്ന് അഞ്ചാം സ്ഥാനത്താണ്. പ്രതിദിനം 11 പേര്‍ റോഡപകടങ്ങളില്‍പെട്ട് സംസ്ഥാനത്ത് മരണമടയുന്നുണ്ട്. വെന്റിലേറ്ററിന് സ്വകാര്യ ആസ്പത്രികള്‍ കാല്‍ ലക്ഷം രൂപവരെയാണ് ദിവസം പ്രതി ഈടാക്കുന്നത്. ഇതിനാലാണ് സര്‍ക്കാര്‍ ആസ്പത്രികളിലേക്കുള്ള സാധാരണക്കാരുടെ നെട്ടോട്ടം. അടിയന്തിര ശുശ്രൂഷ ആവശ്യമുള്ളവര്‍ക്കെങ്കിലും അത് ലഭ്യമാക്കേണ്ട ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള ആസ്പത്രികള്‍ക്കുള്ളത്. പാലക്കാട്, കോട്ടയം പോലുള്ള മെഡിക്കല്‍ കോളജുകളില്‍ ഇന്ന് അത്യാധുനിക ഹൃദയശസ്ത്രക്രിയാസംവിധാനങ്ങള്‍ വരെയുണ്ട്. എന്നിട്ടും ഭിഷഗ്വരന്മാരുടെയും ജീവനക്കാരുടെയും രോഗികളോടുള്ള പെരുമാറ്റം തീര്‍ത്തും അരോചകമാകുന്ന അനുഭവമാണ് പൊതുവെയുള്ളത്. സര്‍ക്കാര്‍ ചെലവില്‍ പഠിച്ച് സാധാരണക്കാരന്റെ നികുതിപ്പണത്തില്‍നിന്ന് വേതനം പറ്റുന്നവര്‍ക്ക് സമൂഹത്തോടും പ്രത്യേകിച്ച് പാവപ്പെട്ടവരോടും കരുണയുണ്ടാകേണ്ടത് ധാര്‍മികമായി മാത്രമല്ല, സാങ്കേതികമായിത്തന്നെ അനിവാര്യതയാണ്. ഇത് പക്ഷേ അര്‍ഹമായതിന്റെ ഏഴയലത്തുപോലുമില്ലെന്നതിന്റെ തെളിവാണ് മുരുകന്റെ മരണവും അന്വേഷണത്തിന്റെ പേരിലുള്ള പണിമുടക്കുഭീഷണിയും.

അതേസമയം സര്‍ക്കാര്‍ ആരോഗ്യ രംഗത്തുനിന്ന് പിന്‍വാങ്ങുന്നതിനാല്‍ പലപ്പോഴും മതിയായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഉണ്ടാകുന്നില്ലെന്ന പരാതിക്കും ആഴമുണ്ട്. ഡോക്ടര്‍മാരുടെയും അനസ്തറ്റിസ്റ്റുകളുടെയും നഴ്‌സുമാരുടെയും നിരവധി ഒഴിവുകളാണ് എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലുമുള്ളത്. വാഹനാപകടങ്ങളില്‍പെടുന്ന രോഗികളെ തക്കസമയത്ത് ആസ്പത്രിയിലെത്തിച്ചാല്‍ മരണ സാധ്യത 85 ശതമാനമായി കുറയുമെന്ന് പഠനം പറയുന്നു. രക്തനഷ്ടമാണ് പൊടുന്നനെയുള്ള മരണത്തിന് കാരണമാകുന്നത്. ഇതിന് തക്കസംവിധാനങ്ങള്‍ ഉണ്ടായേ മതിയാകൂ. ഇതൊക്കെയാണെങ്കിലും സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും കാര്യത്തില്‍ ഡോക്ടര്‍മാരുടെ അനവധാനതാഭാവം ഒന്നുവേറെതന്നെയാണ്. ലക്ഷങ്ങള്‍ കൊടുത്ത് മെഡിക്കല്‍ സീറ്റ് വാങ്ങേണ്ടിവരുന്ന വിദ്യാര്‍ഥികളില്‍ നിന്ന് രോഗീപരിലാളനയും സാമാന്യമായ നൈതികതയും പ്രതീക്ഷിക്കുക വയ്യെന്നായിരിക്കുന്നു. കേരളം നേടിയെന്നഭിമാനിക്കുന്ന പ്രാഥമികാരോഗ്യ രംഗത്തെ നേട്ടങ്ങളെയെല്ലാം ഒറ്റരാത്രികൊണ്ട് തല്ലിയൊടിക്കുന്ന കാഴ്ചയാണ് മുരുകന്റെ കാര്യത്തില്‍ നാം കണ്ടത്. അതിലേറെ കഠിനമാണ് രോഗിയുടെ ജീവന് മറ്റെന്തിനേക്കാളും വില കല്‍പിക്കാന്‍ ഭരമേല്‍പിക്കപ്പെട്ടവരുടെ കാര്യത്തില്‍ നാമിപ്പോള്‍ കേട്ടും കണ്ടുമിരിക്കുന്നത്. ഹാ, കഷ്ടമെന്നേ പറയേണ്ടൂ.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending