Connect with us

Video Stories

ഹാദിയ സഞ്ചരിച്ച വഴി

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

ഇന്ത്യയില്‍ ആദ്യമായി ഇസ്‌ലാമിന്റെ പ്രവേശനത്തിന് വാതില്‍ തുറന്നുകൊടുത്ത കേരളത്തില്‍ പ്രവാചകന്റെ കാലത്ത് ആരംഭിച്ച സമുദായ സൗഹാര്‍ദ്ദം ഇന്നും നിലനില്‍ക്കുന്നു. ഇടക്ക് സ്‌പെയിന്‍ തകര്‍ത്ത് കടുത്ത മുസ്‌ലിം വിരോധവുമായി പോര്‍ച്ചുഗീസുകാരും ഇന്ത്യയില്‍ അധിനിവേശം നടത്തിയ ബ്രിട്ടീഷുകാരും ജനമനസുകളില്‍ മുസ്‌ലിം വിരോധം കുത്തിവെക്കാന്‍ ശ്രമം നടത്തിയെങ്കിലും അതിനെയെല്ലാം അതിജയിച്ച് ഇവിടെ ഹിന്ദു-മുസ്‌ലിം സൗഹൃദം തുടരുകയാണുണ്ടായത്. ജന്മിമാരുടെയും പ്രഭുക്കളുടെയും കീഴില്‍ ജാതി വ്യവസ്ഥയുടെ പീഡനങ്ങള്‍ സഹിച്ച് കഴിഞ്ഞിരുന്ന എത്രപേരാണ് ഇവിടെ ഇസ്‌ലാമിലെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും തണലില്‍ അഭയം പ്രാപിച്ചത്. ഇങ്ങനെ 1880നും 1890നും ഇടക്ക് 50,000ത്തിലധികം പേര്‍ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തി എന്ന് വില്യം ലോഗന്‍ പ്രസ്താവിക്കുന്നു. ഇന്ന് കേരളത്തില്‍ ഒട്ടാകെ ജനസംഖ്യ 3,34,06,061 ആണെങ്കില്‍ ഇവരില്‍ 88,73,472 പേര്‍ മുസ്‌ലിം വിശ്വാസികളാണ്. ഇത്രയും മുസ്‌ലിംകള്‍ മറ്റേതെങ്കിലും നാട്ടില്‍ നിന്ന് ഇവിടെ കുടിയേറി പാര്‍ത്തവരല്ല. ഇവിടെ ജനിച്ചുവളര്‍ന്നവരും മതംമാറി മുസ്‌ലിംകളായവരുടെ സന്താനപരമ്പരയില്‍ പെട്ടവരുമാണ്. സൗഹാര്‍ദ്ദ പൂര്‍ണമായ അന്തരീക്ഷത്തിലാണ് മതപരിവര്‍ത്തന പ്രക്രിയ ഇവിടെ ഇക്കാലംവരെ തുടര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍ ഇന്ന് പണ്ടെന്നത്തേക്കാള്‍ കൂടുതലായി പരസ്പരം അറിയാനും അടുക്കാനും ബന്ധപ്പെടാനുമുള്ള അവസരങ്ങള്‍ വര്‍ദ്ധിച്ചതിനാല്‍ ഹിന്ദു യുവാക്കളുമായി പ്രണയത്തിലായി മുസ്‌ലിം യുവതികള്‍ അവരെ വിവാഹം കഴിക്കുന്ന സംഭവങ്ങളുമുണ്ടെന്നത് നിഷേധിക്കാവതല്ല.

നിര്‍ബന്ധിച്ചോ തെറ്റായ പ്രലോഭനങ്ങള്‍ നടത്തിയോ ആരെയും മതത്തില്‍ ചേര്‍ക്കാന്‍ പാടില്ല. മതത്തില്‍ നിര്‍ബന്ധം ചെലുത്താന്‍ പാടില്ല. ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍മാര്‍ഗം വ്യക്തമായി ക്കഴിഞ്ഞു. ‘ഇഷ്ടമുള്ളവന്‍ വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവന്‍ നിഷേധിക്കട്ടെ’, ‘ആളുകളെ വിശ്വാസികളാകാന്‍ താങ്കള്‍ നിര്‍ബന്ധിക്കുകയോ?’ -ഇത്തരം ഖുര്‍ആന്‍ വാക്യങ്ങളെല്ലാം വിശ്വാസ സ്വാതന്ത്ര്യത്തെ വിളിച്ചറിയിക്കുന്നതാണ്. ഖലീഫ ഉമറിന്റെ സന്നിധിയിലേക്ക് ഒരു വൃദ്ധ എന്തോ ആവശ്യത്തിനായി കടന്നുവരുന്നു. അദ്ദേഹം ആ സ്ത്രീയെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ ആ സന്ദര്‍ഭം ഉപയോഗപ്പെടുത്തി. പക്ഷേ, അവര്‍ മതംമാറാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഉമറിന് ഒരാശങ്ക; താന്‍ തന്റെ അധികാര പദവി ഉപയോഗപ്പെടുത്തി അവളെ ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു എന്ന കുറ്റം ചെയ്തുവോ? ഉമര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘പടച്ചവനേ, ഞാന്‍ അവളെ നിര്‍ബന്ധിച്ചിട്ടില്ല’- മതത്തിന്റെയോ ജാതിയുടെയോ മതില്‍ക്കെട്ടുകളൊന്നും പ്രണയത്തിന് തടസ്സമാവുകയില്ലെന്ന സത്യം എല്ലാവര്‍ക്കുമറിയാം. പക്ഷേ, ഒരു യഥാര്‍ത്ഥ വിശ്വാസി മതം മാറ്റുക എന്ന ലക്ഷ്യത്തോടെ അന്യ സമുദായത്തില്‍പ്പെട്ട ഒരു സ്ത്രീയെ പ്രണയത്തിന്റെ ചൂണ്ടയില്‍ കുരുക്കാന്‍ ഒരിക്കലും തയ്യാറാവുകയില്ല. എന്നാല്‍ മുസ്‌ലിം യുവതികള്‍ ഹിന്ദു യുവാക്കളുമായി പ്രണയത്തിലാകുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്നവര്‍ പ്രണയം മറിച്ചാണെങ്കില്‍ അതിനെ ലൗ ജിഹാദായി കാണുന്ന പ്രവണത എത്ര വിചിത്രമാണ്. ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികളെപ്പറ്റി അവര്‍ ഹിന്ദുക്കളെ മതം മാറാന്‍ നിര്‍ബന്ധിച്ചു എന്ന വ്യാജാരോപണം എത്രയാണ് ചരിത്രത്തില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത്.

ഇവിടെ പ്രണയമോ, പ്രലോഭനമോ നിര്‍ബന്ധിക്കലോ ഒന്നുമില്ലാതെ സ്വമനസ്സാലെ അഖില എന്ന പെണ്‍കുട്ടി ഇസ്‌ലാം സ്വീകരിച്ചു ഹാദിയ ആയി മാറിയ സംഭവം ദേശീയ പ്രാധാന്യമുള്ള വിഷയമാക്കിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ ഇവിടെ വിശകലനത്തിന് വിധേയമാക്കുന്നു. കൂട്ടുകാരികളുടെ മതനിഷ്ഠയും ജീവിത രീതിയും കണ്ടാണ് ഹാദിയ ഇസ്‌ലാം മതം പഠിക്കുന്നത്. ഇവിടെ കാര്യങ്ങളുടെ വ്യക്തതക്ക് വേണ്ടി മാത്രം എന്റെ മകളുടെ ഒരനുഭവം കൂടി കുറിക്കട്ടെ. അവള്‍ വായിക്കാന്‍ കൊണ്ടുപോയിരുന്ന ഖുര്‍ആന്‍ പരിഭാഷയും ഇസ്‌ലമിക ഗ്രന്ഥങ്ങളുമെല്ലാം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ മേശപ്പുറത്തു വെച്ചിരുന്നു. കൃത്യമായി ക്ഷേത്രത്തില്‍ പോവുകയും റൂമില്‍ മതാചാരപ്രകാരമുള്ള ആരാധനകള്‍ നടത്തുകയും ചെയ്തിരുന്ന കൂട്ടുകാരി ഈ പുസ്തകങ്ങള്‍ വായിച്ചു. പിന്നെ ഇസ്‌ലാമിനെ പറ്റി മകളോട് അന്വേഷണമായി. അവസാനം കൂട്ടുകാരി ആവശ്യപ്പെട്ടതനുസരിച്ച് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു. നമസ്‌കാരം ആരംഭിച്ചു. അച്ഛന്റെയും അമ്മയുടെയും വികാരം വ്രണപ്പെടുത്താതിരിക്കാന്‍ ആദ്യമൊക്കെ മറച്ചുവെച്ചുവെങ്കിലും പിന്നെ അവര്‍ രഹസ്യം കണ്ടുപിടിച്ചു. മകളുടെ മാറ്റം അംഗീകരിച്ചു. ഒരു ഡോക്ടറെ വിവാഹം കഴിച്ചു കുടുംബമായി കഴിയുന്ന അവളെ സന്ദര്‍ശിക്കാന്‍ വരുന്ന അച്ഛനും അമ്മയും ഭര്‍തൃവീട്ടില്‍ സൗഹൃദത്തോട കഴിയുന്നു. മക്കള്‍ ഇസ്‌ലാം മതം സ്വീകരിച്ചാല്‍ അച്ഛനമ്മമാരോട് സ്വീകരിക്കേണ്ട നിലപാടെന്ത്? എല്ലാ കടമകളും മര്യാദകളും പാലിക്കേണമെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു. അസ്മാഅ് എന്ന സ്ത്രീ ഇസ്‌ലാം സ്വീകരിച്ചു. എന്നാല്‍ ഇസ്‌ലാം മത വിശ്വാസിയല്ലാത്ത അവരുടെ മാതാവ് മകളെ സന്ദര്‍ശിക്കാന്‍ വരുന്നു. മാതാവിനോട് എന്ത് നിലപാട് സ്വീകരിക്കണം? അസ്മാഅ് പ്രവാചകനോട് അന്വേഷിച്ചു. അവരെ സന്തോഷിപ്പിക്കുന്ന തരത്തില്‍ നന്നായി പെരുമാറാനാണ് തിരുമേനി കല്‍പിച്ചത്. മദീനാ നിവാസികള്‍ പ്രവാചകനില്‍ വിശ്വസിച്ചപ്പോള്‍ അവരുടെ മക്കളില്‍ ചിലര്‍ മതം മാറാന്‍ കൂട്ടാക്കിയില്ല. പ്രവാചകന്‍ അവരെ നിര്‍ബന്ധിച്ചു മതം മാറ്റരുതെന്ന് നിര്‍ദ്ദേശിച്ചു.

ഹാദിയ കൂട്ടുകാരികളുടെ ജീവിതം കണ്ടുപഠിച്ചാണ് ഇസ്‌ലാമിനെ മനസ്സിലാക്കുന്നത്. മുസ്‌ലിംകളുടെ മാതൃകാ യോഗ്യമായ ജീവിതം കണ്ട് മറ്റുള്ളവര്‍ ഇസ്‌ലാമിനെ മനസിലാക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെടണം. ലോകത്ത് ഇസ്‌ലാം ആ വഴിക്കാണ് അധികം പ്രചരിച്ചത്. കേരളത്തില്‍ കച്ചവടാവശ്യാര്‍ത്ഥം വന്ന അറബികളുടെ സത്യസന്ധതയും കൃത്യതയും ജീവിത വിശുദ്ധിയും ഇവിടുത്തെ ഹൈന്ദവരെ ആകര്‍ഷിക്കുകയായിരുന്നു. ഇന്നും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ പ്രതികൂല സാഹചര്യമുണ്ടായിട്ടും പാശ്ചാത്യ ലോകത്ത് എത്ര പേരാണ് ഇസ്‌ലാമിലേക്കാകര്‍ഷിക്കുന്നത്. പ്രസിദ്ധ അറബി എഴുത്തുകാരനായ അബ്ദുല്‍ ബാസിത് ഇസ്സുദ്ദീന്‍ എഴുതുന്നു: ‘പാശ്ചാത്യ ലോകത്ത് മതമൂല്യങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കുന്ന ഒരു മുസ്‌ലിം ജനശ്രദ്ധയാകര്‍ഷിക്കുന്നു. അവന്റെ വൃത്തിയും പെരുമാറ്റത്തിലെ മാന്യതയും വര്‍ത്തമാനത്തിലെ സത്യനിഷ്ഠയും പുഞ്ചിരിയുമെല്ലാം ജനങ്ങളെ ആകര്‍ഷിക്കുന്നു’- തുടര്‍ന്ന് ഒരു മുസ്‌ലിം രോഗിയുടെ വൃത്തിയും കൃത്യനിഷ്ഠയും കണ്ട് ഒരു ആസ്പത്രി ജീവനക്കാരന്‍ ഇസ്‌ലാം സ്വീകരിച്ച സംഭവം അദ്ദേഹം ഉദ്ധരിക്കുന്നു. അതേ അവസരം ഇന്ന് ഇസ്‌ലാമിനെതിരിലുള്ള എറ്റവും വലിയ ഭീഷണി മുസ്‌ലിംകള്‍ തന്നെയാണ്. ഐ.എസ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ എത്രയാണ് ഇസ്‌ലാമിന്റെ സുന്ദരമുഖം വികൃതമാക്കുന്നത്. കേരളത്തിലെ മതപരിവര്‍ത്തന സംഭവങ്ങളെ ഐ.എസുമായി ബന്ധിപ്പിക്കുന്ന പ്രവണത ശക്തമാണ്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ മതപണ്ഡിതന്മാരും മതസംഘടനകളും മഹല്ലുകളും ഖത്തീബുമാരുമെല്ലാം തീവ്രവാദത്തിനെതിരില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തേണ്ടത് അനിവാര്യമാണ്. നിരപരാധികളെ കൊല്ലുന്ന നടപടി സ്വര്‍ഗ പ്രവേശനത്തിനല്ല, മറിച്ച് ദൈവ കോപത്തിനും നരകാഗ്നിക്കിരയാകാനുമാണ് കാരണമാവുക എന്ന് ധരിപ്പിക്കേണ്ടതുണ്ട്.

ഹാദിയയുടെ ഭാവി നിലപാടുകള്‍ എന്തു തന്നെയാകട്ടെ, ഇപ്പോള്‍ ആ പെണ്‍കുട്ടി പ്രകടിപ്പിക്കുന്ന നിശ്ചയ ദാര്‍ഢ്യവും ഇച്ഛാശക്തിയും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. ഇടിയും മിന്നലും കാറ്റും കോളുമെല്ലാം നാനാഭാഗത്തു നിന്നും അവളെ വലയം ചെയ്തിട്ടും തന്റെ സംസ്‌കാരത്തിന്റെ ചിഹ്നമായ വേഷം ധരിച്ചും തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചും അവള്‍ കുലുങ്ങാതെ ഉറച്ചു നില്‍ക്കുന്നു. പാരമ്പര്യ മുസ്‌ലിംകളില്‍ എത്ര പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രതിസന്ധി ഘട്ടങ്ങളില്‍ ഇങ്ങനെ കാലിടറാതെ നില്‍ക്കാന്‍ കഴിയും. പ്രണയവും വിശ്വാസാദര്‍ശവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആദര്‍ശം വലിച്ചെറിഞ്ഞു പ്രണയ സാക്ഷാത്ക്കാരത്തിന്റെ വഴി സ്വീകരിക്കുന്നതിന്റെ നേര്‍ക്കാഴ്ചകള്‍ എത്രയാണിവിടെ. പ്രവാചകന്റെ കാലത്ത് തന്നെ വിവാഹം കഴിക്കണമെങ്കില്‍ മദീനയിലേക്ക് ഹിജ്‌റ പോകാന്‍ സന്നദ്ധനാകണമെന്ന് ശഠിച്ച ഉമ്മുഖൈസിന്റെ കഥ ചരിത്രത്തില്‍ പ്രസിദ്ധമാണ്. തന്റെ പ്രണയിനിയുടെ തീരുമാനത്തിന് വഴങ്ങുകയല്ലാതെ അയാള്‍ക്ക് നിവൃത്തിയുണ്ടായില്ല. വാല്‍സല്യ നിധിയായ ഉമ്മയോട് അഗാധമായ അടുപ്പമായിരുന്നു സഅദിന്. അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചപ്പോള്‍ ഉമ്മാക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. മകനെ പിന്തിരിപ്പിക്കാന്‍ ആ മാതാവ് പ്രയോഗിച്ച തന്ത്രം ഇതായിരുന്നു: ‘നീ നിന്റെ പുതിയ മതം ഉപേക്ഷിക്കാതെ ഞാന്‍ ഇനി തിന്നുകയും കുടിക്കുകയും ഇല്ല. അങ്ങനെ ഞാന്‍ മരിച്ചാല്‍ നിന്നെപ്പറ്റി ‘ഉമ്മയെ കൊന്നവന്‍’ എന്നു പറയട്ടെ’ ഇതിന് സഅദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ഉമ്മാ, നിങ്ങള്‍ അങ്ങനെ ചെയ്യരുത്. ഞാന്‍ ഒരിക്കലും എന്റെ മതം ഉപേക്ഷിക്കില്ല’. ഉമ്മ തിന്നാതെയും കുടിക്കാതെയും രണ്ടുപകലും രണ്ടു രാത്രിയും കഴിച്ചു കൂട്ടി. തീരെ അവശയായി. അപ്പോള്‍ മകന്‍ ദൃഢ സ്വരത്തില്‍ പറയുകയാണ്: ‘ ഉമ്മാ, നിങ്ങള്‍ക്ക് വേണമെങ്കില്‍ തിന്നാം. വേണ്ടെങ്കില്‍ തിന്നാതിരിക്കാം. ഉമ്മാക്ക് നൂറ് ജീവനുണ്ടാവുകയും ഓരോന്നായി ഉമ്മയെ വേര്‍പിരിയുന്നത് ഞാന്‍ കണ്ടുകൊണ്ടിരിക്കുകയും ചെയ്താലും ഞാന്‍ ഈ മതം ഉപേക്ഷിക്കുന്ന പ്രശ്‌നമില്ല.’ അവര്‍ തന്റെ നിരാഹാരവ്രതം അവസാനിപ്പിച്ചു. ഇതാണ് ഒരു വിശ്വാസിയുടെ ആദര്‍ശ ദാര്‍ഢ്യം.

ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷത്തെ അടിച്ചിരുത്താനുള്ള ഗൂഢശ്രമങ്ങള്‍ പലതും നടക്കുന്നു. ഭരണ സംവിധാനത്തെയും അന്വേഷണ ഏജന്‍സികളെയും നീതിനിര്‍വഹണ സംവിധാനത്തെയുമെല്ലാം ഇതിന് ഉപയോഗപ്പെടുത്തുന്നു. ഹാദിയയുടെ പേരില്‍ വൈകാരിക പ്രശ്‌നം ഇളക്കിവിട്ട് ഭൂരിപക്ഷ സമൂഹത്തെ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരില്‍ തിരിച്ചുവിടാന്‍ എന്തെല്ലാം കുതന്ത്രങ്ങള്‍ നടത്തുന്നു. ഖുര്‍ആന്‍ കല്‍പിക്കുംപോലെ തിന്മയെ നന്മകൊണ്ട് ചെറുത്തു, ശത്രുവിനെ മിത്രമാക്കി മാറ്റുന്ന സമീപനം സ്വീകരിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അര്‍ഹതപ്പെട്ട അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുമ്പോള്‍ സമുദായ സൗഹാര്‍ദ്ദത്തിന് ഭംഗം വരാതെയും ഭരണഘടനാനുസൃതമായ സമാധാന മാര്‍ഗത്തിലൂടെയും അവ നേടിയെടുക്കുന്ന വിഷയത്തില്‍ ഒരു വീഴ്ചയും വരുത്താന്‍ പാടുള്ളതുമല്ല. അമുസ്‌ലിംകളുമായി ശക്തമായ സൗഹൃദം സ്ഥാപിക്കേണ്ടത് ഇത്തരുണത്തില്‍ ഇസ്‌ലാമിക ബാധ്യതയാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending