Connect with us

Video Stories

കാവിയും ചുവപ്പും കലര്‍ന്ന കാക്കി ഗുണ്ടകള്‍

Published

on

 

ലുഖ്മാന്‍ മമ്പാട്

പിടിച്ച്‌കൊണ്ടുപോയ നിരപരാധിയായ യുവാവിനെ ലോകപ്പിലിട്ട് പൊലീസ് തല്ലിക്കൊന്നു, മതം മാറി മുസ്‌ലിമായ പ്രവാസിയെ കുത്തിക്കൊന്നു, പള്ളിയില്‍ ഉറങ്ങുമ്പോള്‍ മൗലവിയെ അകാരണമായി കഴുത്തറുത്ത് കൊന്നു, പട്ടിണി മൂലം ഭക്ഷണമെടുത്ത ആദിവാസിയെ വളഞ്ഞിട്ട് തല്ലിക്കൊന്ന് സെല്‍ഫിയെടുത്ത് പ്രചരിപ്പിച്ചു, ഗര്‍ഭിണിയുടെ ഉദരത്തിലുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്നു, പ്രേമിച്ച യുവതിയെ വിവാഹം ചെയ്ത യുവാവിനെ തട്ടിക്കൊണ്ടു പോയി കണ്ണുചൂഴ്ന്ന് പുഴയില്‍ തള്ളിക്കൊന്നു… രണ്ടു വര്‍ഷം മുമ്പുവരെ ഉത്തരേന്ത്യന്‍ വാര്‍ത്തയായി വല്ലപ്പോഴും കേട്ടിരുന്ന ഇവയൊക്കെ കേരളത്തില്‍ നിത്യ സംഭവമാകുമ്പോള്‍ ആരാണ് ഉത്തരവാദി. എല്ലാ സംഭവങ്ങളിലും ഒരു നറുക്ക് ഭരണ കക്ഷിക്കോ പൊലീസിനോ ഉണ്ടെന്നത് ആകസ്മികമാണോ.
സൈനികനായ ദലിത് യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായ മലപ്പുറത്തെ യുവതിയെ കല്യാണ തലേന്ന് സ്വന്തം അച്ഛന്‍ കുത്തിക്കൊല്ലുന്നതും സമ്പത്തില്‍ ഉയരത്തിലുള്ള യുവതിയെ പ്രണയിച്ച് വിവാഹത്തിലെത്തിയ ദലിത് യുവാവിനെ കോട്ടയത്ത് തട്ടിക്കൊണ്ടു പോയി കണ്ണു ചൂഴ്ന്ന് പുഴയില്‍ തള്ളി കൊന്നതും ദുരഭിമാനകൊല എന്ന വാചകത്തിലൊതുങ്ങുന്നതാണോ. മിശ്ര വിവാഹത്തിന് സാമ്പത്തിക നിയമ സഹായം ചെയ്യുന്ന, പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ എങ്ങിനെയാണ് ഇതു വിശകലനം ചെയ്യുക. മതവും ജാതിയും സമ്പത്തും വിദ്യാഭ്യാസവുമൊക്കെ പ്രണയത്തിലും വിവാഹത്തിലും വില്ലന്മാരായി കടന്നുവരുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എല്ലാം ലഭിക്കുന്ന സ്വന്തം രക്ഷിതാക്കളില്‍നിന്ന് സ്‌നേഹം മാത്രം അന്യമാവുമ്പോള്‍ അതുതേടി പോകുന്നവരാണോ കുറ്റക്കാര്‍.
മലപ്പുറത്തെ ആതിരയുടെ മരണത്തിനുത്തരവാദി ജാതീയ ദുരഭിമാനമായിരുന്നെങ്കില്‍ കെവിന്റെ ജീവനെടുത്ത കാമുകിയുടെ മാതാപിതാക്കള്‍ പ്രണയിച്ച് വിവാഹിതരായവരാണ്. നീനുവിന്റെ അച്ഛന്‍ ക്രിസ്ത്യാനിയും മാതാവ് മുസ്‌ലിമുമാണ്. ദലിത് സമുദായത്തില്‍നിന്ന് ക്രിസ്ത്യന്‍ മതം സ്വീകരിച്ചവരാണ് കെവിന്റെ കുടുംബം. സമ്പത്ത് അഥവാ വര്‍ഗമാണ് കെവിന്റെ പ്രേമത്തിന് നീനുവിന്റെ മാതാപിതാക്കള്‍ വിലയിടാന്‍ കാരണം. വര്‍ഗ സമരത്തിന്റെ ഉട്ടോപ്യന്‍ സ്വപ്‌നാടക കുട്ടിസഖാക്കളാണ് കെവിന്റെ അന്ത്യകൂദാശയുടെ ക്വട്ടേഷനെടുത്തത് എന്നതാണ് വിചിത്രം.
പാര്‍ട്ടി വെറും ക്വട്ടേഷന്‍ സംഘമാണെന്നും ഗുണ്ടായിസമാണ് മാര്‍ഗമെന്നും ധരിച്ചു വശാവുന്ന കുട്ടി സഖാക്കളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ ശരീരഭാഷയും ചൈനീസ് സാമ്പത്തിക നിഴലും പിന്‍തുടരുന്ന മുഖ്യമന്ത്രി താന്‍ വെറും പാര്‍ട്ടിക്കാരന്‍ മാത്രമാണെന്നു ധാഷ്ട്യം ആവര്‍ത്തിക്കുമ്പോള്‍ പൊലീസ് നോക്കുകുത്തിയാവാതിരിക്കുന്നതെങ്ങിനെ. സമീപകാലത്ത് ഉയര്‍ന്നു കേട്ട എല്ലാ പ്രമാദമായ സംഭവങ്ങളിലും പൊലീസ് പ്രതിക്കൂട്ടിലായപ്പോള്‍ പ്രതികള്‍ പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു.
പാലക്കാട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഒന്നിനു പിറകെ ഒന്നായി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഒത്തുകളി മാധ്യമങ്ങളാണ് വെളിച്ചത്ത് കൊണ്ടു വന്നത്. ആദ്യ കുട്ടി മരിച്ചപ്പോള്‍ പീഡനത്തിനിരയായിരുന്നതായി അന്ന് അമ്മ പൊലീസില്‍ പരാതി നല്‍കിയെങ്കിലും സി.പി.എം നേതാക്കള്‍ക്കാണ് പൊലീസ് ചെവികൊടുത്തത്. കോഴിക്കോട് നഗരത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചപ്പോഴും എടപ്പാള്‍ തിയേറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചപ്പോഴും കൊയിലാണ്ടിയില്‍ കല്യാണ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീലം പ്രചരിപ്പിച്ചപ്പോഴും കേസ് ഒതുക്കാനായിരുന്നു പൊലീസ് ശ്രമം; കാരണം പ്രതികള്‍ സി.പി.എമ്മുകാരായിരുന്നു.
കോട്ടയത്ത് പ്രണയ വിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടു പോയ കെവിനെ രക്ഷപ്പെടുത്തണമെന്ന അച്ഛന്റെയും പ്രണയിനിയുടെയും നാട്ടുകാരുടെയും കണ്ണീരില്‍ കുതിര്‍ന്ന പരാതികള്‍ 15 മണിക്കൂറിലേറെ നീട്ടിവലിച്ചതും സി.പി.എം ഉന്നത നേതാക്കളുടെ ഇടപെടല്‍മൂലം തന്നെയാണ്. പ്രതികള്‍ സി.പി.എമ്മുകാരായാല്‍ എങ്ങിനെ ഇടപെടണമെന്നത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിരന്തരം പൊലീസിനെ ബോധ്യപ്പെടുത്തുന്നുണ്ട്. നിരപരാധിയായ ശ്രീജിത്തിനെ പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ട് പൊലീസ് വകവരുത്തുമ്പോള്‍ സി.പി.എമ്മുകാര്‍ക്ക് സംഭവത്തിലുള്ള പങ്ക് വൈകാതെ ബോധ്യപ്പെട്ടു. ഭാര്യക്ക് ജോലി കൊടുത്തത് ആഘോഷിക്കുന്നവര്‍, ഇന്നേവരെ ആ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോലും പിണറായി വിജയന് സമയമുണ്ടായില്ലെന്നതും പരിശോധിക്കണം. 24 മണിക്കൂറിനുള്ളില്‍ മാഹിയില്‍ ഒരു സി.പി.എമ്മുകാരനും ബി.ജെ.പിക്കാരനും രാഷ്ട്രീയ വൈരത്തിന് ഇരയായപ്പോള്‍ കൊല്ലപ്പെട്ട പാര്‍ട്ടിക്കാരന്റെ വീട്ടില്‍ മാത്രം പോയ പിണറായിയെ കേരളത്തിന്റെ മുഖ്യമന്ത്രി എന്നൊക്കെ വിളിച്ചേ മതിയാവൂ. ഫാഷിസത്തിന്റെ കൊലക്കത്തിക്ക് ഇരയായ ചൂരിയിലെ റിയാസ് മൗലവിയുടെയും കൊടിഞ്ഞിയിലെ ഫൈസലിന്റെയും വീടുകളിലും ഇന്നേവരെ പോകാന്‍ പിണറായിക്ക് മനസ്സുണ്ടായിട്ടില്ല.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ആറു മാസം തികയുന്നതിന് മുമ്പാണ് മാവോയിസ്റ്റ് നേതാക്കാളായ കുപ്പു ദേവരാജ്, അജിത എന്നിവരെ നിലമ്പൂര്‍ കരുളായി കാട്ടില്‍ പൊലീസ് വെടിവെച്ച് കൊന്നത്. ഇക്കാര്യത്തില്‍ സ്വന്തം മുന്നണിയില്‍നിന്നു പോലുമുണ്ടായ വിമര്‍ശനങ്ങള്‍ പൊലീസിന്റെ ആത്മവീര്യം ചോരുമെന്ന ഉമ്മാക്കി കാട്ടിയാണ് പിണറായി തടഞ്ഞത്. കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ കുടുംബത്തെ കാണാന്‍ കൂട്ടാക്കാതെ ഒളിച്ചോടിയ മുഖ്യന് പിന്നീട് വഴങ്ങേണ്ടി വന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദുരൂഹതയുടെ ക്ലൈമാക്‌സ് അറിയാനിരിക്കുന്നേയുള്ളൂ.
സി.പി.എം കുടുംബത്തില്‍ പിറന്ന പിണറായി ഭക്തനായിരുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ റോഡില്‍ വലിച്ചിഴച്ച പൊലീസിന് പോലും കൈകൊടുത്ത് ധാര്‍ഷ്ട്യത്തിന്റെ കടന്നല്‍ മുഖവുമായി പൊലീസിന് ദിശ കാണിക്കുകയായിരുന്നു പിണറായി. മുടി നീട്ടി വളര്‍ത്തിയതിന് പൊലീസ് തല്ലി ചതച്ചതില്‍ മനംനൊന്ത് ദലിത് വിദ്യാര്‍ഥി തൃശൂരിലെ വിനായകന്‍ ആത്മഹത്യ ചെയ്തപ്പോള്‍ തിരുത്തിയിരുന്നെങ്കില്‍ വരാപ്പുഴയില്‍ ശ്രീജിത്ത് സംഭവിക്കില്ലായിരുന്നു. കൊച്ചിയില്‍ കാണാതായ മിഷേലിന്റെ മരണത്തിനും പൊലീസിന്റെ ഉദാസീനതയായിരുന്നു കാരണം. കെവിനെ മരണത്തിലേക്ക് എറിഞ്ഞുകൊടുത്ത കോട്ടയം ഗാന്ധിനഗര്‍ പൊലീസിന്റെ മാപ്പര്‍ഹിക്കാത്ത വീഴ്ചയാണ്. പക്ഷെ, അതു കേരള പൊലീസിന്റെ ഇന്നത്തെ അവസ്ഥയുടെ വേറിട്ടൊരു അധ്യായമല്ലെന്നതാണ് നേര്.
മത പ്രബോധന ലഘുലേഖ വിതരണം ചെയ്തവരെ അക്രമിച്ച സംഘ്പരിവാറുകാരെ പറഞ്ഞയച്ച് പ്രബോധകരെ ജയിലിലടക്കുന്ന സംഭവം കേരളത്തില്‍ മാത്രമാണ് നടന്നത്. എന്നിട്ടും കുമ്മനമാണ് ആഭ്യന്തരമന്ത്രിയെന്ന് ട്രോളി ലഘൂകരിച്ചു പലരും. ന്യൂനപക്ഷ-ദലിത്-പിന്നാക്ക-ആദിവാസി വിരുദ്ധമായി കേരള പൊലീസിനെ മാറ്റിയെടുത്ത പിണറായിയെ ഇരട്ട ചങ്കനെന്ന് ഓമനപ്പേരിട്ട് വിളിക്കുന്നതൊക്കെ കൊള്ളാം. തള്ളിതള്ളി ന്യായീകരിക്കുന്ന ഗുണ്ടാ ക്വട്ടേഷന്‍ സംഘം ഒടുവില്‍ അതിന്റെ തലവന് നേരെ തിരിയുന്ന കാലം വിദൂരമല്ല.
കോട്ടയത്തെ ദുരഭിമാനകൊലയില്‍ പെട്ടവരെ കണ്ണൂരില്‍ നിന്ന് മുടക്കോഴിമലയില്‍ ഒളിക്കും മുമ്പ് പിടികൂടാനായത് നല്ലകാര്യം. പക്ഷെ, കേസ് ദുര്‍ബലമാക്കാനും ‘അളിയന്റെ വാഹനത്തില്‍ നിര്‍ബന്ധിച്ച് പോയി പുഴയില്‍ ചാടി’യതാക്കാനുമുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. എതിര്‍ പാര്‍ട്ടിയില്‍പെട്ടവരെ കായികമായി നേരിടുകയും കൊന്നു തള്ളുകയും ചെയ്യുന്ന സി.പി.എമ്മിനെ സംരക്ഷിക്കുന്ന ചുവപ്പണിഞ്ഞ പൊലീസില്‍ നിന്ന് ഇപ്പോഴുള്ളതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.
ഒരു ഭാഗത്ത് പിണറായിയുടെ നേതൃത്വത്തില്‍ പൊലീസിനെ ചുവപ്പണിയിക്കുന്നു. മറുഭാഗത്ത് ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് കാവി അണിയിക്കുന്നു. കാവിയും ചുവപ്പും കലര്‍ന്ന കാക്കി ഗുണ്ടകള്‍ക്കും മാഫിയകള്‍ക്കും തണലാകുമ്പോള്‍ ജനം ഭയത്തിന്റെ പറുദീസയിലാവുന്നു. ഫയര്‍ഫോഴ്‌സും ആംബുലന്‍സും പതിനഞ്ചോളം വാഹനങ്ങളിലുമായി അതീവ സുരക്ഷാ വലയത്തില്‍ ചലിക്കുന്ന പിണറായിക്ക് ഗ്രാമ നഗരങ്ങളില്‍ മുക്കിന് മുക്കിന് പൊലീസ് സംരക്ഷണം വേറെയും.
ചില നല്ല ഉദ്യോഗസ്ഥരുണ്ടെങ്കിലും മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയാല്‍ തീരാവുന്ന സേനയെ അവരുടെ കൈവശമുള്ളൂ. ടി.പിയെയും അരിയില്‍ ഷുക്കൂറിനെയും തുടങ്ങി എത്രയോ ജന്മങ്ങളെ അരുംകൊലചെയ്ത് ഇല്ലാതാക്കിയ പഴയ പാര്‍ട്ടി സെക്രട്ടിക്ക് അധികാരവും പണവും ഉപയോഗിച്ച് സി.ബി.ഐയെ അകറ്റാനും അന്വേഷണം അട്ടിമറിക്കാനും കഴിയുമായിരിക്കും. പക്ഷേ, സ്വന്തം മനസ്സില്‍ വരിഞ്ഞുമുറുക്കുന്ന ഭയത്തിന്റെ മഹാമാരിയെ തൂത്തെറിയാനാവില്ല.
രാജ്യത്ത് കേരളം ഒഴികെ സംസ്ഥാനം 27 ഉണ്ടെങ്കിലും മുഖ്യമന്ത്രിക്ക് ഉപദേശകര്‍ എവിടെയുമില്ല. ഭരിക്കുന്ന പാര്‍ട്ടിയോ മുന്നണിയോ നിര്‍ദേശിക്കുന്ന നയനിലപാടുകള്‍ക്ക് അനുസരിച്ച് ക്യാബിനറ്റ് തീരുമാനങ്ങളെടുത്ത് കൂട്ടുത്തരവാദിത്വത്തോടെ മുന്നോട്ടുപോകുന്നതാണ് രീതി. കേരളത്തില്‍ രണ്ടു വര്‍ഷം മുമ്പ് എല്‍.ഡി.എഫിനെ വോട്ടു ചെയ്ത് വിജയിപ്പിച്ചത് ജനമാണ്. പിണറായി വിജയനെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാക്കുമ്പോള്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയവരേ, നിങ്ങള്‍ക്കാണ് തെറ്റിയത്; പിണറായി വിജയനല്ല. കോട്ടയത്തെ ദുരഭിമാനക്കൊലയില്‍ രോഷംകൊള്ളുന്നവര്‍ ദുരഭിമാനം വെടിഞ്ഞ് ജനങ്ങളോട് മാന്യമായി സംസാരിക്കാനെങ്കിലും മുഖ്യനെ ഉപദേശിച്ചിരുന്നെങ്കില്‍.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending