Connect with us

Video Stories

കണ്ണൂരിന് ഇനി വാക്കുകളില്ല

Published

on

ക്രൂരം, മൃഗീയം, ഭീകരം, പൈശാചികം.. കണ്ണൂരിലെ മനുഷ്യക്കൊലപാതകങ്ങളെ വിശേഷിപ്പിക്കാന്‍ മലയാളനിഘണ്ടുവില്‍ ഇനിയും വാക്കുകളില്ല! പറയുന്ന വാക്കുകളും കാണുന്ന ദൃശ്യങ്ങളുമൊന്നും ഈ മനുഷ്യക്കശാപ്പിന് യോജിച്ച, മതിയായ പദങ്ങളല്ലാതായിരിക്കുന്നു. കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ കിട്ടുന്ന വാര്‍ത്തകളിലൊന്നെങ്കിലും കണ്ണൂരിലെ ചോരയൊഴുക്കലിനെകുറിച്ചായിരിക്കുന്നു. ഫെബ്രുവരി 12ന് എടയന്നൂരിലെ ഷുഹൈബ് വധത്തിന്റെ വാദകോലാഹലങ്ങള്‍ക്കുശേഷം ശാന്തമായെന്ന് കരുതിയിരുന്ന കണ്ണൂര്‍ ജില്ലയെയും കേരളത്തെയും വീണ്ടും അപമാനിച്ചുകൊണ്ട് തൊട്ടടുത്ത കേന്ദ്ര ഭരണപ്രദേശമായ മാഹിയില്‍ തിങ്കളാഴ്ച നടന്നത് വീണ്ടും സമാനമായൊരു കിരാതഹത്യ. പള്ളൂരില്‍ വൈകീട്ട് ഏഴരയോടെ വീട്ടിലേക്ക് തിരിച്ചയാള്‍ മുറ്റത്ത് കാലൂന്നുന്നതിന് മിനിറ്റുകളുടെ ഇടവേളയില്‍ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ടു. എട്ടംഗ സംഘം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്. ഇതിന് നിമിഷങ്ങള്‍ക്കുശേഷം ആറു പേരുടെ ആക്രമണത്തില്‍ മറ്റൊരു മനുഷ്യജീവന്‍കൂടി ചോരയില്‍ അലിഞ്ഞില്ലാതായി; കിലോമീറ്ററുകള്‍ മാത്രം അകലെ. സി.പി.എം പ്രാദേശിക നേതാവാണ് ആദ്യം കൊല്ലപ്പെട്ട നാല്‍പത്തേഴുകാരന്‍ കണ്ണിപ്പൊയില്‍ ദിനേശ്ബാബുവെങ്കില്‍ തൊട്ടടുത്ത് കൊല്ലപ്പെട്ടത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മുപ്പത്താറുകാരന്‍ ഷമേജ്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്നതിനേക്കാള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍പോലെ ‘പാടത്ത് പണിക്ക് വരമ്പത്ത് കൂലി’ എന്നതാണ് ഇവിടെ നടപ്പിലായിരിക്കുന്നത്. ഒരുത്തര്‍ കൊല്ലാനും മറ്റുള്ളവര്‍ ചാകാനും എന്നതല്ല സ്ഥിതി. കൊല്ലാനും കൊല്ലപ്പെടാനും ഇരുവശത്തും ഇഷ്ടംപോലെ ആളുകളുണ്ട് എന്നാണ് ഈ പാര്‍ട്ടികള്‍ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരുത്തര്‍ കേന്ദ്ര ഭരണക്കാരെങ്കില്‍ മറ്റേ കൂട്ടര്‍ കേരള ഭരണചക്രം തിരിക്കുന്നവരെന്ന ഏക വ്യത്യാസം മാത്രം.
ഓരോ രാഷ്ട്രീയ കൊലപാതകങ്ങള്‍ കഴിയുമ്പോഴും കണ്ണൂരിന്റെ വേറിട്ട രാഷ്ട്രീയാന്തരീക്ഷത്തെക്കുറിച്ചും അവിടുത്തെ പാര്‍ട്ടി ഗ്രാമങ്ങളിലെ സങ്കുചിത രീതികളെക്കുറിച്ചുമൊക്കെ മാധ്യമങ്ങളും പൊതുസമൂഹവും ഏറെ ചര്‍ച്ച നടത്തുകയും കുറെ കണ്ണീരൊഴുക്കുകയും ചെയ്യും. പിന്നീട് കേസും കൂട്ടവുമായി. രക്ഷിക്കാന്‍ ആളുകളായി. സമാധാന യോഗങ്ങളായി. തര്‍ക്കങ്ങളായി. നിബന്ധനകളായി. സുല്ലായി. വാര്‍ത്തകള്‍ വീണ്ടും അസ്തമിക്കുമ്പോള്‍ ചോരക്കൊതി മാറാത്ത കൊലപാതക രാഷ്ട്രീയത്തിന്റെ ഇരുണ്ട അറകള്‍ക്കുള്ളില്‍ കത്തികളും ബോംബുകളും അപ്പോഴും കൂലിക്കാട്ടാളന്മാര്‍ രാകി മിനുക്കിക്കൊണ്ടിരിക്കുകയാവും. യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ എന്നതുപോലെ, കണ്ണൂരിലെയും പരിസരത്തെയും കൊലപാതകങ്ങളുടെ ഇടവേളകള്‍ ആയുധങ്ങള്‍ ഉണ്ടാക്കാനും ശേഖരിക്കാനും ആസൂത്രണം മെനയാനും വേണ്ടിയുള്ളതാണ്. കഴിഞ്ഞയാഴ്ചയും തില്ലങ്കേരി എന്ന പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് കുറെയേറെ ബോംബുകളും അസംസ്‌കൃത വസ്തുക്കളും പൊലീസ് പിടികൂടി. മുഖ്യ കൊലപാതക്കക്ഷികളിലൊന്നായ സി.പി.എമ്മിനാല്‍ ഭരിക്കപ്പെടുന്ന പൊലീസ് തന്നെയാണ് അവ പിടിച്ചെടുത്തതും പ്രതികള്‍ക്കെതിരെ കേസെടുത്തതും. എന്നാല്‍ തുടര്‍ നടപടികള്‍ക്ക് അനുമതി വേണം. ഇത് കണ്ണൂരാണ്. എല്ലാം തീരുമാനിക്കുന്നത് ജില്ലയിലെ രണ്ട് പാര്‍ട്ടി ആസ്ഥാനങ്ങളിലാണ്! ഇളംചോരത്തുടിപ്പുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ചത് കാലുകള്‍ വെട്ടിമാറ്റിയായിരുന്നെങ്കില്‍ ദിനേശ് ബാബുവിന്റേത് കഴുത്തറുത്ത് മാറ്റിയായിരുന്നു. ഇങ്ങനെയാണ് ഇവിടുത്തെ അക്രമരീതികള്‍. പ്രകോപനം കൊണ്ടൊന്നും ചെയ്തുപോകുന്നതല്ല എന്നര്‍ത്ഥം. കാലേകൂട്ടിയുള്ള കടുകിട തെറ്റാത്ത ആസൂത്രണമികവുണ്ട്.
മാഹി ഇരട്ടക്കൊലപാതകങ്ങള്‍ നടന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്ര ഭരണപ്രദേശത്തിലാണെന്നതാണ് പി. ജയാരജന്‍ എന്ന കണ്ണൂരിലെ സി.പി.എം ജില്ലാസെക്രട്ടറിയുടെ സൗകര്യം. അവിടെ നിന്നുള്ള മന്ത്രി ശൈലജ പറഞ്ഞത്, പ്രദേശത്ത് ആര്‍.എസ്.എസ് കലാപം ആസൂത്രണം ചെയ്യുകയാണെന്നാണ്. ഇ.പി ജയരാജന്റെ വാക്കുകള്‍ക്കും സമാനധ്വനിതന്നെ. എന്നാല്‍ ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിന്റെ വാക്കുകളിങ്ങനെ: നിരപരാധികളെ കൊല്ലുന്നത് ഞങ്ങളുടെ നയമല്ല. അതായത് കൊല്ലപ്പെട്ടത് അപരാധിതന്നെയാണെന്നും അത് അയാള്‍ അര്‍ഹിക്കുന്നുണ്ടെന്നും അര്‍ത്ഥം. കൊലക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിവന്നവരെ പോലും പച്ചക്ക് വെട്ടിക്കൊന്ന പാരമ്പര്യമാണിത്. സര്‍ക്കാര്‍-നീതിന്യായ സംവിധാനങ്ങള്‍ക്കൊന്നും ഇവിടെ ഒരുവിലയും നിലയുമില്ല. വാളെടുത്തവന്‍ വാളാല്‍; വാളെടുക്കാതിരുന്നാലും എതിരാളിയാണെങ്കില്‍ വാളാല്‍തന്നെ.
മൊയാരത്ത് ശങ്കരന്‍, വാടിക്കല്‍ രാമകൃഷ്ണന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍, അരിയില്‍ ഷുക്കൂര്‍, ടി.പി ചന്ദ്രശേഖരന്‍, ധന്‍രാജ്, രവീന്ദ്രന്‍, ശുഹൈബ്, മനോജ്.. പോരിഷ പറയാന്‍ ഇപ്പോള്‍ ബാബുവും ഷമേജും. എന്തു ചെയ്താലും രക്ഷിക്കാന്‍ കേന്ദ്രത്തിലും കേരളത്തിലും പാര്‍ട്ടിയും പണവും നേതാക്കളും അധികാരികളും ഉള്ളപ്പോള്‍ ആരെ ഭയക്കണം, ആരെ കാത്തിരിക്കണം. ഏറിയാല്‍ സ്ഥലത്തെ പൊലീസ്‌സ്റ്റേഷന്‍ വരെ, അതുമല്ലെങ്കില്‍ കോടതിയില്‍വരെ. അതും കഴിഞ്ഞാല്‍ ജയിലില്‍. ഏതിടത്തും പൊന്നുപോലെ കാക്കാനും സര്‍വ സൗകര്യങ്ങളും ഒരുക്കിത്തരാനും ആളുള്ളപ്പോള്‍ എന്ത് തടവറ, എന്ത് കോടതി! കൊല്ലിനും കൊല്ലാക്കൊലക്കും സമയങ്ങളോ സന്ദര്‍ഭങ്ങളോ ഇല്ല. ഉല്‍സവകാലമെന്നാലും കുരുന്നുകളുടെ സംസ്ഥാന കലോല്‍സവമെന്നാലും രക്തമുറയ്ക്കുന്ന കശാപ്പിന് ഘാതകരും രക്തസാക്ഷികളും റെഡി.
ജനാധിപത്യവും പൗരാധിപത്യവും മനുഷ്യാവകാശങ്ങളുമൊക്കെ തഴച്ചുവളര്‍ന്ന നാടാണിവിടം. എണ്ണമറ്റ സ്വാതന്ത്ര്യദാഹികള്‍, മനുഷ്യസ്‌നേഹികള്‍ ജീവന്‍ വെടിഞ്ഞും നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായു കിട്ടിയ അവസരത്തില്‍ ഒന്നാഞ്ഞുവലിക്കാന്‍കൂടി കഴിയാതെ വീട്ടിലേക്കും തൊഴിലിടങ്ങളിലേക്കും ആസ്പത്രിയിലേക്കും ആരാധനാലയങ്ങളിലേക്കും വിദ്യാലയ മുറ്റങ്ങളിലേക്കും നിത്യസന്ധാരണത്തിനായി പായുന്നവരെ തടഞ്ഞുനിര്‍ത്തി ഇന്ന് ഹര്‍ത്താലാണെന്ന് പറയുന്നതും ഇവര്‍. ഇക്കൂട്ടരുടെ കക്ഷത്തുള്ളത് നാഥുരാമന്റെയും യോഗിനാഥിന്റെയും സംഗീത്‌സോമിന്റെയും ശശികലയുടെയും സ്റ്റാലിന്റെയും മാവോയുടെയും ആശയങ്ങള്‍. രക്തംവീണ് ചുവന്നും കറുത്തുംപോയ മണ്ണില്‍നിന്നുവേണം പാര്‍ട്ടിയെയും പോഷക പ്രസ്ഥാനങ്ങളെയും കെട്ടിപ്പടുക്കാന്‍. അങ്ങത് മുസ്‌ലിമിന്റെയും ദലിതന്റെയും പേരിലാണെങ്കില്‍, മധുരമനോജ്ഞകേരളത്തിലത് എതിരാശയത്തിന്റെ പേരിലാണെന്ന വ്യത്യാസം മാത്രം. ഇവിടെ കെഞ്ചിക്കേഴുന്നതും ദേഹിദേഹാദികള്‍ തകര്‍ന്ന് നരകജീവിതം നയിക്കുന്നതും കുറെവിധവകളും പിഞ്ചുമക്കളും അമ്മമാരും സഹോദരങ്ങളും. ആരും ആരുടെയും താഴെയാകേണ്ട. അമ്പതാണ്ടത്തെ തങ്ങളുടെ രക്തസാക്ഷികളുടെ ചിത്രമടങ്ങിയ പാര്‍ട്ടി പത്രങ്ങളുമായി ഇനിയും ഞങ്ങള്‍ വരും. വരമ്പത്തുവെച്ചുതന്നെ കൂലികൊടുക്കാന്‍ വടിവാളുകളും പണക്കെട്ടുകളുമായി. കൊടിവെച്ച കാറില്‍ വീണ്ടും വീണ്ടും പറന്നുനടക്കാന്‍. ഉളുപ്പില്ലാത്തതിനാല്‍ സ്വയം ഒഴിഞ്ഞുപോകാത്ത കൂട്ടരെ പടിക്കുപുറന്തള്ളുക. അവശിഷ്ടരെങ്കിലും സൈ്വര്യമായി ഇവിടെ ജീവിക്കട്ടെ !

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending