Connect with us

Video Stories

മിസ് കോള്‍ മന്ത്രിയും വാഹനമുള്ളവരുടെ റിലാക്‌സേഷനും

Published

on

ശാരി പിവി
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായി സാക്ഷാല്‍ ചുവപ്പ് നരച്ച് കാവിയായ കണ്ണന്താനത്തിനെ നിയമിക്കാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളായ മാധ്യമങ്ങളിലൊക്കെ വാര്‍ത്ത പരന്നു. സാക്ഷാല്‍ കണ്ണന്താനം തന്നെ തനിക്ക് ലഭിക്കാന്‍ പോകുന്ന പദവിയെ കുറിച്ച് മാധ്യമങ്ങളോട് കമന്റ് പാസാക്കുകയും ചെയ്തു. പക്ഷേ മിസ് കോള്‍ അടിച്ച് പാര്‍ട്ടി അംഗത്വം കൊടുക്കുന്ന അമിട്ട് ഷാജിയുടെ കൂട്ടാളിയായ പ്രധാനമന്ത്രി പാവത്തിന് ആ സ്ഥാനം നല്‍കിയില്ല. ഇതെന്ത് കഥയെന്ന് കഥയറിയാത്തവരൊക്കെ വാ പൊളിച്ചു.
അല്ലെങ്കിലും തള്ളലിനു കമ്മിയില്ലാത്ത സംഘികള്‍ക്കു പോലും കാര്യം മനസിലായില്ല. സംഗതിയുടെ ഗുട്ടന്‍സ് പക്ഷേ സഞ്ചാര പ്രിയനും സര്‍വോപരി നോട്ട് അസാധുവാക്കല്‍ എന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കു പോലും മനസിലാക്കാന്‍ കഴിയാത്ത സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ പ്രധാന മന്ത്രിക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. കണ്ണന്താനം വെറുമൊരു വ്യക്തിയല്ല. ഒരു ഒന്ന് ഒന്നര പ്രസ്ഥാനം തന്നെയാണ്. ഇത്രയും മഹാനായ ഒരാളെ മിസ് കോള്‍ അടിച്ച് മിനിമം മന്ത്രിയെങ്കിലും ആക്കേണ്ടതാണെന്ന് മോദി അന്നേ തീരുമാനിച്ചതാണ്. ഇതിപ്പോ കണ്ടില്ലേ എല്ലാവര്‍ക്കും റിലാക്‌സേഷന്‍ ലഭിക്കാന്‍ വേണ്ടി മന്ത്രിയാക്കിയത്!. അതും പത്ത് മിസ് കോളിന് ശേഷം. പിന്നെ വിമാനം എടുത്താണ് പാവം മന്ത്രിയാവാന്‍ ഡല്‍ഹിയിലെത്തിയതെന്നാണ് കേള്‍ക്കുന്നത്. കേരളത്തിലെ പാര്‍ട്ടി അധ്യക്ഷന്‍ രാജ ശേഖരനും അടിമ വംശ എം.പിക്കുമൊന്നും പിടിച്ചിട്ടില്ലെങ്കിലും സംഗതി ടിയാന് വകുപ്പ് ഏതാണെങ്കിലും ബി.ജെ.പിക്കാര്‍ക്കു പറ്റിയ ആള്‍ തന്നെയാണ്.
അല്ലെങ്കിലും സി.പി.എമ്മില്‍ ഉള്‍വിളിയുണ്ടായി നേരെ ഡല്‍ഹിയിലേക്ക് താമര പറിക്കാന്‍ ടിയാന്‍ പോയതു തന്നെ മോദിയെ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടിയായിരുന്നല്ലോ. ഏതാണ്ട് നമ്മുടെ പുഷ്പാഞ്ജലി മന്ത്രി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതു പോലുള്ള ചില മൂവ്‌മെന്റുകള്‍ക്കു ശേഷമായിരുന്നു ഈ അവതാര പിറവി ഡല്‍ഹിയില്‍ ഉല്‍ഭവിച്ചത്. ഫലമോ മോദി പ്രധാനമന്ത്രി. അപ്പോള്‍ പിന്നെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായി മിനിമം മന്ത്രിയെങ്കിലും ആക്കിയേ പറ്റൂ. പക്ഷേ കാര്യമെന്തൊക്കെയായാലും സംഗതി കണ്ണന്താനം വെടിപ്പാക്കി പറഞ്ഞൊപ്പിക്കും. തലേ ദിവസം കേരളക്കാര്‍ക്ക് ബീഫ്് ഇഷ്ടം പോലെ കഴിക്കാമെന്നു കണ്ടെത്തിയ ടിയാന്‍ പിറ്റേന്ന് ബീഫിന് പകരം തന്റെ പാര്‍ട്ടി നേതാക്കള്‍ കഴിക്കുന്ന ഉള്ളിക്കറി തന്നെ മതിയെന്നു തിരുത്താനും മടിച്ചില്ല. ഒന്നു ഇരുട്ടി വെളുത്തപ്പോഴേക്കും ടൂറിസം മന്ത്രിക്ക് ടൂറു വരുന്നവരും ഉള്ളിക്കറി കഴിക്കേണ്ടെന്ന വെളിപാട് വന്നു. നാട്ടീന്ന് കഴിച്ച് ഇന്ത്യയില്‍ വന്നാല്‍ മതിയത്രേ!. പക്ഷേ ഇതത്ര കുഴപ്പൊന്നുമല്ലെന്നാണ് നമ്മുടെ സ്വീകരണ കമ്മിറ്റിക്കാര്‍ പറയുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഒരിക്കലും ഒരു വര്‍ഗീയവാദിയോ മതാന്ധകനോ ആകാന്‍ കഴിയില്ലെന്ന ഉറച്ച സര്‍ട്ടിഫിക്കറ്റാണ് അഴിമതി എന്താണെന്നു പോലുമറിയാത്ത കേരളത്തിലെ മന്ത്രി കെ.ടി ജലീല്‍ നല്‍കുന്നത്.
ടൂറിസം ഐ.ടി മേഖലകളില്‍ നല്ല ഇടപെടലുകള്‍ നടത്തി സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യാന്‍ അല്‍ഫോന്‍സ് ശ്രമിക്കുമെന്നാണ് ടിയാന്റെ വിശ്വാസം. തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചുമുള്ള അല്‍ഫോണ്‍സിന്റെ സംസാര ശൈലി ആരിലും മതിപ്പുളവാക്കാന്‍ പോന്നതാണ്. മതേതര മനസുള്ള അദ്ദേഹം എങ്ങനെ ബിജെപിയില്‍ ചെന്നുപെട്ടുവെന്ന ആലോചനയിലാണ് മന്ത്രി ഇപ്പോള്‍. ഇനിയിപ്പോ അതേ കുറിച്ച് കീറി മുറിക്കാന്‍ നില്‍ക്കരുത്. കേരളക്കാര്‍ക്ക് ഫലിതം ആസ്വദിക്കാനുള്ള കഴിവ് ഈയിടേയായി തീരെ ഇല്ലാത്തതിനാല്‍ അത് അങ്ങനെ തന്നെ നില്‍ക്കട്ടെ. പക്ഷേ ഒന്നുണ്ട്. നാള്‍ക്കു നാള്‍ ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണ വില കുറയുമ്പോഴും ഇന്ത്യയില്‍ മാത്രം പെട്രോള്‍, ഡീസല്‍ അടക്കം എണ്ണ വില വര്‍ധിക്കുന്നത് എന്തു കൊണ്ടെന്ന് ഒരുമാതിരി ഗവേഷണം നടത്തുന്നവനൊന്നും നാളിതുവരെ അറിയില്ലായിരുന്നു. ഈ അതീവ രഹസ്യം വെളിപ്പെടുത്താന്‍ പഴയ ഐ.എ.എസ് കാരന്‍ തന്നെ വേണ്ടി വന്നു. (പക്ഷേ ടിയാന്റെ ഈയിടെയായുള്ള വെളിപാടുകള്‍ ഐ.എ.എസ് എന്നത് ഇന്ത്യന്‍ അന്തം കമ്മി സര്‍വീസ് എന്നാക്കി മാറ്റിയെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.) ചുമ്മാതെയല്ല ഇവിടെ എണ്ണ വില കൂട്ടുന്നത്.
അത് കക്കൂസുണ്ടാക്കാന്‍ വേണ്ടിയാണേ്രത!. പാവങ്ങള്‍ക്ക് കക്കൂസുണ്ടാക്കാന്‍ അതിലും ദരിദ്ര അവസ്ഥയിലായ സര്‍ക്കാറിന് ഇതല്ലേ ഒരു മാര്‍ഗമുള്ളൂ. അതോണ്ട് ഇന്ധന വില സര്‍ക്കാര്‍ മനപ്പൂര്‍വം കൂട്ടുകയാണ് പോലും. രാജ്യത്ത് 67 ശതമാനം ആളുകള്‍ക്കും ശൗചാലയങ്ങള്‍ ഇല്ല. അവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക, എല്ലാവര്‍ക്കും വീടു നിര്‍മ്മിച്ച് നല്‍കുക, ദേശീയ പാതകള്‍ നിര്‍മ്മിക്കുക തുടങ്ങിയവക്കായി കോടിക്കണക്കിന് പണം ആവശ്യമായി വരും. ഈ പണം സമാഹരിക്കാനാണ് പെട്രോളിനും ഡീസലിനുമൊക്കെ വില വര്‍ധിപ്പിക്കുന്നതെന്നാണ് മേപ്പടിയാന്‍ പറയുന്നത്. മൂന്നു വര്‍ഷമായി സ്വച്ഛ് ഭാരത് അഭിയാന്‍ എന്നും പറഞ്ഞ് ഏതാണ്ടീ കക്കൂസുണ്ടാക്കലും ഖരമാലിന്യ സംസ്‌കരണവുമൊക്കെ തുടങ്ങിയിട്ട്. പക്ഷേ നാളിതു വരെ നിര്‍മിച്ചതില്‍ 51.6 ശതമാനം കക്കൂസുകളും ആരും ഉപയോഗിക്കാതെ വെറുതെ കിടക്കുകയാണെന്ന് ഈ പാവങ്ങള്‍ക്ക് ഇനി ആരാണാവോ പറഞ്ഞു കൊടുക്കുക. ഖര മാലിന്യ സംസ്‌കരണത്തിന് പ്രഖ്യാപിച്ച പണം കടലാസില്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് പ്രഖ്യാപനത്തിന്റെ പഴക്കവുമുണ്ട്. അപ്പോള്‍ പിന്നെ കേരളത്തിലെ ഉള്ളിക്കറി ആശാന്‍ തുടങ്ങി മുഖ്യമന്ത്രിയാവുമ്പോള്‍ ഇരിക്കാന്‍ നിര്‍ദിഷ്ട പാര്‍ട്ടി ആസ്ഥാനത്ത് മുറി ഉണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയ നേതാവും തീപ്പൊരികളുമൊക്കെ യു.പി.എ കാലത്ത് വണ്ടി ഓഫാക്കി തള്ളി പ്രതിഷേധിച്ചത് എന്തിനായിരുന്നുവോ എന്തോ?. .പെട്രോളും ഡീസലും ഉപയോഗിക്കുന്നത് വാഹനങ്ങള്‍ ഉള്ളവരാണ്. വാഹനങ്ങള്‍ ഉള്ളവര്‍ പട്ടിണി കിടക്കുന്നവരല്ല, സമ്പന്നരാണവര്‍. അപ്പോള്‍ പിന്നെ പെട്രോളുപയോഗിക്കുന്നവര്‍ അതുകൊണ്ട് തന്നെ നികുതി കൊടുത്തേ പറ്റൂ. വിടാന്‍ പാടില്ല. അവരെ കൊടും അപരാധികള്‍ അല്ല പിന്നെ. കേരളത്തില്‍ ലോണെടുത്തും, സേട്ടു അടവെന്ന പേരില്‍ വട്ടിക്കാരില്‍ നിന്നും കടമെടുത്തുമൊക്കെ ഇരുചക്രവും മുച്ചക്രവുമടക്കം വണ്ടി വാങ്ങുന്നവനൊക്കെ കണ്ണന്താനം മന്ത്രിയായതു കൊണ്ട് വലിയൊരു ഗുണം ലഭിച്ചു. വണ്ടിയുണ്ടായിട്ടും ഒരു തെണ്ടി പോലും മൈന്റ് ചെയ്യാതിരിക്കുമ്പോഴല്ലേ ഒറ്റയടിക്ക് എല്ലാവരേയും പണക്കാരാക്കിക്കൊടുത്തത്. അങ്ങനെ അംബാനിക്കും അദാനിക്കുമൊപ്പം ലോണെടുത്ത് ലൂന വാങ്ങിയവനേയും ഉള്‍പ്പെടുത്തിയ വിശാല മനസ്‌കനാണ് കേരളത്തിന് ഓണ സമ്മാനമായി കിട്ടിയ മിസ് കാള്‍ മന്ത്രി. വണ്ടിയോടിക്കാന്‍ വേണ്ടി മാത്രമാണ് പെട്രോളും ഡീസലുമൊക്കെ ഇറക്കുമതി ചെയ്യുന്നത് എന്ന് ആരാണാവോ കണ്ണന്താനസാറിനെ പഠിപ്പിച്ചത് ? എന്നാല്‍ സാറെ അത് വെറും ഇരുപത്തെട്ട് ശതമാനം മാത്രം സാറേ! പക്ഷേ സാറിന് അറിയാമോ എന്നറിയില്ല. ഈ നാട്ടില്‍ പെട്രോള്‍, ഡീസല്‍ വില കൂടിയാല്‍ ചരക്കു കടത്തുകൂലിയും കൂടും. വിലക്കയറ്റം ഉണ്ടാവും. നാണ്യപ്പെരുപ്പം, വ്യവസായ മാന്ദ്യം , ഊര്‍ജ പ്രതിസന്ധി, കാര്‍ഷിക മുരടിപ്പ് അങ്ങനെയങ്ങനെയങ്ങനെ…………..ഇതൊന്നും തടയാനാവില്ല. ഇതൊക്കെത്തന്നെയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പക്ഷേ സംഘിയായാല്‍ യുക്തി പോയി ഇങ്ങെനയൊക്കെയാകുമോ എന്തോ?.

ലാസ്റ്റ്‌ലീഫ്:

ശ്രീകൃഷ്ണ ജയന്തി, ക്ഷേത്ര ദര്‍ശനം, വഴിപാട് തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോള്‍ ആര്‍.എസ്.എസുകാരും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള മത്സരമാണെങ്ങും. കമ്മ്യൂണിസ്റ്റുകള്‍ക്ക് പാര്‍ട്ടിയിലും പദവിയിലുമുള്ള വിശ്വാസമല്ലാതെ ദൈവ വിശ്വാസം പ്രകടിപ്പിക്കാമോ എന്ന കാര്യത്തില്‍ തീര്‍പ്പായിട്ടില്ലെങ്കിലും വേങ്ങര ഉപതെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ വിവാദങ്ങളുടെ തോഴനായ മന്ത്രി കടകം പള്ളിയുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവും പുഷ്പാജ്ഞലിയും അംഗീകരിക്കാമെന്ന് തീര്‍പ്പായിട്ടുണ്ട്. ആധുനിക കാലത്തെ വൈരുദ്ധ്യാത്മക ഭൗതിക വാദം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending