Connect with us

Video Stories

നിലവിളി കേള്‍ക്കാത്ത ഭരണകൂടം എന്തിന്?

Published

on

ലോകത്തെവിടെയും മനുഷ്യനും മറ്റ് ജീവജാലങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പ്രകൃതി ദുരന്തങ്ങള്‍. ശാസ്ത്രലോകം സദാ കണ്ണുതുറന്നിരിക്കുമ്പോഴും നമ്മുടെ ജീവനും സ്വത്തിനും സ്വപ്‌നങ്ങള്‍ക്കും മീതെ ഏതുനിമിഷവും ഒരു ആക്രമണം ഉണ്ടായേക്കാം. അത് ചുഴലിക്കാറ്റായോ, പെരുമഴയായോ, കടല്‍ക്ഷോഭമായോ, ഉരുള്‍പൊട്ടലായോ ഒക്കെ പ്രതിഫലിച്ചേക്കാം. ആര്‍ക്കുമത് തടയാനാവില്ല, എന്നാല്‍ അവസരോചിതമായ ഇടപെടലിലൂടെ അത് സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ തീവ്രത കുറക്കാനാകും.
കരുതിയിരിക്കുക എന്ന് നിസാരവല്‍ക്കരിക്കുന്നതിനപ്പുറം ദുരന്തമുഖത്ത് പകച്ചുനില്‍ക്കുന്ന ജനതക്ക് കരുത്തേകാനും ദുരന്തത്തിന്റെ വ്യാപ്തി കുറക്കാനും ഭരണകൂടങ്ങള്‍ക്ക് കഴിയണം. കടല്‍ കരയിലേക്ക് ആഞ്ഞടിക്കുമെന്നും ‘ഓഖി’ ചുഴലിക്കാറ്റ് കേരളതീരത്തെ വിഴുങ്ങാന്‍ പോകുകയാണെന്നും കേന്ദ്ര കലാവസ്ഥാ നീരീക്ഷണകേന്ദ്രവും സമുദ്ര വിജ്ഞാന കേന്ദ്രവും സംസ്ഥാനത്തെ അറിയിച്ചത് 29-ാം തിയതിയാണ്. കേരള സര്‍ക്കാരിന് ഈ മഹാദുരന്തത്തെ കുറിച്ച് തീരദേശ വാസികള്‍ക്ക്, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായില്ല. ദുരന്തനിവാരണ സേനയെ സജ്ജമാക്കാനും കഴിഞ്ഞില്ല. അസാധാരണമായ കാലാവസ്ഥാ മാറ്റം കേരളത്തെ യഥാസമയം അറിയിച്ചെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് 30-ാം തിയതി ഉച്ചക്ക് 12 മണിക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്നാണ്. അപ്പോഴേക്കും കേരളത്തിലെ വിവിധ തീരങ്ങള്‍ കണ്ണീരിലായിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായത്.
ഇത്തരം ഘട്ടങ്ങളില്‍ മലയാളിയുടെ പൊതു മാനസികാവസ്ഥ പഴിചാരലിന്റേതല്ല. പകരം, അടിയന്തര സാഹചര്യത്തെ തരണം ചെയ്യാന്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിനാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്. കേരളത്തിലുണ്ടായിട്ടുള്ള എല്ലാ വലിയ ദുരന്തരങ്ങളിലും അപകടങ്ങളിലുമൊക്കെ ഒരുമിച്ചുനിന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതാണ് നമ്മുടെ പാരമ്പര്യം. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ ആരും ആദ്യഘട്ടത്തില്‍ കുറ്റപ്പെടുത്തിയില്ല. എന്നാല്‍ ഓഖി ആക്രമണമുണ്ടായി നാലുദിവസം പിന്നിടുമ്പോഴും കേരളത്തിലെ തീരങ്ങളില്‍നിന്ന് എത്രപേര്‍ കടലില്‍ പോയെന്നോ, അവരില്‍ എത്രപേര്‍ തിരിച്ചെത്തിയെന്നോ, ഇനി എത്രപേരെ കണ്ടെത്താനുണ്ടെന്നോ സര്‍ക്കാരിന് വ്യക്തമായ കണക്കില്ല എന്നത് വിചിത്രമാണ്. മഹാരാഷ്ട്ര തീരത്ത് അടുത്ത 66 ബോട്ടുകളിലെ 900 തൊഴിലാളികളെ കുറിച്ച് കേരള സര്‍ക്കാര്‍ അറിഞ്ഞത് ശനിയാഴ്ച രാത്രിയാണ്. ഇപ്പോഴും കടലില്‍ ജീവനോടെയോ മരിച്ചനിലയിലോ ഉള്ളവരുടെ എണ്ണം സര്‍ക്കാരിന്റെ പക്കലില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ തീരങ്ങളില്‍ ഇപ്പോഴും ഉറ്റവരുടെയും ഉടയവരുടെയും തിരിച്ചുവരവിനായി കണ്ണീരോടെ കടലിലേക്ക് നോക്കിയിരിക്കുകയാണ് നിരവധി കുടംബങ്ങള്‍.
ഒരു ജനത മുഴുവന്‍ അലമുറയിട്ട് കരയുന്ന തീരദേശത്തേക്ക് തിരിഞ്ഞുനോക്കാന്‍ പോലും ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ നിന്ന് കേവലം ആറുകിലോമീറ്റര്‍ മാത്രം അകലെയാണ് ഏറ്റവുമധികം പേരെ കാണാതായ വലിയതുറ, പൂന്തുറ, ശംഖുമുഖം തീരങ്ങള്‍. ദുരന്ത ഭൂമിയായ വിഴിഞ്ഞത്തേക്ക് പോകാന്‍ മുഖ്യമന്ത്രി തയാറായതാകട്ടെ നാലാം ദിവസമായ ഇന്നലെയായിരുന്നു. അതും കനത്ത സുരക്ഷയില്‍. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തീരദേശത്ത് എത്തിയതിന് പിന്നാലെ മറ്റ് കേന്ദ്രമന്ത്രിമാരും തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ഒഴിവാക്കാന്‍ പിണറായി വിഴിഞ്ഞം തീരം സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞാണ് തീരദേശവാസികള്‍ പ്രതിഷേധം അറിയിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ആദ്യദിവസം തന്നെ ആശ്വാസ വാക്കുകളുമായെത്തിയിരുന്നു.
ദുരന്തം തീവ്രമായ ഘട്ടത്തിലാണ് നാവികസേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് സംവിധാനങ്ങള്‍ രംഗത്തിറങ്ങിയത്. എന്നാല്‍ തീരദേശവാസികളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇവര്‍ക്കായില്ല. കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും കടലിലും കടലിന്റെ ആകാശത്തും ചുറ്റിത്തിരിഞ്ഞ് തിരിച്ചെത്തുമ്പോഴും കാത്തിരിക്കുന്നവരുടെ പ്രതീക്ഷക്ക് ഒട്ടും ആശ്വാസമായില്ല. നേവിയും കോസ്റ്റ്ഗാര്‍ഡും എയര്‍ഫോഴ്‌സും നടത്തുന്ന രക്ഷാപ്രവര്‍ത്തനം പൂര്‍ണമല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് രക്ഷാപ്രവര്‍ത്തനം പെരുവഴിയിലാക്കിയത്. ഒടുവില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധം തുറന്നടിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കടലിലേക്ക് പോയിരിക്കുകയാണ്. തിരുവനന്തപുരത്ത് പൂന്തുറയില്‍ നിന്നും വിഴിഞ്ഞത്ത് നിന്നും നാല്‍പതോളം വള്ളങ്ങളിലായാണ് കാണാതായവരുടെ ബന്ധുക്കളും സുഹൃത്തുക്കളും കടലിലേക്ക് പുറപ്പെട്ടിട്ടുളളത്. ഭക്ഷണം, വെള്ളം, വയര്‍ലെസ് തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. കേരളം ഇത്തരമൊരു അസാധാരണ സാഹചര്യത്തെ നേരിടുമ്പോള്‍ ഇവിടെയൊരു ദുരന്തനിവാരണ സേനയുണ്ടെന്ന് നാം അറിയണം. ജീവിതത്തിനും മരണത്തിനുമിടയില്‍ നിലയില്ലാ കയത്തില്‍ പെട്ടവരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഈ ദുരന്തനിവാരണസേന വന്‍ പരാജയമെന്ന് തെളിഞ്ഞു. എന്തിനാണ് നാം ഇവരെ തീറ്റിപ്പോറ്റുന്നത്? ഓഖി ചുഴലിക്കാറ്റടിച്ചപ്പോള്‍ മുന്നറിയിപ്പുകള്‍ മനസിലാക്കി കേരളത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനാകാത്തതിന് കാരണം വൈദഗ്ധ്യമുള്ള അതോറിറ്റിയുടെ അഭാവമാണ്.
കേന്ദ്രസര്‍ക്കാരിന്റെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ ശിപാര്‍ശ പ്രകാരമാണ് സംസ്ഥാനങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത്. നിയമപ്രകാരം മുഖ്യമന്ത്രിയായിരിക്കണം സമിതിയുടെ അധ്യക്ഷന്‍. എട്ട് അംഗങ്ങളെ മുഖ്യമന്ത്രി നാമനിര്‍ദേശം ചെയ്യണം. സമിതിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് അധ്യക്ഷനും വേണം. ഇദ്ദേഹമാണ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍. നിയമത്തിലൊരിടത്തും മന്ത്രിമാരും ഉദ്യോഗസ്ഥരുമായിരിക്കണം അംഗങ്ങള്‍ എന്ന് പറയുന്നില്ല. കേരളത്തിലാകട്ടെ, റവന്യൂ മന്ത്രിയാണ് സമിതിയുടെ ഉപാധ്യക്ഷന്‍. ദൈനംദിന ഭരണത്തിരക്കുകളില്‍ വലയുന്ന ചീഫ് സെക്രട്ടറിയാണ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍. കൃഷിമന്ത്രിക്കു പുറമേ റവന്യൂ, ആഭ്യന്തര വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ അംഗങ്ങളും. ഇപ്പോഴും സുനാമിയുടെ ദുരിതം പേറുന്ന സമൂഹമാണ് തീരദേശത്തുള്ളത്. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. അവരുടെ വിശ്വാസങ്ങളിലും പ്രതീക്ഷകളിലുമെല്ലാം കടല്‍ മാത്രമാണ്. അത്തരമൊരു ജനതയുടെ ജീവനെങ്കിലും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് എന്തു പുരോഗതിയാണ് കേരളത്തിന് സമ്മാനിക്കാനാവുക?. കടല്‍ ജീവിതങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ഈ അരക്ഷിതാവസ്ഥക്ക് എന്നാണ് പരിഹാരമുണ്ടാവുക?.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending