കണ്ണൂര്‍: സി.പി.എം കേന്ദ്രങ്ങളില്‍ നടന്ന വ്യാപക കള്ളവോട്ടിനെതിരെ നിയമ പോരാട്ടം ശക്തമാക്കുമെന്ന് യുഡിഎഫ്. കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ നടന്ന കള്ളവോട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമായ കെ സുധാകരന്‍ പറഞ്ഞു. കള്ളവോട്ട് നടക്കുന്നുവെന്ന വിവരം നല്‍കിയിട്ടും കണ്ണൂരിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലക്ടര്‍ നടപടിയെടുത്തില്ലെന്ന് സുധാകരന്‍ ആരോപിച്ചു. പരാതി നിസാരമായാണ് കലക്ടര്‍ കണ്ടത്. ഗള്‍ഫിലുള്ള ആളുടെ വോട്ട് ചെയ്യാന്‍ വന്ന യുവാവിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത സംഭവം വരെ കണ്ണൂരിലുണ്ടായി. ശക്തമായ ഇടപെടലിനൊടുവിലാണ് കേസെടുത്തത് കൊലപാതക രാഷ്ട്രീയത്തെ പോലെ തന്നെ സി.പി.എമ്മിന്റെ കള്ളവോട്ടിനെതിരെയും നിയമപരമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. പോളിംഗ് സമയം നീണ്ടുപോയതിന് കാരണം കള്ളവോട്ട് തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു. കള്ളവോട്ടു കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയിയില്‍ ആവശ്യപ്പെടുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.